"ഞാനവളെ പ്രേമിക്കുന്നൂ സാര്‍, ഉള്ളീന്ന് വരണം ഉളളീന്ന് വരണം എന്ന് മാമന്‍ പറയണുണ്ടല്ലാ ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചാ" എടുത്താല്‍ പൊങ്ങാത്ത മാസ് ഡയലോഗും പറഞ്ഞ് പ്രേക്ഷകരുടെ കയ്യടി വാങ്ങിയ ഒരു വികൃതിപ്പയ്യനുണ്ട്, ദിലീപിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയ രസികന്‍ എന്ന ചിത്രത്തില്‍. തലമുതിര്‍ന്നവരെ വരെ കൗണ്ടറുകള്‍ കൊണ്ട് മുട്ടുകുത്തിച്ച ഇതേ പയ്യനെ വീണ്ടും പല ചിത്രങ്ങളിലും, പരമ്പരകളിലും കണ്ടു, വികൃതി ഒട്ടും കുറയാതെ തന്നെ. ഒരിടവേളയ്ക്ക് ശേഷം സൂപ്പര്‍ഹിറ്റ് ചിത്രം അമര്‍ അക്ബര്‍ ആന്റണിയില്‍ ശബ്ദമില്ലാതെ ഇംഗ്ലീഷ് പടം കണ്ട് ഇംഗ്ലീഷ് പഠിക്കുന്ന പൃഥ്വിരാജിന്റെ അനുജനെ കണ്ട പ്രേക്ഷകര്‍ പറഞ്ഞു "ഇവനെ ഇതിന് മുമ്പ് എവിടെയോ.....?"

അന്നത്തെ ആറ് വയസുകാരന്‍, ഹരി മുരളി എന്ന കണ്ണൂരുകാരന്‍ ഇപ്പോഴും സിനിമയുടെ ഭാഗമാണ്. പിന്നണിയിലാണെന്ന് മാത്രം. മീമുകള്‍ക്ക് പിറകെ പോയാണ് ഹരിയെ കണ്ടെത്തുന്നത്.

എന്റെ പിറന്നാളായിരുന്നു മൂന്ന് നാല് ദിവസം മുമ്പ്. അന്ന് ആരോ കുത്തിപ്പൊക്കിയതാണ് ഈ മീമുകള്‍.. ഹരി പറഞ്ഞു തുടങ്ങുകയാണ് തന്റെ സിനിമാ വിശേഷങ്ങള്‍.

കണ്ട് വളര്‍ന്നത് അഭിനയവും നാടകവും, പിന്നെന്ത് പേടി

എന്റെ അച്ഛന്‍ നാടക നടനാണ്. പയ്യന്നൂര്‍ മുരളി എന്നാണ് അദ്ദേഹത്തിന്റെ പേര്. മുപ്പത് മുപ്പത്തഞ്ച് വര്‍ഷത്തോളമായി അച്ഛന്‍ നാടകത്തിലുണ്ട്. അച്ഛനിപ്പോ സിനിമകളും സീരിയലുകളുമെല്ലാം ചെയ്യുന്നുണ്ട്. ജനിച്ച് അഞ്ചാറ് മാസം കഴിഞ്ഞപ്പോഴേ എന്നെ പല പല നാടക ക്യാമ്പുകളിലും മറ്റും കൊണ്ടു പോവുമായിരുന്നു. അവിടെ അഭിനയവും ജനക്കൂട്ടത്തെയും ഒക്കെ കണ്ട് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ട് ഇന്നേവരെ സ്റ്റേജ് ഫിയര്‍ എന്ന സംഭവം ഉണ്ടായിട്ടില്ല.

സീരിയലിലൂടെയാണ് ഞാന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. അന്ന് ഒരു നാലര വയസ് പ്രായമുണ്ട്. എ.എം നസീര്‍ അങ്കിളിന്റെ സീരിയലില്‍ ചെറിയ വേഷം ചെയ്യാനാണ് പോയത്. പക്ഷേ വലിയ റോള്‍ തന്നെ ചെയ്തു അന്ന്. പട്ടാഭിരാമന്റെ ഒക്കെ തിരക്കഥാകൃത്ത് ദിനേഷ് പള്ളത്ത് അങ്കിള്‍ എന്റെ കുടുംബസുഹൃത്താണ്. അദ്ദേഹമായിരുന്നു അതിന്റെ തിരക്കഥാകൃത്ത്. അതില്‍ ഗുഡ് മോര്‍ണിങ്ങ് എന്ന് പറയുന്ന ഒരു രംഗത്തിന് വേണ്ടി മാത്രമാണ് എന്നെ കൊണ്ടുപോയത്. അന്ന് എന്റെ അച്ഛന്‍ ചെയ്തിരുന്ന നാടകത്തിലെ എല്ലാ ഡയലോഗും എനിക്ക് കാണാപാഠമാണ്. 

അവിടെ ബ്രേക്ക് ടൈമില്‍ എ.എം.നസീര്‍ അങ്കിള്‍ എന്നെക്കൊണ്ട് ചെറിയ ഡയലോഗ് പറയിപ്പിച്ചു നോക്കി ഒരു ഹാസ്യ താരം പറയുന്ന ഡയലോഗാണ്. അത് ശരിയായപ്പോ ഒരു വലിയ ഡയലോഗ് തന്നു. എന്റെ അമ്മ വന്ന് നോക്കുന്ന സമയത്ത് ഒരു പത്തിരുപത് പേരുടെ നടുക്ക് നിന്ന് ഞാന്‍ എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ട്. അവരത് ആസ്വദിക്കുകയാണ്. അന്നേ നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ പിന്നീട് വന്ന സിനിമകളിലും സീരിയലുകളിലും ഒരു വികൃതി പയ്യന്‍ ഇമേജ് ആയിരുന്നു.

രസികന്‍ മുതല്‍ അമര്‍ അക്ബര്‍ ആന്റണി വരെ

പിന്നീടാണ് ലാല്‍ ജോസ് അങ്കിളിന്റെ രസികന്‍ എന്ന ചിത്രത്തിലേക്ക് ഓഫര്‍ വരുന്നത്. രസികന് ശേഷം അന്‍വറിക്ക സംവിധാനം ചെയ്ത അണ്ണന്‍ തമ്പി, മാടമ്പി, ഡോണ്‍, പട്ടണത്തില്‍ ഭൂതം, തുടങ്ങി ഉലകം ചുറ്റും വാലിഭന്‍ വരെ പത്ത് പതിനഞ്ചോളം സിനിമകളില്‍ ബാലതാരമായും കുറേ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പിന്നീടാണ് ഞാന്‍ പഠിക്കാനും മറ്റുമായി ബ്രേക്ക് എടുക്കുന്നത്. അതിന് ശേഷം ഒരു നാല് വര്‍ഷത്തിന് ശേഷമാണ് അമര്‍ അക്ബര്‍ ആന്റണിയില്‍ ചെറിയൊരു വേഷം ചെയ്യുന്നത്. പൃഥ്വിരാജിന്റെ അനുജന്റെ വേഷം. 

നാദിര്‍ഷിക്ക ഞങ്ങളുടെ കുടുംബസുഹൃത്താണ്. അങ്ങനെയാണ് അമര്‍ അക്ബര്‍ ആന്റണിയിലെത്തുന്നത്. അതിൽ എന്നെ കണ്ടിട്ട് സത്യത്തില്‍ ആര്‍ക്കും എന്നെ മനസിലായിരുന്നില്ല. നല്ല വ്യത്യാസമുണ്ട് കാണാന്‍. എനിക്കേതാണ്ട് പതിമൂന്ന് വയസുള്ളപ്പോഴാണ് അതിന് മുമ്പുള്ള ചിത്രം ചെയ്യുന്നത്. ലുക്കൊക്കെ വല്ലാതെ മാറിയിരുന്നു. പല്ല് കെട്ടിയിരുന്നു ആ ടൈമില്‍. അതിപ്പോള്‍ അഴിച്ചു. ഇപ്പോഴും ഇന്‍സ്റ്റാഗ്രാമില്‍ എന്റെ ചിത്രങ്ങള്‍ക്ക് താഴെ ഇത് അമര്‍ അക്ബറിലെ പയ്യനല്ലായിരുന്നോ എന്ന സംശയത്തോടെയുള്ള കമന്റുകള്‍ കാണാറുണ്ട്. 

ആ കടവാവ്വല്‍ ഡയലോഗ് ദിലീപേട്ടന്റെ സംഭാവന

ഞാനിപ്പോഴും ദിലീപേട്ടനെ കാണുമ്പോള്‍ ചേട്ടന്‍ ഇടയ്ക്ക് പറയാറുണ്ട് ആ സിനിമയില്‍ നിനക്ക് കിട്ടിയ ഹൈപ്പ് അത് എത്ര കാലം കഴിഞ്ഞാലും പോകില്ലെന്ന്. ഭയങ്കര രസമുള്ള അനുഭവമായിരുന്നു രസികന്‍ എന്ന ചിത്രം. ആറ് ആറര വയസുള്ളപ്പോഴാണ് രസികനില്‍ അഭിനയിക്കുന്നത്. സുകുമാരിയമ്മയുടെയും ജഗതിച്ചേട്ടന്റെയുമൊക്കെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം എനിക്കന്ന് കിട്ടി. എന്നെ അഭിനയം പഠിപ്പിക്കുന്ന സീനാണ് അതില്‍ ഇന്നും ആളുകള്‍ ഓര്‍ത്തു വയ്ക്കുന്നത്. അതില്‍ ആ കടവാവ്വല്‍ ഡയലോഗ് അത് ദിലീപേട്ടന്‍ കയ്യില്‍ നിന്നിട്ട സംഭവമാണ്.

ദിലീപേട്ടനായി നല്ല സൗഹൃദമാണ്. ഞാനും മീനാക്ഷിയും തമ്മില്‍ രണ്ട് വയസിന്റെ വ്യത്യാസമേ ഉള്ളൂ. ലൊക്കേഷനില്‍ വരുമ്പോള്‍ ദിലീപേട്ടന്‍ എപ്പോഴും പറയും എന്റെ ഭയങ്കര പെറ്റാണിവന്‍, പക്ഷേ എനിക്കൊരു സംശയമുണ്ട് ഇവനിനി മീനൂനേം വിളിച്ചോണ്ട് പോവോന്ന്. അന്നും ഇപ്പോള്‍ കാണുമ്പോഴും ദിലീപേട്ടന്‍ കളിയാക്കി പറയാറുണ്ട് ഇത്. 

ജാഡയില്ലാത്ത മമ്മൂക്ക

മമ്മൂക്കയ്‌ക്കൊപ്പം അണ്ണന്‍ തമ്പിയിലാണ് ആദ്യമായി അഭിനയിക്കുന്നത്. പലരും പറഞ്ഞു കേട്ടിട്ടുള്ള കാര്യമാണ് മമ്മൂക്ക ഭയങ്കര ജാഡയാണെന്നൊക്കെ. പക്ഷേ മമ്മൂക്ക എത്ര സിമ്പിളാണെന്ന് ആ സിനിമയിലൂടെ എനിക്ക് മനസിലായതാണ്. അണ്ണന്‍ തമ്പി വിജയിച്ചാലും ഇല്ലെങ്കിലും നിനക്കതില്‍ വലിയ റോള്‍ ഉണ്ടെന്ന് മമ്മൂക്ക ഡബ്ബിങ്ങ് സമയത്ത് പറയുമായിരുന്നു. കാരണം ചിത്രത്തിലെ ആദ്യ സീന്‍ തന്നെ ഞാന്‍ കാലെടുത്ത് വയ്ക്കുന്നതാണ്. പിന്നീടാണ് അണ്ണന്‍ തമ്പി എന്ന ടൈറ്റില്‍  തന്നെ വരുന്നത്. അന്നത് കേട്ടപ്പോള്‍ ടെന്‍ഷനായി എന്നതാണ് സത്യം. പക്ഷേ പടം സൂപ്പര്‍ഹിറ്റായി. മമ്മൂക്കയെ പല സമയത്തും പിന്നീട് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് ഇന്നും എന്നെ ഓര്‍മയുണ്ടെന്ന് എനിക്കറിയാം. കാരണം ഒരു തിരക്കഥയുടെ കാര്യത്തിനായി മമ്മൂക്കയോട് ഒരിക്കല്‍ സംസാരിച്ചിരുന്നു.അന്ന് അദ്ദേഹം എന്നെ തിരിച്ചറിഞ്ഞിരുന്നു.

സിനിമയ്ക്കകത്തെ സൗഹൃദം

ബാലേട്ടനില്‍ ലാലേട്ടന്റെ മക്കളായി വേഷമിട്ട ബാലതാരങ്ങളാണ് ഗോപിക അനിലും ദേവിക അനിലും. അവരുടെയും എന്റെയും സീരിയല്‍ അരങ്ങേറ്റം ഒന്നിച്ചായിരുന്നു. അവരുമായി ഇപ്പോഴും നല്ല കോണ്ടാക്ട് ആണ്. രണ്ട് പേരും ഇപ്പോഴും സീരിയലുകള്‍ ചെയ്യുന്നുണ്ട്. പിന്നെ ആദില്‍ എന്ന ചേട്ടന്‍, കുട്ടിച്ചാത്തന്‍ എന്ന സീരിയലിലുണ്ടായിരുന്ന ഷെയ്ന്‍ നിഗം, നവ്‌നീത് മാധവ്, റംസാന്‍ അവരൊക്കെയുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ട്. 

സിനിമയാണ് മെയിൻ

ബിഎസ്.സി വിഷ്വല്‍ ഇഫക്ട്‌സ് ആന്‍ഡ് ആനിമേഷനാണ് ഞാന്‍ ചെയ്തത്. ബെംഗളൂരുവിലായിരുന്നു പഠനം. ഇപ്പോള്‍ എറണാകുളത്ത് ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. ഇപ്പോഴും സിനിമ തന്നെയാണ് ഉള്ളുല്‍ നിറയെ. പിന്നണിയിലേക്ക് മാറി എന്നേ ഉള്ളൂ. എഡിറ്റിങ്ങും കളറിങ്ങുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു സിനിമ ചെയ്യണമെന്നാണ് വലിയ ആഗ്രഹം. സംവിധാനമല്ല, എഴുത്താണ്. അതിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ്. അമര്‍ അക്ബറിന് ശേഷം ബിബിന്‍ ചേട്ടനും വിഷ്ണു ചേട്ടനുമായി നല്ല കൂട്ടാണ്. അവരാണ് എഴുതാനുള്ള എന്റെ ഇന്‍സ്പിരേഷന്‍. മമ്മൂക്കയെ വച്ചൊരു ചിത്രം ചെയ്യണമെന്നുണ്ട്..

ഗണപതിയുടെ അനിയന്

 അഭിനയം പാടെ വിടുന്നില്ല, സമയമുണ്ടല്ലോ. 23 വയസേ ആയിട്ടുള്ളൂ.നടന്‍ ഗണപതി എന്റെ ഫസ്റ്റ് കസിനാണ്.  ചേട്ടനും ബാലതാരമായി വന്ന് ഒരിടവേളയ്ക്ക് ശേഷം നായകനായും സഹനടനായും വീണ്ടും വന്ന ആളാണ്. പിന്നെ ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ഫഹദ് ഇക്കയുടെ അച്ഛനായി അഭിനയിച്ച ബാബു അന്നൂര്‍ എന്റെ വല്ല്യച്ഛനാണ്. സിനിമയും അഭിനയവുമെല്ലാം ഇഷ്ടങ്ങളുടെ ലിസ്റ്റില്‍ ഒന്നാമത് തന്നെയാണ്..

Content Highlights : Rasikan Movie Child Artist Hari Murali Amar Akbar Anthony Movie Prithviraj brother