ഹേഷിന്റെ പ്രതികാരത്തിലെ ദേശീയഗാന സീനില്‍ അഭിനയിക്കുമ്പോള്‍ കാസര്‍ക്കോട്ടുകാരന്‍ രാജേഷ് മാധവന് അറിയില്ലായിരുന്നു, അന്ന് റോഡില്‍ വീണ ആ നെല്ലിക്കകള്‍ പോലെയാകും തന്റെ ജീവതമെന്ന്. ആദ്യം കയ്പും പിന്നീട് മധുരവും. സിനിമയെന്ന സ്വപ്നത്തിലേക്ക് ഉണര്‍ന്നതു മുതല്‍ അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ കയ്പ് മായാനദിയിലെത്തി നില്‍ക്കുമ്പോള്‍ മധുരിച്ചു തുടങ്ങിയിരിക്കുന്നു. മായാനദിയിലെ നയന്‍താര ബെസ്റ്റാ എന്ന ഒറ്റ ഡയലോഗിലൂടെ തിയേറ്ററിനെ ചിരിപ്പിച്ച രാജേഷ് മാതൃഭൂമി ഡോട്ട്‌ കോമുമായി സംസാരിക്കുന്നു. സിനിമയില്‍ വന്ന വഴിയെക്കുറിച്ചും പൂര്‍ത്തിയാക്കാനുള്ള സ്വപ്നങ്ങളെക്കുറിച്ചും...

എങ്ങനെയാണ് സിനിമയിലെത്തിയത്? 

കോടമ്പാക്കത്ത് പൈപ്പ് വെള്ളം കുടിച്ച്, പട്ടിണി കിടന്ന് സിനിമയിലെത്തി പ്രശസ്തരായ താരങ്ങളുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. സിനിമയിലെത്തും മുമ്പുള്ള പട്ടിണി ക്ലീഷേയാണെങ്കിലും അതൊരു സത്യം തന്നെയാണ്. സിനിമയിലെത്താന്‍ ആഗ്രഹിക്കുന്ന മിക്കവരും ഇങ്ങനെ അലഞ്ഞിട്ടുണ്ടാകും. അലച്ചിലിന്റെ തീവ്രതയില്‍ മാത്രമേ വ്യത്യാസമുണ്ടാകൂ. അതുപോലെ ഞാനും കുറച്ചു കഷ്ടപ്പെട്ടിട്ടുണ്ട്. പത്താം ക്ലാസ് മുതല്‍ സണ്‍ഡേ തിയേറ്ററിന്റെ ഭാഗമായിരുന്നു. അന്നു മുതലേ സിനിമയെന്ന മോഹം മനസിലുണ്ടായിരുന്നു. സജിന്‍ ബാബുവിന്റെ അസ്തമയം വരെ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടായിരുന്നു സിനിമയിലേക്കുള്ള വരവ്. പിന്നീട് രണ്ട് ചിത്രങ്ങളില്‍ സഹസംവിധായകനായി. മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചു. അതിനിടയില്‍ മൂന്ന് ഏകാംഗ നാടകങ്ങള്‍ എഴുതി. അഭിനയിച്ച ആദ്യ ചിത്രം റാണി പദ്മിനിയായിരുന്നു. പക്ഷേ ആ സീന്‍ സിനിമയിലുണ്ടായിരുന്നില്ല. അതില്‍ പരിഭവവുമില്ല. പിന്നീട് ഞാനും സുഹൃത്തുക്കളും തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്റെ ഭാര്യ ഉണ്ണിമായയും ചേര്‍ന്ന് ചെയ്ത ഹ്രസ്വചിത്രം വഴിയാണ് മഹേഷിന്റെ പ്രതികാരത്തിലെത്തിയത്. ആ ഹ്രസ്വചിത്രം ശ്യാമേട്ടന്‍ കാണുകയും അങ്ങനെ സിനിമയിലേക്ക് വിളിക്കുകയുമായിരുന്നു.

മഹേഷിന്റെ പ്രതികാരം വഴിത്തിരിവായില്ലേ? ഫെയ്‌സ്ബുക്ക് നിറയെ അതിന്റെ ട്രോള്‍ മീമല്ലേ?

അതെ, ആ മീം വന്നതില്‍ പിന്നെയാണ് ആളുകള്‍ എന്നെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ എപ്പോഴും ആ സീനിലെ എന്റെ മുഖം കാണുന്നുണ്ടല്ലോ. അതോണ്ട് പെട്ടെന്ന് മറന്നുപോകില്ല. ഒപ്പം മഹേഷിന്റെ പ്രതികാരത്തിലെ ആ സീനും ഒരുപാട് പേര്‍ക്ക് ഇഷ്ടമാണ്. മെംബർ താഹിറിന്റെ സൈക്കിളിന് സൈഡ് കൊടുക്കന്നിതിനിടെ ആ നെല്ലിക്കയും ചുമന്നു നടന്നു വരുന്നയാളെ ഞാന്‍ ഇടിച്ചതുകൊണ്ടാണല്ലോ മഹേഷിന് ഇടികൊള്ളേണ്ടി വരുന്നതും പ്രതികാരം ചെയ്യേണ്ടി വരുന്നതും. അതിന് കാരണക്കാരനായ ഒരു കഥാപാത്രമായതില്‍ ഒരുപാട് സന്തോഷമുണ്ട്. 

rajesh madhavan

ബേബിച്ചേട്ടനെയും ക്രിസ്പിനെയും ബേബിച്ചേട്ടന്റെ അളിയനെയും ഒരുപോലെ പറ്റിച്ച സീനല്ലേ അത്?

അത് പോത്തേട്ടന്റെ ബ്രില്ല്യന്‍സ് ആണ്. ഞാന്‍ ആ സീനില്‍ അഭിനയിക്കുക മാത്രമേ ചെയ്തിട്ടുള്ളു. യഥാര്‍ത്ഥത്തില്‍ സോണിയയോട് ഡിങ്കോള്‍ഫിയുണ്ടായിരുന്നത് എനിക്കായിരുന്നു. നീയും സോണിയയും തമ്മില്‍ എന്നാ ഡിങ്കോള്‍ഫിയാടാ എന്ന് ക്രിസ്പിനോട് ചോദിക്കുന്നതിന് പകരം ബേബിച്ചേട്ടന്‍ എന്നോടായിരുന്നു ചോദിക്കേണ്ടിയിരുന്നത്. ആ നെല്ലിക്ക സീനില്‍ സോണിയയോട് സംസാരിച്ചുവരുമ്പോഴാണ് എന്റെ സൈക്കിള്‍ കൈയീന്ന് പോകുന്നത്. ആദ്യം സിനിമ കണ്ടവര്‍ക്കൊന്നും അത് സോണിയ ആണെന്ന് അറിയില്ലായിരുന്നു. പിന്നീട് മഹേഷിന്റെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് അന്വേഷിച്ചവരാണ് അത് സോണിയ ആയിരുന്നുവെന്ന് കണ്ടുപിടിച്ചത്. പിന്നെ ബേബിച്ചേട്ടന്റെ അളിയനായ നെല്ലിക്കക്കാരനെ ഞാന്‍ പറ്റിച്ചുവെന്നൊന്നും പറയാന്‍ പറ്റില്ല. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും അറ്റന്‍ഷനായി നില്‍ക്കണമല്ലോ. അത് നമ്മുടെ രാജ്യത്തോടുള്ള സ്‌നേഹമാണ്. (ചിരിക്കുന്നു)

തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും ഒരു ചെറിയ കഥാപാത്രം ചെയ്തില്ലേ?

അതില്‍ ചെറിയ ഒരു സീനില്‍ വരുന്നേയുള്ളു. അഭിനയം എന്നതിനേക്കാള്‍ സഹസംവിധായകന്‍ എന്ന ബന്ധമാണ് ആ സിനിമയുമായുള്ളത്. ഞാന്‍ കാസര്‍കോട്ടുകാരനായതിനാലാണ് ആ ചിത്രത്തിലേക്ക് വിളിച്ചത്. കാസര്‍കോടായിരുന്നല്ലോ ആ സിനിമയുടെ അധികഭാഗവും ചിത്രീകരിച്ചത്. അതുകൊണ്ട് കാസര്‍ക്കോട് ഭാഷ എഴുതാനും മറ്റുമായി തിരക്കഥയില്‍ സഹായിച്ചു. പിന്നീട് തൃശിവപ്പേരൂര്‍ ക്ലിപ്തത്തിലും മില്‍മയുടെ പരസ്യത്തിലും അഭിനയിച്ചു.

മായാനദിയിലെ ഒരുതുള്ളി വെള്ളമായത് എങ്ങനെയായിരുന്നു?

rajesh madhavan
Photo: FB/Rajesh Madhavan

അത് അപ്രതീക്ഷിതമായി സംഭവിച്ചതൊന്നുമില്ല. ഞാന്‍ ആ സിനിമയുടെ സഹസംവിധായകനെന്ന നിലയില്‍ സെറ്റിലുണ്ടായിരുന്നു. അങ്ങനെ എനിക്കാ റോള്‍ തരികയായിരുന്നു. ആ സമയത്ത് ആകെ വിയര്‍ത്തു കുളിച്ചിട്ടായിരുന്നു. അങ്ങനെത്തന്നെ ചെയ്താല്‍ മതീന്ന് പറഞ്ഞു. പിന്നെ ആ തൊപ്പി ആ സമയത്ത് തലയിലുള്ളത് തന്നെയായിരുന്നു. മാത്തന്റെ കഥാപാത്രത്തിന് തൊപ്പിയുള്ളതുകൊണ്ട് സെറ്റിലെ അധികപേരും തൊപ്പി വെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ഞാനും വെച്ചതാണ്. അങ്ങനെ അത് ആ കഥാപാത്രത്തിന്റെ ഭാഗമായി. തിയേറ്ററിലിരുന്ന് സിനിമ കണ്ടിരുന്നു. നയന്‍താര ബെസ്റ്റാ എന്ന എന്റെ ഡയലോഗ് കേട്ട് എല്ലാവരും ചിരിക്കുന്നതു കണ്ടപ്പോള്‍ സന്തോഷം തോന്നി.

അപ്പുവിന്റെ കൈയില്‍ ചുംബിക്കുന്ന ഒരു സീനുണ്ടല്ലോ? അതു ചെയ്തപ്പോള്‍ എന്തുതോന്നി?

അങ്ങനെ പ്രത്യേകിച്ചൊന്നും തോന്നിയില്ല. പിന്നെ ഓഡിഷന്റെ സമയത്ത് അങ്ങനെ സ്ഥിരം ചെയ്യാറുള്ളതാണ്. ഓഡിഷന് വന്നയാള്‍ അഭിനയിക്കുമ്പോള്‍ അവര്‍ക്ക് സപ്പോര്‍ട്ടായി അഭിനയിക്കുന്നത് ഞങ്ങളെപ്പോലെയുള്ള അസിസ്റ്റന്റ് ഡയറക്ടര്‍മാരാകും. അതുകൊണ്ട് അത സ്വാഭാവികമായിത്തന്നെ ചെയ്യാന്‍ പറ്റി. പിന്നെ സിനിമയിലെ അപ്പുവിന്റെ ജീവിതത്തിലെ നിര്‍ണായക സീനിന്റെ ഭാഗമാകാന്‍ പറ്റി എന്നുള്ളതാണ്. 

കുടുംബം?

അച്ഛന്‍ മാധവന്‍ കൂലിപ്പണിക്കാരനാണ്. അമ്മ രന്താവതി. രണ്ടു ചേച്ചിമാരാണുള്ളത്. ഞാന്‍ വീട്ടിലെ ചെറിയ കുട്ടിയാണ്.

പുതുവത്സരത്തിലെ പ്രതീക്ഷകള്‍, പുതിയ സിനിമകള്‍?

ഇനി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റും കുമ്പളങ്ങി നൈറ്റ്‌സുമാണ്. സ്ട്രീറ്റ് ലൈറ്റിന്റെ തമിഴിലും മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. അതും തിയേറ്ററിലെത്തിയിട്ടില്ല. ഒരു നടന്‍ എന്നതിനേക്കാള്‍ സംവിധായകന്‍ എന്നറിയപ്പെടാനാണ് ആഗ്രഹം. ആ സ്വപ്നം എന്നെങ്കിലും യാഥാര്‍ഥ്യമാകുമെന്ന ഉറപ്പുണ്ട്. 

Content Highlights: Rajesh Madhavan Actor Interview Mayaanadhi Maheshinte Prathikaaram