കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു 'കീടാണു' സോഷ്യല്‍മീഡിയയില്‍ കിടന്ന് കറങ്ങുന്നുണ്ട്. നോര്‍ത്ത് 24 കാതത്തിലെ ഫഹദ് ഫാസിലിനെ ഓര്‍മിപ്പിക്കുന്ന ഭര്‍ത്താവും അയാളുടെ ഭാര്യയും വിവാഹമോചനത്തിനായി ഒരു വക്കീലിനു മുന്നിലിരിക്കുന്നതും അവരവിടെ ഇരിക്കുന്നതിന്റെ കാരണവും വളരെ രസകരമായി അവതരിപ്പിച്ച കീടാണു എന്നൊരു ഷോര്‍ട്ട് ഫിലിം. രജീഷ വിജയന്, സൈജു കുറുപ്പ് അങ്ങനെ നിരവധി പേര് അവരുടെ ഔദ്യോഗിക പേജില്‍ ഈ കുഞ്ഞുചിത്രം ഷെയര്‍ ചെയ്തിരുന്നു.
മുമ്പ് വൈറലായിരുന്ന ദേവിക പ്ലസ്ടു ബയോളജി, എന്താ പ്രശ്നം തുടങ്ങിയ ഹ്രസ്വചിത്രങ്ങളില്‍ കണ്ട അതേ മുഖമാണ് 'കീടാണു'വിലും കണ്ടത്. സ്വന്തം പേരു വെളിപ്പെടുത്താന്‍ മടിച്ച് ആര് എസ് എന്‍ എന്ന ചുരുക്കപ്പേരു വച്ച രഞ്ജിത്ത് ശേഖര്‍ നായകര്‍ ആണ് കീടാണുവിന്റെ സംവിധായകന്. ചിത്രത്തിലെ വൃത്തിക്കാരനായ നായകനും. രഞ്ജിത്ത് തന്റെ ആദ്യസംവിധാന സംരംഭത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട്.
രഞ്ജിത്ത് ശേഖര്‍ നായര്‍ ആര് എസ് എന്‍ ആയി..
പേരു വയ്ക്കാനുള്ള ആത്മവിശ്വാസമുണ്ടായില്ല. അതാണ്. അച്ഛനും അമ്മയും മാത്രമായിരിക്കുമോ ചിത്രം കാണേണ്ടി വരിക എന്നു സംശയിച്ച് സംശയിച്ചാണ് പുറത്തിറക്കിയത്. പേടിയായിരുന്നു. എന്റെ പേരിനിത്തിരി നീളം കൂടുതല്‍ ആണല്ലോ. എനിക്ക് ചുറ്റുമുള്ളവര്‍ എന്നെ ആര് എസ് എന്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരുപാടു പേരില്‍ നിന്നും നല്ല വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷം. ചെറിയൊരു ആത്മവിശ്വാസമൊക്കെ വന്നുതുടങ്ങിയിട്ടുണ്ട്.
ലോക്ഡൗണിനു മുമ്പ് ഷൂട്ടും എഡിറ്റും എല്ലാം കഴിഞ്ഞിരുന്നു. ഗ്രേഡിങ്ങും കളറിംഗുമാണ് ബാക്കിയുണ്ടായിരുന്നത്. സൗണ്ട് ഡിസൈന്‍ ചെയ്തത് ലൂസിഫറില്‍ സൗണ്ട് ഡിസൈനറായി പ്രവര്‍ത്തിച്ച വിഷ്ണു പി സിയാണ്.
ഒ സി ഡിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ നിരവധി..
ഒ സി ഡി പ്രശ്നം ഉള്ളവരെ നേരില്‍ കണ്ട് വിവരശേഖരണം നടത്തിയിരുന്നു. അവരുടെ മാനറിസങ്ങളാണ് ചിത്രത്തില്‍ കൊണ്ടു വരാന്‍ ശ്രമിച്ചത്. കിടക്കവിരി നേരെയാക്കുന്നതു തൊട്ട് പേസ്റ്റിനു നടുഭാഗം അമര്ന്നിരിക്കുന്നതില് ദേഷ്യം വരുന്നതുള്‍പ്പെടെ. ഈ രോഗത്തെക്കുറിച്ച് കേട്ടിട്ടുളളവര്‍ വളരെ ചുരുക്കമാണെന്ന് എനിക്ക് മനസ്സിലായി. ഫഹദ് ഫാസില്‍ അഭിനയിച്ച നോര്‍ത്ത് 24 കാതം മുമ്പ് ഇറങ്ങിയിട്ടുണ്ടെങ്കിലും ആ ചിത്രത്തില്‍ ഈ രോഗത്തിന്റെ പേര് എവിടെയും സംവിധായകന് പരാമര്‍ശിച്ചിട്ടില്ല. കുറച്ച് ഉള്‍വലിഞ്ഞ പ്രകൃതക്കാരനാണല്ലോ ഫഹദ് അതില്‍. ഞാന്‍ കണ്ടവരാരും അത്ര അന്തര്മുഖരായിരുന്നില്ല. ഇങ്ങനെയൊരു അസുഖം തങ്ങള്‍ക്കുണ്ടെന്നും അതാണ് ഇത്തരത്തില്‍ പെരുമാറുന്നതുമെന്ന് അതില്‍ പലര്‍ക്കും പിടികിട്ടിയിട്ടില്ല. അതില്‍ പലരും വിവാഹം കഴിഞ്ഞാണ് തിരിച്ചറിയുന്നത്. ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ ഇറങ്ങിയ ശേഷം ഒരുപാടു മെസേജുകള്‍ വന്നു. എന്റെ വീട്ടില്‍ ഭാര്യ ഇങ്ങനെയാണ്.. ഭര്‍ത്താവ് ഭയങ്കര വൃത്തിക്കാരനാണ് എന്നെല്ലാം പറഞ്ഞ്. വിവാഹശേഷമുള്ള ജീവിതം സിനിമയിലും കാണിച്ചിട്ടില്ല. അതാണ് ഈ വിഷയം തന്നെയാകട്ടെ എന്നു തീരുമാനിച്ചത്.
ഭാര്യയും ഭാര്‍ത്താവും റീലോഡഡ്..
ഞാന്‍ അഭിനയിച്ച മിക്ക ഷോര്‍ട്ട് ഫിലിമുകളും ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടുന്ന കഥകളാണ്. കീടാണുവിന്റെ സ്ക്രിപ്റ്റ് ഞാനും അഭിജിത്തും കൂടിയാണ് തയ്യറാക്കിയത്. അഭിജിത്ത് ആദ്യമായി ചെയ്തതാണ്. ഭാര്യയ്ക്കും ഭര്‍ത്താവിനുമിടയിലെ അപകര്‍ഷതാബോധം പ്രമേയമാക്കി ഒരു സിനിമ ആലോചിച്ചാലെന്താ എന്ന് ചോദിച്ചു. ഒസിഡിയൊക്കെ പിന്നെ വന്നതാണ്.
അണിയറയിലെ എല്ലാവരും സുഹൃത്തുക്കള്‍...
ഏവരും സുഹൃത്തുക്കളാണ്. ഒറ്റമുറി വെളിച്ചം, ഡാകിനി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത രാഹുല്‍ റിജി നായര്‍, എന്താ പ്രശ്നം എന്ന ഷോര്‍ട്ട് ഫിലിം ചെയ്ത ജിനു അനില്‍കുമാര്‍ ഏവരും സുഹൃത്തുക്കളാണ്. ജിനു ആണ് കീടാണുവിലെ ചായക്കടക്കാരന്റെ വേഷം ചെയ്തത്. ക്യാമറ ചെയ്ത ജയകൃഷ്ണന് വിജയന് ഡാകിനിയിലും അണ്ടര്‍വേള്‍ഡിലും അസിസ്റ്റന്റ് ക്യാമറാമാനായിരുന്നു.
അരി വാങ്ങിക്കാന്‍ കാശു വേണ്ടേ? ഐ ടി ഉദ്യോഗസ്ഥനാണ്...
തിരുവനന്തപുരത്ത് കൈതമുക്കാണ് സ്വദേശം. ഇവിടെ ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നു. ജോലിയ്ക്കിടയില്‍ ശനിയും ഞായറും പോലുള്ള അവധി ദിവസങ്ങളാണ് സിനിമയ്ക്കായി മാറ്റിവെക്കാറ്. എഡിറ്റിങ് മിക്സിങ് എന്നിവയ്ക്കൊക്കെയായി രാത്രി വൈകിയിരിക്കും. ഭാര്യ ദേവികയും ഐ ടി ഉദ്യോഗസ്ഥയാണ്. സിനിമയില്‍ നിന്ന് അരി വാങ്ങിക്കാനുള്ള കാശൊന്നും കിട്ടിത്തുടങ്ങീട്ടില്ലല്ലോ. വളരെക്കുറച്ചേ അഭിനയിച്ചിട്ടുള്ളൂ. പച്ച പിടിച്ചു വരുന്നതേയുള്ളൂ. രാഹുലിന്റെ ഒറ്റമുറിവെളിച്ചത്തിലും ഡാകിനിയിലും ജലസമാധി എന്നൊരു ഓഫ് ബീറ്റ് ചിത്രത്തിലും അഭിനയിച്ചിരുന്നു. ജലസമാധി സാഹിത്യ അക്കാദമി പുരസ്കാരജേതവ് സേതുമാധവന് സാറിന്റേതാണ്. രാഹുലിന്റെ തന്നെ 'കള്ളനോട്ട'ത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
മരയ്ക്കാര്‍ ഒരു അനുഭവം, പ്രിയന് സാറിനെയും ലാല്‍ സാറിനെയും കണ്ടല്ലോ...
മരയ്ക്കാറില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഏഴു ദിവസം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലുണ്ടായിരുന്നു. പ്രിയദര്ശന് സാറിനെ കാണുക എന്നതായിരുന്നു പ്രഥമലക്ഷ്യം. അതായിരുന്നു അഭിനയിക്കുന്നതിനേക്കാള്‍ വലിയ എക്സൈറ്റ്മെന്റ്. പ്രിയദര്ശന് സാറിന്റെ അസിസ്റ്റന്റ് രേവതി സുരേഷ് കുമാര്‍ എന്റെ വളരെ അടുത്ത സുഹൃത്താണ്. അവള് വഴിയാണ് ഈ മരയ്ക്കാറിലെത്തിപ്പെട്ടത്.
റോളുണ്ടെന്ന് കേട്ടപ്പോള്‍ അടുത്ത ഫ്ലൈറ്റ് പിടിച്ചു പോയി. തികച്ചും യാദൃശ്ചികമായി ലാലേട്ടനെയും കാണാന്‍ പറ്റി. മരയ്ക്കാറിനെ സംബന്ധിച്ചിടത്തോളം ഇതു രണ്ടുമാണ് നല്ലോര്മ്മകള്.
കൊച്ചി രാജാവിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിട്ടുള്ള ചെറിയൊരു റോളായിരുന്നു. അങ്ങനെ ഓര്‍ത്തു വയ്ക്കത്തക്കതൊന്നുമല്ല റോള്‍. ആ സെറ്റ് ആദ്യം കണ്ടപ്പോഴേ കിളി പോയിരുന്നു. മലയാളി സിനിമയില്‍ ഇതുവരെ ഇങ്ങനെയൊരു സെറ്റ് നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട് എന്നു തോന്നുന്നില്ല. വലിയ ഒരു ടാങ്കില്‍ വെള്ളം നിറച്ച് രണ്ട് കപ്പലുകള്‍. അതിനിടയിലായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ശരിക്കും ഒരു അനുഭവമായിരുന്നു മരയ്ക്കാര്‍. കലാസംവിധായകന്‍ സാബു സിറില്‍ സാര്‍, സ്റ്റണ്ട് ചെയ്തത് ത്യാഗരാജന് സാര്‍. അദ്ദേഹത്തന്റെ മകന് രവി ത്യാഗരാജന് അസോസിയേറ്റായിരുന്നു. സംവിധായകന് ഐ വി ശശിയുടെയും സീമയുടെയും മകന് അനീഷ് ശശി ചീഫ് അസോസിയേറ്റായിട്ടും. ഇവരെയൊക്കെ കാണാനും പരിചയപ്പെടാനുമായി എന്നത് തന്നെ വലിയ ഭാഗ്യമാണ്.
സിനിമ പണ്ടേ സ്വപ്നം.. ഷോര്‍ട്ട് ഫിലിമുകളില്‍ തുടക്കം..
2008 മുതല്‍ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു തുടങ്ങിയിരുന്നു. യൂട്യൂബില്‍ പത്തു മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യാന്‍ പറ്റാതിരുന്ന കാലമായിരുന്നു അത്. അതിനാല്‍ തന്നെ രണ്ടും മൂന്നും ഭാഗങ്ങളാക്കിയൊക്കെയാണ് അന്ന് അപ്ലോഡ് ചെയ്തിരുന്നത്. ഒരുമിച്ച് ജോലി ചെയ്തു തുടങ്ങിയതിനു ശേഷമാണ് രാഹുലും ഞാനും സുഹൃത്തുക്കളാകുന്നത്. അങ്ങനെ മലായ് കോഫ്ത്ത എന്ന ഷോര്‍ട്ട് ഫിലിം ചെയ്തു. പിന്നീടാണ് മൗനം സൊല്ലും വാര്‍ത്തൈകള്‍ എന്ന മ്യൂസിക് വീഡിയോ ചെയ്തത്. ചെയ്യുന്നതിലെല്ലാം അഭിനയിക്കുകയും ക്രിയേറ്റീവ് ടീമില്‍ ഭാഗമാകുകയും ചെയ്തിരുന്നു. അന്നു മുതല്‍ വിനീത കോശിയും സുഹൃത്താണ്. കീടാണുവില് നായികയ്ക്ക് ഡബ് ചെയ്തിരിക്കുന്നത് വിനീത കോശിയാണ്.
രൂപസാദൃശ്യം..ജയം രവി കേള്‍ക്കണ്ട, തല്ലും...
ജയം രവി അറിഞ്ഞാല്‍ പുള്ളി എന്നെ പിടിച്ചു തല്ലും. ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. എല്ലാ ഷോര്‍ട്ട് ഫിലിമുകള്‍ക്കു താഴെയും കമന്റുകളും കാണാറുണ്ട്.
Content Highlights : renjit shekar nair keedanu short film director interview devika plus two biology