വിമർശനങ്ങളുടെയും ട്രോളുകളുടെയും സൈബർ ആക്രമണങ്ങളുടെയും പെരുമഴക്കാലം കടന്നുനിൽക്കുകയാണ് റിമ കല്ലിങ്കൽ. ആ പ്രളയത്തിലും റിമ പതറിയില്ല. കൂടുതൽ കരുത്തയായിട്ടേയുള്ളൂ. റിമ  ഉറപ്പിച്ചു പറയുന്നു: ‘‘ഞാനെന്താണോ, അതിൽ വെള്ളം ചേർക്കാൻ തയ്യാറല്ല’’. കൊച്ചിയിലെ വീട്ടിലിരുന്ന് പുതിയ സിനിമകളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് റിമ.

? സിനിമയും നൃത്തവും കൂട്ടായ്മകളും യാത്രകളുമൊന്നുമില്ലാതെ എങ്ങനെ നേരംപോക്കുന്നു

= ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് നിന്നുപോയതുപോലെ. ലോകം മൊത്തം വിശ്രമത്തിലായിരുന്നില്ലേ. അതുവേണമെന്ന് പ്രകൃതി നിശ്ചയിച്ചുകാണും. പക്ഷേ, മുന്നോട്ടു പോകുന്തോറും ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. കൂടെ വർക്കുചെയ്യുന്ന എല്ലാവരും ബുദ്ധിമുട്ടിലാണ്. നിർമിച്ച ഒരു സിനിമയുടെ മുഴുവൻ പണികളും കഴിഞ്ഞ് റിലീസ് കാത്തിരിക്കുമ്പോഴാണ് ലോക്‌ഡൗൺ വന്നത്.

ഞാനും സൗബിനും അഭിനയിക്കുന്ന വേറൊരു സിനിമയുടെ ഷൂട്ടിങ് തുടങ്ങാനിരിക്കുകയായിരുന്നു. അതിനും കാലതാമസം വരും. മുന്നോട്ടുള്ള ജീവിതത്തിൽ ഇനിയും വെല്ലുവിളികളുണ്ടാവാം. ഇതുവരെ ചെയ്തതാണോ ഇനി മുന്നോട്ടും ചെയ്യേണ്ടത് എന്ന്‌ പുനരാലോചിക്കേണ്ട സമയമാണിത്. പലതും തിരിച്ചറിഞ്ഞു. സ്കൂൾ, കോളേജ് കാലത്തേക്ക് തിരിച്ചുപോയി. മറന്നുതുടങ്ങിയവരുമായി സൂം മീറ്റിങ്ങുകൾ നടത്താനായി. അച്ഛനുമമ്മയ്ക്കുമൊപ്പം കുറച്ചുദിവസം താമസിച്ചു. പണ്ടത്തെ ഫോട്ടോകളൊക്കെ നോക്കി. 
ഒരു നൊസ്റ്റാൾജിക് യാത്രയിലായിരുന്നു ഞാൻ. ഫുൾ ഓഫ് എനർജി.

? അതിനിടയിലും മുടങ്ങാതെ വിവാദങ്ങളെത്തിയല്ലോ. ഡബ്ല്യു.സി.സി.യിൽനിന്നു രാജിവെച്ചുകൊണ്ടുള്ള വിധുവിന്റെ തുറന്നുപറച്ചിലും റിമയുടെ മറുപടിയുമൊക്കെ ചർച്ചയായിരുന്നു. 

= വിധുവിന് വിഷമമുണ്ടെന്ന് ആദ്യം മനസ്സിലാക്കിയപ്പോൾ മുതൽ അവരുമായി സംസാരിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. മിക്കതും തെറ്റിദ്ധാരണയാണ്. ഒരു സംഭാഷണത്തിൽ തീരാത്ത പ്രശ്നങ്ങളില്ല. അങ്ങനെയൊരു കൂടിക്കാഴ്ചയ്ക്കുള്ള വാതിൽ ഇപ്പോഴും തുറന്നിരിക്കുകയാണ്. അന്നു പറഞ്ഞപോലെ പോയാൽ പോട്ടെ എന്ന് വിചാരിക്കാൻ പറ്റുന്നതല്ല. വളരെ ചുരുക്കം പേരായിട്ടേ നമുക്കൊരു ആത്മബന്ധം ജീവിതത്തിൽ ഫീൽ ചെയ്യുള്ളൂ. അവരെയൊന്നും നമ്മൾ കൈവിട്ടുകളയരുത് എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പിന്നെ, മൂന്നുവർഷം മാത്രം പ്രായമുള്ള സംഘടനയാണിത്. ആദ്യമായിട്ടാണ് സിനിമാമേഖലയിൽ ജെൻഡർ അടിസ്ഥാനത്തിൽ ഒരു സംഘടനയുണ്ടാവുന്നത്. അതിലൊരുപാട് സംശയങ്ങളുണ്ടാവാം. സംവാദങ്ങളും ചർച്ചയുമുണ്ടാവും. ഇതൊരു സംഭവമൊന്നുമല്ല. എത്രയോ പ്രസ്ഥാനങ്ങൾ വേറെയുണ്ട്. ഇവിടെമാത്രം സ്ത്രീകൾ തല്ലുകൂടുന്നു എന്ന് പറയാനായിട്ട് എന്തോ ആൾക്കാർക്കൊരു താത്പര്യമുണ്ട്. അത് ശ്രദ്ധിക്കേണ്ട കാര്യമില്ല.

? ഡബ്ല്യു.സി.സി.യിലെ എലൈറ്റ്‌ ക്ലാസ് പരാമർശം ഒരുപാട് ചർച്ചചെയ്യപ്പെട്ടതാണ്. ശരിക്കും അങ്ങനെ ഒരു വേർതിരിവുണ്ടോ

= നമുക്കെല്ലാവർക്കും പലതരത്തിലുള്ള പ്രിവിലേജസ് ഉണ്ട്. നമ്മുടെ ചുറ്റുപാടുപാടുകളിൽനിന്നും ജനിച്ച വീട്ടിൽനിന്നും ഒക്കെ കിട്ടുന്നത്. നമ്മുടെ ബന്ധങ്ങൾ, സാമ്പത്തികസ്ഥിതി, തുടങ്ങി ജാതിയും മതവും വരെ നമുക്ക് പലതരത്തിലുള്ള മുൻഗണനകൾ തരുന്നതാണ്. ഞാൻ സിനിമയിലെത്തിയിട്ട് പത്തുവർഷമായി. സ്വന്തമായി പിടിച്ചുനിന്നതാണിവിടെ. ആദ്യമായി സിനിമചെയ്ത കുട്ടിയെക്കാളും പ്രിവിലേജ്ഡ് ആയിട്ടാണ് ഞാനിവിടെ  നിൽക്കുന്നത്. അത് ഞാൻ മനസ്സിലാക്കിയേപറ്റൂ. അങ്ങനെ നോക്കുമ്പോൾ മീഡിയ സ്‌പേസിൽ വിധു ഒരു സ്റ്റാർ ജേണലിസ്റ്റാണ്. ഇന്നലെ വന്നൊരു ജേണലിസ്റ്റിനെക്കാളും പവർഫുള്ളായ സ്പേസിലാണ് അവർ നിൽക്കുന്നത്. ഡബ്ല്യു.സി.സി.യിൽ വരുമ്പോൾ ഞങ്ങളെല്ലാവരും വ്യക്തിപരമായ പല അവകാശങ്ങളും കൊണ്ടാണ് വരുന്നത്. എത്രയോ മുമ്പ് എഫ്.ടി.ഐ. യിൽനിന്ന് പഠിച്ച അനുഭവമുള്ള ബീനാപോളിന്റെ പവറോ പ്രിവിലേജോ എനിക്കില്ല. പിന്നെ, നമ്മുടെ പ്രിവിലേജ് കൊണ്ട് ഏതെങ്കിലും രീതിയിൽ മറ്റുള്ളവരെ സഹായിക്കാനായാൽ അതു നല്ലതാണ്. 

? വളരെ തന്റേടമുള്ള ഒരു പെൺകുട്ടിയുടെ ഇമേജ് തുടക്കംമുതൽ റിമയ്ക്കുണ്ട്. വാട്‌സാപ്പ് ഡി.പി.യിലും കണ്ടു, തലതെറിച്ചപെണ്ണ്...

=  പ്രൊഫൈൽപിക്കിൽ കാണുന്നത് വളരെ രസകരമായിട്ടുള്ള റെപ്രസെന്റേഷനാണ്. തലതെറിച്ച പെണ്ണ് എന്ന വിളി ചെറുപ്പംതൊട്ട് കേട്ട് നല്ല ശീലമുണ്ട്. ഇവിടെ ഒരു സിസ്റ്റമുണ്ടല്ലോ, അത് ഫോളോ ചെയ്താൽ പോരേ എന്നാണ് മിക്കവരുടെയും ചോദ്യം. ഇങ്ങനെ ജനിച്ചുവളർന്ന്, ഇന്ന സമയത്ത് വിവാഹം കഴിച്ച്, കുട്ടിയുണ്ടാക്കി... ഇങ്ങനെയാണോ വേണ്ടതെന്ന് സ്ഥിരം എന്നെ തന്നെ ചോദ്യം ചെയ്യാറുണ്ട്. ഒരുകാര്യം ചർച്ചചെയ്യപ്പെടണം എന്നു വരുമ്പോൾ ഇത്ര വലിയൊരു ഉത്തരവാദിത്വമാണെന്ന് ഞാനറിഞ്ഞിരുന്നില്ല.

പക്ഷേ, ഒരു ആർട്ടിസ്റ്റ് എന്ന രീതിയിൽ ഇക്കാര്യങ്ങളെപ്പറ്റി സംസാരിക്കാനും കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതും കടമയാണെന്ന് ഞാൻ വിചാരിക്കാറുണ്ട്. എന്റെ വാക്കുകൾക്ക് മൂർച്ചയുണ്ടാവാം പക്ഷേ, അതിലൊരു മാന്യത ഞാൻ കാത്തുസൂക്ഷിക്കാറുണ്ട്. അതിന്റെയൊക്കെ ഒരു ബൈപ്രൊഡക്ട് ആയിട്ട് മാത്രമേ ഈ വിവാദങ്ങളെ കാണുന്നുള്ളൂ. പിന്നെ ഞാൻ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളിലൂടെ എന്നെയാണ് അവതരിപ്പിക്കുന്നത്. അതിൽ വെള്ളംചേർക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.  

? ഹെയിറ്റ് കാമ്പെയിനുകൾ, സോഷ്യൽമീഡിയയിലെ ട്രോളുകൾ... പക്ഷേ, റിമ എപ്പോഴും കൂളാണ്...

=  ഇതുതന്നെയാണ് ഇവിടെ ചെയ്യാനുദ്ദേശിക്കുന്നത് എന്ന ബോധമുള്ളതുകൊണ്ടുതന്നെയാണ് മനസ്സ് മടുക്കാത്തത്. ഹെയിറ്റ് കാമ്പെയിൻ ശരിക്കും പി.ആർ.ഒ. വർക്കാണല്ലോ. അപ്പോഴാണ് ഒരു കാര്യത്തെക്കുറിച്ച് കൂടുതൽ ചർച്ചകളുണ്ടാവുന്നത്. ഇനി എത്ര ഹെയിറ്റ് കാമ്പെയിൻ ഉണ്ടായാലും ലോകം പൊട്ടിത്തെറിച്ചാലും ഒരാൾക്കെങ്കിലും ഞാൻ പറയുന്നതിനെപ്പറ്റി തുറന്നു സംസാരിക്കാനായെങ്കിൽ അതുമതി. അതേസമയം സോഷ്യൽ മീഡിയയിൽനിന്ന് അത്രയും സ്നേഹവും പിന്തുണയും ലഭിക്കുന്നുമുണ്ട്. അതുതരുന്ന ശക്തി ഈ നെഗറ്റിവിറ്റിയെ മറികടക്കാൻ എന്നെ സഹായിക്കാറുണ്ട്.

? റിമ എന്ന വ്യക്തിയിൽ ആഷിക്‌ അബു ചെലുത്തുന്ന സ്വാധീനം

= ഞാനെന്ന വ്യക്തിയിൽ ഭയങ്കരമായൊരു സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ല. വ്യക്തിഗതമായ, കൃത്യമായ നിലപാടുകളും ഒരു ചിന്താധാരയുമൊക്കെയുള്ള രണ്ടാളുകളായിരുന്നു ഞങ്ങൾ പരിചയപ്പെടുന്ന സമയത്ത്. അന്ന് ഞങ്ങൾ തീരുമാനിച്ചു, ഒന്നിച്ചു ജീവിക്കാൻ. പൂർണമായും രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളായി നിന്നുകൊണ്ടുതന്നെയായിരുന്നു ആ തീരുമാനം. വിവാഹശേഷം ഒരു സമാധാനപരമായ ജീവിതത്തിലേക്ക് വന്നിട്ടുണ്ട്. ഒരു സുരക്ഷിതത്വബോധത്തിൽനിന്നുണ്ടാകുന്ന ശാന്തത. ഇനി എന്തുണ്ടെങ്കിലും ഈയൊരാളുണ്ട് എന്നൊരു ഫീൽ ശക്തിതരുമല്ലോ, അതുണ്ട്. അതാണ് അദ്ദേഹം എന്റെ ജീവിതത്തിൽ വളർത്തിയത്. 

? ഒരിക്കൽ ആഗ്രഹിച്ച ജീവിതവും ഇപ്പോൾ കൈപ്പിടിയിലുള്ള ജീവിതവും തമ്മിലുള്ള വ്യത്യാസം

= ഇത് പഠിക്കണം, ഇന്ന ജോലി, കല്യാണം, കുട്ടികൾ... ഇങ്ങനെ വളരെ സാധാരണമായി സമൂഹത്തിൽ നടന്നുപോരുന്ന കാര്യങ്ങൾക്ക് വ്യത്യസ്തമായിട്ട് മറ്റൊരു രീതിയിൽ മനസ്സ് തുറക്കാനുള്ള പ്രവർത്തനങ്ങൾ നമ്മുടെ കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്നത്തെ കുട്ടികൾക്ക് അവർക്കുചുറ്റിലും നടക്കുന്നതിനെക്കുറിച്ച് നല്ല ബോധ്യമുണ്ട്. എന്തും അന്വേഷിച്ച് കണ്ടെത്താനും മനസ്സിലാക്കാനും ഇന്റർനെറ്റുമുണ്ട്. ചെറുപ്പത്തിൽ എനിക്കൊക്കെ ആകെയുള്ള കൂട്ട് പുസ്തകങ്ങളായിരുന്നു. പുസ്തകത്തിൽ വായിച്ചിട്ടുള്ള ജീവിതങ്ങൾപോലെ എനിക്ക് ജീവിക്കണമെന്നുണ്ടായിരുന്നു. അതിലെ പല സ്ഥലങ്ങളിലൂടെയും യാത്രചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പലതരത്തിലുള്ള ആളുകളെ കാണണമെന്ന് മോഹിച്ചു. ഇപ്പോൾ അന്ന് ചിന്തിച്ചതിനെക്കാൾ കൂടുതലായി, ബ്യൂട്ടിഫുളായി ജീവിക്കാൻ എനിക്ക് പറ്റുന്നുണ്ട്. ഒരു പരാതിയുമില്ല. ഞാൻ ചോദിച്ചതിനെക്കാളും കൂടുതൽ എനിക്ക് കിട്ടിയിട്ടുണ്ട്.

? യാത്രകളാണ് റിമയുടെ ഊർജം എന്നു കേട്ടിട്ടുണ്ട്... 

women
റിമാ കല്ലിങ്കലുമായുള്ള
അഭിമുഖത്തി​ന്റെ
പൂർണരൂപം ഈ ലക്കം
ഗൃഹലക്ഷ്മിയിൽ

= ഇപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് യാത്രകൾ തന്നെയാണ്. ഇനിയുള്ള യാത്രകൾ വ്യത്യസ്തമാക്കണം. കേരളത്തിലെ പല സ്ഥലങ്ങളിലും പോകണമെന്നാണ് ഇപ്പോൾ ഞാനാഗ്രഹിക്കുന്നത്. ഞാൻ താമസിക്കുന്നത് മറൈൻ ഡ്രൈവിനടുത്താണ്. അവിടന്ന് കുറച്ച് പോയാൽ കടമക്കുടി പോലുള്ള സ്ഥലത്ത് കണ്ടൽക്കാടുകളുണ്ടെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. വലിയ വലിയ യാത്രകൾ നടത്തി അവിടം വർണിക്കുമ്പോൾ നമ്മുടെ തൊട്ടടുത്ത മനോഹരമായ സ്ഥലങ്ങളെ ഞാൻ മിസ് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി ഞാൻ എക്‌സ്‌പ്ലോർ ചെയ്യാൻ പോകുന്നത് കേരള ടൂറിസമാണ്. നമ്മുടെ നാടിനെ കണ്ടും അറിഞ്ഞുമൊരു യാത്ര എന്റെ മനസ്സിലുണ്ട്...

 

Content Highlights: Rima Kallingal Interview on women in cinema collective criticism, Vidhu Vincent Controversy, political stand, feminism, Aashiq Abu