ബോളിവുഡിലെ സ്വജനപക്ഷപാതവും താരമേധാവിത്വവുമെല്ലാം ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്ന ഈ സമയത്ത് മുംബൈയിൽ നിന്നും ബോളിവുഡിലെത്തിയ ഒരു തിരക്കഥാകൃത്തിനു പറയാനുള്ളതു കൂടി കേൾക്കാം. കുഞ്ഞുനാൾ തൊട്ടേ സിനിമ സ്വപനം കണ്ട്, സിനിമയ്ക്കുവേണ്ടി എഴുതണമെന്നാഗ്രഹിച്ച് ബോളിവുഡിലെത്തിയ ഒരു മലയാളി ചെറുപ്പക്കാരനാണ് അയാൾ. രാംഗോപാൽ വർമ്മയ്ക്കൊപ്പമുള്ള ആദ്യചിത്രമടക്കം മൂന്നു സിനിമകൾ പൂർത്തിയാക്കിയ അയാളുടെ ഫോണിലേക്ക് ഇപ്പോൾ ബോളിവുഡിൽ നിന്നും ഇങ്ങോട്ട് വിളികളെത്തിത്തുടങ്ങി.

തൃശൂർ സ്വദേശിയായ തിരക്കഥാകൃത്ത് രവി ശങ്കരൻ പഠിച്ചതൊക്കെ മുംബൈയിലാണ്. മുംബൈയിൽനിന്നെത്തി തൃശൂരിലെ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ് രവി ശങ്കരൻ ഇപ്പോൾ. കത്രീന കെയ്ഫ് അഭിനയിക്കുന്ന ഫോൺഭൂത് എന്ന തന്റെ മൂന്നാമത്തെ ചിത്രത്തെക്കുറിച്ചും ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുമെല്ലാം രവി ശങ്കരൻ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

ക്വാറന്റിനീലും എഴുത്ത് തന്നെ....

ഷൂട്ട് ഒന്നും മുൻകൂട്ടി തീരുമാനിച്ചപോലെ നടക്കുന്നില്ലല്ലോ. ഇപ്പോൾ സ്ക്രിപ്റ്റ് എഴുത്തേ നടക്കൂ എന്ന് സംവിധായകർക്കും അറിയാം. ക്വാറന്റീനിലാണ് കൂടുതൽ ജോലികൾ ചെയ്യുന്നത്. വീഡിയോ കോൺഫറൻസിങ് വഴിയുള്ള ചർച്ചകളും മറ്റുമായി എപ്പോഴും ഫോണിൽ തന്നെ. ക്വാറന്റീൻ നല്ലതുപോലെ പ്രയോജനപ്പെടുത്താനായി. അധികമായി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ഇഷാനും സിദ്ധാന്തും കത്രീനയുമുള്ള ഫോൺഭൂത്..

phoneboothഫോൺഭൂത് എന്റെ മൂന്നാമത്തെ ചിത്രമാണ്. ബിഗ്ബജറ്റ് ചിത്രം. സിദ്ധാന്ത് ചതുർവേദി, ഇഷാൻ ഖട്ടർ, കത്രീന കെയ്ഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിർസാപൂർ എന്ന വെബ് ഷോയുടെ സംവിധായകൻ ഗുർമീത് സിങ് ആണ് ഫോൺഭൂതും സംവിധാനം ചെയ്യുന്നത്. മിർസാപൂർ 2വിന്റെ തിരക്കിലാണ് സംവിധായകൻ ഇപ്പോൾ.

ഒരു ഹൊറർ കോമഡി ചിത്രമാണ്, ഫോൺഭൂത്. എക്സൽ എന്റർടെയിൻമെന്റ് ആണ് നിർമ്മിക്കുന്നത്. മറ്റൊരു പ്രൊജക്ടിന്റെ തിരക്കിലാണ് അവരിപ്പോൾ. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഷൂട്ട് ആരംഭിച്ചുകഴിഞ്ഞു. കോവിഡ് മഹാമാരിയുടെ ടെൻഷനെല്ലാം കഴിഞ്ഞേ ഫോൺഭൂത് റിലീസുണ്ടാകുകയുള്ളൂ. തീയേറ്റർ റിലീസ് ആയിരിക്കുകയും ചെയ്യും.

തുടക്കം രാം ഗോപാൽ വർമ്മയ്ക്കൊപ്പം.. ഹൊറർ കോമഡി ഇഷ്ടം..

2012ൽ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ഭൂത് റിട്ടേൺസ് ആണ് ബോളിവുഡിലെ എന്റെ ആദ്യ ചിത്രം. ഭൂത് റിട്ടേൺസിനു വേണ്ടി ഞാനും അദ്ദേഹവും ചേർന്ന് പഴയ ബംഗ്ലാവുകളുള്ള ലൊക്കേഷനുകൾ കാണാൻ പോയിരുന്നു. ആ യാത്രകളും അദ്ദേഹവുമായുള്ള ചർച്ചകളും എനിക്ക് ഒരു കാര്യം മനസ്സിലാക്കിത്തന്നു. ഒരു ഹൊറർ സിനിമ കാണുമ്പോൾ നമ്മളാദ്യം പേടിക്കും. ഉടൻ തന്നെ ചിരിക്കുകയാണ് ചെയ്യുക. പേടി പുറത്തു കാണിക്കാതിരിക്കാനുള്ള തന്ത്രം. മണിച്ചിത്രത്താഴ് തന്നെ ഉത്തമോദ്ദാഹരണമാണ്. ഒരുപാട് ഇഷ്ടമുള്ള ചിത്രമാണ്. അതൊരു ഹൊറർ കോമഡിയാണല്ലോ. കോമഡിയും ശാസ്ത്രവും ഒന്നിക്കുന്നു. വലിയ താത്‌പര്യം തോന്നിയ ജോണറാണ് അത്.

രണ്ടാമത്തെ ചിത്രം പരാജയം..

രണ്ടാമത്തെ ചിത്രം 'പൽ പൽ ദിൽ കെ പാസ്'. സണ്ണി ഡിയോൾ ആയിരുന്നു നിർമ്മാതാവ്. മകൻ കരൺ ഡിയോൾ, പുതുമുഖ നായിക സഹേർ ബംബ എന്നിവരുടെ അരങ്ങേറ്റ ചിത്രം. ഹിമാലയൻ മഞ്ഞിലും തണുപ്പിലും ബുദ്ധിമുട്ടിയാണ് ഷൂട്ട് ചെയതത്. ഫോൺഭൂത് സിനിമയുടെ ചർച്ചയ്ക്കായി കത്രീനയുടെ അരികിലിരിക്കുന്ന അന്നാണ് സിനിമ റിലീസായത്. ഓവർ ബജറ്റ് ചിത്രമായിരുന്നു. മാർക്കറ്റിങ് മോശമായിരുന്നു. ഭാഗ്യവശാൽ ആ സിനിമയുടെ പരാജയം കരിയറിനെ ബാധിച്ചില്ല.

ഇരട്ടനായകൻമാർ അപൂർവം...

ഇരട്ടനായകൻമാരെ വച്ചൊരു സിനിമ ചെയ്യുക എന്നത് ആരും സ്വപ്നം കാണുന്നതാണ്. ബോളിവുഡിലും മറ്റേതൊരു മേഖലയാണെങ്കിലും അത് വളരെ വിരളമാണ് ഇക്കാലത്ത്. ഷോലെ മുതൽ അന്ദാസ് അപ്നാ അപ്നാ വരെയുള്ള സിനിമകൾ പരിശോധിച്ചാൽ ഇരട്ടനായകൻമാർ തിളങ്ങുന്ന ചരിത്രമുണ്ട് ബോളിവുഡിന്. കഴിഞ്ഞ 15 വർഷത്തോളമായി അത്തരം സിനിമകൾ കുറഞ്ഞുവരികയാണ്. അത് ബോളിവുഡിൽ മാത്രമല്ല, എല്ലായിടത്തും അങ്ങനെത്തന്നെ. അഭിനേതാക്കൾ തമ്മിലെ ഈഗോ, ഫാൻ ക്ലബ് അങ്ങനെ പലതുമുണ്ടാകാം കാരണങ്ങൾ. പലപ്പോഴും ഒരേ പ്രതിഫലം പറ്റുന്ന നായകൻമാർക്ക് തുല്യപ്രതിഫലം നൽകാൻ നിർമ്മാതാവ് കഷ്ടപ്പെടും. അപ്പോഴാണ് അവർ ഒരു സൂപ്പർതാരത്തെയും ഒരു സാധാരണ നടനെയും വച്ച് സിനിമ ചെയ്യും.

ഇഷാനും സിദ്ധാന്തും ചുവടുറപ്പിക്കാൻ നിൽക്കുന്നവർ..

ഈ സിനിമയ്ക്കായി പലരോടും അന്വേഷിച്ചു. ഒരു വർഷം മുമ്പാണ് ഇഷാൻ ഖട്ടറും സിദ്ധാന്ത് ചതുർവേദിയും രംഗത്ത് വരുന്നത്. ഒരു സിനിമ മാത്രം ചെയ്ത പുതുമുഖങ്ങളാണ് അവർ. മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്ലൗഡ്സ'് ആണ് ഇഷാന്റെ ആദ്യചിത്രം. ഗള്ളിബോയിലെ പ്രകടനത്തിന് സിദ്ധാന്തിനും വലിയ പ്രശംസ ലഭിച്ചിരുന്നു. കത്രീന കെയ്ഫ് ആണ് നായിക. നല്ല കോമ്പോ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൂവും നല്ലതാണ്.

സെറ്റിൽ പോകാനും അഭിനയം നേരിട്ടു കാണാനും ഇഷ്ടം..

തിരക്കഥാകൃത്തുക്കളിൽ മിക്കവരും സെറ്റിൽ തങ്ങളും വേണമെന്നുള്ളവരാണ്. അത് നിർബന്ധമില്ലെങ്കിലും. ഡബിൾ ഹീറോ കഥയ്ക്ക് വേണ്ട ട്യൂണിംഗ് എഴുത്തുകാരന്റെ കൈയിലാണിരിക്കുന്നത്. അത് നടൻമാരിൽ കൊണ്ടുവരേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. സംവിധായകന്റേതു കൂടിയാണ്. എനിക്ക് സെറ്റിൽ പോകാനാണ് താത്‌പര്യം. എന്റെ തിരക്കഥ രാം ഗോപാൽ വർമ്മ എങ്ങനെ സംവിധാനം ചെയ്യുന്നുവെന്ന് നേരിൽ കാണണമായിരുന്നു എനിക്ക്. അതിനാൽ തന്നെ ഭൂത് റിട്ടേൺസിന്റെ സെറ്റിൽ പോയിരുന്നു. മനീഷ കൊയ്‌രാളയെ പരിചയപ്പെടാനും അഭിനയം കാണാനും സാധിച്ചു. പലരും പോകാറില്ല.

സെറ്റിലിരുന്ന് ഡയലഗെഴുത്തില്ല..

കുമ്പളങ്ങി നൈറ്റ്സ്, തൊണ്ടിമുതലും ദൃസ്സാക്ഷിയും ഒക്കെ എങ്ങനെ, ആരെഴുതി എന്നു ചിന്തിച്ചു പോയിട്ടുണ്ട്. അത് സംവിധാനം ചെയ്ത രീതി ശരിക്കും മാജിക് തന്നെയാണ്. 10-20 ദിവസങ്ങൾ കൊണ്ട് ഒരു സിനിമ ഉണ്ടാക്കുന്ന രീതിയാണ് മലയാളത്തിലേത്. ലിജോ ജോസ് പെല്ലിശ്ശേരി തന്നെ വലിയ ഉദ്ദാഹരണമാണ്. കുറഞ്ഞ ചെലവിലും സമയത്തിലും നല്ല ഫലം തരുന്ന സിനിമകൾ. ടിവി സീരിയലുകളുടെ സെറ്റുകളിലാണ് ഡയലോഗ് എഴുതുന്ന തിരക്കഥാകൃത്തുക്കളെ കണ്ടിട്ടുള്ളത്. സിനിമകളിൽ കാണാറില്ല..

സംവിധാന മോഹമുണ്ട്..

സംവിധാനം ചെയ്യും. അധികം താമസിയാതെ തന്നെ. ഭാഷ ഏതായാലും എനിക്ക് പ്രശ്നമില്ല. ബോളിവുഡിൽ എന്നൊന്നുമില്ല. ഒരു കഥയുണ്ടെങ്കിൽ അത് പറഞ്ഞിരിക്കണം, അത്രയേയുള്ളൂ. അനിൽ കപൂറിന്റെ ആദ്യചിത്രം മണിരത്നത്തിന്റെ പല്ലവി അനുപല്ലവി എന്ന കന്നഡ ചിത്രമായിരുന്നു. അത് തന്നെ വലിയ ഉദ്ദാഹരണമല്ലേ...

തിരക്കഥാകൃത്ത്-സംവിധാകൻ പോര്..

സംവിധായകരുമായി കഥ ചർച്ച ചെയ്യുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. അത് സ്വാഭാവികമാണ്. ആരോഗ്യപരമായ വാഗ്വാദങ്ങൾ. ഒടുവിൽ ഞാനൊരു എഴുത്തുകാരൻ മാത്രമാണെന്നും കപ്പലിന്റെ കപ്പിത്താൻ സംവിധായകനാണെന്നുമുള്ള തിരിച്ചറിവിൽ ആ ചർച്ചകൾ അവസാനിക്കാറുമുണ്ട്.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിട്ട് ജയരാജ് സാറിനടുത്തു പോയി, ചീത്ത കേട്ടു..

ആർ ജെ ആയി ജോലി ചെയ്തിട്ടുണ്ട്. കോപ്പിറൈറ്റിംഗും ചെയ്തിരുന്നു. സ്റ്റുഡിയോ ജോലികൾ ബോറടിച്ചപ്പോൾ സ്റ്റാർ ടിവിയിൽ റിയാലിറ്റി ഷോകൾക്ക് കണ്ടന്റ് എഴുതിത്തുടങ്ങി. അതും ബോറടിച്ചു. അതുൽ കുമാർ എന്ന തീയേറ്റർ സംവിധായകനുണ്ട്. മാസ് മീഡിയ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ സഹായിയായി കൂടി. പിന്നീട് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അപേക്ഷിച്ചു. ആ സമയത്ത് സംവിധായകൻ ജയരാജിന്റെ സംവിധാന സഹായിയാവാൻ ഒരു ശ്രമം നടത്തിയിരുന്നു.

പൂനെയിലെ അഡ്മിഷന്റെ സമയത്താണ് സാറിന്റെ ഫോൺകോൾ വരുന്നത്. കോട്ടയത്ത് അദ്ദേഹത്തിന്റെ സിനിമാസെറ്റിൽ വന്നുകൊള്ളാൻ പറഞ്ഞു. ആനന്ദഭൈരവി ഷൂട്ട് ചെയ്യുകയായിരുന്നു അദ്ദേഹമപ്പോൾ. പൂനെയിൽ പോയില്ല. മലയാളം പോലും നേരെ വായിക്കാൻ അറിയാത്ത ഞാൻ നേരെ കേരളത്തിലേക്ക് സെറ്റിലേക്ക് തിരിച്ചു. കുറേ ചീത്ത കേട്ടു. ജയരാജ് സാറിന്റെ കൈയിൽ നിന്ന് വരെ. പ്രൊഡക്ഷനിലൊക്കെ ഭാഗമായി. പക്ഷേ തിരക്കഥയിലൂടെ പോകാനേ കഴിഞ്ഞില്ല. അന്നാണ് തിരക്കഥ എഴുതി നോക്കിയാലോ എന്ന ചിന്ത മനസ്സിലേക്ക് വന്നത്.

തിരക്കഥ വേണോ തിരക്കഥ...

ബോംബെയിലെ ഫോക്സ് സ്റ്റുഡിയോസിൽ ജോലി ലഭിച്ചു. അവിടെ തിരക്കഥകൾ വായിക്കുകയും കറക്ട് ചെയ്യുകയുമായിരുന്നു ജോലി. ദീപക് സെഹ്ഗൾ ആണ് എന്നെ പണി പഠിപ്പിച്ചത്. പിന്നീട് സഹാരയിലെത്തി. സിനിമകളുടെയും ഭാഗമാകാനായി. 500-600 പേജുകളുള്ള പല റേഞ്ചിലുള്ള തിരക്കഥകൾ വായിക്കാൻ സാധിച്ചു. പിന്നീട് സ്വതന്ത്ര തിരക്കഥാകൃത്താവാനുള്ള ശ്രമങ്ങളായി. അതിനിടയിൽ രാം ഗോപാൽ വർമ്മയുടെ ക്ഷണം വന്നു.

മലയാളത്തിലെ ബ്രില്ല്യൻസ് ബോളിവുഡിന് ഇപ്പോഴും അന്യം..

തെന്നിന്ത്യൻ സിനിമകളും കാണാറുണ്ട്. ജയരാജ്, സത്യൻ അന്തിക്കാട്, ലിജോ ജോസ് പെല്ലിശ്ശേരി, വെട്രിമാരൻ, കമൽ ഇവരൊക്കെയാണ് ഇഷ്ടസംവിധായകർ. അവരുടെയൊക്കെ സിനിമകൾ തരുന്ന അനുഭവങ്ങൾ മുംബൈയിൽ വിരളമാണെന്നു പറയാം. ബോളിവുഡ് തെലുങ്ക് സിനിമ പോലെയാണെന്നു പറയാം. ആർട്ടിക്കിൾ 15 പോലുള്ള ക്ലാസിക് സിനിമകൾ അപൂർവമായി വരും.

ബോളിവുഡിലെ സ്വജനപക്ഷപാതം..

ബോളിവുഡിൽ സ്വജനപക്ഷപാതമുണ്ട്. അത് അംഗീകരിക്കുകയേ ചെയ്യാനുള്ളൂ. പക്ഷപാതമാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ഷാരൂഖ് ഖാൻ, അക്ഷയ്കുമാർ ഇവരെല്ലാവരും തന്നെ സ്വന്തം കഠിനാധ്വാനം കൊണ്ടാണ് ജനപ്രീതി നേടിയത്. നടൻ സിദ്ധാന്ത് ചതുർവേദി ഇപ്പോൾ ആ ഒരു ഘട്ടത്തിലാണ്. ഓഡീഷനുകളിൽ പങ്കെടുത്തും അവസരം ചോദിച്ച് സംവിധായകരുടെ പക്കലേക്ക് ചെന്നും കരിയറിലെ നാലഞ്ചു വർഷമാണ് പൊയ്പ്പോകുന്നത്.

എല്ലാവരും താരപുത്രൻമാരല്ലല്ലോ.. ഷാരൂഖ് ഖാൻ, ഇർഫാൻ കാൻ, മനോജ് വാജ്പേയി..

താരപുത്രൻമാരുടെ ബുദ്ധിമുട്ടുകൾ മറ്റൊരു തരത്തിലാണ്. നിർമ്മാതാക്കളുടെ പ്രതീക്ഷകൾക്കൊത്തു പ്രകടനം കാഴ്ച്ചവെക്കാനായില്ലെങ്കിൽ അവർക്കും നിലനിൽപില്ലല്ലോ. അമിതാഭ് ബച്ചന്റെ മകനെന്ന നിലയിൽ അഭിഷേക് ബച്ചൻ വലിയ സ്ട്രെസ് ആയിരിക്കും തുടക്കകാലത്ത് നേരിട്ടിട്ടുണ്ടാകുക. മറ്റുള്ളവരെ അപേക്ഷിച്ച് താരങ്ങളുടെ മക്കൾക്ക് 10 അവസരങ്ങൾ കൂടുതൽ ലഭിക്കും എന്നത് വാസ്തവമാണ്‌. അത് അംഗീകരിച്ചു മുമ്പോട്ടു പോവുകയേ പറ്റൂ. അത് ബോളിവുഡിലെന്നല്ല ഏതൊരു മേഖലയിലുമുണ്ട്. വേർതിരിവ് കാണിക്കാതെ, കലയ്ക്ക് പ്രാധാന്യം കൊടുത്ത് മുന്നേറുക എന്നേ പറയാനാകൂ. ഊർമ്മിള മതോന്ദ്കര്‍, നവാസുദ്ദീൻ സിദ്ദിഖി, ഇർഫാൻ ഖാൻ, മനോജ് വാജ്പേയി എല്ലാവരും കഷ്ടപ്പെട്ട് സിനിമയിൽ വന്നവർ തന്നെയല്ലേ?

എ ആർ റഹ്മാൻ പറഞ്ഞത് വെറുതെയല്ല..

ഈഗോ എല്ലായിടത്തുമുണ്ട്. നിർമ്മാതാക്കൾക്കിടയിലും നടൻമാർക്കിടയിൽ പോലുമുണ്ട്. തുടക്കക്കാരനായി നിൽക്കുന്ന ഒരാൾ നിർമ്മാതാവിനോട് ഒരു സിനിമയിൽ അഭിനയിക്കാൻ താത്‌പര്യമില്ലെന്നു പറഞ്ഞാൽ പിന്നീട് അയാൾക്ക് ഓഫറുകൾ ലഭിക്കുന്നത് കുറവായിരിക്കും. എന്നോട് നോ പറയാൻ ആ നടൻ ആരാണ് എന്നാകും നിർമ്മാതാവ് ചിന്തിക്കുന്നത്. ആ നടന് ഒരുപക്ഷേ ഒരേസമയം ഒന്നിലധികം ഓഫറുകൾ ഒരുമിച്ച് വന്നപ്പോൾ ഒഴിവാക്കേണ്ടി വന്നതാവും. അത് അയാളുടെ സ്വാതന്ത്ര്യമാണ്. എങ്കിലും നിർമ്മാതാവിന്റെ മനസ്സിൽ അയാൾ അഹങ്കാരിയാകും. ഓസ്കാർ നേടി വന്ന റഹ്മാൻ അർഹിക്കുന്ന ഒരു പരിഗണനയും ബഹുമാനവും ഇല്ലേ ? അത് പോലും നോക്കാതെ അദ്ദേഹത്തിന്റെ പാട്ടുകൾ വേണ്ടെന്നു വയ്ക്കുന്നതിൽ എന്തർഥം?

ഇനിയുമേറെ ചിത്രങ്ങൾ...

മറ്റൊരു ചിത്രം മാർച്ച് 19ന് ഷൂട്ടിംഗ് തുടങ്ങേണ്ടതായിരുന്നു. സീ സ്റ്റുഡിയോസ് ആണ് നിർമ്മാണം. കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഒരു കുഞ്ഞു ഫീൽഗുഡ് ചിത്രമാണ്. ദേശീയ പുരസ്കാര ജേതാവായ ബോസ്കോ മാർട്ടിസ് ആണ് സംവിധാനം ചെയ്യുന്നത്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. ജനുവരിയിലൊക്കെയേ തുടങ്ങാനാവൂ. ലൊക്കേഷൻ വേറെ നോക്കേണ്ടി വരും. മുംബൈയിൽ ഈ അവസ്ഥയിൽ ചിത്രീകരണം സാധ്യമല്ലല്ലോ. നാലഞ്ച് ചിത്രങ്ങൾ വേറെയുമുണ്ട്. കോവിഡ് മൂലം എന്നു തുടങ്ങാനാകുമെന്ന് അറിയില്ല.

Content Highlights: Ravi Shankaran interview phone booth movie katrina kaif sidhant chaturvedi ishan khattar nepotism and ego in bollywood ram gopal varma