സിനിമയുടെ വ്യാജപതിപ്പുകള്‍ക്കെതിരേ സംവിധായകന്‍ റഫീക്ക് സീലാട്ട്. അദ്ദേഹം സംവിധാനം ചെയ്ത ജാക്കി ഷെരീഫ് എന്ന ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. തൊട്ടുപിന്നാലെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രം അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായി. ഇത് കനത്ത തിരിച്ചടിയായി മാറിയെന്ന് റഫീക്ക് സീലാട്ട് മാതൃഭൂമി ഡോട്ട്‌ കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചെറിയ ചിത്രങ്ങളുമായി വരുന്ന തങ്ങളെപ്പോലുള്ളവര്‍ക്ക് ഇതിനെ അതിജീവിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

'സംവിധായകന്‍ ജയരാജിന്റെ റൂട്ട്‌സ് എന്റര്‍ടൈന്‍മെന്റിലാണ് ജാക്കി ഷെരീഫ് റിലീസ് ചെയ്തത്. ചിത്രം കണ്ടവര്‍ എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍ റിലീസ് ചെയ്തതിന്റെ പിറ്റേന്ന് വ്യാജപതിപ്പുകള്‍ ഇറങ്ങി. എനിക്ക് പരിചയമുള്ള വിദ്യാസമ്പന്നനായ ഒരാള്‍ എന്നെ വിളിച്ചു പറഞ്ഞു, സിനിമ കണ്ടിരുന്നു കൊള്ളാം, പക്ഷേ ക്ലാരിറ്റി ഇല്ലെന്ന്. എവിടെയാണ് കണ്ടത് എന്ന് ചോദിച്ചപ്പോള്‍ ടെലിഗ്രാമില്‍ എന്നായിരുന്നു മറുപടി. ഇത്രയും വിവരമുള്ള ഒരാള്‍ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനായില്ല. 

ഈ ചിത്രത്തില്‍ സൂപ്പര്‍താരങ്ങളില്ല, എന്തിന് സിനിമയിലെ രണ്ടാം നിരയിലുള്ള താരങ്ങള്‍ പോലുമില്ല. മിക്കവരും പുതുമുഖങ്ങളാണ്. അഭിനേതാക്കള്‍ മാത്രമല്ല, അണിയറ പ്രവര്‍ത്തകരും. അതുകൊണ്ടു തിയേറ്റര്‍ റിലീസ് ഏറെ ദുഷ്‌കരമാണ്. കോവിഡ് പ്രതിസന്ധിയില്‍ അതിനുള്ള സാധ്യതയില്ല. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ മാത്രമാണ് ആശ്രയം. സൂപ്പര്‍താര ചിത്രങ്ങള്‍ നിര്‍മാതാവ് പറയുന്ന തുകയ്ക്ക് വിറ്റുപോകുകയാണ് ചെയ്യുന്നത്.

അതുകൊണ്ട് തന്നെ വ്യാജ പതിപ്പ് വരുമ്പോള്‍ വലിയ നഷ്ടം സംഭവിക്കുകയില്ല. എന്നാല്‍ ചെറിയ സിനിമകള്‍ക്ക് കാഴ്ചക്കാരുടെ എണ്ണത്തിന് ആനുപാതികമായ തുകയാണ് ലഭിക്കുക. വ്യാജ പതിപ്പുകള്‍ ഇറങ്ങുന്ന സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്രപേര്‍ വന്ന് സിനിമ കാണാന്‍ മെനക്കെടും? ലാഭത്തെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നില്ല. എന്നാല്‍ മുടക്കിന്റെ പകുതിയെങ്കിലും ഞങ്ങള്‍ അര്‍ഹിക്കുന്നില്ലേ? ഞങ്ങളെപ്പോലുള്ളവരെ ദയവായി ആത്മഹത്യയിലേക്ക് തള്ളിവിടരുത്. ദയവായി വ്യാജപതിപ്പുകള്‍ കാണരുതെന്ന് പ്രേക്ഷകരോട് ഞാന്‍ അപേക്ഷിക്കുകയാണ്.

വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. തിരക്കഥാകൃത്തായി ഒട്ടേറെ സിനിമകള്‍ ചെയ്തു. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് സംവിധായകന്റെ വേഷത്തില്‍  സിനിമ ചെയ്യുന്നത്. പുതിയ ആളുകളെ വച്ച് സിനിമ ചെയ്തത് മനപൂര്‍വ്വമായിരുന്നു. സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ല, കഴിവുള്ളവരെ സിനിമയിലേക്ക് കൊണ്ട് വരണം എന്ന സദുദ്ദേശത്തോടെയാണ്. വളരെ കുറഞ്ഞ മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയത്. ഇപ്പോള്‍ വേണ്ടത്ര പ്രോത്സാഹനം പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എങ്കില്‍ ചെറിയ സിനിമകള്‍ ചെയ്യാന്‍ എല്ലാവരും മടിക്കും. അതുകൊണ്ടാണ് പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്ന് ആവര്‍ത്തിച്ച് പറയുന്നത്'- റഫീക്ക് സീലാട്ട് പറയുന്നു.

Content Highlights: Rafeeq Seelatt seelat interview, talks against Piracy, Jackie Sheriff Malayalam Movie, OTT release