റായ് ലക്ഷ്മിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തെന്നിന്ത്യയിലെ മറ്റു ഭാഷകളില്‍ അഭിനയിച്ചതിന് ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നതെങ്കിലും ചുരുങ്ങിയ വേഷങ്ങള്‍ കൊണ്ടുതന്നെ ശ്രദ്ധേയയാകാന്‍ ലക്ഷ്മി റായ് എന്ന റായ് ലക്ഷ്മിയ്ക്കായി. കുറച്ചുകാലമായി മലയാളത്തില്‍ കാണുന്നില്ലെങ്കിലും തമിഴിലും തെലുഗുവിലും ലക്ഷ്മി സജീവമായിരുന്നു. ബോളിവുഡില്‍ നായികയായി അരങ്ങേറുന്നതിന്റെ ത്രില്ലിലാണ് റായ് ലക്ഷ്മി ഇപ്പോള്‍. നായികാ പ്രധാന്യമുള്ള 'ജൂലി 2വില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് റായ് ലക്ഷ്മി അവതരിപ്പിക്കുന്നത്. ജൂലിയെക്കുറിച്ചുള്ള പ്രതീക്ഷകളും അതിനുവേണ്ടിവന്ന പ്രയത്നത്തെ കുറിച്ചും പുതിയ പ്രൊജക്ടുകളെ കുറിച്ചുമെല്ലാം മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് ലക്ഷ്മി.
അത് ധീരമായ തീരുമാനം
എന്റെ ജീവിതത്തിലെ ഏറ്റവും ബോള്‍ഡായ റോളാണ് ജൂലി 2വിലേത്. ചിത്രത്തില്‍ അഭിനയിക്കാമെന്ന് തീരുമാനിച്ചതും ഒരു ധീരമായ തീരുമാനമായിരുന്നു. ഗ്ലാമര്‍ വേഷമെന്നതിലുപരി ഗൗരവതരമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ജൂലി. സ്ത്രീകളെയും അവരുടെ പ്രശ്നങ്ങളെയും നേരിട്ട് അഭിമുഖീകരിക്കുന്ന ചിത്രമാണിത്. ഗ്ലാമര്‍ നിറഞ്ഞ കഥാപാത്രത്തിനൊപ്പം അത്തരമൊരു സന്ദേശവും നല്കുന്നു എന്നതാണ് എന്നെ ജൂലിയിലേക്ക് ആകര്‍ഷിച്ച ഘടകം. ഒരു കഥാപാത്രത്തില്‍ തന്നെ ഇത്തരത്തില്‍ രണ്ട് കാര്യങ്ങളും ഒന്നിക്കുന്നത് അത്ര സാധാരണമായ കാര്യമല്ല.
ബോള്‍ഡ് റോളുകളെന്ന പേരില്‍ മേനി പ്രദര്‍ശനം മാത്രം നടത്തുന്ന ധാരാളം പേരുണ്ട്. ജൂലിയുടെ കാര്യത്തില്‍ അവളുടെ ബോള്‍ഡ്നെസ്സിന് പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും അത്തരത്തില്‍ ബോള്‍ഡായ ഒരു കഥാപാത്രം ചെയ്ത് അതെങ്ങനെ വരുന്നെന്നറിയാന് ആഗ്രഹമുണ്ടായിരുന്നു. ഇതെന്റെ ഏറ്റവും ശക്തമായ തീരുമാനങ്ങളിലൊന്നാണ്. അത് നന്നായി വന്നിട്ടുണ്ടെന്നാണ് പ്രതീക്ഷ.
ഇത്തരം സിനിമകള്‍ പല രീതികളില്‍ വരുന്നുണ്ട്. എന്നാല്‍ ജൂലി കാമമെന്ന വികാരത്തെ മാത്രം വിഷയമാക്കിയവയുടെ ഗണത്തില്‍ വരില്ല. ജൂലിയുടെ ടൈറ്റിലിനടിയില് വരുന്ന 'ബോള്‍ഡ്, ബ്യൂട്ടിഫുള്‍ ആന്‍ഡ് ബ്ലെസ്സ്ഡ്' എന്നീ മൂന്ന് കാര്യങ്ങളും ഈ സിനിമയില്‍ വരുന്നുണ്ടെന്ന് നിങ്ങള്‍ക്കീ ചിത്രം കാണുമ്പോള്‍ മനസ്സിലാകും.
ഇത് റായ് ലക്ഷ്മിയല്ല ജൂലിയാണ് എന്ന് കരുതിയാണ് പല രംഗങ്ങളും ചെയ്തത്
ജൂലി എന്ന കഥാപാത്രം എനിക്കൊരു വെല്ലുവിളി തന്നെയായിരുന്നു. ശാരീരികമായും മാനസികമായും ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. കഥാപാത്രത്തിനായി ആദ്യം എനിക്ക് ഭാരം കുറയ്ക്കുകയും പിന്നീട് കൂട്ടുകയും വേണ്ടിവന്നു. സംവിധായകന്റെ ഭാവനയിലുള്ള ജൂലിയുടെ മനോനിലയുമായി പൊരുത്തപ്പെടുക എന്നതായിരുന്നു മാനസികമായി നേരിട്ട വെല്ലുവിളി.
ഒരു പെണ്‍കുട്ടിക്ക് ഇത് ചെയ്യേണ്ടതുണ്ടോ എന്ന് തോന്നിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍, ജൂലിയുടെ അവസ്ഥ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ അവ ആവശ്യമായിരുന്നു. അത്തരം സീക്വന്‍സുകള്‍ ചെയ്യുക ഒട്ടും എളുപ്പമായിരുന്നില്ല. എനിക്കിത് ചെയ്യാനാവില്ല എന്ന ചിന്തയാണ് വ്യക്തിയെന്ന നിലയില്‍ എനിക്കുണ്ടായിരുന്നത്. ആ സീനുകള്‍ വീണ്ടും കാണുക എന്നത് ചിന്തിക്കാനാവാത്ത കാര്യമായിരുന്നു. അത്രയ്ക്കും മോശമായാണ് ആ സീനുകള്‍ എനിക്ക് തോന്നിയിരുന്നത്. എന്റെ നാണത്തിന്റെ എല്ലാ പരിധികളും കടന്നാണ് ഞാന്‍ ഈ കഥാപാത്രം ചെയ്തത്. ഇത് റായ് ലക്ഷ്മിയല്ല ജൂലിയാണ് എന്ന് കരുതിയാണ് സെറ്റില്‍ ആ രംഗങ്ങള്‍ ചെയ്തത്.
എന്നാല്‍, ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏതുതരത്തിലുള്ള റോളുകളും ചെയ്യാന്‍ നിങ്ങള്‍ സന്നദ്ധയായിരിക്കുക എന്നതാണ് പ്രധാനം. ഇത് നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടിയല്ല സിനിമയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാം. വ്യക്തിയെന്ന നിലയില്‍ എനിക്കുണ്ടായ ആശങ്കകള്‍ നീക്കിയത് ഈ ചിന്തയാണ്. സിനിമയില്‍ ആ രംഗങ്ങള്‍ കാണുമ്പോഴാണ്, ജൂലി അനുഭവിച്ച യാതനകള്‍ ആ രംഗങ്ങള്‍ എത്ര തീവ്രമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട് എന്ന് മനസ്സിലാകുന്നത്. ആ കഥാപാത്രത്തിന് വേണ്ടി ചെയ്ത അധ്വാനം ഫലവത്തായി എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.
എന്റെ ശരീരത്തെ കുറിച്ച് ലജ്ജിക്കാനൊന്നുമില്ല
ജൂലി തന്റെ ശരീരം പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് അവള് നല്കുന്ന ഒരു സന്ദേശം കൂടിയാണ്. 'എന്റെ ശരീരത്തെ കുറിച്ച് എനിക്ക് ലജ്ജിക്കാനൊന്നുമില്ല' എന്നാണ് അവള് വ്യക്തമാക്കുന്നത്. എന്നാല്‍, ആളുകള്‍ അതിനെ കാണുന്നത് മറ്റു പല രീതിയിലുമാണ്. സ്വന്തം ശരീരത്തില്‍ സ്ത്രീ നാണിക്കേണ്ടതില്ല എന്നതാണ് അത് യഥാര്‍ത്ഥത്തില്‍ കാണിക്കുന്നത്. അതില്‍ ഞാന്‍ അശ്ലീലമൊന്നും കാണുന്നില്ല. ശരിയായ രീതിയില്‍ ചെയ്താല്‍ ഗ്ലാമറസ് ആകുന്നതില്‍ തെറ്റൊന്നുമില്ല. ഗ്ലാമറസാവുക എന്നാല്‍ ശരീരപ്രദര്‍ശനം മാത്രമല്ല. നിങ്ങള്‍ അതിനെ എത്രമാത്രം കൈയടക്കത്തോടെ ചെയ്യുന്നു എന്നതുകൂടിയാണ്.
കഥാപാത്രത്തിനായി എന്തും ചെയ്യാം : പക്ഷേ, അതിലൊരു ലോജിക് വേണം
ഒരു കഥാപാത്രത്തിനായി അഭിനേതാവിന് എന്തും ചെയ്യാം. അഭിനേതാവിന്റെ ജോലി അതാണ്. ഇതാണ് ക്യാരക്ടര്‍, അതുകൊണ്ട് നിങ്ങള്‍ നഗ്നയാകണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ചെയ്യണമെന്നല്ല. ഒരു കാര്യം ചെയ്യാന്‍ സംവിധായകന് പറയുമ്പോള്‍ സിനിമയില്‍ അതിനൊരു ലോജിക് ഉണ്ടാകണം. ഒരു കാരണം വേണം. ഒരു കഥാപാത്രം നിങ്ങള്‍ സഗ്നയാകാന് ആവശ്യപ്പെടുന്നെങ്കില്‍ അത് ചെയ്യുകതന്നെ വേണം. അത് ചെയ്തില്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് ആ കഥാപാത്രം പിന്നീട് ചെയ്യുന്ന കാര്യങ്ങളില്‍ സത്യസന്ധത തോന്നില്ല. അവള് തങ്ങളെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നെന്നാകും അവര്‍ക്ക് തോന്നുക. ഇന്നത്തെ പ്രേക്ഷകരെ വിഡ്ഢിയാക്കാനാകില്ല.
ഒരു കഥാപാത്രത്തിന് വേണ്ടത് നിങ്ങള്‍ ചെയ്തേ മതിയാകൂ. നിങ്ങള്‍ക്ക് ലഭിക്കുന്ന കഥാപാത്രത്തെ ആത്മാര്‍ത്ഥതയോടെ അവതരിപ്പിക്കണം. പ്രേക്ഷകരെ ചതിക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. അഭിനേതാക്കളുടെ ജോലിയാണ് കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത്. ആരും അവരുടെ വ്യക്തിജീവിതമല്ല സ്ക്രീനില്‍ അവതരിപ്പിക്കുന്നത്.
കേരളത്തിലെ പ്രേക്ഷകരെ കുറിച്ച് ആശങ്കയില്ല
കേരളത്തിലെ പ്രേക്ഷകര്‍ ജൂലി എങ്ങനെ സ്വീകരിക്കും എന്നതിനെ കുറിച്ച് ആശങ്കയൊന്നുമില്ല. അവര്‍ എന്നെ സാരിയിലും ദാവണിയിലുമൊക്കെയാണ് കൂടുതലും കണ്ടിരിക്കുന്നത്. അവര്‍ക്ക് ജൂലിയിലെ റോള്‍ തികച്ചും വ്യത്യസ്തമായിരിക്കും. അവര്‍ക്കിത് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. പക്ഷേ, അത് ഞാന്‍ കാര്യമാക്കുന്നില്ല. ജൂലി ഞാന്‍ ചെയ്തതിന് പിന്നില്‍ ഒരു കാരണമുണ്ടെന്ന് അവര്‍ മനസ്സിലാക്കുമെന്നും ഇതൊരു കഥാപാത്രം മാത്രമാണെന്ന് അവര്‍ക്കറിയാമെന്നും എനിക്കുറപ്പാണ്. ഞാന്‍ വീണ്ടും സാരിയണിഞ്ഞ് കേരളത്തിലേക്ക് തിരിച്ചെത്തും.
കാസ്റ്റിങ് കൗച്ച് സിനിമയില്‍ മാത്രമല്ല
കാസ്റ്റിങ് കൗച്ച് ഏതെങ്കിലും ഒരു ഇന്‍ഡസ്ട്രിയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. സ്ത്രീകള്‍ എല്ല മേഖലയിലും ഈ പ്രശ്നം നേരിടുന്നുണ്ട്. സിനിമയില്‍ നിന്നും അത്തരം വാര്‍ത്തകള്‍ കൂടുതലായി പുറത്തുവരുന്നുണ്ട് എന്നുമാത്രം. അത്തരക്കാരെ ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായതോടെ ഇപ്പോള്‍ അത് വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, അത് പൂര്‍ണമായും ഒഴിവാക്കാവുന്ന ഒന്നല്ല. പ്രൊഫഷനെ ദുരുപയോഗം ചെയ്യുന്ന ധാരാളം ആളുകളുണ്ട്. അവര്‍ കാരണം ഞങ്ങളും പഴി കേള്‍ക്കേണ്ടിവരുന്നു. സിനിമാ മേഖലയില്‍ ധാരാളം നല്ല കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ആളുകള്‍ എപ്പോഴും മോശമായ കാര്യങ്ങളെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്.
നടിമാര്‍ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പറയുമ്പോള്‍ അത് സിനിമയില്‍ മാത്രം ഉള്ളതാണെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍, തങ്ങളുടെ ഭാവിയെയും കുടുംബത്തെയും കുറിച്ചോര്‍ത്ത് അതേക്കുറിച്ച് സംസാരിക്കാന്‍ ഭയക്കുന്ന പെണ്‍കുട്ടികള്‍ എല്ലാ മേഖലയിലുമുണ്ട്. അത്തരക്കാരെ ചൂണ്ടിക്കാണിക്കാന്‍ സ്ത്രീകള്‍ തയാറായാലേ ഇത്തരം ചൂഷണങ്ങള്‍ ഇല്ലാതാക്കാനാകൂ. ഇപ്പോള്‍, പെണ്‍കുട്ടികള്‍ ചുഷണങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ തയാറാകുന്നുണ്ട്. അത് ഗുണകരമാണ്.