കാടിനെ പരിപാലിക്കുന്നയാളല്ല, നാട്ടില്‍ കാട് വളര്‍ത്തുന്ന ആളാണ് ജപ്പാന്‍കാരന്‍ അകിര മിയാകി. മലയാളിയായ രാമനും മിയാകിയുടെ വഴിയെയാണ്. സുന്ദരമായൊരു ഏദന്‍ തോട്ടമാണ് നഗരം വിഴുങ്ങുന്ന നാട്ടിൽ  രാമന്‍ തനിക്ക് ചുറ്റും ഉണ്ടാക്കിയെടുത്തത്. ഒരു ഏദന്‍ തോട്ടം. ആ ഏദന്‍ തോട്ടത്തില്‍ വിരിയുന്ന കഥയാണ് രഞ്ജിത് ശങ്കര്‍ പറയുന്നത്.

പ്രേതത്തിനുശേഷം രഞ്ജിത് ശങ്കര്‍ പറയുന്ന ഈ കഥയില്‍ പ്രകൃതി മാത്രമല്ല, പ്രണയവുമുണ്ട്. കാടും പുഴയുമെല്ലാം യഥേഷ്ടം കണ്ട മലയാളത്തില്‍ പച്ചപ്പിന്റെ പുതിയൊരു പശ്ചാത്തലത്തിലാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഈ ചിത്രമൊരുക്കുന്നത്. രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിലെ വേറിട്ട വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട്.

പ്രേതത്തില്‍ നിന്ന് ഏദന്‍ തോട്ടത്തിലെത്തുമ്പോള്‍

ഒരു സിനിമ പോലെ മറ്റൊരു സിനിമ ചെയ്യാന്‍ എനിക്കിഷ്ടമല്ല. പ്രേതം ഒരു ഹൊറര്‍ കോമഡിയായിരുന്നു. രാമന്റെ ഏദന്‍ തോട്ടത്തിന്റെ പ്രമേയം വളരെ വ്യത്യസ്തമാണ്. മനോഹരമായ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഒരു പ്രണയ ചിത്രമാണ് രാമന്റെ ഏദന്‍ തോട്ടം.

ആരാണ് രാമന്‍?

ranjith sankarനാല്‍പ്പത് വയസ്സുള്ള ഒരു യുവാവാണ് രാമന്‍. നല്ല വിദ്യാഭ്യാസമുണ്ട്. ഒരുപാട് യാത്ര ചെയ്യുന്ന വ്യക്തിയാണ്. അയാള്‍ ആ നാട്ടില്‍ വന്ന് താമസിക്കുന്നു. ഒരു റിസോര്‍ട്ട് കെട്ടിപ്പടുക്കുന്നു. നമ്മള്‍ കണ്ട് ശീലിച്ചിട്ടുള്ള സാധാരണ റിസോര്‍ട്ടുകളെപ്പോലെയല്ല രാമന്റെ ഏദന്‍ തോട്ടം. അവിടെ ആഢംബരമോ വലിയ സൗകര്യങ്ങളൊ ഇല്ല. ടിവി, ഇന്റര്‍നെറ്റ്, ഫോണ്‍ മുതലായ ഇന്നെത്തെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. ലോകത്തോട് കാര്യമായ ബന്ധം പുലര്‍ത്താതെ സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്നവര്‍ക്ക് കുറച്ച് ദിവസം അവിടെ കഴിയാം. പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് നില്‍ക്കുന്ന ഒരിടം. 

രാമനിലേക്കുള്ള യാത്ര

രാമന് ഒരു ജോലിയുണ്ട്. നഗരങ്ങളില്‍ കാടുണ്ടാക്കുക. ഏത് നഗരങ്ങളിലും ആ നാട്ടില്‍ ലഭ്യമാകുന്ന അവിടുത്തെ കാലാവസ്ഥക്ക് ചേര്‍ന്ന വൃക്ഷങ്ങളും ചെടികളും ഉപയോഗിക്കും. ജാപ്പനീസ് ബൊട്ടാണിസ്റ്റായ അകിര മിയാകിയുടെ ജീവിതമാണ് രാമന്റെ കഥാപാത്രത്തിന് പ്രചോദനമായത്. അദ്ദേഹം മാത്രമല്ല ലോകത്തില്‍ പല ഭാഗങ്ങളിലും അര്‍ബന്‍ ഫോറസ്റ്റിങ് എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കുന്ന ഒരുപാട് വ്യക്തികളുണ്ട്. കാടുണ്ടാക്കി പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് ജീവിക്കുന്ന ഈക്കൂട്ടരുടെ മനസ്സും ശരീരവും എപ്പോഴും പോസറ്റീവായിരിക്കും. 

ഏദന്‍ തോട്ടം വളര്‍ന്നതിങ്ങനെ

പാസഞ്ചര്‍ സിനിമ കഴിഞ്ഞപ്പോള്‍ തന്നെ ഏദന്‍ തോട്ടം എന്റെ മനസ്സിലുണ്ടായിരുന്നു. ആ കാലത്ത് ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു ഞാന്‍. വീട്, ഓഫീസ് എന്നിങ്ങനെയായിരുന്നു ജീവിതം. അതിനിടയില്‍ നെല്ലിയാമ്പതിയിലേക്ക് ഒരു യാത്ര പോയി. അവിടെ വച്ച് ഒരു റിസോര്‍ട്ട് ഉടമയെ കണ്ടു. കഥയുടെ ആദ്യ ത്രെഡ് ലഭിക്കുന്നത് അയാളില്‍ നിന്നാണ്.

വികസനം മാറ്റിമറിച്ച നെല്ലിയാമ്പതി

രാമന്റെ ഏദന്‍ തോട്ടം ആദ്യം ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചത് നെല്ലിയാമ്പതിയിലാണ്. എന്നാല്‍ വികസനം നെല്ലിയാമ്പതിയെ മറ്റിമറിച്ചു. ഞാന്‍ കണ്ടുവച്ച പല സ്ഥലങ്ങളിലും കെട്ടിടങ്ങള്‍ ഉയര്‍ന്നിരുന്നു. എവിടെ ഷൂട്ട് ചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് സംഗീത സംവിധായകന്‍ ബിജിബാല്‍ വാഗമണ്‍ നിര്‍ദ്ദേശിച്ചത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ഭാഗമായി ബിജിബാല്‍ അവിടെ താമസിച്ചിരുന്നു. ഒരു സിനിമാ ലൊക്കേഷനില്‍ അടിസ്ഥാന സൗകര്യങ്ങളും വേണമല്ലോ. അവിടെ ഞങ്ങള്‍ക്ക് വേണ്ട എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു. പ്രകൃതി അനുഗ്രഹിച്ചു നില്‍ക്കുകയായിരുന്നു.

കുഞ്ചാക്കോ ബോബനും രാമനും

40 വയസ്സുള്ള കഥാപാത്രമാണ് രാമന്റേത്. അയാള്‍ റൊമാന്റിക്കാണ്. ഒരു 20 വയസ്സുകാരന്റെ പ്രണയമല്ല 40 വയസ്സുകാരന്റേത്. കുറച്ചു കൂടി പക്വതയുണ്ടാവും. ലാളിത്യമുള്ള വ്യക്തിയാണ് രാമന്‍. ഞാന്‍ നേരത്തേ പറഞ്ഞുവല്ലോ. വിദ്യാഭ്യാസവും ഒരുപാട് ജീവിതാനുഭവങ്ങളുമുണ്ട്. ചിത്രത്തിനായി സമീപിച്ചപ്പോള്‍ തന്നെ എനിക്ക് തോന്നിയിരുന്നു രാമനിലെ ചില എലിമെന്റുകള്‍ ചാക്കോച്ചനിലുമുണ്ടെന്ന്. കാടിനെ സ്നേഹിക്കുന്ന വ്യക്തിയാണ് ചാക്കോച്ചന്‍. മരംകയറ്റം, ട്രക്കിങ് തുടങ്ങിയവയെല്ലാം അദ്ദേഹത്തിനും താല്‍പര്യമുള്ള കാര്യങ്ങളാണ്. 

ഏദന്‍ തോട്ടങ്ങളും പുതിയ കാലഘട്ടവും

ഏദന്‍ തോട്ടങ്ങള്‍ എന്നും പ്രസക്തമാണ്. പ്രത്യക്ഷത്തില്‍ രാമന്റെ ഏദന്‍തോട്ടം സംസാരിക്കുന്നത് പ്രകൃതി സംരക്ഷണത്തെക്കുറിച്ചല്ല. മനോഹരമായ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള ഒരു പ്രണയകഥയാണിത്. ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യുക എന്നതാണ് എന്റെ പ്രഥമലക്ഷ്യം. എന്നിരുന്നാലും ഈ സിനിമ ആളുകളില്‍ അത്തരതത്തില്‍ ഒരു ബോധവല്‍ക്കരണമുണ്ടാക്കുകയാണെങ്കില്‍ ഒരുപാട് സന്തോഷമുണ്ട്.