ചെന്നൈ ടി നഗര്‍ വൈദ്യരാമന്‍ റോഡില്‍ രണ്ട് താരങ്ങളാണ് താമസം. നടികര്‍ തിലകം ശിവാജി ഗണേശന്റെ വീട്ടിലേയ്ക്കുള്ള വഴി സുപരിചിതമാണ് സകലര്‍ക്കും. എന്നാല്‍, ബാരിക്കേഡുകളും പോലീസ് പിക്കറ്റുമുള്ള റോഡില്‍ മറ്റൊരു താരം ആരും കാണാതെ ഒളിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ക്യാമറയുമായി സദാ വന്നുംപോയുമിരുന്ന ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും സംസ്ഥാന കമ്മിറ്റി ഓഫീസുകള്‍ക്ക് അരികിലെ പഴകി നരച്ച അപ്പാര്‍ട്ട്‌മെന്റിലെ ഒറ്റമുറി ഫ്ലാറ്റില്‍ ഒരു പതിറ്റാണ്ടിലേറെക്കാലം ഒറ്റയ്ക്ക് കഴിഞ്ഞ അവരെ ആരും തിരിച്ചറിഞ്ഞുമില്ല.

രണ്ടേ രണ്ട് കഥാപാത്രങ്ങള്‍ കൊണ്ട് മലയാളത്തിന്റെ മനസ്സില്‍ സ്വപ്‌നനായികയായി കൂടുകൂട്ടിയ സലീമ  ഒറ്റയ്ക്കു കഴിയുന്ന മറ്റൊരു താമസക്കാരി മാത്രമായിരുന്നു അപ്പാര്‍ട്ട്‌മെന്റിലുള്ളവര്‍ക്ക്. അവരറിഞ്ഞില്ല ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവര്‍ന്ന, പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ പെട്ടന്നൊരു ദിവസം അപ്രത്യക്ഷയായ, നഖക്ഷതങ്ങളും ആരണ്യകവും കണ്ടവര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തിരഞ്ഞുകൊണ്ടിരുന്ന സ്വപ്‌നനായികയാണ് ഇതെന്ന്. രൂപത്തില്‍ പഴയ സലീമയുടെ നിഴലേയുള്ളൂ ഇന്ന്. സംസാരിച്ചു തുടങ്ങുമ്പോള്‍ മാത്രം മുഖത്ത് മിന്നിമായും പഴയ നഖക്ഷതങ്ങളിലെ ലക്ഷ്മിയുടെ സങ്കടങ്ങളും ആരണ്യകത്തിലെ അമ്മിണിയുടെ കുസൃതിയും. മനസ്സ് കൊണ്ട് അപ്പോൾ ആ പഴയ സലീമയാവും.

ഒടുവില്‍, ഏകാന്തവാസം മടുത്തപ്പോള്‍ ഒരു ദിവസം സലീമ തന്നെ തീരുമാനിച്ചു. ഇനി അജ്ഞാതവാസം വേണ്ട. സിനിമയിലേക്ക് തിരിച്ചുവരണം. ചെന്നൈ വിട്ട് കേരളത്തില്‍ താമസമാക്കണം.

വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തണമെന്ന മോഹം ഉദിച്ചപ്പോള്‍ സലീമ ആദ്യം ചെയ്തത് പഴയ കൂട്ടുകാരെയൊക്കെ വിളിക്കുകയാണ്.  ലക്ഷ്മിയെയും അമ്മിണിയെയും സൃഷ്ടിച്ച തിരക്കഥാകൃത്ത് എം.ടി.വാസുദേവന്‍ നായര്‍, രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്ത ഹരിഹരന്‍. ആദ്യ നായകന്‍ വിനീത്. ആരണ്യകത്തിലെ നായകന്‍ ദേവന്‍, സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍. ഞാന്‍ സലീമ എന്ന് മറുതലയ്ക്കല്‍ നിന്ന് കേട്ടപ്പോള്‍ എല്ലാവരും ചോദിച്ചത് ഒരൊറ്റ കാര്യം. എവിടെയായിരുന്നു സലീമ നീ  ഇതുവരെ? എവിടെപ്പോയിരുന്നു നീ?

അതെ... എവിടെയായിരുന്നു സലീമ?  എന്തിനായിരുന്നു ഒളിച്ചോട്ടം?

ഞാന്‍ എവിടെയും പോയില്ല. ചെന്നൈയില്‍ തന്നെ ഉണ്ടായിരുന്നു. അങ്ങിനെ ബോധപൂര്‍വം ഒളിച്ചോടുകയൊന്നുമായിരുന്നില്ല. സിനിമ വേണ്ടെന്ന് വെച്ചതുമല്ല. നഖക്ഷതങ്ങള്‍ക്കും ആരണ്യകത്തിനും ശേഷം ചില ഓഫറുകളൊക്കെ വന്നിരുന്നു. എന്നാല്‍, ആ സമയം എനിക്ക് ഒരു കന്നഡ സിനിമയും ചില ടി.വി. സീരിയലുകളും ഉണ്ടായിരുന്നു. അതുകൊണ്ട് ഈ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നെ അധികമാരും വിളിക്കാതായി. വലിയൊരു ഗ്യാപ്പിനുശേഷം പ്രിയദർശൻ വന്ദനത്തിലേയ്ക്ക് വിളിച്ചു. ഒരു ഗസ്റ്റ് റോൾ. ചെറുതെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടു. ജോഷിയുടെ മഹായാനത്തിലും ചെയ്തു ഒരു അതിഥിവേഷം. അതും വിനീതിനൊപ്പം. പിന്നെ അധികം വേഷമൊന്നും ചെയ്യാനായില്ല. ഞാന്‍ പതുക്കെ ബിസിനസിലേയ്ക്ക് തിരിയുകയും ചെയ്തു.

സിനിമാരംഗത്തെ ദുരനുഭവങ്ങളാണ് ഈ ഒളിച്ചോട്ടത്തിന് പിന്നിലെന്ന് കഥകള്‍ ഉണ്ടല്ലോ?

saleemaഅത്തരത്തിലുള്ള ഒരു മോശം അനുഭവവും എനിക്ക് അഭിനയിക്കുന്ന കാലത്ത് ഉണ്ടായിട്ടില്ല. എല്ലാവരുമായി നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്.  ആദ്യത്തെ ഒന്ന് രണ്ട് സിനിമകള്‍ക്ക് മാത്രമേ അമ്മ കൂട്ടുവന്നിട്ടുള്ളൂ. പിന്നെയെല്ലാം ഞാന്‍ ഒറ്റയ്ക്ക് തന്നെയായിരുന്നു ഷൂട്ടിങ്ങിന് പോവാറുണ്ടായിരുന്നത്. നമ്മള്‍ രംഗത്തുള്ളപ്പോള്‍ തന്നെ കഥകള്‍ ഉണ്ടാക്കുന്നവര്‍ നമ്മള്‍ വിട്ടുനിന്നാല്‍ പറയാത്ത കാര്യങ്ങളുണ്ടോ. അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. പിന്നെ സിനിമാക്കാര്‍ മുഴുവന്‍ മോശക്കാരാണെന്ന് ചിലര്‍ കുരുതുന്നുണ്ട്. പിന്നെന്തിനാണ് ആളുകള്‍ സിനിമ കാണുന്നത്. അതിലും മോശമായ ആള്‍ക്കാര്‍ പുറത്തില്ലേ?. പണത്തിനുവേണ്ടി എന്തും ചെയ്യുന്നവര്‍. ഒരു ശിക്ഷയും ലഭിക്കാതെ നടക്കുന്നവര്‍.

ബിസിനസ്? അതിനിടയ്ക്ക് സിനിമ മറന്നോ?

ചെറിയ തോതില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നു. അതില്‍ മുഴുകി. അങ്ങിനെയാണ് സിനിമയില്‍ നിന്ന് അകന്നത്. ചെന്നൈ പോലൊരു സ്ഥലത്ത് ബിസിനസ് നടത്തുക എളുപ്പമല്ല. ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടിവരും. എളുപ്പമായിരുന്നില്ല ജീവിതം.

അന്നൊന്നും സിനിമയിലേയ്ക്ക്  തിരിച്ചുവരാന്‍ തോന്നിയതേയില്ലേ?

സത്യം പറഞ്ഞാല്‍ ഇല്ല. ബിസിനസിന്റെ ഓട്ടമായിരുന്നു. അത് മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെ വലിയ പാടായിരുന്നു. പിന്നെ ഇടയ്ക്ക് ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ചുമതലക്കാരിയായി. വേണമെങ്കില്‍ ഇന്നും അതൊക്കെ തുടരാം. പക്ഷേ, അതൊക്കെ ഇപ്പോള്‍ മടുത്തു. ഒക്കെ ഞാന്‍ സ്വയം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

ആരും തിരിച്ചറിയാഞ്ഞതെന്തേ?

ആദ്യമൊക്കെ എവിടെ പോയാലും ആളുകള്‍ തിരിച്ചറിഞ്ഞ് ഓടിയെത്തും. ഷൂട്ടിങ്ങിനെക്കുറിച്ചൊക്കെ ചോദിക്കും. ആത്മാവില്‍മുട്ടി വിളിച്ചതുപോലെ പാടി അഭിനയിച്ച കുട്ടിയല്ലെ എന്നായിരുന്നു പലരും ചോദിക്കാറുണ്ടായിരുന്നത്. ഇപ്പോള്‍ അധികമാരും അങ്ങിനെ തിരിച്ചറിയാറില്ല.

ഒറ്റയ്ക്കുള്ള താമസമോ?

അമ്മയും മുത്തശ്ശിയും മരിച്ചതിനുശേഷമാണ് ഞാന്‍ ഇങ്ങനെ ഒറ്റയ്ക്കായത്. ജീവിതത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടികളായിരുന്നു അവരുടെ മരണം. അതോടെ എല്ലാ അര്‍ഥത്തിലും ഞാന്‍ ഒറ്റപ്പെട്ടുപോയി. പിന്നെ ഒറ്റയ്ക്ക് താമസിക്കാതെ വേറെ എന്തു വഴി. സുരക്ഷിതമായ ഒരു സ്ഥലം എന്ന നിലയിലാണ് ഇപ്പോഴത്തെ ഫ്ലാറ്റെടുത്തത്.

ഒരു സ്ത്രീ, അതും ഒരു പഴയ സെലിബ്രിറ്റി. എളുപ്പമായിരുന്നോ ഏകാന്തവാസം?

ഒരു സ്ത്രീ എന്ന നിലയില്‍ അത്ര വലിയ പ്രശ്‌നങ്ങളൊന്നും എനിക്ക് നേരിടേണ്ടിവന്നിട്ടില്ല.  പിന്നെ ഒറ്റയ്ക്ക് താമസിക്കുക അത്ര എളുപ്പമല്ലല്ലോ. നമ്മള്‍ എങ്ങിനെ ജീവിക്കണം എന്ന് മറ്റുള്ളവരാണ് തീരുമാനിക്കുന്നത്. അതൊന്നും പക്ഷേ, ഞാന്‍ കാര്യമാക്കാറില്ല. അമ്മയും മുത്തശ്ശിയുമില്ലാത്തതിന്റെ സങ്കടം എന്നുമുണ്ട്. പിന്നെ മനുഷ്യരല്ലെ. ചിലപ്പോള്‍ വല്ലാത്ത സങ്കടം വരും. ഒന്ന് താങ്ങാന്‍ ആരുമില്ലാത്തതിന്റെ വിഷമം ഉണ്ടായിരുന്നു എന്നും. സങ്കടങ്ങള്‍ പറയാന്‍ പോലും ആരുമില്ലല്ലോ. ആരെയും ആശ്രയിക്കാതെ ഒറ്റയ്ക്ക് ജീവിക്കാന്‍ അമ്മ ശീലിപ്പിച്ചതാണ് ഇക്കാലത്തൊക്കെ തുണയായത്. അഭിനയിക്കുന്ന കാലത്തെ സഹായികളുമൊന്നും എന്നും ഉണ്ടാകണമെന്നില്ല. നമ്മുടെ കാര്യങ്ങള്‍ നമ്മള്‍ തന്നെ ചെയ്തു ശീലിക്കണം. അങ്ങിനെയാണ് ഡ്രൈവിങ്ങും മറ്റും പഠിച്ചത്. ഇന്ന് ഒറ്റയ്ക്ക് ജീവിക്കുമ്പോഴാണ് അമ്മ പഠിപ്പിച്ച കാര്യങ്ങളുടെ വില അറിയുന്നത്.

ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന് തോന്നിയില്ലെ?

വിവാഹം മന:പൂര്‍വം വേണ്ടെന്നുവച്ചതല്ല. അങ്ങിനെ സംഭവിച്ചുപോയി. അതിനെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു സാഹചര്യമായിരുന്നില്ല അന്നൊന്നും. പിന്നെ അമ്മയും മുത്തശ്ശിയുമായിരുന്നു എന്നും തുണ. അവര്‍ പോയതോടെയാണ് ശരിക്കും ഒറ്റപ്പെടല്‍ അനുഭവിച്ചുതുടങ്ങിയത്. ആദ്യമൊക്കെ കുറേ ആലോചനകള്‍ വന്നിരുന്നു. വെറുതെ ചാടിക്കയറി കല്ല്യാണം കഴിക്കാന്‍ തോന്നിയില്ല. ഇപ്പോഴുമുണ്ട് ചില വിവാഹാഭ്യര്‍ഥനകള്‍. എന്തായാലും ഇനി അധിക കാലം ഇങ്ങിനെ ഒറ്റയ്ക്ക് കഴിയില്ല. വൈകാതെ കല്ല്യാണം കഴിക്കും.

ഒരുപാട് പേരുടെ മനസ്സില്‍ കുടിയേറിയവളാണ്. എന്നിട്ടും പ്രണയാഭ്യര്‍ഥനകളൊന്നും...?

അങ്ങിനെയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സിനിമാരംഗത്ത് പ്രണയിക്കാന്‍ മാത്രം ഞാന്‍ നിന്നില്ലല്ലോ. മറ്റു ഭാഷകളിലും ഏറെ അഭിനയിച്ചിട്ടില്ല. അന്നൊക്കെ കത്തുകള്‍ വരുമായിരുന്നു. പ്രണയലേഖനങ്ങളൊന്നുമില്ല. സിനിമകളെക്കുറിച്ചായിരുന്നു എഴുത്തുകള്‍ ഏറെയും. അതില്‍ പലതിനും അന്നൊക്കെ ഞാന്‍ നേരിട്ട് മറുപടിയും നല്‍കാറുണ്ടായിരുന്നു.

ഒറ്റയ്ക്ക് ജീവിച്ച് ബോറടിച്ചില്ലേ?

പാട്ടായിരുന്നു എനിക്ക് എപ്പോഴും കൂട്ട്. എല്ലാ തരം പാട്ടുകളും ഇഷ്ടമാണ്. നഖക്ഷതങ്ങളിലെ ആരെയും ഭാവഗായകനാക്കു, കേവല മര്‍ത്ത്യഭാഷ, ആരണ്യകത്തിലെ ഒളിച്ചിരിക്കാന്‍, ആത്മാവില്‍ ഒക്കെ എപ്പോഴും മൂളും. പാട്ടുകള്‍ക്ക് വേണ്ടിയുള്ള അന്വേഷണമാണ് എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായത്.

താക്കൂര്‍ എന്ന അച്ഛന്‍

പാട്ടിന്റെ സി.ഡി തിരഞ്ഞുള്ള യാത്രയിലാണ് ഞാന്‍ ഒരിക്കല്‍ അറിയാതെ മൈലാപൂരിലെ ശ്രീരാമകൃഷ്ണ മഠത്തിലെത്തിയത്. എന്നെ ആരോ പിടിച്ചുകൊണ്ടുപോവുകയായിരുന്നു അങ്ങോട്ട്. പ്രത്യേകിച്ച് ഒരു മതത്തിലും വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഒരു പ്രത്യേക ആരാധനാരീതിയും പിന്തുടരാറുമില്ല. എന്നാല്‍, ഇന്ന് എനിക്ക് എല്ലാം താക്കൂര്‍ എന്ന് വിശ്വാസികള്‍ അഭിസംബോധന ചെയ്യുന്ന ശ്രീരാമകൃഷ്ണ പരമഹംസരാണ്. എന്നും അവിടെ പോകും. മണിക്കൂറുകളോളം ധ്യാനിച്ചിരിക്കും. താക്കൂറിനോട് ഞാന്‍ ഒന്നും ആവശ്യപ്പെടാറില്ല. എന്റെ അച്ഛന്‍ ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും... അത് താക്കൂറാണ്. ഇതിനപ്പറം എനിക്കൊരു ജീവിതമില്ല.

തിരിച്ചുവരണമെന്ന തിരിച്ചറിവ്?

ചെന്നൈയിലെ ഒറ്റയ്ക്കുള്ള ജീവിതം ശരിക്കും മടുത്തു. ബിസിനസിലും വെല്ലുവിളികള്‍ നിരവധിയാണ്. ഇതിനെയൊക്കെ മറികടക്കണം. എതിര്‍ക്കുന്നവരെക്കാളും ഉപദ്രവിക്കുന്നവരേക്കാളും മുകളിലെത്തുകയാണ് ലക്ഷ്യം. ജീവിതത്തില്‍ അനുഭവിച്ചതിനൊക്കെ മറുപടി നല്‍കണം. അതിന് ചെന്നൈയില്‍ നിന്ന് മാറണം. സിനിമയില്‍ പച്ചപിടിച്ചാല്‍ കൊച്ചിയില്‍ സ്ഥിരതാമസമാക്കണമെന്നാണ് ആലോചന.

ആന്ധ്രയാണ് സ്വദേശം. താമസം തമിഴ്നാട്ടിൽ. എന്നിട്ടും രണ്ടാം വരവിന് എന്തുകൊണ്ട് മലയാളം?

പണ്ടേ കേരളത്തോട് വല്ലാത്തൊരു ഇഷ്ടമുണ്ട്. അവിടുത്തെ ആളുകൾ, കാലാവസ്ഥ, ഭക്ഷണം. പുട്ടിനോടും കടൽമത്സ്യത്തോടും വല്ലാത്തൊരു ഇഷ്ടമുണ്ട്. ഇത്രയും നല്ല വേഷങ്ങൾ എനിക്ക് വേറെ എവിടെ നിന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് രണ്ടാമതും വരണമെന്ന് തോന്നിയപ്പോൾ മലയാളമല്ലാതെ മറ്റൊരു ഭാഷയും മനസ്സിൽ വന്നില്ല.

പക്ഷേ, നഖക്ഷതങ്ങളുടെ കാലത്തെ മലയാളസിനിമയല്ല ഇപ്പോള്‍. 

അറിയാം. എല്ലാ കാലത്തും സിനിമയില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്റെ അമ്മയുടെ കാലത്തെ സിനിമയല്ല ഞാന്‍ അഭിനയിക്കുമ്പോള്‍. ഈ മാറ്റങ്ങളൊക്കെ ഉള്‍ക്കൊണ്ട് തന്നെയാണ് ഞാന്‍ രണ്ടാം വരവിന് ഒരുങ്ങുന്നത്.

പഴയ പതിനാലുകാരി അല്ലല്ലോ ഇപ്പോൾ.

തീര്‍ച്ചയായും. അത് നമുക്ക് തടയാനാവില്ലല്ലോ. ഇന്ന വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്ന പിടിവാശിയൊന്നുമില്ല എനിക്ക്. അമ്മവേഷമോ അവിവാഹിതയുടെ വേഷമോ... ഏത് റോളും ചെയ്യാന്‍ തയ്യാറാണ്. നന്നായി ചെയ്യാമെന്ന ആത്മവിശ്വാസവുമുണ്ട്. ഇനി സിനിമയില്‍ നിന്നൊരു മാറിനില്‍ക്കല്‍ ഉണ്ടാവില്ല.

പോയ കാലത്തെയോര്‍ത്ത് നഷ്ടബോധമുണ്ടോ?

(കുറേ നേരത്തെ മൗനത്തിനുശേഷമായിരുന്നു മറുപടി) . നഷ്ടബോധം ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ല. പോയത് പോയി. ഞാനിപ്പോള്‍ മുന്നോട്ടാണ് നോക്കുന്നത്. ഇനി കിട്ടുന്ന വേഷങ്ങള്‍ നന്നാക്കുന്നതിനെ കുറിച്ച് മാത്രമാണ് ചിന്ത.

കേരളത്തില്‍ ഒരു നടി ആക്രമിക്കപ്പെട്ട വാര്‍ത്ത ശ്രദ്ധിച്ചിരുന്നോ?

അത് കേരളത്തിലെ മാത്രം പ്രശ്‌നമല്ലല്ലോ.  എല്ലായിടത്തും ഇത്തരം പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. നമ്മള്‍ സ്വന്തം രക്ഷ നോക്കുക മാത്രമാണ് അതിനുള്ള  പോംവഴി.

നഖക്ഷതങ്ങളും ആരണ്യകവുമൊക്കെ ചെയ്ത കാലം മനസ്സിലുണ്ടോ ?

മറക്കാന്‍ പറ്റുമോ? സത്യത്തില്‍ വിചാരിക്കാതെയാണ് നഖക്ഷതങ്ങളില്‍ എത്തുന്നത്. ശരിക്കും പി.ചന്ദ്രകുമാറിന്റെ ഞാന്‍ പിറന്ന നാട്ടിലാണ് ആദ്യ ചിത്രം. അമ്മയുടെ സുഹൃത്തായ കാഞ്ചന ചേച്ചിയാണ് ഹരിഹരന്‍ സാറിനോട് എന്റെ കാര്യം പറയുന്നത്. ഓഡിഷനുമൊന്നും ഉണ്ടായിരുന്നില്ല. ഗുരുവായൂരിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സിലായിരുന്നു ആദ്യ ഷോട്ട്.

ഊമയാണ് കഥാപാത്രമെന്ന് അറിയാമായിരുന്നോ?

കഥാപാത്രത്തെക്കുറിച്ചൊക്കെ ഹരിഹരന്‍ സര്‍ നേരത്തെ പറഞ്ഞുതന്നിരുന്നു. സംസാരിക്കാന്‍ കഴിയില്ല. സന്തോഷവും സങ്കടവുമൊക്കെയുണ്ട്. അതൊക്കെ മുഖത്തെ ഭാവങ്ങളിലൂടെ വേണം പ്രകടിപ്പിക്കാന്‍ എന്നൊക്കെ പറഞ്ഞിരുന്നു. ചിലപ്പോഴൊക്കെ വലിയ വെല്ലുവിളി ആയിരുന്നു. വിനീതിന്റെ കഥാപാത്രം മോനിഷയെ കെട്ടിപ്പിടിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ ചെയ്ത ലക്ഷ്മി മുറിയിലേയ്ക്ക് കടന്നുവരുന്ന ഒരു സീനുണ്ട്. സങ്കടം അടക്കിപ്പിടിക്കുന്ന ആ രംഗം അഭിനയിച്ചു ഫലിപ്പിക്കാന്‍ നന്നായി വിഷമിച്ചു. പക്ഷേ, ഒന്നിനും അധികം ടേക്കൊന്നും വേണ്ടിവന്നിരുന്നില്ല. എന്റെ അഭിനയം നന്നായെന്ന് പിന്നീട് എം.ടി. പറഞ്ഞതായി അമ്മ പറഞ്ഞിരുന്നു.

ആരണ്യകം?

ആരണ്യകത്തില്‍ അഭിനയിക്കാന്‍ സംവിധായകന്‍ ഹരിഹരന്‍ വിളിച്ചതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാര്യം. കഥാപാത്രത്തെപ്പറ്റി പറഞ്ഞുകേട്ടപ്പോള്‍ മുതല്‍ ആവേശമായിരുന്നു. നഖക്ഷതങ്ങളിലെ ലക്ഷ്മിയെപ്പോലെ പഠിപ്പും പത്രാസുമുള്ള കുട്ടിയായിരുന്നില്ല ആരണ്യകത്തിലെ അമ്മിണി. നല്ല വായനയുള്ള തന്റേടിയായ കുട്ടി. ഞാന്‍ ആസ്വദിച്ചാണ് ആ സിനിമ ചെയ്തത്. മൂന്ന് മാസം ഉണ്ടായിരുന്നു ഷൂട്ടിങ്. എന്നും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുട്ടും കലടക്കറിയുമായിരുന്നു ഭക്ഷണം. അതില്‍ പിന്നെ കടല കഴിച്ചിട്ടില്ല. ഷൂട്ടിങ്ങൊക്കെ വലിയ വെല്ലുവിളിയായിരുന്നു. മുക്കാല്‍ഭാഗവും കാട്ടില്‍ തന്നെ. വീണുകിടക്കുന്ന മരത്തില്‍ പൂച്ചയെപ്പോലെ അള്ളിപ്പിടിച്ച് നടക്കുകയും മറ്റും വേണ്ടിയിരുന്നു. സംവിധായകന്‍ ഹരിഹരന്‍ സാര്‍ അതൊക്കെ അഭിനയിച്ചു തന്നെ കാണിച്ചു. ഒരിക്കല്‍ കാട്ടില്‍ വച്ച് വസ്ത്രം മാറേണ്ടിവന്നു. നാലുപേര്‍ ചുറ്റിലും തുണി മറയായി പിടിച്ചാണ് അന്ന് കോസ്റ്റ്യൂം മാറിയത്. ഇന്നത്തെ ആള്‍ക്കാര്‍ക്ക് അതൊന്നും ഓര്‍ക്കാന്‍ തന്നെ കഴിയില്ല. അതിലെ സംഭാഷണങ്ങളൊക്കെ ഇന്നും മനപ്പാഠമാണ് എനിക്ക്.  എം.ടി. എഴുതിയ ഡയലോഗുകളൊക്കെ ഇംഗ്ലീഷിൽ എഴുതിയാണ് പഠിച്ചിരുന്നത്. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ വലിയ വിഷമമായിരുന്നു. ഇപ്പോഴും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അമ്മിണിയെന്ന്.

സലീമയ്ക്ക് അവാർഡ് കിട്ടുമെന്ന് അന്ന് പലരും പറഞ്ഞു.

ഞാന്‍ അന്ന് അവാര്‍ഡിനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. സംവിധായകന്‍ പറഞ്ഞത് അനുസരിച്ച് അഭിനയിച്ചു എന്നേയുള്ളൂ. ആരണ്യകത്തിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടിയേക്കുമെന്ന് പലരും പറഞ്ഞിരുന്നു. അത് കിട്ടാത്തതില്‍ വലിയ സങ്കടമൊന്നും തോന്നിയിരുന്നില്ല. പക്ഷേ, പിന്നെ കുറേക്കാലം ആളുകള്‍ കാണുമ്പോള്‍ അവാര്‍ഡ് കിട്ടാത്തതില്‍ സങ്കടമുണ്ടെന്ന് പറയുമായിരുന്നു. പിന്നെ അവാര്‍ഡ് കിട്ടാത്ത, നമ്മളേക്കാള്‍ മികച്ച അഭിനേതാക്കള്‍ എത്ര പേരുണ്ട്. ആളുകള്‍ ഇപ്പോഴും ആ രണ്ട് വേഷങ്ങളുടെ പേരിലല്ലെ എന്നെ ഓര്‍ക്കുന്നത്. ആരെയും ഭാവ ഗായകനാക്കും, കേവല മര്‍ത്ത്യഭാഷ, ഒളിച്ചിരിക്കാന്‍ വള്ളിക്കുടില്‍, ആത്മാവില്‍ തൊട്ടുവിളിച്ചതുപോലെ തുടങ്ങിയ പാട്ടുകള്‍ കേള്‍ക്കുമ്പോഴും ആളുകള്‍ എന്നെ ഓര്‍ക്കാറുണ്ടല്ലോ. ഇപ്പോഴും ആ ഇഷ്ടമുണ്ടെന്ന് അറിയുന്നത് വലിയ സന്തോഷമാണ്.

മൂന്ന് തലമുറയുടെ അഭിനയ പാരമ്പര്യം

അഭിനേതാക്കളായിരുന്ന മുത്തശ്ശിയും അമ്മയും തന്നെയാണ് എന്നെയും ഈ രംഗത്തെത്തിച്ചത്. പ്രസാദ് സ്റ്റുഡിയോയുടെ ഉടമ എല്‍.വി. പ്രസാദിനൊപ്പം നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട് മുത്തശ്ശി. ആ ചുവടുപിടിച്ചാണ് അമ്മയും അരങ്ങിലെത്തിയത്. സ്വന്തമായി നാടകട്രൂപ്പുണ്ടായിരുന്നു അമ്മയ്ക്ക്. പിന്നീട് സിനിമയിലും സജീവമായി.  എന്‍.ടി.ആര്‍, നാഗേശ്വര്‍ റാവു എന്നിവരുടെയൊക്കെ നായികയായി. വൈവിധ്യമാര്‍ന്ന ഒട്ടേറെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് അമ്മ. ആശാദീപം, ബ്രഹ്മചാരി, വിഷ്ണുവിജയം, ഞാറ്റടി തുടങ്ങിയ എട്ട് മലയാള ചിത്രങ്ങളിലും മുഖം കാണിച്ചു. അമ്മയ്‌ക്കൊപ്പം ഞാനും സെറ്റില്‍ പോകും. ഷൂട്ടിങ് കഴിഞ്ഞ് ക്ഷീണിച്ചെത്തിയ അമ്മയ്ക്ക് മുന്നില്‍ സംവിധായകനായി മാറും ഞാന്‍. ഒരു ദിവസം മുത്തശ്ശിക്ക് മുന്നില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമ്മ ചോദിച്ചത് നിനക്ക് അഭിനയിക്കണോ എന്ന്. അതായിരുന്നു അമ്മയുടെ ലക്ഷ്യം. അങ്ങിനെ ദാസരി നാരായണ റാവുവിന്റെ മേഘസന്ദേശത്തില്‍ ബാലതാരമായി. സിനിമയില്‍ വലിയ സുഹൃദ്‌വലയം ഉണ്ടായിരുന്നു അമ്മയ്ക്ക്. ഞാന്‍ വലുതായപ്പോഴാണ് അമ്മ പതുക്കെ അഭിനയരംഗം ഉപേക്ഷിച്ചത്. അമ്മയും മുത്തശ്ശിയും പോയതോടെ ഞാനും സിനിമയിൽ നിന്ന് പുറത്തായി. അതുകൊണ്ട് തന്നെ എനിക്ക് എന്തായാലും തിരിച്ചുവന്നേപറ്റൂ.