ബാഹുബലി ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച ഒരു ചലചിത്രമെന്നതില്‍ ഉപരി ഇനി വരാനിരിക്കുന്ന ഇതിഹാസ ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക് വായിച്ച് പഠിക്കാനുള്ള ഒരു അധ്യായമാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാലാകാരന്മാരുടെ ഭഗീരത്ഥ പ്രയത്‌നം ഏപ്രില്‍ 28 ന് തിയേറ്ററുകളിലെത്തിയപ്പോള്‍ ചരിത്രം വഴിമാറി. ബാഹുബലിയുടെ വിജയം ആഘോഷിക്കപ്പെടുമ്പോള്‍ നമ്മള്‍ മലയാളികള്‍ക്കും അഭിമാനത്തോടെ ആ പേര് ഉറക്കെ പറയാം. രാജ്യത്തെ എണ്ണം പറഞ്ഞ കലാ സംവിധായകന്‍മാരില്‍ ഒരാളായ സാബു സിറിലിന്റെ പേര്. അയ്യര്‍ ദ ഗ്രേറ്റ് മുതല്‍ ബാഹുബലി 2 വരെ നീളുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ രസകരമായ ചില അനുഭവങ്ങള്‍ പങ്ക് വയ്ക്കുന്നു. ക്ലബ് എഫ്എം ആര്‍ജെ ആമി നടത്തിയ അഭിമുഖത്തില്‍ നിന്ന്. 

ബാഹുബലിയുടെ വിജയത്തിന് പിന്നില്‍

കഠിനാധ്വാനം തന്നെയാണ് ബാഹുബലിയുടെ വിജയം. ഇപ്പോള്‍ 1000 കോടിയിലധികം പണം ബോക്‌സ് ഓഫീസില്‍ നേടി കഴിഞ്ഞിരിക്കുന്നു. ഇനിവരുന്ന എല്ലാ സിനിമകള്‍ക്കും ബാഹുബലി ഒരു റഫറന്‍സാണ്. അന്താരാഷ്ട്ര നിലവാരമുള്ള ഒരു സിനിമക്കുവേണ്ട സെറ്റുകളൊരുക്കാണമെന്നാണ് എന്നോട് സംവിധായകന്‍ പറഞ്ഞത്. അതിനുവേണ്ടി പരിശ്രമിച്ചുവെന്ന് മാത്രം. 

സിനിമയിലേക്ക് വന്നതിങ്ങനെ

അയ്യര്‍ ദ ഗ്രേറ്റിലൂടെയാണ് സിനിമയിലേക്ക് ഞാന്‍ വന്നത്. പിന്നീടാണ് അമരത്തിലേക്ക് വന്നത്. അമരത്തില്‍ സ്രാവിനെ ഉണ്ടാക്കാനാണ് ഭരതേട്ടന്‍ എന്നെ വിളിച്ചത്. സെറ്റിലെത്തിയപ്പോള്‍ മുഴുവന്‍ സിനിമ ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് എന്താണ് ആര്‍ട്ട് ഡയറക്ഷന്‍ എന്ന് അറിയില്ലെന്ന്. ഒരു സ്രാവിനെ ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ കൊണ്ട് എല്ലാം ചെയ്യാന്‍ കഴിയുമെന്ന് ഭരതേട്ടന്‍ എന്നോട് പറഞ്ഞു. ഭരതേട്ടന്റെ കൂടെയുള്ള അനുഭവം എനിക്ക് മറക്കാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ ഏസ്‌തെറ്റിക് സെന്‍സ് അപാരമാണ്. ഭരതേട്ടനാണ് ആര്‍ട്ട് ഡയറക്ടറായി സിനിമാ രംഗത്ത് ഞാന്‍ രംഗപ്രവേശം ചെയ്യാനുള്ള പ്രധാന കാരണം. 

ആന, വലിയ രഥങ്ങള്‍ കൂറ്റന്‍ കൊട്ടാരങ്ങള്‍ ഇതെല്ലാം വലിയ വെല്ലുവിളിയല്ലേ?

ഇല്ല, എനിക്ക് താല്‍പര്യമുള്ള ഒരു കാര്യം ചെയ്യുന്നുവെന്ന് മാത്രം. എല്ലാത്തിനുമുള്ള മെറ്റീരിയല്‍ ലഭ്യമാണ്. അത് കണ്ടെത്തുന്നു നിര്‍മിക്കുന്നു എന്ന് മാത്രം. 

ഇത്തരം സെറ്റുകള്‍ നിര്‍മിക്കുമ്പോള്‍ കുറച്ച് ശാസ്ത്രത്തിലും അറിവുണ്ടായിരിക്കുമല്ലോ?

ഒരു അടിസ്ഥാന വിവരം തീര്‍ച്ചയായും വേണം. എനിക്ക് ഫിസിക്‌സും കെമിസ്ട്രിയുമെല്ലാം ഏറെ ഇഷ്ടമാണ്. കാലാപാനിയുടെ സമയത്ത് പൊട്ടാസ്യം പെര്‍മാംഗനേറ്റ് ഉപയോഗിച്ച് ഒരു രംഗത്തിന് വേണ്ടി തീ ഉണ്ടാക്കിയിട്ടുണ്ട്. അന്ന് പ്രിയദര്‍ശന്‍ ചോദിച്ചു, 'നിനക്ക് ഇതൊക്കെ എങ്ങിനെ അറിയാം? 

സാധാരണ സിനിമകളില്‍ ഗര്‍ഭിണികളെ കാണിക്കുന്നത്  തുണി വച്ചു കെട്ടിയിട്ടാണ്. എന്നാല്‍ ബാഹുബലിയിലെ ദേവസേനയെ കാണിച്ചത് വളരെ വത്യസ്തമായിട്ടായിരുന്നു. അതിന്റെ രഹസ്യം എന്താണ്?

സിലിക്കണ്‍ മെറ്റീരിയലുകള്‍ വച്ചാണ് ദേവസേനയുടെ വയറുണ്ടാക്കിയത്. അനുഷ്‌ക പറയുമായിരുന്നു അത് വയ്ക്കുമ്പോള്‍ ശരിക്കും ഗര്‍ഭിണിയായപോലെ തോന്നുന്നുവെന്ന്. സാധാരണ ഗര്‍ഭിണികള്‍ നടക്കുന്ന പോലെ കാല് അല്‍പ്പം അകത്തി വച്ചാണ് അനുഷ്‌ക ചിത്രത്തില്‍ അഭിനയിച്ചത്.