സംവിധായകന്‍ പ്രിയദര്‍ശന്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍പേഴ്സണായി നിയമിക്കപ്പെട്ടപ്പോള്‍ അതു മലയാളസിനിമയ്ക്കുള്ള അംഗീകാരമായി. സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തമായ ബോധ്യങ്ങളുള്ള ഒരു ചലച്ചിത്രപ്രവര്‍ത്തകനെന്നനിലയില്‍ ജൂറി ചെയര്‍പേഴ്സണായുള്ള പ്രിയദര്‍ശന്റെ സ്ഥാനാരോഹണത്തിന് പലമാനങ്ങളുണ്ട്. അവയെക്കുറിച്ച് അദ്ദേഹം 'മാതൃഭൂമി'യോട് സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങള്‍

അപ്രതീക്ഷിതമായിരുന്നോ ഈ പദവിയിലേക്കുള്ള പ്രവേശം.
 

അപ്രതീക്ഷിതമായിട്ടാണ് ഇന്ത്യയുടെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍നിന്നുള്ള ഫോണ്‍ വന്നത്, ഡല്‍ഹിയില്‍ എത്താന്‍. ഈ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണോ എന്നറിയാനാണ് വിളിപ്പിച്ചത്. എന്നെപ്പോലുള്ള ഒരാള്‍ക്ക് ഇത് വലിയ ഒരാദരമാണ്. മുപ്പതുവര്‍ഷമായി ഈ മേഖലയിലെ പരിചയം, മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി തൊണ്ണൂറിലധികം സിനിമകള്‍ചെയ്ത പരിചയം, ദേശീയ അവാര്‍ഡ് എന്നിവയൊക്കെയായിരിക്കാം എന്നെ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കാന്‍ കാരണം. അതിനെ ഞാന്‍ മാനിക്കുന്നു. അതുകൊണ്ട് സന്തോഷപൂര്‍വം സ്വീകരിച്ചു.

പ്രിയദര്‍ശന്‍ ഒരു ജനപ്രിയ സംവിധായകനാണ്. സിനിമയെക്കുറിച്ചുള്ള താങ്കളുടെ ബോധ്യങ്ങളെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ ജൂറി ചെയര്‍പേഴ്സണ്‍ എന്നനിലയിലുള്ള താങ്കളുടെ വിധിനിര്‍ണയങ്ങളെക്കുറിച്ച് ആരെങ്കിലും സംശയിച്ചാല്‍.

 ഒരു സംശയത്തിന്റെയും ആവശ്യമില്ല. കാരണം ഞാന്‍ ഒരു സംവിധായകന്‍ എന്നതിലുപരി ഒരു സിനിമാ ആസ്വാദകനാണ്. സിനിമയെ ജീവനോളം ഇഷ്ടപ്പെടുന്ന ആളാണ്. ഏതു സിനിമയും ഒരു ആസ്വാദകന്റെ തലത്തില്‍നിന്നാണ് എപ്പോഴും ഞാന്‍ കണാറുള്ളത്. അതിവിടെയും തുടരും. മാത്രമല്ല, ഒരു സിനിമയുണ്ടാക്കാനുള്ള യത്‌നം എനിക്കറിയാം. എല്ലാ സിനിമയ്ക്കുപിറകിലും ഈ യത്‌നമുണ്ട്. അതില്‍ച്ചിലത് വിജയിക്കുന്നു, മറ്റുചിലത് പരാജയപ്പെടുന്നു എന്നുമാത്രം. നല്ല സിനിമ, ചീത്ത സിനിമ എന്നതരത്തിലല്ല ഞാന്‍ സിനിമകള്‍ കാണുക. എല്ലാം നല്ല സിനിമകള്‍ തന്നെയാണ്. നല്ല സിനിമകളില്‍നിന്ന് കൂടുതല്‍നല്ല സിനിമകള്‍ കണ്ടെത്താനായിരിക്കും ശ്രമം

പ്രിയദര്‍ശന്റെ രാഷ്ട്രീയനിലപാടുകള്‍ എല്ലാവര്‍ക്കുമറിയാം. സാംസ്‌കാരികരംഗത്ത് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിന്റെ പല നിലപാടുകളെക്കുറിച്ചും വിമര്‍ശനങ്ങള്‍ പലഘട്ടങ്ങളിലായി ഉയര്‍ന്നിട്ടുമുണ്ട്. പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദം താങ്കള്‍ക്കുണ്ടോ.

ഒരു സമ്മര്‍ദവുമില്ല. എനിക്കു നല്‍കിയ കത്തില്‍ പറഞ്ഞിരിക്കുന്നത് പക്ഷഭേദമില്ലാത്ത കണ്ണുകളോടെ സിനിമകള്‍ കാണണം എന്നാണ്. ഇനി അത്തരം സമ്മര്‍ദങ്ങള്‍ക്ക് ഞാന്‍ വഴങ്ങിയാല്‍ അത് എന്നോടുതന്നെ ചെയ്യുന്ന വഞ്ചനയായിരിക്കും. കാരണം, എനിക്ക് ജീവിതംതന്ന, എന്നെ നാലാളറിയുന്ന ഒരാളാക്കിയ കലയാണ് സിനിമ. അതില്‍ സ്വന്തം താത്പര്യവും രാഷ്ട്രീയവും കലര്‍ത്താന്‍ ഒരിക്കലും ഞാന്‍ തയ്യാറല്ല. എല്ലാ കാര്യത്തിലും ഞാന്‍ ഇപ്പോള്‍ സ്വതന്ത്രനാണ്. സിനിമ എന്ന കലയോടു മാത്രമായിരിക്കും എന്റെ പ്രതിബദ്ധത. 

'ഒപ്പം' എന്ന താങ്കളുടെ സിനിമ ഇത്തവണ മത്സരിക്കുന്നില്ല എന്നറിഞ്ഞു.

ഞാന്‍ ചെയര്‍പേഴ്സണ്‍ ആയ ജൂറിക്കുമുന്നില്‍നിന്ന് എന്റെ സിനിമ മാറ്റുക എന്നതല്ലേ ഞാന്‍ ആദ്യം ചെയ്യേണ്ട മര്യാദ.