മായാനദിയിലെ മിഴിയില്‍ നിന്നും എന്ന ഗാനം ഒരിക്കലെങ്കിലും കേട്ടിട്ടുള്ള ആളുകള്‍ക്ക് മറക്കാനാവാത്ത പേരാണ് റെക്സ് വിജയന്. അവിയല്‍ എന്ന മലയാളി റോക്ക് ബാന്‍ഡിന്റെ മുഖ്യ ശിൽപികളിലൊരാളായ ഗിറ്റാറിസ്റ്റ് റെക്സ് വിജയൻ 2009ല്‍ ഒട്ടേറെ സംവിധായകര്‍ ഒരുമിച്ച കേരള കഫേയിലെ ബ്രിഡ്ജിനു വേണ്ടി സംഗീതം നല്കി സിനിമയിലെത്തിയതാണ്. പിന്നീട് ചാപ്പാകുരിശ്, 22 ഫീമെയില്‍ കോട്ടയം, സെക്കന്റ് ഷോ, ഫ്രൈഡേ, നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്ക്കരഃ, പറവ, മായാനദി.. ഏറ്റവുമൊടുവില്‍ സുഡാനി ഫ്രം നൈജീരിയയിലും നമ്മള് കേട്ടത് റെക്സിന്റെ സംഗീതമാണ്. സിനിമാ സംഗീതസംവിധായകന് എന്നതിനേക്കാള്‍ ഒരു സംഗീതജ്ഞനെന്ന് മാത്രം അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്ന റെക്സ് അവിയലുമായി ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ്. റെക്സ് വിജയന് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
അവിയല്‍ ടീം എവിടെയാണ്?
അവിയല്‍ കുറച്ചുകാലമായി പുതിയ കമ്പോസിഷന്‍സ് ഒന്നും ചെയ്തിട്ടില്ല. പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. കാരണം പുത്തന്‍ ഈണവുമായ വേദിയിലെത്തിയാലും ആളുകള്‍ക്ക് വേണ്ടത് ഇപ്പോഴും പഴയ ഹിറ്റുകള്‍ തന്നെയാണ്. നട നട, ആനക്കള്ളന്‍, ചക്കേലെ എന്നിങ്ങനെ കാണികളില്‍ നിന്നും വിളിച്ചുകൂവും.. അവയെല്ലാം വീണ്ടും വീണ്ടും കേള്‍ക്കാനാണ് അവര്‍ക്കു താത്പര്യം. ആ ഹിറ്റുകള്‍ക്കു തന്നെയാണ് ഇപ്പോഴും ഡിമാന്റ്. പെര്‍ഫോമന്‍സിനിടെ കാണികള്‍ കുറേക്കൂടി വൈബ്രന്റ് ആവുന്നതും അവയൊക്കെ പാടുമ്പോഴാണ്. ഈ വര്‍ഷം പുതിയ പാട്ടുകള്‍ ഇറക്കുന്നുണ്ട്. രണ്ട് മൂന്ന് മാസം കഴിഞ്ഞിട്ടേ പണി തുടങ്ങുന്നുള്ളൂ.
ഇപ്പോള്‍ സിനിമാത്തിരക്കിലാണോ?
ഇപ്പോള്‍ പുതിയ രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ്. ഷെയ്ന് നിഗം നായകനാകുന്ന ബിമല്‍ ഡെന്നീസ് എന്ന പുതുമുഖ സംവിധായകന്റെ ചിത്രം. വിനയ് ഫോർട്ടിനെ വച്ച് മറ്റൊരു പുതിയ സംവിധായകന് അഷ്റഫ് ചെയ്യുന്ന ചിത്രത്തിന്റെയും തിരക്കുകളിലാണിപ്പോള്‍.
ബാൻഡിനു വേണ്ടി ഇപ്പോള്‍ കുറേനാളുകളായി ചെയ്തിട്ടില്ല. അഞ്ചാറ് പാട്ടുകള്‍ പകുതിവഴിക്ക് നില്‍ക്കുന്നുണ്ട്. അത് മുഴുമിപ്പിക്കണം. സമയം കണ്ടെത്തണം. എനിക്കെല്ലാത്തിനും കൂടുതല്‍ സമയം വേണം. സമയമെടുത്തേ എന്തും ചെയ്യൂ. സിനിമകളും എനിക്ക് ശ്വാസംമുട്ടാത്ത രീതിയിലേ എടുക്കാറുള്ളൂ. വര്‍ക്ക്ലോഡ് പറ്റില്ല.
സംഗീത സംവിധായകനാണ്. പക്ഷേ മുഴുവന്‍ സമയം അല്ല?
സംഗീതജ്ഞന് എന്നു കരുതാനാണ് ഇഷ്ടം.. ഒരു സംഗീതസംവിധായകന് എന്ന രീതിയില്‍ എന്നെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. സുഹൃത്തുക്കളായ നല്ല സംവിധായകര്‍ക്കു വേണ്ടി വളരെ കാഷ്വലായി വര്‍ക്ക് ചെയ്യുന്നതാണ് സിനിമകള്‍ക്കു വേണ്ടി. അതുകൊണ്ടു തന്നെ ഒരു മുഴുവന്‍സമയ സംഗീത സംവിധായകനല്ല ഞാന്‍. കൂടുതല്‍ സമയം അവിയലിനു വേണ്ടിയും മാറ്റിവെക്കാറുണ്ട്.
സമീപഭാവിയില്‍ യാഥാർഥ്യമാക്കാമെന്നു കരുതുന്ന സ്വപ്നമുണ്ടോ?
അവിയലിന്റേതായി ഒരു മ്യൂസിക് വീഡിയോ ഇറക്കണം. സോള്‍ട്ട് ആന്റ് പെപ്പറിലാണ് അവസാനം ചെയ്തത്. ആനക്കള്ളന്‍. അതിനുശേഷം തിരക്കുകളില്‍ പെട്ട് വീഡിയോ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
അതെ, അവിയല്‍ ബാൻഡ് ഇപ്പോഴുമുണ്ടോ എന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നത്..
ബാൻഡ് ഇപ്പോഴുമുണ്ട്... ഷോകള്‍ ചെയ്തിരുന്നു. ഞങ്ങള്‍ ഇവിടൊക്കെത്തന്നെയുണ്ട്. ഇപ്പോള്‍ കം ബാക്ക് എന്നൊരു മൂഡിലൊന്നുമല്ല. ഒരുപക്ഷേ പുതിയ പാട്ടുകളുമായി വരുന്നു എന്ന രീതിയില്‍ കംബാക്ക് ആയിരിക്കാം.
അടുത്ത സുഹൃത്തുക്കള്‍
ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ സംഗീതജ്ഞരല്ല. പപ്പായ മീഡിയയിലെ അജയ് മേനോന് എന്ന ഫോട്ടോഗ്രാഫര്‍. നിതിന്‍ വിജയനാഥ് എന്ന ഗിറ്റാറിസ്റ്റ്... അങ്ങനെ..
ഷഹബാസ് അമനും അടുത്ത സുഹൃത്താണ്. അല്ലേ?
ഷഹബാസിക്കയുമായി സഹോദരബന്ധമാണ്. സുഹൃത്തുക്കളെ ഇടയ്ക്കിടെ കാണുന്ന പോലെ ആഴ്ച്ചയിലൊരിക്കല്‍ ചെന്നു കാണുക അങ്ങനെയൊരു പതിവൊന്നുമില്ല. സംഗീതം തന്നെയാണ് അദ്ദേഹത്തോട് അടുപ്പിച്ചത്. സംഗീതവുമായി ബന്ധപ്പെട്ടാണ് ഇക്കയെ കാണാറുള്ളത്. നല്ല തമാശക്കാരനാണ്. കാര്യങ്ങളെ വളരെ ലൈറ്റായി കാണുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റേത് ഗസല്‍, സൂഫി സംഗീത പശ്ചാത്തലമായതു കൊണ്ട് ആദ്യമൊക്കെ ഭയമായിരുന്നു. ഞാന്‍ അങ്ങനെ ട്രെയിന്‍ഡ് ഒന്നുമല്ലല്ലോ. പക്ഷേ ഇക്ക സിമ്പിളാണ്.
പരിചയപ്പെടുന്നത് മായാനദിക്കു വേണ്ടിയാണ്. അതിനു മുമ്പ് പരസ്പരം അറിയാം എന്നു തന്നെ ഉണ്ടായിരുന്നുള്ളൂ. കണ്ട് പരസ്പരം കൈകൊടുത്ത് സംസാരിച്ച് അന്നു തന്നെ ആ പാട്ടുണ്ടാക്കി. മായാനദിയിലെ 'മിഴിയില്‍ നിന്നും'.
ഒരുപാടുപേര് ചോദിച്ചിട്ടുണ്ടാകും. റെക്സിന്റെ പാട്ടുകളിലെ ഏറ്റവും മികച്ചതായ ആ ഹിറ്റുണ്ടായതെങ്ങനെ?
അതിനെന്താ? പറയാനിഷ്ടമാണ്. ഷഹബാസ് ഇക്കയുടെ കൂടെയിരുന്ന് ഗിറ്റാറില്‍ പ്ലേ ചെയ്ത് തുടങ്ങി. ഇക്ക തുടക്കത്തിലെ മെലഡി പാടി. അത്ര തന്നെ. പെട്ടെന്നുണ്ടായ പാട്ടാണ്. ഞങ്ങളൊരുമിച്ചാണ് അത് ചെയ്യുന്നത്. എനിക്കങ്ങനെ ഒരു പാട്ട് തന്നെ ഉണ്ടാക്കാനാകുമെന്ന് കരുതുന്നില്ല.
അത്തരമൊരു ഗാനം റെക്സില്‍ നിന്നും ആദ്യമായി..
അതെ. ആഷിഖ് എന്നോടിക്കാര്യം പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഞെട്ടി. സൂഫി സംഗീതവുമായി ബന്ധപ്പെട്ടൊന്നും ഞാനിതുവരെ ചെയ്തിട്ടുമില്ല. ആഷിഖ് തന്നെയാണ് ഷഹബാസിക്കയെ വിളിച്ച് കൂടെയിരുന്ന് ചെയ്യാന്‍ പറഞ്ഞത്. അദ്ദേഹം വന്നപ്പോഴാണ് ഓക്കെയായത്. സംഗീതത്തെക്കുറിച്ച് അത്രയും അവഗാഹമുള്ള ആള് എന്ന നിലയില്‍ അദ്ദേഹം കൂടെയിരുന്നതു കൊണ്ടു തന്നെയാണ് അത്തരമൊരു ഹിറ്റ് പിറന്നത്.
നാടന്‍ ഈണങ്ങളാണ് സ്വാധീനിച്ചിട്ടുള്ളത്. അല്ലേ?
ഇതുവരെ ചെയ്തിട്ടില്ലാത്ത മേഖലയില്‍ കൈ കടത്തിയെന്നു തന്നെയാണ് പറയേണ്ടത്. അദ്ദേഹത്തെ കാണുന്നതിലൂടെ. നാടന്‍ പാട്ടുകളെന്നെ എന്നും ആകര്‍ഷിച്ചിട്ടുണ്ട്. കേരളത്തിലെ എന്നു മാത്രമല്ല, ഏതു രാജ്യത്തേയും ഫോക്ക് മ്യൂസിക് എനിക്കൊരുപാടിഷ്ടമാണ്. ഫിന്‍ലൻഡ്, സ്കോട്ലൻഡ്, ജപ്പാൻ, ചൈന എന്നിവിടങ്ങളിലെയെല്ലാം നാടന്‍ ഈണങ്ങള്‍ വളരെയേറെ ഇഷ്ടമാണ്. അത്തരം പാട്ടുകള്‍ക്ക് വിദ്യാഭ്യാസസംബന്ധിയായ മൂല്യങ്ങള്‍ കുറവല്ലേ. സംഗീതം അങ്ങനെ ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്തതിനാലാവണം, ചുമ്മാ രാവിലെ എഴുന്നേറ്റിരുന്ന് പാടാന്‍ പറ്റിയ പാട്ടുകള്‍ എപ്പോഴും എന്നെ ആകര്‍ഷിക്കാറുണ്ട്, സ്വാധീനിക്കാറുമുണ്ട്.
സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല?
പഠിച്ചിട്ടില്ല. അതിന്റെ ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുണ്ട്. മടിയാണ് പൊതുവെ. അച്ഛന് ആല്‍ബര്‍ട്ട് വിജയന് സംഗീതജ്ഞനാണ്. പിയാനിസ്റ്റുമാണ്. അദ്ദേഹം എന്നെ പിയാനോ പഠിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ട്, മറ്റൊരു അധ്യാപകനെ വരുത്തി എന്നെക്കൊണ്ടു ചെയ്യിപ്പിച്ചെടുക്കാന്‍ പാടുപെട്ടിട്ടുണ്ട്. ഞാന്‍ മടി പിടിച്ചിരിക്കും അന്നൊക്കെ. നോട്ടുകളൊക്കെ നോക്കി അതുപോലെ വായിച്ചെടുക്കാനൊക്കെ മടിയായിരുന്നു. പിന്നെ ഗിറ്റാറില്‍ താത്പര്യം തോന്നി അതു പഠിച്ചു.
അച്ഛന് സംഗീത സംവിധായകനായിരുന്നു
അച്ഛന് മ്യൂസിക്കല്‍ കണ്ടക്ടറായി എംജി രാധാകൃഷ്ണന്, ജോണ്സണ് മാഷ് എന്നിവര്‍ക്കൊപ്പമെല്ലാം ജോലി ചെയ്തിട്ടുണ്ട്. പേരിടാത്ത ചിത്രം എന്ന ഒരു സിനിമയ്ക്ക് വേണ്ടി സംഗീതം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക് എന്ന സ്ഥാപനത്തില്‍ വിദ്യാര്‍ഥികളെ പിയാനോ അഭ്യസിപ്പിക്കുന്നു.
ടാലന്റ് ഹണ്ട്, റിയാലിറ്റി ഷോകള്‍ കാണാറുണ്ടോ? അത്തരം വേദികളിലൂടെ സംഗീതലോകത്തെത്തുന്ന പുതുതലമുറയെക്കുറിച്ച്?
റിയാലിറ്റി ഷോകളിലൂടെ വന്നിട്ടുള്ളവര്‍ പ്രശസ്തരായിട്ടുണ്ട്. കഴിവുകള്‍ പുറത്തെടുക്കാനും അത് ലോകത്തെ അറിയിക്കാനും നല്ല ഒരു വേദിയാണ്. അത് കഴിഞ്ഞിറങ്ങി, അവര്‍ സംഗീതത്തെ എങ്ങനെ കൊണ്ടു നടക്കുന്നു എന്നതിന് അനുസരിച്ചിരിക്കും. പക്ഷേ അവരിലെത്ര പേര് ഇന്നും നിലനില്‍ക്കുന്നണ്ട്? വളരെ ചുരുക്കംപേര്‍. അങ്ങനെ വന്നവര്‍ മാത്രമേ താരമാകു എന്നില്ലല്ലോ. പിന്നെ അസാധാരണമായ സര്ഗവൈഭവമുള്ളവര്ക്ക് അത്തരം വേദികളിലൂടെ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ശ്രേയ ഘോഷാലിനെയൊക്കെ പോലെ.
അത്തരം വേദികളില്‍ തിളങ്ങിയവര്‍ പിന്നീട് സ്വതന്ത്ര സംഗീതത്തിലേക്ക് തിരിയുന്നു...
ജോബിനെപ്പോലുള്ളവർ അതാണ് കൂടുതല്‍ ഫോക്കസ് ചെയ്യുന്നത്. സിനിമകളില്‍ പാടുന്നതോടൊപ്പം സംഗീതത്തെ കൂടെ കൊണ്ടു നടക്കുന്നു. തന്റേതായ ശൈലിയില്‍ സംഗീതത്തെ അവതരിപ്പിക്കുന്നു..
സിനിമയില്‍ മാത്രമായി തുടരണമെന്ന് ഇപ്പോഴത്തെ ഗായകര്‍ ആഗ്രഹിക്കുന്നില്ല?
സിനിമയിലെ ഒരു പാട്ട് ഹിറ്റായിക്കഴിഞ്ഞാല്‍ ആ കാരണം കൊണ്ട് കുറേ ഷോ ടൂറുകളും മറ്റും ആ ഗായകനെ അഥവാ ഗായികയെ തേടി വരും. അങ്ങനെയാണ് സാമ്പത്തികമായും കലാപരമായും അവര്‍ ഉയരുന്നത്. സംഗീതത്തില്‍ പരീക്ഷണങ്ങള്‍ ചെയ്യാനാണ് പുതിയ തലമുറയിലധികവും ഇഷ്ടപ്പെടുന്നത്.
ഇപ്പോള്‍ ഇറങ്ങുന്ന പാട്ടുകളിലെ ഇലക്ട്രോണിക് സംഗീതത്തെക്കുറിച്ച്?
പഴയ പാട്ടുകളാണ് എപ്പോഴും മികച്ചതെന്നു പറയുമല്ലോ. പണ്ട് കുറച്ചു സംഗീത സംവിധായകര്‍, ഗാനരചയിതാക്കള്‍, സിനിമകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് അതുതന്നെ കൂടുതലാണ്. എന്നാല്‍ ഇന്നത്തേതിനെ അപേക്ഷിച്ച് വളരെ കുറവാണ്. ഇന്നിപ്പോള്‍ ദിവസേനയെന്നോണമാണ് പാട്ടുകളും പാട്ടുകാരുമുണ്ടാകുന്നത്. അത്രത്തോളം പാട്ടുകളും. മുഴുവന്‍ കേള്‍ക്കാന്‍ പോലും ആളുകള്‍ക്ക് സമയം തികയുന്നില്ല. പെട്ടെന്നു ചെയ്യുന്ന പാട്ടുകളില്‍ ചിലതിന് മേന്മ കുറയാം.
ഇന്നിറങ്ങുന്ന ഗാനങ്ങളില്‍ പലതും ഒരേ അച്ചില്‍ വാര്‍ത്തതുപോലെ തോന്നാറില്ലേ?
ഒരു സിനിമയിലെ പാട്ടുകള്‍ മാത്രമായി കേള്‍ക്കാറില്ലല്ലോ ഇപ്പോള്‍. പല പല പാട്ടുകള്‍ ചേര്‍ത്ത് പ്ലേ ലിസ്റ്റായല്ലേ ആളുകള്‍ കേള്‍ക്കുന്നത്. സിനിമയിൽ ഇലക്ട്രോണിക് മ്യൂസിക്ക് സാധാരണമാണ്. ജോണ്സണ് മാഷ് പോലും ഉപയോഗിച്ചിട്ടുണ്ട്. സിന്തസൈസേഴ്സ് വച്ച്. ഡി ജെ മ്യൂസിക്കാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഡാന്‍സ് കേന്ദ്രീകരിച്ചുള്ള ക്ലബ്സില് കൂടെ പ്ലേ ചെയ്യാന്‍ പറ്റിയ പാട്ടുകള്‍ വേണമെന്ന് ചിലരെങ്കിലും ആഗ്രഹിക്കുന്നതിനാലാണ് ഇന്നിറങ്ങുന്ന പാട്ടുകള്‍ക്ക് പൊതുസ്വഭാവം വന്നു പോകുന്നത്. അത്തരം പാട്ടുകള്‍ പലതും ഏകാന്തതയിലിരിക്കുമ്പോള് കേള്‍ക്കാനും പറ്റില്ല. ഇലക്ട്രോണിക് മ്യൂസിക് രണ്ടു രീതിയിലും ഉപയോഗിക്കാം. മെലഡിക്കും ഡാന്‍സ് നമ്പേഴ്സിനും.
നല്ലൊരു പ്രോഗ്രാമറാണെങ്കില്‍ അയാള്‍ നല്ല സംഗീത സംവിധായകനുമായി. അങ്ങനെയല്ലേ? ലൈവ് ഓര്‍ക്കസ്ട്രയിലെ സംഗീതത്തോടെ ചിത്രങ്ങളും കുറവാണ്..
അതില്‍ ബജറ്റാണ് മുഖ്യ ഘടകം. ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ലൈവ് മ്യൂസിക് ഓര്‍ക്കസ്ട്ര പരമാവധി ഉപയോഗപ്പെടുത്തിക്കാണാറുണ്ട്. ബോളിവുഡ്, തമിഴ്, തെലുങ്ക ചിത്രങ്ങളിലെല്ലാം ബജറ്റ് ചുരുങ്ങിച്ചുരുങ്ങി ഒരു പ്രോഗ്രാമര്‍, അയാള്‍ തന്നെ സംഗീത സംവിധായകന് ആ മട്ടിലേക്ക് നീങ്ങുമ്പോഴാണ് ബുദ്ധിമുട്ട്. എആര്‍ റഹ്മാന് ഒരു മ്യൂസിക് ആല്‍ബത്തിനു ലഭിക്കുന്നത് വലിയ ഒരു തുകയായിരിക്കും. ബെല്‍ജിയം, ഓസ്ട്രിയ പോലുളള രാജ്യങ്ങളില്‍ വച്ച് ലൈവ് ആര്‍ട്ടിസ്റ്റുകളെ വച്ച് സംഗീതം ചെയ്തെടുക്കും. നാട്ടിലാണെങ്കില്‍ ഡ്രംസ് വായിക്കുന്നത് ശിവമണി അങ്ങനെ.. കുറഞ്ഞ ബജറ്റില്‍ ഇത്തരത്തില്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ മ്യൂസിക് ഡയറക്ടര്‍ക്ക് പണി കിട്ടും. കോംപ്രമൈസ് ചെയ്യേണ്ടി വരും.
Content Highlights : Rex Vijayan music director interview, Mayanadi, Shahabaz Aman, Job Kurian