രീക്ഷണചിത്രം എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്കെത്തുന്ന ഒരു ഫ്രെയിമുണ്ട്. എന്നാല്‍ സമീര്‍ ബാബു എന്ന പുതുമുഖ സംവിധായകന് പരീക്ഷണചിത്രമെന്നത് വേറെ ലെവലാണ്. നല്ല വിഷയങ്ങള്‍ കണ്ടെത്തി ഏറ്റവും മികച്ച രീതിയില്‍ ഏറ്റവും ചെലവ് ചുരുക്കി പ്രേക്ഷകന് നല്‍കുന്ന മികച്ച സിനിമാനുഭവം ഒരുക്കുകയാണ് സമീറിന്റെ ലക്ഷ്യം. മികച്ച സിനിമകള്‍ അംഗീകരിക്കപ്പെടുമെന്ന് ഈ ചെറുപ്പക്കാരന്‍ അഗാധമായി വിശ്വസിക്കുന്നു. ആ വിശ്വാസമാണ് സമീറിന് ആത്മവിശ്വാസവും പ്രോത്സാഹനവുമാകുന്നത്. 

Sameer Babu
സമീര്‍ ബാബു

സമീറിന്റെ വാക്കുകളില്‍ പ്രതീക്ഷയുണ്ട്, ആത്മവിശ്വാസമുണ്ട്, സിനിമയെന്ന കലയോട് അമിത സ്‌നേഹമുണ്ട്. എല്ലാം ഉപേക്ഷിച്ച് ഇഷ്ടപ്പെട്ട രംഗത്ത് പ്രതിസന്ധികള്‍ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ അംഗീകരിക്കപ്പെടുമെന്നും തന്നെപ്പോലെ ഇതിലേക്ക് കടന്നുവരുന്നവര്‍ക്ക് പ്രചോദനമാവണമെന്നുമാണ് ഈ സംവിധായകന്റെ ആഗ്രഹം.

കഥ ഇതു വരെ

ഇതിനോടകം രണ്ട് സിനിമകള്‍ സമീറിന്റെ സംവിധാനത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സാധാരണ ചലച്ചിത്ര നിര്‍മാണത്തില്‍ നിന്ന് വ്യത്യസ്തമായതു കൊണ്ടും പുതുമുഖങ്ങളെ അണിനിരത്തി നിര്‍മിച്ചതു കൊണ്ടും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീയറ്റര്‍ ലഭ്യമല്ല എന്ന കാര്യത്തില്‍ പൂര്‍ണബോധ്യമുള്ളതു കൊണ്ട്  തന്റെ ആദ്യ ചലച്ചിത്ര സംവിധാനസംരംഭമായ  "രംഗം ആറ് ദൈവമുണ്ട്" ഓണ്‍ലൈന്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുകയാണ് സമീര്‍. പൂര്‍ത്തിയായി ഒരു വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് സിനിമ പ്രേക്ഷകര്‍ക്കായി ഓണ്‍ലൈനില്‍ എത്തുന്നത്. 

ചിത്രീകരണം പൂര്‍ത്തിയായ "ഓളം" എന്ന ചിത്രം അവസാനഘട്ട മിനുക്കുപണികളിലാണ്. ഓളത്തിന്റെ മ്യൂസിക് ടീസര്‍ പുറത്തു വിട്ട് ചിത്രം ഉടന്‍ തന്നെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാമെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍. വളരെ കുറഞ്ഞ ചെലവില്‍ നിര്‍മിച്ചതു കൊണ്ടു തന്നെ വിട്ടുവീഴ്ചകള്‍ ആവശ്യമായിരുന്നെങ്കിലും സിനിമയുടെ മികവിനെ ബാധിക്കരുതെന്ന് സമീറിന് നിര്‍ബന്ധമുണ്ട്. "പൂവ്" എന്ന മൂന്നാമത്തെ സിനിമ പകുതി ഭാഗം ചിത്രീകരിച്ചു കഴിഞ്ഞു.

പ്രതീക്ഷിക്കുന്നത് അംഗീകാരം

അംഗീകരിക്കപ്പെടണമെന്നത് ആഗ്രഹമാണ്, കഴിവുള്ളവരെ അംഗീകരിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. ആ വിശ്വാസത്തിന്റെ മുകളിലാണ് ആഗ്രഹത്തിന്റെ പിന്നാലെ ഇറങ്ങിപ്പുറപ്പെട്ടത്, സമീര്‍ പറയുന്നു. ഈ രംഗത്തെത്തുന്ന എല്ലാവരുടേയും ആഗ്രഹം അംഗീകരിക്കപ്പെടണമെന്നു തന്നെയാണ്. 

ആഗ്രഹിക്കുന്നത് വ്യത്യസ്തത

സിനിമ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും അധികം സിനിമകളൊന്നും കണ്ടിട്ടില്ല. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം. അതു കൊണ്ടു തന്നെ ആദ്യം കളിയെന്ന ഷോര്‍ട്ട് ഫിലിമാണ് ചെയ്തത്. അത് ഒരു കൊല്ലത്തിനുള്ളില്‍ 50 ലക്ഷത്തോളം പേര്‍ കണ്ടു. ഡോക്യുമെന്ററിയായി ചെയ്യാനിറങ്ങിയ ട്രാന്‍സ്‌ജെന്‍ഡര്‍ ലൈഫ് വിഷയം പിന്നീട് സിനിമയായി ചെയ്യാമെന്നുള്ള തീരുമാനത്തിലെത്തുകയായിരുന്നു. അതാണ് "രംഗം ആറ് ദൈവമുണ്ട്" എന്ന ആദ്യചിത്രം.

എല്ലാവരുടെ ഉള്ളിലും സിനിമയുണ്ട്‌ 

സമൂഹത്തിലെ 90 ശതമാനത്തോളം പേരും സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു, കാണാനാഗ്രഹിക്കുന്നവര്‍, സിനിമ നിര്‍മിക്കാനാഗ്രഹിക്കുന്നവര്‍ അങ്ങനെ സിനിമയെ ഏതെങ്കിലും തരത്തില്‍ ജീവിതത്തിലേറ്റുന്നവരാണ് ചുറ്റുമുള്ളത്. ചുരുങ്ങിയ ചെലവില്‍ നമുക്ക് സിനിമ ചെയ്യാമെന്നത് സ്വന്തം അനുഭവമാണ്. ആദ്യത്തെ സിനിമ "രംഗം ആറ് ദൈവമുണ്ട്" വെറും രണ്ടു ലക്ഷം രൂപയ്ക്കാണ് പൂര്‍ത്തിയായത്. അതു കൊണ്ടു തന്നെ കുറഞ്ഞ ചെലവില്‍ നമുക്ക് സിനിമ ചെയ്യാമെന്നത് അനുഭവത്തിലൂടെ പഠിച്ച കാര്യമാണ്. 

സ്വാതന്ത്ര്യം തരുന്ന നിര്‍മാതാവ്, മികച്ച പിന്തുണ

പൂര്‍ത്തിയായ രണ്ടു സിനിമകളുടേയും നിര്‍മാതാവ്  തന്നെപ്പോലെ സിനിമയെ അതിയായി സ്‌നേഹിക്കുന്ന ഒരാള്‍ തന്നെയായത് ഭാഗ്യമാണെന്ന് സമീര്‍ പറയുന്നു. എല്ലാ കാര്യത്തിലും പൂര്‍ണസ്വാതന്ത്ര്യം തരുന്ന നിര്‍മാതാവ് സംവിധായകന് മികച്ച പിന്തുണയാണ്. സജിത് തോപ്പിലെന്ന നിര്‍മാതാവിനെ കൂടാതെ രംഗം ആറ് ദൈവമുണ്ട്, ഓളം എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ പിന്നില്‍ നിന്ന മറ്റു സുഹൃത്തുക്കളേയും സമീര്‍ ഓര്‍ക്കുന്നു. നമ്മള്‍ ഒരു കാര്യത്തിലേക്ക് ആത്മാര്‍ഥതയോടെ, ധൈര്യത്തോടെ ഇറങ്ങിയാല്‍ പിന്തുണയ്ക്കാന്‍ ധാരാളം പേരെത്തുമെന്ന് സമീര്‍ ആവര്‍ത്തിക്കുന്നു. 

കൈവെച്ചത് സംവിധാനത്തിൽ മാത്രമല്ല

രംഗം ആറ് ദൈവമുണ്ടില്‍ കഥയും തിരക്കഥയും കൂടാതെ ക്യാമറയും കൈകാര്യം ചെയ്തു. ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയായ ഓളത്തില്‍ സ്‌ക്രിപ്റ്റും ക്യാമറയും കൂടാതെ സിനിമയുടെ എഡിറ്റിങ്ങും സമീര്‍ തന്നെയാണ് ചെയ്തത്. ഓളത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ സമീര്‍ അവതരിപ്പിച്ചിട്ടുമുണ്ട്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒന്നിച്ചെത്തിയത് ഒരേസമയം പരീക്ഷണവും അനുഭവവും ആയി എന്നാണ് സമീറിന്റെ ഭാഷ്യം.

 

ഒറ്റമുറിയ്ക്കുള്ളില്‍ ഒറ്റഫ്രെയിമിലെടുത്ത "ഓളം" തന്റെ സിനിമാജീവിതത്തില്‍ പുതിയ അനുഭവപാഠങ്ങള്‍ നല്‍കിയെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. പരീക്ഷണങ്ങള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കും. ആദ്യ ചിത്രത്തിലെ പോരായ്മകള്‍ മനസിലാക്കിയതു കൊണ്ട് അത് ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയുന്നത്ര ശ്രമിച്ചു. സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതുണ്ടെങ്കിലും സിനിമയുടെ മികവിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് ഒരുക്കമല്ലെന്ന് സമീര്‍ ഉറപ്പിച്ച് വ്യക്തമാക്കുന്നു. എല്ലാ തരത്തിലും പുതുമ ആഗ്രഹിക്കുന്നത് കൊണ്ട്, ആവര്‍ത്തിക്കുന്നത് കൊണ്ട് ഈ പുതുമുഖ സംവിധായകന്റെ സിനിമകള്‍ തീര്‍ച്ചയായും പരീക്ഷണചിത്രങ്ങള്‍ തന്നെയാണ്.

 

Content Highlights: Sameer Babu, Scene Number 6 The Existence Of God, Olam, Rangan 6 Daivam Undu