പ്രേതം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്നു. ഏറെ റിസ്‌കുള്ള ഒരു വിഷയം പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. പുണ്യാളന്‍ അഗര്‍ബത്തീസ് നൂറുദിവസംകൊണ്ട് നേടിയ കലക്ഷന്‍ പ്രേതം 9 ദിവസംകൊണ്ട് സ്വന്തമാക്കി. 

ഇത്തവണ രഞ്ജിത്-ജയസൂര്യ കൂട്ടുകെട്ട് സിനിമയ്ക്ക് പ്രേതത്തെയാണ് കൂട്ടുപിടിച്ചത്. അത്തരം പ്രമേയത്തിലേക്ക് നയിച്ചത്?

ഒരു ഹൊറര്‍ ചിത്രമൊരുക്കുക എന്നത് എന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. നിഴലുകള്‍ എന്ന ഹൊറര്‍ സീരിയലിനാണ് ഞാന്‍ ആദ്യമായി തിരക്കഥ എഴുതിയത്. എന്നും പുതിയ സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരു ഹൊറര്‍ സബ്ജക്ട് മനസ്സില്‍ കടന്നുവറാറുണ്ട്. പക്ഷേ, ഇത്തരം ചിത്രങ്ങള്‍ ഒരുക്കുമ്പോള്‍ റിസ്‌ക് എലമെന്റ് ഏറെയാണ്. എന്തെങ്കിലും ചെറിയ കുഴപ്പംവന്നാല്‍ ചിത്രം എട്ടുനിലയില്‍ പൊട്ടും. അതുകാരണം ആ ഏരിയയിലേക്ക് പോകാറില്ല. ഈ കഥയില്‍ ഹൊററിനൊപ്പം ഹ്യൂമറിന്റെ ശക്തമായ പിന്‍ബലവും ഉണ്ടായിരുന്നു. അതിനൊപ്പവും നൊസ്റ്റാള്‍ജിയയും യുവത്വവും സൗഹൃദവും എല്ലാം ചേര്‍ത്തുവെക്കാന്‍ കഴിഞ്ഞു. സൗഹൃദക്കൂട്ടായ്മയുടെ കഥ പറയുന്ന ചിത്രമൊരുക്കുക എന്നതും എന്റെ വലിയ മോഹമായിരുന്നു. അതെല്ലാം ഈ ചിത്രത്തിലൂടെ സമന്വയിപ്പിക്കാന്‍ പറ്റി. 

ഞാന്‍ സിനിമയെടുക്കുമ്പോള്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് എന്താണ് കിട്ടിക്കൊണ്ടിരിക്കുന്നത് എന്നാണ് ചിന്തിക്കുക. പിന്നെ അതില്‍നിന്ന് വ്യത്യസ്തമായി എന്ത് കൊടുക്കാം എന്നാണ് ആലോചിക്കുന്നത്. എന്റെ പുണ്യാളന്‍ അഗര്‍ബത്തീസും വര്‍ഷവും സുസു സുധി വാല്മീകവും അത്തരത്തിലുള്ളവയായിരുന്നു.

മെന്റലിസ്റ്റായ ജോണ്‍ ഡോണ്‍ബോസ്‌കോ എന്ന കഥാപാത്രത്തിലൂടെയാണ് 'പ്രേത'ത്തിന്റെ യാത്ര. അതില്‍ എത്തിയത് എങ്ങനെയാണ്?

മെന്റലിസ്റ്റായ 'ആദി'യായിരുന്നു എന്റെ റഫറന്‍സ്. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ നൂറാം ദിവസാഘോഷച്ചടങ്ങിലാണ് ഞാന്‍ ജയസൂര്യയുടെ ചങ്ങാതിയായ ആദിയെ പരിചയപ്പെടുന്നത്. അവിടെനിന്നാണ് മെന്റലിസത്തെ ഞാന്‍ അടുത്തറിഞ്ഞത്. ആ ചിന്തയില്‍നിന്നാണ് ആ വിഷയത്തിന്റെ സിനിമാസാധ്യത തിരച്ചറിഞ്ഞത്. അങ്ങനെയാണ് ഞാന്‍ ജോണ്‍ ഡോണ്‍ബോസ്‌കോ എന്ന മെന്റലിസ്റ്റ് പിറക്കുന്നത്. ഈ ലോകത്ത് നമുക്ക് കാണാന്‍ കഴിയാത്ത മേഖലകളിലൂടെയാണ് അയാളുടെ സഞ്ചാരം. മനുഷ്യരുടെ ഉപബോധമനസ്സ് കണ്ടെത്താനുള്ള യാത്രയാണത്. അയാള്‍ക്കത് ചെറിയ കാര്യമാണ്. മരണപ്പെട്ടവരോട് ആശയവിനിമയം നടത്താന്‍പോലും അയാള്‍ക്ക് കഴിയും. 

പ്രേതത്തോട് സംസാരിക്കുന്നയാള്‍. അത്തരം ഒരു കഥാപാത്രം ഉണ്ടാകുമെന്ന് വിശ്വസിക്കാന്‍ കഴിയുമോ?

അതിന്റെ തെറ്റും ശരിയും ഇപ്പോഴും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ആ സ്വപ്നം എന്റെ ആശ്വാസവും സ്വപ്നവും പ്രതീക്ഷയുമാണ്. നമ്മള്‍ എല്ലാമറിയുന്നവരാണെന്ന് നടിക്കുമ്പോള്‍ നമുക്ക് അറിയാത്ത കുറെ വിസ്മയങ്ങളും നിഗൂഢതകളും ഈ ലോകത്തുണ്ട്. നമ്മള്‍ മരണാനന്തരവും ഈ ലോകത്തുതന്നെയാണെന്നാണ് ജോണ്‍ ഡോണ്‍ബോസ്‌കോയുടെ നിരീക്ഷണം. ആ അഭിപ്രായം തന്നെയാണ് എന്റെയും.

ജയസൂര്യയുടെ കഥാപാത്രത്തിന്റെ 'വേറിട്ട മുഖം' ഈ ചിത്രത്തിന്റെ മറ്റൊരു പ്ലസ് ആണ്. ഈ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ജയസൂര്യയാണ് 'മൊട്ടയടിച്ചാലോ' എന്ന് ചോദിച്ചത്. അക്കാര്യത്തില്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. കാരണം ആ ഗറ്റപ്പ് നന്നായില്ലെങ്കില്‍ സിനിമ മാറ്റിവെക്കേണ്ടിവരും. പക്ഷേ, ജയസൂര്യ ഉറച്ചുനിന്നപ്പോള്‍ ഞാന്‍ അതിനൊപ്പം നിന്നു. കൂടാതെ  ജയസൂര്യയുടെ ഭാര്യ ഒരുക്കിയ വസ്ത്രങ്ങളും കഥാപാത്രത്തെ പൂര്‍ണതയിലേക്ക് എത്തിച്ച ഘടകമാണ്.

വിജയം ഉറപ്പില്ലാത്ത ഈ ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുക്കാന്‍ കാരണം?

പണം ഉണ്ടാക്കുക എന്ന അതിമോഹത്തിലല്ല ഞങ്ങള്‍ നിര്‍മാണത്തിനിറങ്ങിയത്. എപ്പോഴും മുടക്കുമുതല്‍ തിരിച്ചുകിട്ടാന്‍ വേണ്ടിയാണ് പ്രാര്‍ഥന. പ്രേതം ചെയ്യാനിറങ്ങുമ്പോള്‍ ഞങ്ങളെത്തേടി മറ്റ് നിര്‍മാതാക്കള്‍ എത്തിയില്ല. പരീക്ഷണാത്മക ചിത്രങ്ങള്‍ക്ക് നല്ല നിര്‍മാതാക്കളെ കിട്ടാത്തതാണ് സ്വന്തമായി നിര്‍മിക്കാന്‍ പ്രേരിപ്പിച്ചത്. എല്ലാതരത്തിലും ബിഗ് ബജറ്റ് ചിത്രമായിരുന്നു പ്രേതം. ബാഹുബലിക്ക് സൗണ്ട് ഡിസൈന്‍ ചെയ്ത ജസ്റ്റിനായിരുന്നു ഇതിന്റെ സൗണ്ട് ഡിസൈനര്‍. 'ഐ', ഇരുമുഖന്‍ എന്നീ തമിഴ് ചിത്രങ്ങള്‍ക്ക് കളറിങ് നിര്‍വഹിച്ച രാജശേഖറാണ് ഈ ചിത്രത്തിന് കളറിങ് ചെയ്തത്. അങ്ങനെ ഏറെ ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്‍ ഡിമാന്‍ഡ് ചെയ്യുന്ന ചിത്രം കൂടിയായിരുന്നു ഇത്. അതെല്ലാം മറ്റൊരു നിര്‍മാതാവിനെ ബോധ്യപ്പെടുത്താനും പ്രയാസമാണ്. അത്തരം പരീക്ഷണങ്ങള്‍ വിജയിക്കുമ്പോള്‍ കാശ് കൈയില്‍ വരും. അത് സ്വാഭാവികം.

ജയസൂര്യയുടെതന്നെ 'ഇടി'ക്ക് ഒപ്പമാണ് പ്രേതം തിയേറ്ററില്‍ എത്തിയത്. എങ്ങനെയായിരുന്നു പ്രേക്ഷക പ്രതികരണം?

രണ്ട് കമ്പനികള്‍ ഒരുക്കുന്ന ചിത്രം അവര്‍ക്ക് ഉചിതമെന്ന് തോന്നുന്ന സമയത്ത് തിയേറ്ററില്‍ എത്തും. അതൊന്നും നമുക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യമല്ല. സിനിമയുടെ എഫേര്‍ട്ട് അറിയുന്നതിനാല്‍ എല്ലാ സിനിമകളും വിജയിക്കണമെന്നേ ആഗ്രഹിക്കൂ. വന്‍ ഇനീഷ്യലാണ് പ്രേതം നേടിയത്. എന്റെ പുണ്യാളന്‍ അഗര്‍ബത്തീസ് നൂറ് ദിവസം ഓടിയ കളക്ഷന്‍ പ്രേതം ഒന്‍പത് ദിവസംകൊണ്ട് കവര്‍ ചെയ്തു. കേരളത്തിന് പുറത്തും ചിത്രം നല്ല പ്രതികരണം നേടിയിട്ടുണ്ട്. അതിനപ്പുറം മലയാളികള്‍ക്ക് പ്രേതകഥ ഇഷ്ടമാണ്. അതൊരു നൊസ്റ്റാള്‍ജിയ പോലെയാണവര്‍ക്ക്. ചിത്രത്തിന്റെ വിജയം അതിന് അടിവരയിടുന്നു.