രുക്കന്‍ മുഖം. ചാട്ടുളി പോലെ തുളയ്ക്കുന്ന ശബ്ദം. ആജാനുബാഹു. രാജന്‍ പി. ദേവ് സ്‌ക്രീനില്‍ നിറയുമ്പോള്‍ പ്രേക്ഷകനു മുന്നില്‍ വിരിഞ്ഞത് ക്രൂരതയുടെ ആള്‍രൂപം, ഭീതിയുടെ നിഴല്‍. പക്ഷെ, യഥാര്‍ത്ഥ ജീവിതത്തില്‍, സിനിമയിലെ അവസാനകാലത്ത് രാജന്‍ പി. ദേവ് ഇങ്ങനെയൊന്നുമായിരുന്നില്ല. ഒരു കാലത്ത് ക്രൂരത വിളയിച്ച ആ മുഖം ശുദ്ധഹാസ്യത്തിന്റെ തെളിവിളക്കായി.

സിനിമയിലെ വില്ലനായിരുന്നില്ല, നല്ലൊരു മനുഷ്യന്‍ എങ്ങിനെയായിരിക്കണമെന്നതിന്റെ ഉദാഹരണമായിരുന്നു ഡാഡിച്ചന്‍- പറഞ്ഞു തുടങ്ങുകയാണ് രാജന്‍ പി.ദേവിന്റെ മകന്‍ ജുബില്‍ രാജന്‍ പി.ദേവ്‌. ക്രൂരനായ കാര്‍ലോസ് എന്ന വില്ലനായി പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ രാജന്‍ പി.ദേവ് സിനിമയുടെ അവിഭാജ്യഘടകമായി തീര്‍ന്നത് തികച്ചും സ്വാഭാവികമായിരുന്നു. പരുക്കന്‍ വേഷങ്ങള്‍ മാത്രമല്ല, കോമഡിയും തനിക്ക് നന്നായി വഴങ്ങുമെന്ന് രാജന്‍ പി ദേവ് തെളിയിച്ചു. അനിയന്‍ ബാവ ചേട്ടന്‍ ബാവ, തൊമ്മനും മക്കളും, ഛോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ എങ്ങിനെ മറക്കാന്‍ കഴിയും. 

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അഭിനയിച്ചു. 150 ലേറെ സിനിമകളില്‍ വേഷമിട്ട രാജന്‍ പി. അവസാനമായി അഭിനയിച്ചത് സുരേഷ് ഗോപി നായകനായ റിങ്‌ടോണ്‍, മമ്മൂട്ടിയുടെ പട്ടണത്തില്‍ ഭൂതം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു. അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, മണിയറക്കള്ളന്‍(പുറത്തിറങ്ങിയില്ല) അച്ഛന്റെ കൊച്ചുമോള്‍ക്ക് എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. മലയാളത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നല്ല അദ്ദേഹത്തിന്റെ കലാസപര്യ. തെലുങ്കില്‍ 18, തമിഴില്‍ 32, കന്നഡയില്‍ 5 സിനിമകളില്‍ വേഷമിട്ട് തെന്നിന്ത്യ മുഴുവന്‍ അദ്ദേഹം പ്രശസ്തി നേടി. 

രാജന്‍ പി.ദേവ് അന്തരിച്ച് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കാകില്ല. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇന്നും നമ്മുടെ ദൈനംദിന ജീവിതത്തിലൂടെ കടന്നുപോകുന്നു. എന്നിരുന്നാലും രാജന്‍ പി.ദേവിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു.  അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നടനും സഹസംവിധായകന്‍ കൂടിയായ ജുബില്‍.

ഞങ്ങളുടെ ഡാഡിച്ചന്‍

rajan p dev

മണിയറക്കള്ളന്‍ എന്ന ചിത്രത്തിലെ രംഗം

ഡാഡിച്ചന്‍. അങ്ങനെയാണ് ഞങ്ങള്‍ വിളിക്കാറ്. നല്ലൊരു മനുഷ്യന്‍ എങ്ങിനെയായിരിക്കണമെന്നതിന്റെ ഉദാഹരണമായിരുന്നു ഡാഡിച്ചന്‍. ആദ്യം ഞങ്ങള്‍ ചേര്‍ത്തലയിലാണ് താമസിച്ചിരുന്നത്. എന്റെ കുട്ടിക്കാലം അവിടെയായിരുന്നു. പിന്നീട് അങ്കമാലിയിലേക്ക് താമസം മാറി. ചേര്‍ത്തലയില്‍ ആയിരുന്ന സമയത്ത് ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്നെ പഠിപ്പിച്ചിരുന്ന അതേ സൗകര്യത്തില്‍ അദ്ദേഹം പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി സ്‌പോണ്‍സര്‍ ചെയ്തിരുന്നു. എന്നാല്‍ അതൊന്നും അദ്ദേഹം ആരെയും അറിയിച്ചിരുന്നില്ല. ഞാന്‍ പോലും ഇതെല്ലാം അറിഞ്ഞത് ഈയടുത്താണ്. ഒന്ന് രണ്ടു പേര്‍ എന്നെ കാണാന്‍ വന്നിരുന്നു. അവരാണ് ഈ കഥ എന്നോട് പറഞ്ഞത്. ഡാഡിച്ചന്‍ നാട്ടില്‍ ഒരു സിനിമാ നടനായിരുന്നില്ല. എല്ലാവരോടും നന്നായി സംസാരിക്കുന്ന, നാട്ടിലെ കാര്യങ്ങളില്‍ ഇടപെടുന്ന, ആളുകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഒരാളായിരുന്നു. 

കുട്ടിക്കാലത്ത് എനിക്ക് ഡാഡിച്ചനെ വല്ലാതെ മിസ് ചെയ്യുമായിരുന്നു. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും അദ്ദേഹം സിനിമയില്‍ വലിയ തിരക്കളുള്ള നടനായി മാറിയിരുന്നു. ഒരു വര്‍ഷം 24 സിനിമകള്‍ വരെ ചെയ്തിരുന്നു. ആ സമയത്ത്  കാണാന്‍ പോലും കിട്ടുമായിരുന്നില്ല. ഞാന്‍ രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്കും ഡാഡിച്ചന്‍ ഷൂട്ടിന് പോയിട്ടുണ്ടായിരിക്കും. തിരിച്ചു വരുമ്പോഴേക്കും ഞാന്‍ ഉറങ്ങും. എന്നാലും നേരത്തേ പറഞ്ഞ പോലെ അദ്ദേഹം പരാമവധി സമയം ഞങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ ശ്രമിക്കാറുണ്ട്. നല്ല ഹോം സിക്ക്‌നെസുള്ള ഒരാളായിരുന്നു അദ്ദേഹം. എനിക്കിപ്പോഴും ഓര്‍മയുണ്ട്. തെലുങ്കു സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്ന സമയത്ത് ഷൂട്ടിനിടെ ഒരു ദിവസം ഒഴിവ് കിട്ടിയാല്‍ മതി ഡാഡിച്ചന്‍ ഫ്‌ളൈറ്റ് പിടിച്ചു പോരും. അതുവരെ ചെന്നൈയിലായിരുന്നു മലയാള സിനിമയുടെ കേന്ദ്രം. അത് എറണാകുളത്തേക്ക് മാറിയതിന് ശേഷം ഞങ്ങളുടെ കൗമാരക്കാലത്ത് ഡാഡിച്ചന്‍ സിനിമകള്‍ ചെയ്യുന്നത് കുറച്ചു. അപ്പോള്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചു. 

സ്‌നേഹമുള്ള പൊസസീവ്‌നെസുള്ള അപ്പന്‍

rajan p dev family
രാജന്‍ പി ദേവിന്റെ ഭാര്യ ശാന്തമ്മ, മക്കളായ ജുബില്‍, ഉണ്ണി, മരുമകള്‍ റിയ

ഡാഡിച്ചന്‍ പുറമെ നിന്നു കാണുന്ന പോലെ അല്ലായിരുന്നു. സിനിമയില്‍ ക്രൂരനായ വില്ലനായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് എല്ലാം തുറന്ന് പറയാന്‍ കഴിയുന്ന അടുത്ത സുഹൃത്തായിരുന്നു. നല്ല തമാശകള്‍ പറയും. അസ്സലായി കളിയാക്കും. ഞാന്‍ ഇപ്പോള്‍ സിനിമ ചെയ്യുമ്പോള്‍ ഡാഡിച്ചന്റെ കൂടെ ജോലി ചെയ്തിരുന്ന മുതിര്‍ന്ന താരങ്ങളൊക്കെ ഡാഡിച്ചന്‍ സെറ്റില്‍ ഒപ്പിക്കുന്ന തമാശകളെക്കുറിച്ചൊക്കെ പറയാറുണ്ട്. 

ഡാഡിച്ചന്റെ സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ നോക്കുമ്പോള്‍ എനിക്ക് ഏറ്റവും റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നത് തൊമ്മനും മക്കളും എന്ന സിനിമയിലെ അപ്പനാണ്. മക്കളോട് അമിതമായ സ്നേഹമുള്ള പൊസസീവ്നെസ് ഉള്ള ഒരു അപ്പന്‍. അതില്‍ തൊമ്മന്‍ മക്കളോട് പറയുന്ന ഒരു ഡയലോഗില്ലേ സീനില്ലേ 'കല്യാണം കഴിഞ്ഞാലും നിങ്ങ എന്റെ അടുത്ത് നിന്ന് മാറി കിടക്കരുത്' എന്ന്. അങ്ങനത്തെ ഒരു അപ്പനായിരുന്നു ഡാഡിച്ചന്‍.

കാട്ടുകുതിരയിലെ കൊച്ചുവാവ...

rajan p dev
കാട്ടുകുതിരയില്‍ തിലകന്‍

എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് ഡാഡിച്ചന്‍ ഇന്ദ്രജാലം ചെയ്യുന്നത്. അതിന് മുന്‍പാണ് ഡാഡിച്ചന്‍ നാടകത്തില്‍ സജീവമായിരുന്നത്. ആ കാലം എനിക്കോര്‍മയില്ല. പക്ഷേ, എപ്പോഴും പഴയ ആളുകള്‍ എന്നോട് പറയുന്ന കാര്യമുണ്ട്. നിങ്ങള്‍ക്ക് ഇന്ദ്രജാലത്തിലെ കാര്‍ലോസും തൊമ്മനുമായിരിക്കും വലുത്. എന്നാല്‍ ഞങ്ങള്‍ക്ക് ഇഷ്ടം കാട്ടുകുതിരയിലെ കൊച്ചുവാവയെയാണ്. കേരളമൊട്ടാകെ തകര്‍ത്തോടിയ നാടകമാണ് കാട്ടുകുതിര. ആയിരത്തിലധികം വേദികളില്‍ മൂന്ന് വര്‍ഷം ആ നാടകം കളിച്ചുയ കൊച്ചുവാവ എന്ന കഥാപാത്രം നാടകപ്രേമികളുടെ മനസ്സില്‍ അത്രയും ആഴത്തില്‍ പതിഞ്ഞു കഴിഞ്ഞിരുന്നു.

കാട്ടുകുതിര സിനിമയാവുകയാണെങ്കില്‍ ഡാഡിച്ചന്‍ തന്നെ നായകനാകുമെന്ന് അദ്ദേഹം കരുതി. പക്ഷേ അന്ന് സിനിമയില്‍ ഡാഡിച്ചന്‍ പുതുമുഖമാണ്. അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് വാല്യൂ ആ സമയത്ത് കുറവായത് കൊണ്ടായിരിക്കണം തിലകന്‍ അങ്കിളിനെ കാസ്റ്റ് ചെയ്തത്. എന്നിരുന്നാലും ഇന്നത്തെപ്പോലയല്ല അന്ന്. നാടകത്തിന് ബൃഹത്തായ പ്രേക്ഷകര്‍ ഉണ്ടായിരുന്നു. കാട്ടുകുതിര പുറത്തിറങ്ങിയപ്പോള്‍ പലരും ഡാഡിച്ചനോട് ചോദിച്ചു. എന്താണ് സിനിമയില്‍ അഭിനയിക്കാതിരുന്നത് എന്ന്. അതില്‍ ഡാഡിച്ചന് നല്ല വിഷമമുണ്ടായിരുന്നു. അത് പല അഭിമുഖങ്ങളിലും ഡാഡിച്ചന്‍ പറഞ്ഞിട്ടുണ്ട്. 

സിനിമയും നാടകവും കുടുംബവും ചേര്‍ന്നതായിരുന്നു ഡാഡിച്ചന്‍

rajan p dev
ആലഞ്ചേരി തമ്പ്രാക്കള്‍ എന്ന ചിത്രത്തില്‍ ആനിക്കൊപ്പം

സിനിമ ഡാഡിച്ചന്റെ ഭാഗമായിരുന്നു. നാടകമാകട്ടെ, സിനിമയാകട്ടെ എല്ലാം വീട്ടിലേക്ക് കൊണ്ടുവരും. ചേര്‍ത്തല ജൂബിലി എന്നായിരുന്നു ഡാഡിച്ചന്റെ നാടക ട്രൂപ്പിന്റെ പേര്. ധാരാളം നാടക പ്രവര്‍ത്തകര്‍ വീട്ടില്‍ വരും. കുട്ടിക്കാലം മുതലേ ഇതെല്ലാം കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. കുട്ടിക്കാലത്ത് ഞാന്‍ എന്റെ ബന്ധുക്കളേക്കാള്‍ എറെ കണ്ടിട്ടുള്ളത് സിനിമാക്കാരെയും നാടകപ്രവര്‍കരെയുമാണ്. ഡാഡിച്ചന് ഒരു വലിയ സൗഹൃദ വലയം തന്നെയുണ്ടായിരുന്നു സിനിമയില്‍.

ചേര്‍ത്തലയില്‍ വീടിനോട് ചേര്‍ന്ന് ഒരു ചെറിയ ഓഡിറ്റോറിയം ഡാഡിച്ചന്‍ പണിതിരുന്നു. നാടകത്തിന്റെ റിഹേഴ്സലിന് വേണ്ടി. അവിടെ വച്ച് അമ്മയുടെ (താരസംഘടന) ജനറല്‍ ബോഡി മീറ്റിങ് പോലും നടന്നിട്ടുണ്ട്. അത്രയും സിനിമയുമായി ആത്മബന്ധമുള്ള ഒരു വ്യക്തിയായിരുന്നു.

പിതാവും പുത്രനും പരിശുദ്ധാത്മാവും ചേര്‍ന്നതാണ് ദൈവമെന്ന് പറയും. അതുപോലെ സിനിമയും നാടകവും കുടുംബവും ചേര്‍ന്നതായിരുന്നു രാജന്‍ പി. ദേവ് എന്ന വ്യക്തി. കേരളത്തില്‍ നാടകത്തിന് വല്ലാതെ തളര്‍ച്ച സംഭവിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് ചേര്‍ത്തല ജൂബിലി വലിയ നഷ്ടത്തിലായി. എന്നിട്ടും ഡാഡിച്ചന്‍ ട്രൂപ്പിനെ കൈവിട്ടില്ല. ഡാഡിച്ചന്‍ കലയോടുള്ള അര്‍പ്പണബോധം കൊണ്ടും താല്‍പര്യം കൊണ്ടുമാണ് ചേര്‍ത്തല ജൂബിലി തുടങ്ങിയത്. അല്ലാതെ പത്ത് പൈസ പോലും ലാഭം പ്രതീക്ഷിച്ചു കൊണ്ടായിരുന്നില്ല. ഡാഡിച്ചന്‍ മരിച്ചതിന് ശേഷം നാടക ട്രൂപ്പ് നിന്നുപോയി. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ട്രൂപ്പ് പുനരാരംഭിച്ചു. പക്ഷേ കഴിഞ്ഞ തവണ വെള്ളപ്പൊക്കം ഉണ്ടായത് കാരണം കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. എന്നിരുന്നാലും ലാഭം പ്രതീക്ഷിച്ചല്ല മുന്നോട്ട് പോകുന്നത്. ഡാഡിച്ചന്റെ മരണത്തിന് ശേഷം മമ്മി മാനസികമായി തളര്‍ന്നിരുന്നു. എന്നാല്‍ ട്രൂപ്പ് തുടങ്ങിയതോടെ മമ്മി അതിന്റെ പ്രവര്‍ത്തനങ്ങളുമായി സജീവമായി മുന്നോട്ട് പോവുകയാണ്. ഡാഡിച്ചന്റെ ആത്മാവായിരുന്നു ചേര്‍ത്തല ജൂബിലി. 

ഒരിക്കല്‍ എന്റെ ഒരു സാര്‍ ചോദിച്ചു, ''നിങ്ങളുടെ വീട്ടില്‍ ഗുണ്ടകള്‍ക്ക് എത്ര ശമ്പളം കൊടുക്കും''

rajan p dev
അച്ചാമക്കുട്ടിയുടെ അച്ചായന്‍ എന്ന സിനിമയില്‍ ശ്രീവിദ്യക്കൊപ്പം രാജന്‍ പി.ദേവ്‌

തമിഴില്‍ ഡാഡിച്ചന്‍ ശങ്കറിന്റെ സിനിമകളില്‍ സ്ഥിരസാന്നിധ്യമായിരുന്നു. അതിന് കാരണമായി തീര്‍ന്നത് നിര്‍മാതാവ് കെ.ടി കുഞ്ഞുമോനുമായുള്ള അടുപ്പമായിരുന്നു. തമിഴില്‍ രജനികാന്ത് അല്ലാത്ത ഒട്ടുമിക്ക നടന്‍മാര്‍ക്കൊപ്പവും ഡാഡിച്ചന്‍ അഭിനയിച്ചിട്ടുണ്ടെന്ന് തോന്നുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജാക് ഡാനിയലിന്റെ സെറ്റില്‍ വച്ച് തമിഴ്നടന്‍ അര്‍ജുന്‍ സാറിനെ (അര്‍ജുന്‍ സര്‍ജ) കണ്ടിരുന്നു. അര്‍ജുന്‍ സാറിനൊപ്പം ഡാഡിച്ചന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം ഡാഡിച്ചനെക്കുറിച്ച് എന്നോട് ഒരുപാട് സംസാരിച്ചു. മലയാളത്തില്‍ എങ്ങനെയാണോ അത്രയും തന്നെ തമിഴിലെ ആര്‍ട്ടിസ്റ്റുകളും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. അതെല്ലാം കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നി.

ഞാന്‍ പ്ലപ്ലസ് ടുവിനു ശേഷം പഠിച്ചത് തമിഴ്നാട്ടിലായിരുന്നു. അവിടുത്തെ അധ്യാപരെല്ലാം എന്നോട് നല്ല പോലെ സ്നേഹവും കരുതലും കാണിച്ചിരുന്നു. ഡിപ്പാര്‍ട്‌മെന്റ് ഹെഡ് ആയിരുന്ന അധ്യാപകന്‍ ഒരിക്കല്‍  എന്നോട് ചോദിച്ചു, 'നിങ്ങളുടെ വീട്ടില്‍ ഗുണ്ടകള്‍ക്ക് എത്രയാണ് ശമ്പളം' എന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു, 'ഗുണ്ടകളോ?'. 'ആ അതെ നിങ്ങളുടെ ഫാദര്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം എല്ലായ്പ്പോഴും ഗുണ്ടകള്‍ ഉണ്ടാകാറില്ലേ' എന്ന്. ഞാന്‍ അതിശയിച്ചു പോയി. ഇത്രയും വിദ്യാസമ്പന്നരായ ആളുകള്‍ പോലും കരുതുന്നത് സിനിമയില്‍ എങ്ങനെയാണോ അത് പോലെയാകും ഒരു നടന്‍ ജീവിതത്തില്‍ എന്നാണ്. മലയാളികളേക്കാള്‍ സിനിമയെ നെഞ്ചോടു ചേര്‍ക്കുന്നവരാണ് തമിഴ്നാട്ടുകാര്‍. അതുകൊണ്ടായിരിക്കണം അവര്‍ അങ്ങനെ വിചാരിച്ചത്. തെലുങ്കിലാണെങ്കിലും അതെ. തമിഴിലും തെലുങ്കിലും അഭിനയം അതിഭാവുകത്വം കലര്‍ന്നതാണ്. എന്നാല്‍ ഡാഡിച്ചന്‍ സ്വാഭാവികമായി അഭിനയിക്കുന്ന ഒരു നടനായിരുന്നു. അത് അവരെ വളരെ ആകര്‍ഷിച്ചിരുന്നു. രഘുവരന്‍ സാറും (രഘുവരന്‍) അതേ സ്റ്റെലില്‍ അഭിനയിക്കുന്ന ഒരു നടനായിരുന്നു.

മമ്മൂക്ക ഡാഡിച്ചനോട് പറഞ്ഞു, ''പുതിയ തുടക്കത്തിന് താനും വേണം''

rajan p dev
തൊമ്മനും മക്കളും എന്ന സിനിമയിലെ രംഗം

സിനിമയില്‍ ഡാഡിച്ചന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മമ്മൂക്ക (മമ്മൂട്ടി). മമ്മൂക്കയുടെ  ഒട്ടേറെ ചിത്രങ്ങളിലും ഡാഡിച്ചന്‍ അഭിനയിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. ഒന്നുകില്‍ വില്ലന്‍, അല്ലെങ്കില്‍ ഒരു കാര്‍ണവരുടെ വേഷം. അതല്ലെങ്കില്‍ അച്ഛന്‍ വേഷം. മമ്മൂക്കയുടെ ചിത്രങ്ങളില്‍ ഡാഡിച്ചന്‍ ഷൂട്ട് ഇല്ലെങ്കില്‍പോലും സെറ്റില്‍ സമയം ചെലവിടും. താനിപ്പോള്‍ പോകണ്ട എന്ന് പറഞ്ഞ് മമ്മൂക്ക അവിടെ പിടിച്ചു നിര്‍ത്തും. ഒരുദാഹരണം പറയാം, തൊമ്മനും മക്കളും ഷൂട്ട് നടക്കുകയാണ്. ഡാഡിച്ചനൊപ്പം ഞാനും മമ്മിയും കൂടി പൊള്ളാച്ചിയില്‍ പോയി. പുതുവര്‍ഷം തുടങ്ങുന്ന ദിവസമായിരുന്നു അത്. സെറ്റില്‍ ചെന്നപ്പോള്‍ ഡാഡിച്ചന് ഷൂട്ടില്ല. അപ്പോള്‍ ഡാഡിച്ചന്‍ മമ്മൂട്ടിയോട് ചോദിച്ചു, 'താനെന്തിനാണ് ഇന്ന് എന്നെ വിളിച്ചു വരുത്തിയത് എന്ന്'. അപ്പോള്‍ മമ്മൂക്ക പറഞ്ഞു, 'പുതുവര്‍ഷം തുടങ്ങുകയല്ലേ, താന്‍ കൂടെ വേണമെന്ന് തോന്നി'. അത്രയും സ്‌നേഹവും സൗഹൃദവും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു,

അതുപോലെ സുരേഷേട്ടന്‍ (സുരേഷ് ഗോപി). ഡാഡിച്ചനും സുരേഷേട്ടനും അപ്പന്‍-മകന്‍ ബന്ധമായിരുന്നു. സുരേഷേട്ടന്‍ സിനിമയില്‍ പ്രതിസന്ധി അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഡാഡിച്ചന്‍ വിളിക്കുകയും അന്വേഷിക്കുകയും ചെയ്തിരുന്നു. അത് സുരേഷേട്ടന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുമുണ്ട്. മറ്റൊരാള്‍ ദിലീപേട്ടനാണ് (ദിലീപ്). ഡാഡിച്ചന്‍ മരിച്ചതിന് ശേഷം അദ്ദേഹം ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ട്.  ഫോണ്‍ വിളിച്ച് ഞങ്ങളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാറുണ്ട്. 

സിനിമകളൊന്നും ബാക്കിവയ്ക്കാതെ പോയി

ഡാഡിച്ചന്‍ പോയത് സിനിമകളൊന്നും ബാക്കി വയ്ക്കാതെയാണ് ഡാഡിച്ചന്‍ പോയത്. റിങ്‌ടോണ്‍ എന്ന സിനിമയില്‍ ഡബ്ബിങ് ചെയ്യാന്‍ ഉണ്ടായിരുന്നു. പക്ഷേ അഭിനയിക്കാന്‍ ഒന്നും ബാക്കി വച്ചില്ല. മരിയ്ക്കുന്നതിനും മുന്‍പ് എല്ലാം തീര്‍ത്തു വച്ചിരുന്നു. 

രാജന്‍ പി.ദേവിന്റെ മകന്‍ എന്ന മേല്‍വിലാസം എനിക്കഭിമാനം, അഹങ്കാരം എന്ന് വിളിച്ചാലും കുഴപ്പമില്ല

jubil rajan p dev
ജുബില്‍ രാജന്‍ പി.ദേവ്‌

രാജന്‍ പി.ദേവിന്റെ മകനാണെന്ന പ്രിവില്ലേജ് എനിക്ക് എല്ലായിടത്തും ലഭിച്ചിരുന്നു. ഇപ്പോഴും അതിന് മാറ്റമില്ല. ഞാന്‍ സിനിമയില്‍ വന്നതു പോലും ഡാഡിച്ചന്റെ പേരിലായിരുന്നു. സ്‌കൂള്‍ മുതല്‍ കോളേജ് കാലഘട്ടം വരെ രാജന്‍ പി. ദേവിന്റെ മകന്‍ എന്ന പരിഗണന എനിക്ക് ലഭിച്ചിരുന്നു. അങ്ങനെ പറയാന്‍ അഭിമാനം മാത്രമേയുള്ളൂ. എന്റെ മുഖത്ത് ആദ്യമായി ക്യാമറ വച്ചത് ഡാഡിച്ചനാണ്. ദൂരദര്‍ശനിലെ പതിതര്‍ക്ക് മോചനം എന്ന ടെവിഫിലിമിനു വേണ്ടി.

സിനിമയില്‍ വരണം എന്നൊന്നും പറഞ്ഞ് അദ്ദേഹം ഞങ്ങളെ നിര്‍ബന്ധിച്ചിട്ടില്ല. നന്നായി പഠിക്കണം എന്ന കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലായിരുന്നു. ഞാന്‍ പ്ലസ്ടുവിന് പഠിച്ചത് കൊമേഴ്‌സ് ആണ്. പിന്നീട് ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ് പഠിക്കാന്‍ തമിഴ്‌നാട്ടില്‍ പോയി. പിന്നീട് തേവര കോളേജില്‍ പോയി ഡിഗ്രി പഠിച്ചു. ആ സമയത്ത് കേരളത്തില്‍ എം.ബി.എ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു. ലണ്ടനില്‍ പോയി ബിസിനസ് മാനേജ്‌മെന്റ് പഠിക്കണം എന്ന് പറഞ്ഞപ്പോള്‍ ഡാഡിച്ചന്‍ സമ്മതിച്ചു. അങ്ങനെ എല്ലാ ആഗ്രഹങ്ങള്‍ക്കും ഒപ്പം നിന്ന അപ്പനായിരുന്നു അദ്ദേഹം. എനിക്ക് സഹസംവിധായകനായി സിനിമയില്‍ കയറണം എന്നു പറഞ്ഞപ്പോള്‍ ഡാഡിച്ചന്‍ പറഞ്ഞു, 'നീ ആദ്യം പഠനം പൂര്‍ത്തിയാക്കൂ, ഞാന്‍ ആരോടെങ്കിലും സംസാരിക്കാം'. അതുപോലെ ഒരുപാട് യാത്ര ചെയ്യാന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍ പോകുക, അവിടുത്തെ ആളുകളെയും സംസ്‌കാരത്തെയും അടുത്തറിയുക. അതെല്ലാം യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകളേക്കാള്‍ ജീവിതത്തില്‍ ഗുണം ചെയ്യുമെന്നാണ് ഡാഡിച്ചന്റെ പക്ഷം. 2000 ആയപ്പോള്‍ ഡാഡിച്ചന്‍ സിനിമകള്‍ ചെയ്യുന്നത് കുറച്ചു. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് രാജ്യങ്ങളില്‍ പോയിട്ടുണ്ട്. 

ഡാഡിച്ചന്‍ പറയുമായിരുന്നു, ''കള്ളം പറയുകയാണെങ്കിലും അതിനോട് നീതി പുലര്‍ത്തണം''

aniyan bava chettan bava
അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തില്‍ രാജന്‍ പി.ദേവും നരേന്ദ്ര പ്രസാദും

കമ്മിറ്റ്‌മെന്റ് എന്ന വാക്കിന്റെ അര്‍ഥമാണ് ഞാന്‍ ഡാഡിച്ചനില്‍നിന്ന് പഠിച്ച പാഠം. എന്തു ചെയ്യുകയാണെങ്കിലും അതിനോട് നൂറ് ശതമാനം നീതി പുലര്‍ത്തണം എന്ന് അദ്ദേഹം എന്നോട് പറയാറുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ ഒരു സിനിമയുടെ സെറ്റില്‍ നേരത്തേ ചെന്നു. അപ്പോള്‍ ഒരു പ്രൊഡക്ഷന്‍ ബോയ് ചോദിച്ചു, 'ചേട്ടന്‍ എന്തിനാണ് ഇത്രയും നേരത്തേ വന്നത്, ആളുകള്‍ എല്ലാവരും വന്നു തുടങ്ങുന്നേയുള്ളൂ' എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, എന്റെ കയ്യില്‍ നിന്ന് കോള്‍ ഷീറ്റ് വാങ്ങിയത് സമയത്തിന് വരാനാണ്, 10 മണിക്ക് ഷൂട്ട് പറഞ്ഞാല്‍ 9 30 യ്ക്ക് ഞാന്‍ എത്തും. ഞാന്‍ കാരണം ഷൂട്ട് വൈകരുത്. ഡാഡിച്ചന്‍ പറയും, 'നമ്മള്‍ കള്ളം പറയുകയാണെങ്കിലും അതിനോട് നീതിപുലര്‍ത്തണം' എന്ന്. 

എനിക്കിഷ്ടം ഇന്ദ്രജാലത്തിലെ കാര്‍ലോസിനെ 

carlos
ഇന്ദ്രജാലത്തിലെ കാര്‍ലോസ്‌

ഡാഡിച്ചന്റെ സിനിമകളില്‍ ഏറ്റവും ഇഷ്ടം ഏതാണെന്ന് ചോദിച്ചാല്‍ എനിക്ക് പെട്ടന്ന് പറയാന്‍ സാധിക്കില്ല. മമ്മിക്ക് ഏറ്റവും ഇഷ്ടം തൊമ്മനും മക്കളും, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങളാണ്. എനിക്കിഷ്ടം ഇന്ദ്രജാലത്തിലെ കാര്‍ലോസിനെയാണ് ആണ്. മലയാളത്തിലെ വില്ലന്‍ വേഷങ്ങളുടെ ഗതി മാറ്റിയ ഒരു വില്ലനായിരുന്നു കാര്‍ലോസ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വളരെ സരസനായ വില്ലന്‍. പിന്നെ കരുമാടി കൂട്ടനിലെ നീലകണ്ഠന്‍ മുതലാളിയാണ്. 

rajan p dev meme
സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന രാജന്‍ പി ദേവിന്റെ മീമുകള്‍
(ഛോട്ടാ മുംബൈ എന്ന ചിത്രത്തിലെ രംഗങ്ങള്‍)

Content Highlights: Rajan P Dev Actor 10th death anniversary, son Jubil Rajan P Dev shares memory of father, Indrajalam carlos,Thommanum Makkalum, Tamil, Telugu, kannada, Movies