'പ്രേക്ഷകര്‍ എന്നെ വിസ്മയിപ്പിക്കുന്നു. അവരുടെ ഈ ആവേശവും പ്രതികരണവുമാണ് വേറിട്ട സിനിമാ സമീപനങ്ങള്‍ക്കുള്ള ഇനിയുള്ള ഊര്‍ജ്ജം. ഇത് മലയാള സിനിമയുടെ മാറ്റമാണ്. എന്നെപ്പോലുള്ള സിനിമാപ്രവര്‍ത്തകരുടെ മിഥ്യാധാരണകളാണ് ഇവിടെ പൊളിച്ചടുക്കിയത്. നല്ല സിനിമ കൊടുത്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന സത്യത്തിന്റെ തെളിവാണ് ഈ സിനിമയുടെ വിജയം. ' പത്തേമാരിയുടെ കപ്പിത്താന്‍ സലിം അഹമ്മദിന്റെ വാക്കുകള്‍.  ജീവിത ദുരിതവുമായി സങ്കടക്കടല്‍ താണ്ടിപ്പോയ പത്തേമാരി ആനക്കെടുക്കാന്‍ പൊന്നുംകൊണ്ട് തിരിച്ചടുത്തിരിക്കുന്നു. നാടെങ്ങും ആ വിജയത്തിന്റെ പൊന്‍തിളക്കം. പത്തേമാരിയുടെ യാത്രാ വിശേഷങ്ങളുമായി സംവിധായകന്‍ സലിം അഹമ്മദ്.

പൊന്നു വിളയുന്ന മണലാര്യണകത്തില്‍ ജീവിതം തീര്‍ക്കുന്ന 'മലയാളി'യുടെ പ്രതിനിധിയാണ് പത്തേമാരിയിലെ നായകന്‍ 'പള്ളിക്കല്‍ നാരായണന്‍' എവിടെ നിന്ന് കിട്ടി ആ പ്രതിരൂപത്തെ?

ആദാമിന്റെ മകന്റെ അംഗീകാരങ്ങളുടെ ഭാഗമായി ദുബായില്‍ നിരവധി സ്വീകരണ ചടങ്ങുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ആ പ്രവാസി മലയാളികളുടെ കൂട്ടായ്മയില്‍ നിരവധി 'നാരായണന്മാരെ' ഞാന്‍ കണ്ടിട്ടുണ്ട്. അടുത്തറിഞ്ഞിട്ടുണ്ട്. അവരുടെ ജീവിതത്തിനു മുന്നില്‍  കണ്ണ് നിറഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ നിങ്ങള്‍ കണ്ട കഥാപാത്രം നിങ്ങള്‍ക്കറിയാവുന്ന നാരായണനോ, അബ്ദുള്ളയോ, ജോര്‍ജ്ജോ ആയിരിക്കാം. കുടുംബത്തിനുവേണ്ടി ജീവിതത്തിന്റെ നല്ല കാലങ്ങള്‍ ത്യജിക്കേണ്ടിവന്നവര്‍. വലിയ ത്യാഗമാണത്. ഞാന്‍ കഷ്ടപ്പെട്ടാല്‍ കൂടപ്പിറപ്പുകള്‍ പട്ടിണി കിടക്കാതെ ജീവിക്കുമല്ലോ എന്ന പ്രതീക്ഷയാണത്. അവിടെ വിജയിച്ചവര്‍ വെറും പത്ത് ശതമാനം മാത്രമേയുണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം.
രാത്രി പന്ത്രണ്ട് മണിവരെ ജോലി ചെയ്ത് വീണ്ടും രാവിലെ 3 മണിക്ക് എഴുന്നേറ്റ് പോയി ജോലി ചെയ്യുന്ന അറുപത്കാരനെ ഞാന്‍ അവിടെ കണ്ടിട്ടുണ്ട്. ഉറക്കത്തില്‍ അറിയാതെ തൊട്ടുപോയാല്‍ അയാള്‍ എഴുന്നേറ്റ് റെഡിയാകും. അത്രയും ആ ജീവിതവുമായി അയാള്‍ ട്യൂണ്‍ഡായിപ്പോയിരുന്നു. ആ പ്രവാസികള്‍ക്ക് വേണ്ടിയുള്ള സമര്‍പ്പണമാണീ ചിത്രം.

salim ahmed

ഈ കഥ മമ്മൂട്ടിയുടെ മുമ്പിലെത്തുന്നത്?
രണ്ട് വര്‍ഷത്തിന് മുമ്പാണ് പത്തേമാരിയുടെ കഥ ഞാന്‍ മമ്മൂക്കയോട് പറയുന്നത്. കഥ കേട്ടപ്പോള്‍ അദ്ദേഹത്തിനും രസിച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തെ ഹോം വര്‍ക്കിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.
വ്യത്യസ്ത കാലത്തിലൂടെ വളരുന്ന കഥാപാത്രമാണ് മമ്മൂക്ക വേഷമിട്ട പള്ളിക്കല്‍ നാരായണന്റേത്. അവന്റെ സ്‌നേഹവും വാത്സല്യവും സങ്കടവും സ്വപ്‌നങ്ങളുമെല്ലാം വളരെ സൂക്ഷ്മതയോടും മിതത്വത്തോടും മമ്മൂക്ക അവതരിപ്പിച്ചു. നാരായണന്‍ ജീവിതത്തില്‍ ഒരിക്കലും കരഞ്ഞിട്ടില്ല. അയാള്‍ ചിരിച്ചുകൊണ്ട് പറയുമ്പോള്‍ നമ്മുടെ  കണ്ണില്‍ നനവൂറും.
ആ അതുല്യ താരത്തിന്റെ ഭാവോജ്വലമായ പ്രകടനം  അനുഭവിച്ചറിഞ്ഞതിന്റെ സന്തോഷമുണ്ട്.

സിദ്ധിഖിന്റെ ലാഞ്ചി വേലായുധന്‍, ശ്രീനിവാസന്റെ മൊയ്തീന്‍... കറക്ട് കാസ്റ്റിംഗാണ് ചിത്രത്തിന്റെ മറ്റൊരു കരുത്ത്...?
ഏറെ ഹോം വര്‍ക്കോടെ ചിത്രത്തെ സമീപിച്ചതിന്റെ ഗുണമാണത്. കഥ പൂര്‍ത്തിയായപ്പോള്‍ അതിനനുയോജ്യമായ താരങ്ങളെ തേടുകയായിരുന്നു. ആദാമിന്റെ മകന്‍ അബു വിദേശമേളകളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഏറെ പ്രശംസ നേടിയത് അതിന്റെ കാസ്റ്റിംഗായിരുന്നു. അതിലുപരി മലയാളത്തിലെ മികച്ചതാരങ്ങളാണിവരെല്ലാം. ഒരു ചെറിയ സീനില്‍ എത്തിയ സലിംകുമാര്‍ വരെ കഥാപാത്രത്തെ ഉജ്ജ്വലമാക്കി.

റസൂല്‍ പൂക്കുട്ടി, മധു അമ്പാട്ട് ടീം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍?
ഒന്നിച്ചു സഞ്ചരിച്ച മൂന്നാമത്തെ ചിത്രമാണിത്. സൗഹൃദത്തിനപ്പുറത്ത് പരസ്പരം തിരിച്ചറിയാവുന്ന മനസ്സുകളുടെ സംഗമസുഖമുണ്ട്. ഞങ്ങളുടെ ചിന്തകളും അഭിരുചികളും സ്വപ്‌നങ്ങളുമെല്ലാം ഒരേ ട്രാക്കിലാണ് പോകുന്നത്. അതുകൊണ്ട് തന്നെ എന്റെ ആഗ്രഹം  പറയാതെ തന്നെ അവര്‍ തിരിച്ചറിഞ്ഞിരുന്നു.

salim ahmed

ചിത്രത്തിലെ 'പടിയിറങ്ങുന്നു' എന്ന ഗാനം പോലും ഏറെ ഹൃദയസ്പര്‍ശിയാണ്?
റഫീഖ് അഹമ്മദ് ബിജിബാല്‍ ടീമിന്റെതാണ് ചിത്രത്തിലെ ഗാനങ്ങള്‍. സ്വപ്‌നഭൂമി തേടിപ്പോകുന്നവന്റെ നിറമുള്ള സ്വപ്‌നങ്ങളും നാടിനെയും വീടിനെയും സ്‌നേഹബന്ധങ്ങളേയും ഉപേക്ഷിച്ച് പോകുന്നവന്റെ 'പടിയിറക്കവു'ം ആശങ്കകളും സങ്കടവും ദ്യോതിപ്പിക്കുന്നവയാണ് ആ ഗാനങ്ങള്‍. കഥയുടെ ആത്മാവറിഞ്ഞ വരിയും സംഗീതവും അവിടെയുണ്ട്.
ചിത്രത്തിന്റെ തിരക്കഥ, സംവിധാനത്തോടൊപ്പം നിര്‍മാതാവിന്റെ വേഷവും അണിയേണ്ടി വന്നപ്പോ?
അത് മറ്റൊരു നിയോഗമായിരുന്നു. ഈ ചിത്രത്തിന്റെ റിസ്‌കെടുക്കാന്‍ ചിലര്‍ വിസമ്മതിച്ചപ്പോള്‍ ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള യാത്രയില്‍ എന്റെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്നു.

'പത്തേമാരി' ഒരു അവാര്‍ഡ് ചിത്രമെന്ന പേരില്‍ പ്രേക്ഷകര്‍ മുഖം തിരിക്കുമെന്ന ആശങ്കയുണ്ടായിരുന്നോ?
എനിക്കിഷ്ടമുള്ള,  പറയാന്‍ ആഗ്രഹിക്കുന്ന പ്രമേയങ്ങളാണ് ഇതുവരെ പറഞ്ഞത്. അത് ഏത് ഗണത്തില്‍ പെടും എന്ന മുന്‍വിധിയൊന്നും എനിക്കില്ല. എന്റെ മുന്നില്‍ സാധാരണ പ്രേക്ഷകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ആ ധാരണകള്‍ തെറ്റിയില്ല എന്ന് പത്തേമാരി അടിവരയിടുന്നു.