ഓർമകൾ മാഞ്ഞുപോയ ജീവിതത്തിലും രാജീവ് കാത്തിരിക്കുകയായിരുന്നു, ചിരിയുടെ ഒരായിരം പൂത്തിരികൾ കത്തിച്ച ആ പഴയ കാലം. ഭാര്യയും മക്കളുമടക്കം പ്രിയപ്പെട്ടവരുടെയെല്ലാം പേരുകൾ പോലും മറന്നുപോയ ദിനങ്ങൾ. പഴയ കാലത്തിലേക്കു തിരികെ നടത്താൻ കളിയും ചിരിയുമായി കയറി വന്ന കൂട്ടുകാരുടെ മുഖത്തു നോക്കി അപരിചിതനെപ്പോലെയിരുന്ന ദിനങ്ങൾ. ഹൃദയസ്തംഭനവും പക്ഷാഘാതവും പിന്നാലെയെത്തിയ ഓർമ നഷ്ടപ്പെടലും കൂടിയായപ്പോൾ രാജീവ് എന്ന കലാകാരന്റെ ജീവിതം എവിടെയൊക്കെയോ മുറിഞ്ഞു. എന്നാൽ സങ്കടങ്ങളുടെയും ദുരിതങ്ങളുടെയും ആ നാളുകൾ പിന്നിട്ട്‌ രാജീവ് വീണ്ടും വരികയാണ്.

മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അപരനായി മിമിക്രി വേദിയിലും സിനിമകളിലും മിന്നിത്തിളങ്ങിയ രാജീവ് കളമശ്ശേരിയുടെ കലാ ലോകത്തേക്കുള്ള രണ്ടാം വരവ് അപാരമായ ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടിയാണ്. ഇന്നലെകളിലെ സങ്കടം

രണ്ടു വർഷം മുമ്പുണ്ടായ ഹൃദയസ്തംഭനമാണു രാജീവിന്റെ ജീവിതത്തെ സങ്കടത്തിലേക്ക് എടുത്തെറിഞ്ഞത്. ആൻജിയോപ്ലാസ്റ്റി ചെയ്ത് ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലെത്തിയ രാജീവ് അതിനടുത്ത ദിവസം കുളിമുറിയിൽ കുഴഞ്ഞുവീണു. വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴാണ് രാജീവ് ഓർമകൾ നഷ്ടമാകുന്ന രോഗത്തിന്റെ പിടിയിലേക്ക് അമരുന്നതായി ഡോക്ടർമാർ കണ്ടെത്തി. “ശൂന്യതയിലേക്ക് എടുത്തെറിയപ്പെട്ട ദിനങ്ങളായിരുന്നു അതെല്ലാം. നിറകണ്ണുകളോടെ നിന്ന എന്റെ പൊന്നുമക്കളുടെ പേരുപോലും പറയാൻ കഴിയാതിരുന്ന ആ നാളുകൾ” - സങ്കടത്താൽ രാജീവിന്റെ വാക്കുകൾ മുറിഞ്ഞു.

ഓർമകൾ വീണ്ടെടുക്കുന്നു

എ.കെ. ആന്റണിയും വെള്ളാപ്പള്ളി നടേശനും ഒ. രാജഗോപാലും കെ.ആർ. ഗൗരിയമ്മയും ഭരത് ഗോപിയുമടക്കം മിമിക്രി വേദിയിൽ പകർന്നാടിയ വേഷങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് രാജീവ്. “പതിയെ പഴയ ജീവിതത്തിലേക്കു തിരിച്ചുവരണം. പഴയ നാടകഗാനങ്ങളും മറ്റും ട്രാക്കിട്ടു പാടലാണ് ഇപ്പോഴത്തെ പരിപാടി. കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ, അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്, ഇല്ലിമുളം കാടുകളിൽ... തുടങ്ങിയ പാട്ടുകളൊക്കെയാണ് പാടുന്നത്. അതെല്ലാം ഇപ്പോൾ തെറ്റാതെ പാടാൻ കഴിയുന്നുണ്ട്. മുമ്പ് അനുകരിച്ചിരുന്ന ശബ്ദങ്ങളൊക്കെ വീണ്ടും ചെയ്യണം. ലീഡർ, കുട്ടിസ്രാങ്ക്, പുത്തൻ പണം, ഒരു കുപ്രസിദ്ധ പയ്യൻ, പത്തേമാരി, തോപ്പിൽ ജോപ്പൻ എന്നിവയടക്കം 25-ഓളം സിനിമകളിൽ അഭിനയിച്ചിരുന്നു. സിനിമയിൽ കുറെ വേഷങ്ങൾ ചെയ്യണമെന്ന്‌ ആഗ്രഹമുണ്ട്. രോഗത്തിന്റെ പിടിയിലമർന്ന നാളുകളിൽ ഞാൻ വലിയ കടബാധ്യതയിലായി.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അടക്കമുള്ളവരുടെ സഹായം കൊണ്ടാണു കടം കുറച്ചെങ്കിലും വീട്ടാൻ കഴിഞ്ഞത്. എന്നാലും ഇനിയും കുറെ കടബാധ്യതയുണ്ട്. മിമിക്രിയിലെയും സിനിമയിലെയും സുഹൃത്തുക്കൾ സഹായവുമായി കൂടെയുള്ളതാണ് വലിയ ആശ്വാസവും ആത്മവിശ്വാസവും” - രാജീവ് പറഞ്ഞു.


മറക്കാനാകാത്ത ആന്റണി

ഓർമകൾ വീണ്ടെടുക്കുമ്പോഴും രാജീവിന്റെ ഏറ്റവും വലിയ ആഗ്രഹം മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ രൂപവും ശബ്ദവും തന്നെയാണ്. “എന്നെ കലാ ലോകത്തു പ്രശസ്തനാക്കിയത് എ.കെ. ആന്റണി സാറിന്റെ രൂപവും ശബ്ദവുമാണ്. ഒരിക്കൽ തിരുവനന്തപുരത്ത് മാതൃഭൂമി ഫിലിം അവാർഡ് നൈറ്റ് നടന്നപ്പോൾ അവിടെ പരിപാടി അവതരിപ്പിക്കാൻ നടൻ ടിനി ടോമാണ് എന്നെ കൊണ്ടുപോയത്. ആന്റണി സാറിന്റെ വേഷത്തിലാണു ഞാൻ ചെന്നിറങ്ങിയത്. ആ സമയം സ്റ്റേഡിയത്തിൽ നല്ല മഴയുണ്ടായിരുന്നു. എന്നെ കണ്ടതും മഴ വകവെക്കാതെ കാണികൾ വലിയ ആരവത്തോടെ എന്നെ വന്നു പൊതിഞ്ഞു. ശരിക്കും എ.കെ. ആന്റണിയാണ് വന്നതെന്നാണോ കാണികൾ വിചാരിച്ചത് എന്നെനിക്കറിയില്ല. വീണ്ടും ആ രൂപവും ശബ്ദവുമായി പ്രേക്ഷകരുടെ മുന്നിലെത്തണം...” പിന്നെ രാജീവ് പൊട്ടിച്ചിരിയോടെ ഒരു ഡയലോഗ് കൂടി പറഞ്ഞു, “വളരെ പൈശാചികവും മൃഗീയവുമായ ആഗ്രഹമായിരിക്കാം ഇത്‌ അല്ലേ?”

Content Highlights: Rajeev Movie mimicry artist, recalling his bitter experience after Heart attack