സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി വേദിയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും സിനിമാപ്രവര്‍ത്തകരുടെ ഉറ്റചങ്ങാതിയായപ്പോഴും രമേഷ് പിഷാരടിയുടെ മനസ്സില്‍ സംവിധാന മോഹമായിരുന്നു. ചങ്ങാതിമാരെല്ലാം അഭിനയരംഗത്തേക്ക് കടന്നപ്പോള്‍ പിഷാരടി ആ മോഹം കെടാതെ സൂക്ഷിച്ചു. മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വന്‍ എന്ന കുടുംബചിത്രമൊരുക്കി വിജയിപ്പിച്ച യുവസംവിധായകന്‍ മനസ്സിലെ വലിയ മോഹമാണ് സഫലമാക്കിയത്.

'കൊമേഡിയന്‍, ആങ്കര്‍, നടന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായപ്പോഴും സംവിധാനം സ്വപ്നമായിരുന്നു. ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റിന്റെ പോസ്റ്ററില്‍ ഒരു തല വരുത്തുക എന്നതായിരുന്നു ആദ്യത്തെ മോഹം. സിനിമ സംവിധാനം ചെയ്തപ്പോഴാണ് അതെന്റെ വലിയ മോഹമായിരുന്നെന്ന് തിരിച്ചറിഞ്ഞത്.

മിമിക്രിക്കാരന്‍ തമാശക്കാരന്‍ എന്നിവ അതിലേക്കുള്ള വഴികളായിരുന്നു. മനസ്സില്‍ തോന്നുന്ന തമാശകള്‍ കുത്തിക്കുറിച്ചുവെക്കുന്നത് എനിക്ക് പണ്ടേയുള്ള ശീലമായിരുന്നു. അത്തരം തമാശകള്‍ ചേര്‍ത്ത് മാതൃഭൂമി ചിത്രഭൂമി പത്രത്തില്‍ എഴുതിയപ്പോള്‍ കിട്ടിയ വായനക്കാരുടെ പ്രതികരണം ഇനിയും എഴുതാനുള്ള വലിയ ആത്മവിശ്വാസമാണ് സമ്മാനിച്ചത്. 

Read More : 'ഇന്നുവരെ ആ രഹസ്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല,ആര്‍ക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല' ......

90 മുതല്‍ എല്ലാ ദിവസവും ഡയറി എഴുതുന്ന ശീലമുള്ളയാളാണ് ഞാന്‍. പണ്ടൊരു കേസുമായി ധര്‍മജനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആ ഡയറിയാണ് അവനെ രക്ഷിച്ചത്. അതില്‍ ഞാനും അവനും കേസ് നടന്ന ദിവസം എവിടെയായിരുന്നെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ എഴുത്തുശീലം കൊണ്ട് ചെറുതും വലുതുമായ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പിഷാരടിയുടെ കലായാത്രയിലെ അനുഭവങ്ങള്‍ എത്രത്തോളം സംവിധാനം ചെയ്ത സിനിമകളില്‍ കടന്നുവന്നിട്ടുണ്ട്...?

ഞങ്ങള്‍ ഒരിക്കല്‍ വിദേശത്ത് പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോള്‍ ബാക്ക് സ്റ്റേജില്‍ തൂവല്‍കൊണ്ടുള്ള ഡാന്‍സ് വേഷമണിഞ്ഞ് കുറെ കുട്ടികള്‍ നില്‍ക്കുന്നു. ആ കൗതുകം കണ്ട് ഒരു മധ്യവയസ്സായ ചേട്ടന്‍ കുട്ടികളെ ക്യാമറയില്‍ പകര്‍ത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ കുറെ തടിമാടന്മാര്‍ വന്ന് അയാളെ പിടിച്ച് തല്ലി. കൈയിലെ ഫോണ്‍ പിടിച്ചുവാങ്ങി അതിലെ ഫോട്ടോയെല്ലാം മായ്ച്ചു. അയാള്‍ തൊഴുകൈകളോടെ കണ്ണ് നിറച്ച്... വിറച്ച് നില്‍ക്കുകയാണ്.

Read More  : മൂന്ന്, മമ്മൂക്ക, മാസ്; ആരാണ് ബോസ്? എന്താണ് ഷൈലോക്ക്? അജയ് വാസുദേവ് പറയുന്നു

പിന്നീടാണറിഞ്ഞത് ഡാന്‍സ് ഡ്രസ്സിട്ട ഫോട്ടോ ആരോ എടുത്തെന്ന് ഒരു കുട്ടി അച്ഛനോട് പരാതിപ്പെട്ടു. പക്ഷേ, അയാള്‍ കേട്ടത് ഡാന്‍സ് ഡ്രസ്സിടുന്ന ഫോട്ടോ എടുത്തു എന്നാണ്. പിന്നീട് ആള്‍ക്കൂട്ടത്തിന്റെ മുന്‍പിന്‍ നോക്കാതെയുള്ള പ്രതികരണമാണ് കണ്ടത്. ചെയ്യാത്ത തെറ്റിന് അയാള്‍ കുറ്റവാളിയായി. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സ്വാഭാവികമായും എല്ലാവരും ഒരു പക്ഷം ചേരും. ആള്‍ക്കൂട്ടാക്രമണത്തിനിടയില്‍ തിരുത്താനോ നിരപരാധിത്വം തെളിയിക്കാനോ കഴിഞ്ഞെന്നുവരില്ല. അങ്ങനെയൊരാള്‍ക്ക് സംഭവിച്ചാല്‍ എങ്ങനെയാകും എന്ന ചിന്തയില്‍നിന്നാണ് ഈ കഥ രൂപപ്പെട്ടത്.

സംവിധായകനെന്നനിലയില്‍ സ്വാധീനിച്ച സംവിധായകര്‍ ആരൊക്കെയായിരുന്നു?

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരാണ് എന്റെ പ്രിയ സംവിധായകര്‍. അവരുടെയൊക്കെ സിനിമകള്‍ കണ്ടാണ് ഞാന്‍ സംവിധായകനായത്. ഇഷ്ടപ്പെട്ട സിനിമ കാണാപ്പാഠമാകുന്നതുവരെ വീണ്ടും വീണ്ടും കാണുന്ന ശീലം എനിക്കുണ്ട്. ഒരു സംവിധായകന്‍ കണ്ടിരിക്കേണ്ട കുറെ ഇംഗ്ലീഷ് സിനിമകളെക്കുറിച്ച് മമ്മൂക്ക ഒരിക്കല്‍ പറഞ്ഞു. അപ്പോള്‍ 'പത്മരാജന്റെയും ഭരതന്റെയും പടങ്ങള്‍ കണ്ട ശീലമേ എനിക്കുള്ളൂ' എന്ന് ബെസ്റ്റ് ആക്ടറില്‍ മമ്മൂക്ക പറഞ്ഞ ഡയലോഗ് തിരിച്ചടിച്ചാണ് ഞാന്‍ അതിനെ പ്രതിരോധിച്ചത്.

കൊമേഡിയന്‍ എന്ന ഇമേജ് വേറിട്ട സിനിമയൊരുക്കുമ്പോള്‍ ബാധ്യതയായിട്ടുണ്ടോ?

സിനിമയില്‍ തമാശ കുറഞ്ഞാല്‍ പിഷാരടിയുടെ സിനിമയില്‍ കോമഡിയില്ലെന്ന് പറയും. കോമഡി കൂടിയാല്‍ അത് സ്റ്റേജ് കോമഡിയായിപ്പോയി എന്ന അഭിപ്രായം വരും. ഈ രണ്ട് അഭിപ്രായത്തില്‍നിന്നും മാറി സിനിമ ഒരുക്കുക എന്നതാണ് ബാധ്യത. കൊമേഡിയനായതുകൊണ്ടാണ് ഇവിടംവരെ എത്താന്‍ കഴിഞ്ഞത്. അത് ചിന്തിക്കുമ്പോള്‍ മറ്റെല്ലാം പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നം മാത്രമാണ്.

Read More : 'സ്വര്‍ണത്തളികയില്‍ സംവിധാനപ്പട്ടം കിട്ടിയ ഇങ്ങനെയൊരാള്‍ വേറെയുണ്ടാവില്ല'

മിമിക്രിക്കാരനായതില്‍ എപ്പോഴെങ്കിലും സങ്കടപ്പെട്ടിട്ടുണ്ടോ?

ചില തമാശപ്പടങ്ങളെക്കുറിച്ച് പറയുമ്പോള്‍ വെറും തമാശപ്പടമല്ലേ എന്ന് പറയാറുണ്ട്. തമാശയ്ക്ക് മുന്നില്‍ എന്തിനാണ് 'വെറും' എന്ന വാക്ക് പ്രയോഗിക്കുന്നതെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാകുന്നില്ല. തമാശയെ അതൊരുതരം തരംതാഴ്ത്തലാണ്. മിമിക്രിക്കും ചിരിപ്പിക്കാന്‍ കഴിയും. അതത്ര ചെറിയ കാര്യമല്ല. പക്ഷേ, അതൊന്നും കേട്ടാല്‍ നമ്മള്‍ സങ്കടപ്പെടില്ല. നമ്മള്‍ ഹാപ്പിയായിരുന്നാല്‍ മാത്രമേ നമുക്ക് മറ്റൊരാളെ ഹാപ്പിയാക്കാന്‍ കഴിയൂ.

എല്ലാവരെയും ചിരിപ്പിക്കാറുള്ള പിഷാരടി പൊട്ടിച്ചിരിക്കുന്നത് എപ്പോഴാണ്?

നമ്മള്‍ പെട്ടുപോകുന്ന അവസ്ഥകളാണ് എനിക്ക് ചിരിക്കാനുള്ള വക സമ്മാനിക്കാറുള്ളത്. പണ്ട് ഞാനും ധര്‍മജനും സൗദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയി. അന്ന് ധര്‍മജന്റെ പ്രധാന ഐറ്റം പെണ്‍വേഷമാണ്. അവിടെ പെണ്‍വേഷംകെട്ടി അഭിനയിക്കാന്‍ പാടില്ല. ഒടുവില്‍ അതൊന്നും പ്രശ്നമല്ലെന്ന സംഘാടകരുടെ ധൈര്യത്തില്‍ ഞങ്ങള്‍ പരിപാടി തുടങ്ങി.

Star And Style
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ വാങ്ങാം

ധര്‍മന്‍ ബ്ലൗസും ലുങ്കിയും അണിഞ്ഞ് കറുത്തമ്മയായി സ്റ്റേജില്‍ വിലസാന്‍ തുടങ്ങി. അതിനിടയില്‍ സൗദി പോലീസ് ഓഡിറ്റോറിയത്തിലേക്ക് കയറിവന്നു. ധര്‍മജനും ഞാനും സ്റ്റേജില്‍നിന്ന് ഇറങ്ങിയോടി. പുറത്ത് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയ മലയാളി കടുംബത്തിന്റെ കാറില്‍ക്കയറി ഞങ്ങള്‍ അവിടെനിന്ന് രക്ഷപ്പെട്ടു. മറ്റൊരാള്‍ വന്ന് സ്റ്റേജിന്റെ ബാക്ക്‌സ്റ്റേജിലെത്തി ധര്‍മജന്റെ ബാഗും ഡ്രസ്സും എടുത്തുകൊണ്ടുവരുന്നതുവരെ ധര്‍മന്‍ സൗദിയിലെ ഏതോ ഫ്ളാറ്റില്‍ കറുത്തമ്മയായി അന്തംവിട്ടിരിക്കുകയായിരുന്നു. അക്കാര്യം ഇന്നും ഓര്‍ക്കുമ്പോള്‍ ചിരിയടക്കാന്‍ കഴിയാറില്ല.

Read More : 'എനിക്ക് ആ ബോധ്യമുണ്ട്, പിന്നെന്തിനാണ് ഞാന്‍ മമ്മൂട്ടിയോട് യുദ്ധത്തിന് പോകുന്നത്?'

ഗാനഗന്ധര്‍വന്‍ റിലീസ് ചെയ്തപ്പോള്‍ ഭീകരമായ റേറ്റിങ് ഉള്ള ഒരു ഓണ്‍ലൈന്‍ സൈറ്റിന്റെ റിപ്പോര്‍ട്ടര്‍ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നു. സംസാരിക്കാന്‍ സ്വസ്ഥമായ ഒരു സ്ഥലം വേണമെന്ന റിപ്പോര്‍ട്ടറുടെ നിര്‍ബന്ധത്താല്‍ ഞാന്‍ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോകാന്‍ നിര്‍ബന്ധിതനായി. ആറ് നിലയുള്ള കെട്ടിടത്തിന്റെ മാറാലപിടിച്ച ഇടുങ്ങിയ ഗോവണി വഴി കയറി ഒരു കുടുസുമുറിയില്‍ ഞങ്ങളെത്തി. ഇന്റര്‍വ്യൂ തുടങ്ങി.

''ഗാനഗന്ധര്‍വനില്‍ എന്തായിരുന്നു താങ്കളുടെ കഥാപാത്രം...?'' ആദ്യത്തെ ചോദ്യം കേട്ട് ഞാന്‍ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിരുന്നു. ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചിട്ടില്ലെന്നും അതിന്റെ സംവിധായകന്‍ മാത്രമാണെന്നും അറിയാതെയാണ് അയാള്‍ വന്നത്. ഇത്തരം കാര്യങ്ങളോര്‍ക്കുമ്പോള്‍ എങ്ങനെ ചിരിക്കാതിരിക്കും...

(2019 നവംബര്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights : Ramesh Pisharody About Movie direction Dharmajan Interview Star And Style