വിജയ് സേതുപതി നായകനായ 'മുഗിഴ്' എന്ന ചിത്രത്തിലൂടെ സിനിമാ സംഗീത സംവിധാന രംഗത്ത് ശ്രദ്ധനേടുകയാണ് രേവ വിശ്വനാഥന്‍. ഗോവിന്ദ് വസന്തയും മാല്‍വി സുന്ദരേശനും ആലപിച്ച 'മായക്കാര' എന്ന മനോഹര ഗാനം പുറത്തിറങ്ങിയതോടെയാണ് രേവയുടെ പേരും ചര്‍ച്ചയായത്. പാലക്കാട് സ്വദേശിയായ രേവ വര്‍ഷങ്ങളായി സംഗീതരംഗത്തുണ്ട്. കോളേജ് പഠനകാലം മുതല്‍ തന്നെ ജിങ്കിള്‍സും പരസ്യചിത്രവും മ്യൂസിക് ആല്‍ബങ്ങളുമായി തിരക്കിലായിരുന്നു. സ്ത്രീ പ്രാതിനിധ്യം ഏറെ കുറവുള്ള സംഗീത സംവിധാന രംഗത്ത് ഏറെക്കാലത്തെ കഠിനാധ്വാത്തിന് ശേഷമാണ് രേവ ചുവടുറപ്പിച്ചത്. 'മുഗിഴി'ലേക്കുള്ള യാത്രയും സംഗീത വിശേഷങ്ങളുമായി രേവ മാതൃഭൂമിഡോട്ട്‌കോമിനൊപ്പം ചേരുന്നു....

'മുഗിഴി'ലേക്ക് എത്തിയത് എങ്ങിനെയായിരുന്നു?

'മുഗിഴ്' സിനിമയുടെ സംവിധായകന്‍ കാര്‍ത്തിക് സ്വാമിനാഥനെ എനിക്ക് കുറച്ച് വര്‍ഷങ്ങളായി അറിയാം. അദ്ദേഹത്തോടൊപ്പം നേരത്തേ ഡോക്യുമെന്ററിയും പരസ്യചിത്രങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. വിജയ് സേതുപതി പ്രൊഡക്ഷന്‍സിന്റെ 'ഇടവേളൈ' എന്ന ഒരു ഹ്രസ്വചിത്രവും ചെയ്തിട്ടുണ്ട്. ആ ചിത്രം അത്യാവശ്യം ശ്രദ്ധ നേടിയതായിരുന്നു. അങ്ങനെയാണ് മുകിഴിലേക്കും വിളിക്കുന്നത്. ഇതൊരു പരീക്ഷണ ചിത്രമാണ്. ഒരു മണിക്കൂര്‍ മാത്രമേ ദൈര്‍ഘ്യമുള്ളൂ. രണ്ടു പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ഞാന്‍ ചെയ്തിരിക്കുന്നത്. വളരെ സംതൃപ്തി നല്‍കിയ ഒരു പ്രൊജക്ടായിരുന്നു. നല്ല ടീമായിരുന്നു.

മികച്ച പ്രതികരണമാണല്ലോ ഇപ്പോള്‍ ലഭിക്കുന്നത്?

വളരെയേറ സന്തോഷം തോന്നുന്നു. ഒരു ചെറിയ ഫീല്‍ ഗുഡ് ചിത്രമാണ് 'മുഗിഴ്'. ഒരു കുടുംബവും അവരുടെ വളര്‍ത്തുനായയും തമ്മിലുള്ള സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളാണ് പാട്ടില്‍ 'മായക്കാര'യില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയും മാല്‍വി സുന്ദരേശനുമാണ് ആ പാട്ട് പാടിയിരിക്കുന്നത്. തമിഴിലെ പ്രശസ്ത സംഗീത സംവിധായകന്‍ ബാലാജി ധരണീധരനാണ് വരികള്‍ എഴുതിയിരിക്കുന്നത് എന്ന സന്തോഷവുമുണ്ട്.രണ്ടാമത്തെ പാട്ട് ഉടന്‍ റിലീസാകും. ഗായകനും സംഗീത സംവിധായകനുമായ പ്രദീപ് കുമാറാണ് ആ ഗാനം ആലപിച്ചിരിക്കുന്നത്. വരികള്‍ ബാലാജി ധരണീധരണിന്റേതു തന്നെയാണ്. 

സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണോ വരുന്നത്. കേരളത്തില്‍ നിന്ന് ചെന്നൈയിലെത്തിയത് എങ്ങിനെയായിരുന്നു?

പാലക്കാട് കല്‍പ്പാത്തിയിലെ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അമ്മ ശാരാദാംബാള്‍, അച്ഛന്‍ വിശ്വനാഥന്‍. അമ്മയുടെ അച്ഛന്‍ ഒരു മൃദംഗവാദകനായിരുന്നു. ഓള്‍ ഇന്ത്യ റേഡിയോയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. പാലക്കാട് ആര്‍. ശേഷാമണി എന്നാണ് മുത്തച്ഛന്റെ പേര്. മുത്തച്ഛനാണ് എന്നെ സംഗീതത്തിലേക്ക് കൊണ്ടുവന്നത്. കുട്ടിക്കാലം മുതല്‍ തന്നെ  വയലിനും വായ്പ്പാട്ടും അഭ്യസിക്കാന്‍ ആരംഭിച്ചു. കര്‍ണാടക സംഗീതം പന്ത്രണ്ട് വര്‍ഷത്തോളം അഭ്യസിച്ചു. പിന്നീട്കോളേജ് പഠനത്തിനായി ഞാന്‍ ചെന്നൈയിയിലേക്ക് മാറി. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലായിരുന്നു ഞാന്‍ പഠിച്ചത്. കലാപരമായ മേഖലയോടുള്ള താല്‍പര്യം കൊണ്ടാണ് ഫാഷന്‍ ഡിസൈനിങ് പഠിച്ചത്. ചെന്നൈയില്‍ അമ്മയുടെ സഹോദരന്‍ രാമനാഥന് ഒരു സ്വരാലയ എന്ന പേരില്‍ ഒരു മ്യൂസിക് സ്‌കൂളും നാദ ബിന്ദു എന്ന പേരില്‍ ഒരു മ്യൂസിക് സ്റ്റുഡിയോയും ഉണ്ടായിരുന്നു. പഠനത്തോടൊപ്പം അവിടെയും ഞാന്‍ കുറച്ച്കാലം പരിപാടികള്‍ ചെയ്തു. ഫാഷന്‍ ഡിസൈനിങ് പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് പാര്‍ട്ട് ടൈം ജോലിയോടൊപ്പം ജിങ്കിള്‍സ് ചെയ്യാന്‍ തുടങ്ങി. 

ഫാഷന്‍ ഡിസൈനിങ് വിട്ട് പൂര്‍ണമായും സംഗീത രംഗത്തേക്ക്... അങ്ങനെ ഒരു തീരുമാനമെടുക്കുന്നത് വെല്ലുവിളിയായിരുന്നോ?

ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യനാണ് എനിക്കിഷ്ടം. അതുകൊണ്ടു തന്നെയാണ് ഉപരിപഠനത്തിനായി ഫാഷന്‍ ഡിസൈനിങ് തിരഞ്ഞെടുത്തത്. പഠനകാലത്തും പിന്നീട് ഫാഷന്‍ രംഗത്ത് ജോലി ചെയ്യുമ്പോഴും സംഗീതം ഞാന്‍ കൈവിട്ടില്ല. എന്നെ സംബന്ധിച്ച് അതൊരു മെഡിറ്റേഷനാണ്. വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. അതില്‍ മുഴുകുമ്പോള്‍ ഞാന്‍ എല്ലാം മറക്കും. ഇതൊരു ഫുള്‍ ടൈം പ്രൊഫഷനായി തീരുമെന്നൊന്നും എനിക്ക് അന്നുറപ്പില്ലായിരുന്നു. ഒരു ഘട്ടമെത്തിയപ്പോള്‍ ഒരുപാട് വര്‍ക്കുകള്‍ തേടിയെത്തി. അങ്ങനെ ജോലി ഉപേക്ഷിച്ച് പൂര്‍ണമായും സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജോലി ഉപേക്ഷിച്ചപ്പോള്‍ ഒരുപാട് റിസ്‌ക് എലമെന്റുണ്ടെന്ന് പലരും ഉപദേശിച്ചുവെങ്കിലും ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. പിന്നോട്ട് പോകാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഒരുപാട് ജിങ്കിള്‍സും പരസ്യചിത്രങ്ങളും മ്യൂസിക് ആല്‍ബവും ചെയ്തു പ്രത്യേകിച്ച് തമിഴില്‍. അങ്ങനെ കുറേക്കാലത്തെ കഠിനാധ്വാനത്തിന് ശേഷമാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്ത 'മാംഗല്യം തന്തുനാനേന' എന്ന ചിത്രത്തിലെ കല്യാണ പാട്ട് ചെയ്തത് ഞാനായിരുന്നു. പിന്നീട് മറാഠിയില്‍ കോളേജ് ഡയറി എന്ന ചിത്രത്തില്‍ രണ്ടു പാട്ടുകള്‍ ചെയ്തു. ആ പാട്ടുകള്‍ അവിടെ ഹിറ്റായിരുന്നു. തമിഴില്‍ സ്വതന്ത്ര സംഗീത സംവിധായികയായി അരങ്ങേറ്റം കുറിച്ചത് മുഗിഴിലൂടെയായിരുന്നു. ഇഷ്ടമുള്ള ഒരു കാര്യം പ്രൊഫഷനായി തിരഞ്ഞെടുക്കുമ്പോള്‍ നമുക്ക് ജോലിയുടെ ഭാരം അറിയില്ല. ഞാന്‍ എന്റെ ജോലി നന്നായി ആസ്വദിക്കുന്നു.

സ്ത്രീകള്‍ നന്നേ കുറവാണല്ലോ എന്തായിരിക്കാം അതിന് കാരണം?

Revaa Viswanath Music Director Interview Mugizh movie Vijay Sethupathi Mayakkara song
രേവ

ഒരുപാട് വെല്ലുവിളികളുണ്ട്. അതിനെ മറിക്കടക്കണമെങ്കില്‍ ഒരുപാട് കഠിനാധ്വാനം ചെയ്യണം. പരസ്യമേഖലയില്‍ ഞാന്‍ ജിങ്കിള്‍സ് ചെയ്യുമ്പോഴും സ്ത്രീ സാന്നിധ്യം കുറവായിരുന്നു. സിനിമയിലും അതെ. ഗായികമാര്‍ ഒരുപാടുണ്ടെങ്കിലും സംഗീത സംവിധായികമാര്‍ വിരലില്‍ എണ്ണാവുന്നവരേയുള്ളൂ. അവരില്‍ പലരും സിനിമാസംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വരുന്നവരുമാണ്. 

സംഗീതരംഗത്ത് മാത്രമല്ല സിനിമയില്‍ അഭിനേതാക്കളൊഴിച്ചാല്‍ ടെക്നിക്കല്‍ മേഖലയിലും സ്ത്രീ സാന്നിധ്യം കുറവാണ്. പണ്ടുകാലത്ത് അത് തീരെ കുറവായിരുന്നുവെങ്കില്‍ ഇന്ന് ഒരുപാട് പേര്‍ രംഗത്തുണ്ട്. എന്നിരുന്നാലും പുരുഷന്‍മാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്.

കഴിവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെയാണ്. സംഗീത സംവിധാനത്തിലറങ്ങുമ്പോള്‍ ഉത്തരവാദിത്തം വളരെ കൂടുതലാണ്. നമ്മള്‍ ചെയ്യുന്ന വര്‍ക്കില്‍ നിര്‍മാതാവിനും സിനിമയുടെ സംവിധായകനുമെല്ലാം തൃപ്തിവരണം. ഒരുപാട് വെട്ടലുകളും തിരുത്തലുകളും ആവശ്യമായി വരും. അത് നല്ല ആര്‍ട്ടിസ്റ്റുകളെ വച്ച് നന്നായി അവതരിപ്പിക്കണം. പിന്നെ എഡിറ്റിങ്, മിക്സിങ് അങ്ങനെ ഒരുപാട് ജോലികള്‍ അതിന് പിറകേ വരും. ഒരു വര്‍ക്ക് ഏറ്റെടുത്താല്‍ മനസ്സില്‍ മറ്റൊന്നും ഉണ്ടാകില്ല. ഉറക്കമൊഴിച്ച് ജോലി ചെയ്യേണ്ടിവരും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അധിക സമയം ലഭിക്കുകയില്ല. കുടുംബത്തിന്റെ കാര്യം വരുമ്പോള്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ചുമതല നല്‍കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതുകൊണ്ടായിരിക്കണം സ്ത്രീകള്‍ അധികം മുന്നോട്ട് വരാത്തത്. ആ സിസ്റ്റം മാറേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്ത് വരും.

ഇന്നത്തെ കാലത്ത് സിനിമയില്‍ പാട്ടുകള്‍ കുറവാണല്ലോ?

Revaa Viswanath Music Director Interview Mugizh movie Vijay Sethupathi Mayakkara song
രേവ

പണ്ടുകാലത്ത് സിനിമയില്‍ ഒരു കമേഷ്യല്‍ ടെംപ്ലേറ്റ് ഉണ്ടായിരുന്നു. പാട്ടുകളുടെ എണ്ണം കുടുതലായിരുന്നു. എന്നാല്‍ ഇന്ന് അത് മാറി. പശ്ചാത്തല സംഗീതത്തിനാണ് കുടുതല്‍ പ്രധാന്യം. ഇപ്പോള്‍ കഥയില്‍ ബ്ലെന്‍ഡ് ചെയ്ത പാട്ടുകളാണ് ആവശ്യക്കാര്‍ കൂടുതല്‍. മുഗിഴിലെ .... ശരിക്കും അഞ്ചര മിനിറ്റ് ദൈര്‍ഖ്യമുള്ള ഒരു പാട്ടാണ്. അത് സിനിമയില്‍ വരുമ്പോള്‍ കഥയുടെ ഭാഗമായി സംഭാഷണത്തിനടയില്‍ ഇടയ്ക്കെടെ കടന്നുവരുന്ന പാട്ടാണ്. ഇതേ സിനിമയിലെ ... എന്ന ഗാനവും അങ്ങനെ തന്നെ. വളരെ റിയലിസ്റ്റിക്കായ ചിത്രങ്ങളാണ് ഇപ്പോള്‍ വരുന്നത്. അതുകൊണ്ടായിരിക്കണം ഇങ്ങനെയൊരു ട്രെന്‍ഡ്.

ഇനി വരാനുള്ള പ്രൊക്ടുകള്‍?

മുഗിഴുമായി ബന്ധപ്പെട്ട ജോലികളാണ് ഇപ്പോള്‍ ചെയ്യുന്നത്. കൂടാതെ തമിഴില്‍ പരസ്യചിത്രങ്ങളും ചെയ്യുന്നു. തമിഴില്‍ തന്നെ ഏതാനും പ്രൊജക്ടുകള്‍ വന്നിട്ടുണ്ട്. അവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Content Highlights: Revaa Viswanath Music Director Interview, Mugizh movie, Vijay Sethupathi, Mayakkara song