വിട്ടത്തൂരിലെ സുധീന്ദ്രന്‍ സിനിമാക്കാരനല്ല. എന്നാല്‍, മലയാളത്തിലെ എണ്ണം പറഞ്ഞ രണ്ട് സിനിമകള്‍ക്ക് വഴിവച്ചത് ഈ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. മൂന്ന് സവിശേഷതകളുണ്ട് സുധീന്ദ്രന്. ഒന്ന് ലോകം കീഴ്‌മേല്‍ മറിഞ്ഞാലും അവിട്ടത്തൂര്‍ ഒമ്പതാം ഉത്സവം ഒഴിവാക്കില്ല. പിന്നൊന്ന് ട്രെയിന്‍ യാത്രയാണ്. ഇരിങ്ങാലക്കുടയില്‍ നിന്ന് എറണാകുളത്തേയ്ക്കുള്ള യാത്രയില്‍ മുറതെറ്റാത്തൊരു പതിവുണ്ട് സുധീന്ദ്രന്. വണ്ടി കൃത്യം ചാലക്കുടി പുഴയെത്തുമ്പോഴേയ്ക്കും സുധീന്ദ്രന്‍ ഉറങ്ങിയിരിക്കും. ആലുവപ്പാലം കടന്നാല്‍ സ്വിച്ചിട്ടപോലെ ഉണരുകയും ചെയ്യും. വണ്ടികളുടെ സമയക്രമം തെറ്റിയാലും സുധീന്ദ്രന്റെ ഉറക്കത്തിന് ഇന്നേവരേ പാളം തെറ്റിയിട്ടില്ല. സ്വന്തം സിനിമയെന്ന സ്വപ്‌നത്തിന് തിരക്കഥ ഒരുക്കുമ്പോള്‍ രഞ്ജിത്ത് ശങ്കറിന് ഈ പഴയ സഹപ്രവര്‍ത്തകനെ മാറ്റിനിര്‍ത്താനായില്ല. അയാളുടെ സ്വഭാവസവിശേഷതകള്‍ വെട്ടിക്കളയാന്‍ കഴിഞ്ഞില്ല. സുധീന്ദ്രന്‍ അങ്ങനെ പാസഞ്ചര്‍ എന്ന രഞ്ജിത്ത് ശങ്കറിന്റെ ആദ്യ ചിത്രത്തില്‍ ശ്രീനിവാസന്റെ സത്യനാഥനായി. 

വെറുമൊരു കഥാപാത്രമായി കയറിവരികയല്ല, പാസഞ്ചര്‍ എന്ന തന്റെ സിനിമയ്ക്ക് വഴിതുറന്നത് തന്നെ സുധീന്ദ്രന്റെ  ഈ സവിശേഷതകളാണെന്ന് ലോക്ക്ഡൗണിലിരുന്ന് മറ്റൊരു തിരക്കഥ പൂര്‍ത്തിയാക്കിയ ആശ്വാസത്തില്‍ രഞ്ജിത്ത് ശങ്കര്‍ പറയുന്നു. കൊട്ടുംകുരവയുമൊന്നുമില്ലാതെ വന്ന് മലയാളത്തില്‍ പുതുതലമുറ സിനിമകളുടെ വേലിയേറ്റത്തിന് വഴിവച്ച പാസഞ്ചറിന്റെ പതിനൊന്നാം പിറന്നാളിന് പഴയ ഓര്‍മകളുടെ ട്രാക്കിലേയ്ക്ക് ഇടയ്ക്കുറങ്ങാതെ യാത്രയാവുകയാണ് രഞ്ജിത്ത് ശങ്കര്‍.

ഉത്സവഭ്രമവും വണ്ടിയിലെ ഉറക്കവും മാത്രമല്ല, മൂന്നാമതൊരു പ്രത്യേകത കൂടിയുണ്ട് സുധീന്ദ്രന്. ചെറിയൊരു വിക്ക്. പില്‍ക്കാലത്ത് അതും നമ്മള്‍ കണ്ടു. മറ്റൊരു രഞ്ജിത് ശങ്കര്‍ ചിത്രത്തില്‍. ജയസൂര്യയെ ദേശീയ പുരസ്‌കാരലബ്ധിയോളമെത്തിച്ച സു സു സുധി വാത്മീകത്തില്‍. സുധീന്ദ്രന്റെ രണ്ട് പ്രത്യേകതകള്‍ സത്യനാഥിനിലേയ്ക്ക് സന്നിവേശിപ്പിച്ചപ്പോള്‍ ഈ വിക്ക് മാത്രം താന്‍ ബോധപൂര്‍വം മാറ്റിവയ്ക്കുകയായിരുന്നുവെന്ന് രഞ്ജിത്ത് ശങ്കര്‍. പാസഞ്ചറിനുശേഷം ചെയ്യാന്‍ വെച്ച ചിത്രമായിരുന്നു അത്. എന്തുകൊണ്ടോ പല കാരണങ്ങള്‍ കൊണ്ടത് വൈകി. പിന്നെയും ആറു വര്‍ഷം കഴിഞ്ഞു സു സു സുധി തിയ്യറ്ററിലെത്താന്‍.

ranjith shankar

ട്രെയിനിലിരുന്ന് ഉറങ്ങുന്നത് സുധീന്ദ്രന്‍ മാത്രമല്ല, മറ്റു പലരുമുണ്ട്. അങ്ങനെയൊരാളാണ് തൃശൂര്‍കാരന്‍ ജനാര്‍ദനന്‍. തേയിലക്കമ്പനിയിലെ മാനേജർ. ഗുരുവായൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രികന്‍. ഓഫീസിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ഒരിക്കല്‍ ആലുവ സ്‌റ്റേഷനില്‍ വച്ചാണ് രഞ്ജിത്ത് ശങ്കര്‍ ജനാര്‍ദനനെ പരിചയപ്പെടുന്നത്. ഒരിക്കല്‍മാത്രം. ഒരു തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിന്റെ ദിവസം. അന്ന് യാത്രയ്ക്കിടെ പൂരക്കമ്പക്കാരനായ ജനാര്‍ദനന്‍ ഒരു കഥ പറഞ്ഞു. ഒരുറക്കത്തിന്റെ കഥ. പതിവ് പോലെ ജോലി കഴിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ഗുരുവായൂർ പാസഞ്ചറിൽ. പക്ഷേ, വണ്ടി തൃശൂരിലെത്തിയത് മാത്രം ജനാര്‍ദനന്‍ അറിഞ്ഞില്ല. കണ്ണു തുറക്കുമ്പോഴേയ്ക്കും വണ്ടി സ്‌റ്റേഷന്‍ വിട്ടു. പിന്നെ ഇറങ്ങിയത് അവസാന സ്‌റ്റേഷനായ ഗുരുവായൂരില്‍. രാത്രി മടങ്ങാന്‍ വണ്ടിയില്ല. പിന്നെ ഗുരുവായൂരിൽ തങ്ങാതെ തരമില്ല. ജനാര്‍ദനന്റെ ഈ ഉറക്കം വെറുതെയായില്ല. അതേറ്റെടുത്ത ശ്രീനിവാസന്റെ സത്യനാഥന്റെ ഉറക്കമാണ് പില്‍ക്കാലത്ത് രഞ്ജിത്ത് ശങ്കര്‍ പാസഞ്ചറില്‍ വഴിത്തിരിവാക്കുന്നത്. അതാണ് സത്യത്തില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ്.

സുധീന്ദ്രനും ജനാര്‍ദനനും സത്യനാഥനിലേയ്ക്ക് വന്നതുപോലെ അത്ര എളുപ്പമായിരുന്നില്ല തിരക്കഥയില്‍ നിന്നും വെള്ളിത്തിരയിലേയ്ക്കുള്ള പാസഞ്ചറിന്റെ യാത്ര. ഒന്നും രണ്ടുമല്ല, ഏഴ് വര്‍ഷമാണ് ഈ തിരക്കഥയ്ക്കുമേല്‍ സംവിധായകന് അടയിരിക്കേണ്ടിവന്നത്.

സിനിമയേക്കാള്‍ സംഭവബഹുലവും ആവേശകരവുമായിരുന്നു പാസഞ്ചറിന്റെ ജനനമെന്ന് പറയുമ്പോള്‍ ആദ്യ ചിത്രത്തിന്റെ ആവേശം കെട്ടിട്ടില്ല രഞ്ജിത്ത് ശങ്കറിന്റെ വാക്കുകളില്‍.

'2003ലാണ് ഞാന്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്. സിനിമയില്‍ യാതൊരു മുന്‍പരിചയവുമില്ലാതിരുന്ന എനിക്കത് സിനിമയാക്കാനാവുമെന്ന ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. സിനിമ സ്വയം സംവിധാനം ചെയ്യാനുള്ള പദ്ധതിയുമുണ്ടായിരുന്നില്ല. തിരക്കഥയുമായി പത്ത് സംവിധായകരെയെങ്കിലും പോയി കണ്ടു. എല്ലാവരും ഓരേസ്വരത്തില്‍ വാതില്‍ കൊട്ടിയടയ്ക്കുകയായിരുന്നു. ഒരോരുത്തര്‍ക്കും ഓരോ ന്യായം. ചിര്‍ക്ക് വാണിജ്യവിജയത്തില്‍ സംശയം. ചിലര്‍ക്ക് പ്രശ്‌നം ചെലവ്. മറ്റു ചിലര്‍ക്ക് ക്ലൈമാക്സ്. പാട്ടില്ലെന്ന് പറഞ്ഞവരുമുണ്ട്. പിന്നെ ഒരു തീരുമാനമങ്ങെടുത്തു. ഇനി ഈ തിരക്കഥയുമായി ആരുടെയും പടിക്കയറിച്ചെല്ലുന്നില്ല. ഈ സിനിമ ഞാന്‍ തന്നെ സംവിധാനം ചെയ്യും.

അങ്ങനെ തത്കാലത്തേയ്ക്ക് സ്വപ്‌നവും തിരക്കഥയും കൂട്ടിക്കെട്ടി മനസ്സിന്റെ മൂലയില്‍ കൊണ്ടുവന്നിട്ടു. വീണ്ടും നെസ്റ്റിൽ പ്രോഗ്രാമുകളുടെയും കോഡുകളുടെയും ലോകത്തേയ്ക്ക് തന്നെ മടങ്ങി. അങ്ങനെയാണ് നിനയ്ക്കാതെ സംവിധായകന്റെ ജീവിതകഥയിൽ കാത്തിരുന്ന ട്വിസ്റ്റ്.

'മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യണം എന്നതായിരുന്നു മോഹം. പക്ഷേ, മൂന്ന് വര്‍ഷം വേണ്ടിവന്നു ഈ സ്വപ്‌നവുമായി മമ്മൂട്ടിയിലെത്താന്‍ തന്നെ. ഇയ്യിടെ അന്തരിച്ച രവി വള്ളത്തോളാണ് അതിന് അവസരം ഒരുക്കിത്തന്നത്.

അങ്ങനെ 2006ല്‍ ഒരു ദിവസം തൊടുപുഴയ്ക്ക് വച്ചുപിടിച്ചു. അവിടെ ബ്ലെസ്സിയുടെ പളുങ്കിന്റെ ചിത്രീകരണത്തിലാണ് മമ്മൂക്ക. കാലത്ത് തൊടുപുഴയിലെത്തുമ്പോള്‍ ആകെ അമ്പരപ്പായിരുന്നു. ജീവിതത്തില്‍ ഒരു സിനിമാ ചിത്രീകരണം കാണുന്നത് തന്നെ അന്നാദ്യം. ലൈറ്റും ക്യാമറയും റിഫ്ലക്ടറുമെല്ലാം കണ്ട് ആകെ പരിഭ്രമമായി. മമ്മൂക്ക ഒരു ഓട്ടോയില്‍ വന്നിറങ്ങി വീട്ടിലേയ്ക്ക് കയറിപ്പോകുന്ന രംഗമാണ് ചിത്രീകരിക്കുന്നത്.

സ്‌ക്രീനില്‍ ഒന്നു മിന്നിമാഞ്ഞുപോകുന്ന ആ ഒരൊറ്റ സീൻ ഒരു ദിവസം മുഴുവനെടുത്താണ് ചിത്രീകരിച്ചത്. ഒരുപാട് റീടേക്കുകള്‍. ഞാന്‍ ആകെ തളര്‍ന്നുപോയി. ബ്ലെസ്സിയെപോലൊരാള്‍ ഇങ്ങനയാണെങ്കില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത എന്റെ കാര്യം എന്താവും. ഇതാണ് ഞാന്‍ മമ്മൂട്ടിയെ വച്ച് എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ വച്ചെടുക്കാന്‍ ആലോചിക്കുന്നത്. ഓര്‍ത്തപ്പോള്‍ എന്റെ ആത്മവിശ്വാസമെല്ലാം അപ്പടി ചോര്‍ന്നുപോയി.

പിന്നെ ഞാന്‍ എന്നെത്തന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇല്ല, ഇങ്ങനെ തളരേണ്ട. എനിക്ക് കഴിയും ഇതിന്. ഇതാണ് അതിനുള്ള അവസാന അവസരം. അങ്ങനെ കഷ്ടപ്പെട്ട് ആത്മവിശ്വാസം വീണ്ടെടുത്തുനില്‍ക്കുമ്പോഴാണ് രാത്രി ജോര്‍ജിന്റെ വിളി വരുന്നത്. നോമ്പുതുറ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു മമ്മൂക്ക. രണ്ട് മണിക്കൂര്‍ നേരമിരുന്ന് വിശദമായി കഥ പറഞ്ഞു. മമ്മൂക്കയ്ക്ക് കഥ ഇഷ്ടപ്പെട്ടു. 'കഥ കൊള്ളാം. പക്ഷേ, ഇതാര് സംവിധാനം ചെയ്യും' എന്നു മാത്രമായിരുന്നു മറുചോദ്യം. ഞാന്‍ പറഞ്ഞു: ഒരാള്‍ക്കേ പറ്റു. അതാരാണെന്ന് മമ്മൂക്ക. ഞാന്‍ തന്നെ. ഉത്തരം പറയാന്‍ എനിക്കൊട്ടും ആലോചിക്കേണ്ടിവന്നില്ല. ഉച്ചത്തിലൊരു ചിരിയായിരുന്നു മമ്മൂക്ക.

ranjith shankar

പിന്നെ ബ്ലെസ്സിയെ വിളിച്ചു പറഞ്ഞു. ഇയാള്‍ക്ക് എക്‌സ്പീരിയന്‍സ് കൊടുക്കണം. ഇനിയുള്ള എന്റെ ഷൂട്ടിങ്ങുകൾക്ക് വന്ന് നിന്നോട്ടെ. അതിന് ജോലിയൊന്നും രാജിവയ്‌ക്കേണ്ട. ബിഗ് ബിയിലാണ് അങ്ങനെ ഞാൻ ആദ്യമായി മമ്മൂക്കയ്ക്കൊപ്പമെത്തുന്നത്.

ഇതേ തൊടുപുഴയിലേയ്ക്ക് ഇതുപോലെ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ വീണ്ടും പോയി. എന്റെ പത്താമത്തെ ചിത്രം ഞാന്‍ മേരിക്കുട്ടിക്കുവേണ്ടി. ലൊക്കേഷന്‍ കണ്ടെത്താന്‍ എനിക്ക് മറ്റാരുടെയും സഹായം വേണ്ടിവന്നിരുന്നില്ല.'

പളുങ്ക് കഴിഞ്ഞു. കറുത്ത പക്ഷികളും പോത്തന്‍വാവയും ഭാര്‍ഗവചരിതവും പ്രജാപതിയുമെല്ലാം കഴിഞ്ഞു കൊല്ലം അര ഡസനോളം ചിത്രങ്ങള്‍. തിരക്കിനിടയില്‍ രഞ്ജിത്തിനു നീക്കിവയ്ക്കാന്‍ മമ്മൂട്ടിക്ക് കൈയില്‍ തിയ്യതികളില്ലാതായി. രഞ്ജിത്ത് ശങ്കറിനെ നിരാശ മെല്ലെ ഗ്രസിക്കാൻ തുടങ്ങിയ കാലം.

'മുപ്പത് വയസ്സിന് മുന്‍പ് ഒരു സിനിമയെങ്കിലും ചെയ്ത് കൂടുതൽ മെച്ചപ്പെട്ട ജോലി നേടി വിദേശത്തേയ്ക്കോ മറ്റോ പറക്കാനായിരുന്നു ആലോചന. പക്ഷേ, മമ്മൂക്കയ്ക്ക് തിരക്കായതോടെ അത് സഫലമാവില്ലെന്ന് തോന്നി. അങ്ങനെയാണ് മറ്റുവഴികള്‍ തേടിയത്.

പിന്നെയും സ്വപ്‌നങ്ങള്‍ക്ക് എന്റെ മനസ്സിലുറങ്ങാനായിരുന്നു യോഗം. പുതുക്കക്കാരനല്ലെ, ഒരു നിര്‍മാതാവിനെ എങ്ങനെ കിട്ടാന്‍.'

അങ്ങനെയാണ് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ തിരക്കഥയുമായി കല്ലേറു കൊള്ളാതെ രഞ്ജിത്ത് ശങ്കര്‍ ശ്രീനിവാസനെ തേടിപ്പോകുന്നത്. ആലുവയില്‍ ദിലീപിന്റെ വീട്ടിലേയ്ക്കുള്ള ആ യാത്രയോടെയാണ് രഞ്ജിത്ത് ശങ്കറിന്റെ സിനിമാജീവിതത്തിലെ മാര്‍ഗതടസ്സം ഒഴിയുന്നതും.

'ആലുവയില്‍ ദിലീപിന്റെ വീട്ടിലായിരുന്നു ശ്രീനിയേട്ടന്‍. ദിലീപ് അന്ന് വീട്ടിലില്ല. തിരക്കഥ മുഴുവന്‍ വായിച്ചുകഴിഞ്ഞപ്പോള്‍ മുഖത്ത് ഒരു ചിരിവിരിഞ്ഞു. 'പുതിയ ആള്‍ക്കാര്‍ വരുന്നത് പുതിയ സിനിമയുമായാവണം. ഇതില്‍ പുതുമയുണ്ട്. ഞാന്‍ കൂടെ നില്‍ക്കാം.'

അതൊരു രണ്ടാം ജന്മമായിരുന്നു. പക്ഷേ, പ്രശ്‌നങ്ങള്‍ അവിടംകൊണ്ടും തീരുന്നുണ്ടായിരുന്നില്ല. ടെന്‍ഷന്‍ ബാക്കി. പടത്തിനൊരു നിര്‍മാതാവ് വേണം. കിട്ടാതായതോടെ ഞാന്‍ തന്നെ നിര്‍മിക്കാമെന്നായി. അപ്പോള്‍ പണമായി പ്രശ്‌നം. പിന്നെ ലോണെടുക്കാനുള്ള നെട്ടോട്ടമായി. അങ്ങനെയുള്ളൊരു ഓട്ടത്തിനിടയ്ക്ക് ഒരു ദിവസം പ്രതീക്ഷിക്കാതെ ശ്രീനിയേട്ടന്റെ ഫോണ്‍. മുഖവുരയില്ലാതെ തന്നെ ശ്രീനിയേട്ടന്‍ പറഞ്ഞു തുടങ്ങി: എഴുത്ത് തന്നെ പാട്. സംവിധാനം അതിലും പാട്. നിര്‍മാണമാണെങ്കിലോ വലിയ ബുദ്ധിമുട്ടാണ്. അസാധ്യമാണ് ഇതൊക്കെ. ഒരു നിര്‍മാതാവിനെ ഞാന്‍ ശരിയാക്കിത്തരട്ടെ. നീയാകുമ്പോള്‍ എനിക്ക് പൈസ വാങ്ങാനും പറ്റില്ല. 

തമാശ കലര്‍ത്തിയ ശ്രീനിയേട്ടന്റെ വാക്കുകള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. സത്യത്തില്‍ അതാണ് ഇന്നുവരെയുളള എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം. നമ്മള്‍ ഒറ്റയ്ക്കല്ലെന്ന ചിന്തയുണ്ടാവുന്നത് അന്നാണ്. പിന്നെ ദിലീപിനോട് സംസാരിക്കുന്നതെല്ലാം ശ്രീനിയേട്ടനാണ്. പൃഥ്വിയെയായിരുന്നു ആദ്യം വിചാരിച്ചത്. അപ്പൊഴേയ്ക്കും പൃഥ്വി തെലുങ്കിലും തമിഴിലുമായി തിരക്കിലായി. പിന്നെയാണ് ദിലീപിനെ ഉറപ്പിച്ചത്.

ഷൂട്ടിങ്ങൊക്കെ നിശ്ചയിച്ചെങ്കിലും ലൊക്കേഷനെ കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. കണ്ടുമടുത്ത സ്ഥലങ്ങള്‍ വേണ്ട എന്നുണ്ടായിരുന്നു എനിക്ക്. അതുകൊണ്ട് തന്നെ പ്രൊഡക്ഷന്‍ ടീം ഒരുപാട് പുതിയ സ്ഥലങ്ങള്‍ക്കുവേണ്ടി അലഞ്ഞു. ഒന്നും എനിക്ക് ഇഷ്ടമായില്ല. അങ്ങനെ അവസാന ഷൂട്ടിങ്ങിന്റെ തലേദിവസമായിട്ടും ലൊക്കേഷന്റെ കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായില്ല. പുതുക്കക്കാരനായ എനിക്ക് പക്ഷേ, ആശങ്കകളൊന്നും ഉണ്ടായില്ല. ഒടുവില്‍ തലേദിവസം രാത്രിയാണ് തമ്മന്നത്തെ ഒരു ക്ലബ് കണ്ടെത്തുന്നത്. സ്ഥിരം ഷൂട്ടിങ് ലൊക്കേഷനായിരുന്നെങ്കിലും കണ്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി.

ആദ്യ ഷോട്ടിന് മുന്‍പ് തന്നെ ടെന്‍ഷനായിരുന്നു. ചിത്രീകരണത്തിന്റെ തൊട്ടുമുന്‍പാണ് മംമ്തയുടെ ഷോട്ടെടുക്കേണ്ട സീനിന്റെ സ്‌ക്രിപ്റ്റ് കാണാനില്ലെന്ന് അന്നെന്റെ സഹായിയായിരുന്ന പ്രജിത്ത് വന്നു പറയുന്നത്. പിന്നെ കുറച്ച് കടലാസ് സംഘടിപ്പിച്ച് സ്‌പോട്ടിലിരുന്ന് എഴുതിയുണ്ടാക്കുകയായിരുന്നു രംഗം.

ജഗതിച്ചേട്ടന്റെ ഒരു രംഗമായിരുന്നു ആദ്യ ഷോട്ട്. അദ്ദേഹം അവതരിപ്പിക്കുന്ന ആഭ്യന്തരമന്ത്രി തോമസ് ചാക്കോയെ മംമ്തയുടെ അനുരാധ നന്ദന്‍ അഭിമുഖം നടത്തുന്നതാണ് രംഗം. സീൻ  വിശദീകരിക്കാന്‍ ഞാന്‍ എത്തുമ്പോള്‍ അകത്ത് മേക്കപ്പിട്ടുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ അടുത്ത് ചെന്നിരുന്നു. അഭിനയിക്കേണ്ട രംഗമല്ല. അദ്ദേഹം അവതരിപ്പിക്കേണ്ട കഥാപാത്രത്തിന്റെ തുടക്കം മുതല്‍ ഞാന്‍ പറഞ്ഞുകൊടുത്തു. അതാണ് ഇന്നും എന്റെ പതിവ്. ഒരു കഥാപാത്രത്തെ വിവരിക്കുമ്പോള്‍ അയാളുടെ വിത്തും വേരും വിശദമാക്കും. അത് അഭിനേതാക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ദിലീപിലായിരുന്നു അവസാന ഷോട്ട്. പെരുമ്പാവൂരിലെ ഒരു ഓട്ടുകമ്പനിയിലായിരുന്നു ചിത്രീകരണം. അവസാനരംഗത്ത് ദിലീപിന്റെ നന്ദന്‍ മേനോന്‍ മംമ്തയെ ഫോണില്‍ വിളിക്കുന്ന രംഗമായിരുന്നു. തലേദിവസത്തെ ഷൂട്ടിങ് നീണ്ട് പുലര്‍ച്ചെ നാലു മണിയായി. ഇനിയും ദിലീപിനെ പിടിച്ചുവയ്ക്കുന്നത് ശരിയല്ലെന്ന് തോന്നി. ദിലീപ് പോയ്‌ക്കോട്ടെ നമുക്ക് മറ്റാരുടെയെങ്കിലും കൈവച്ച് ക്ലോസപ്പ് ഷോട്ടെടുക്കാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍, ദിലീപ് കൂട്ടാക്കിയില്ല. ഇത്രയും ചെയ്യാവുന്ന എനിക്ക് ഇനി ഇത് കൂടി ചെയ്യാനാണോ പാട്. അങ്ങനെയാണ് ആ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

സന്തോഷമായിരുന്നില്ല. മറിച്ച് ചിത്രീകരണം കഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു എനിക്ക്. എത്രയോ പേരുടെ അധ്വാനമല്ലെ. പാതിവഴിയിലെങ്ങാനും നിന്നുപോയിരുന്നെങ്കിലോ? വലിയ പിന്തുണയാണ് തുടക്കക്കാരനായ എനിക്ക്  തുടക്കം മുതല്‍ തന്നെ എല്ലാവരില്‍ നിന്നും ലഭിച്ചത്. പി.സുകുമാറും രഞ്ജന്‍ അബ്രഹാമുമെല്ലാം വലിയ സഹായങ്ങളാണ് ചെയ്തത്. സഹസംവിധായകന്റെ അനുഭവസമ്പത്തുളള ദിലീപും സംവിധാനത്തില്‍ ഒരുപാട് സഹായിച്ചു. ചൊറിയുന്ന സ്വഭാവമുള്ള ടാക്‌സി ഡ്രൈവറായി ആദ്യം സുരാജിനെയായിരുന്നു കണ്ടുവച്ചിരുന്നത്. പിന്നെ ദിലീപാണ് പറയുന്നത് കുറച്ചുകൂടി പ്രായമുള്ള കഥാപാത്രമാവാമെന്ന്. നെടുമുടി വേണുച്ചേട്ടനെ അങ്ങനെ ദിലീപ് തന്നെയാണ് സജസ്റ്റ് ചെയ്യുന്നത്. ചിത്രീകരണത്തിലെ പല കാര്യങ്ങളിലും എനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. മിക്‌സിങ് സമയത്ത് രാജകൃഷ്ണനോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. മിക്‌സിങ്ങിന്റെ ബാലപാഠങ്ങള്‍ എനിക്കു  പറഞ്ഞു തന്നശേഷമാണ് രാജകൃഷ്ണന്‍ ഫൈനല്‍ മിക്‌സിങ് നടത്തിയത്.

ചിത്രീകരണം കഴിഞ്ഞ് ഒരു മൂന്ന് നാലു ദിവസം കഴിഞ്ഞപ്പോള്‍ ആര്‍ട് ഡയറക്ടറും മേക്കപ്പ്മാനും എന്നെ കാണാന്‍ വന്നു. ആരും ഞങ്ങളോട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കാറില്ല. അവര്‍ പറയുന്നത് ഞങ്ങള്‍ ചെയ്തുകൊടുക്കുന്നു. നിങ്ങളാണ് ആദ്യമായി ഞങ്ങളോട് അഭിപ്രായം ചോദിക്കുന്നത്. എന്നേക്കാള്‍ നന്നായി അതൊക്കെ അറിയുന്നത് അവർക്കാണ്. അവരുടെ അനുഭവങ്ങള്‍ എനിക്ക് വിലപ്പെട്ടതാണ്. അങ്ങനെ എല്ലാവരും കൂടി ചേര്‍ന്നാണ് അത് 38 ദിവസം കൊണ്ട് പൂർത്തിയാക്കിയത്.

ഒരു യാത്രയുടെ കഥയായതുകൊണ്ടാണോ എന്നറിയില്ല. ഹര്‍ത്താല്‍ ദിനത്തില്‍ ശ്രീനിയേട്ടനോട് പറഞ്ഞ കഥ സ്‌ക്രീനിലെത്തുന്നത് മറ്റൊരു ഹര്‍ത്താല്‍ ദിനത്തില്‍. അന്ന് ഫസ്റ്റ്ഷോയ്ക്ക് മാത്രമാണ് എനിക്ക് പടം കാണാനായത്. എത്തുമ്പോള്‍ മോശമല്ലാത്ത ആള്‍ക്കാരുണ്ട്. സംവിധായകനാണെന്ന് പറഞ്ഞാണ് ഒടുവില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ ഇടം കിട്ടിയത്. പിന്നെ സെക്കന്‍ഡ് ഷോയ്ക്ക് വീണ്ടും വീട്ടുകാര്‍ക്കൊപ്പം വന്നു. നമ്മള്‍ വിചാരിക്കാത്ത സ്ഥലങ്ങളില്‍ പോലും ആള്‍ക്കാര്‍ കൈയടിക്കുന്നത് കണ്ടപ്പോള്‍ ഉറപ്പിച്ചു വിജയം. അന്ന് അമേരിക്കയിലായിരുന്നു ശ്രീനിയേട്ടനും ദിലീപും. ഇരുവരും രാത്രി വൈകി വിളിച്ച് സന്തോഷം പങ്കിട്ടു.

പാസഞ്ചറിനുശേഷം കുറേ ഓഫറുകള്‍ വന്നിരുന്നു. സ്‌ക്രിപ്റ്റും ഡേറ്റുമൊക്കെയായി നിരവധി പേര്‍. പക്ഷേ, അതൊന്നും സ്വീകരിച്ചില്ല. പിന്നെ രണ്ടു വര്‍ഷം വേണ്ടി വന്നു അടുത്ത ചിത്രനു ചേരുന്നൊരു കഥ രൂപപ്പെടാന്‍.'

ലോക്ഡൗണ്‍ കാലത്ത് ഒരു ഫാമിലി  കോമഡി ചിത്രത്തിന്റെ തിരക്കഥയാണ് രഞ്ജിത്ത് ശങ്കര്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഇത് എന്ന് വെള്ളിത്തിരയിലെത്തിക്കാനാവുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. 'ഒന്നാമത് ഇനി എന്ന് ഷൂട്ടിങ്ങിന് അനുമതി കിട്ടുമെന്ന് അറിയില്ല. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പറ്റുന്നതല്ലല്ലോ സിനിമാ ചിത്രീകരണം. പിന്നെ കുറേ റിലീസുകള്‍ ഇപ്പോള്‍ തന്നെ മാറ്റിവച്ചതുണ്ട്. അത് കഴിഞ്ഞ് തിയ്യറ്റര്‍ കിട്ടുമോ എന്ന കാര്യം കണ്ടറിയണം. വെറുതെ സിനിമ എടുത്തുവച്ചിട്ട് കാര്യമില്ലല്ലോ'-രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

Content Highlights: Ranjith Shankar About Passenger Movie Dileep Mammootty Nedumudi Venu