ജീവിതത്തിന്റെ വഴിത്തിരിവുകൾ മാത്രമല്ല ചില വ്യക്തിബന്ധങ്ങളും അവർ തമ്മിലുള്ള മനഃശാസ്ത്രവും മുൻകൂട്ടി തീരുമാനിക്കപ്പെട്ടപോലെയാണ്. അല്ലെങ്കിൽ ആലപ്പുഴയിലും പത്തനംതിട്ടയിലും ജനിച്ച രണ്ടുപേർ തലസ്ഥാനനഗരിയിൽ വെച്ച് കണ്ടുമുട്ടുകയും ആദ്യം തർക്കിച്ചും, പിന്നീട് ചിരിച്ചും ചിരിപ്പിച്ചും ഒന്നായി വളർന്നുവലുതാകുകയും ചെയ്തതിനുപിന്നിലെ രഹസ്യമെന്താകും.?

മോഹൻലാലും പ്രിയദർശനും ഒന്നിക്കുമ്പോൾ അവിടെ മുൻപേ തയ്യാറാക്കിയ ചോദ്യങ്ങൾ ആവശ്യമില്ല. നാലുപതിറ്റാണ്ട് പിന്നിട്ട സ്നേഹവും സൗഹൃദവും സിനിമയുമെല്ലാം സംഭാഷണത്തിലേക്ക് സ്വാഭാവികതയോടെ കടന്നുവരും. അഭിമുഖത്തിനായി ഇരിക്കുമ്പോൾ നല്ല കേൾവിക്കാരനാകുക എന്നതാണ് പ്രധാനം.

പ്രിയദർശനൊപ്പം മോഹൻലാലിന്റെ വീട്ടിൽ ഒരു പകൽ. തിരക്കിന്റെ അകമ്പടിയില്ലാത്ത ദിവസങ്ങൾ, സ്നേഹം പുതച്ച ആരാധനയും ആൾക്കൂട്ടവും ചുറ്റുമില്ല. പ്രദർശനത്തിനൊരുങ്ങിയ കുഞ്ഞാലിമരക്കാർ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് തുടങ്ങിയ സംസാരം, പിന്നീട് വിജയചിത്രങ്ങളുടെ പിന്നാമ്പുറകഥകളിലേക്കും കുടുംബവിശേഷങ്ങളിലേക്കുമെല്ലാം കടന്നു... അപ്പോഴും സംഭാഷണങ്ങൾക്ക് കൂട്ടായി സിനിമയുടെ വെള്ളിവെളിച്ചം ഒപ്പമുണ്ടായിരുന്നു.

lal

തിയേറ്ററുകളെ ഇളക്കിമറിച്ച ലാൽ പ്രിയൻ സിനിമകൾ, കഥപിറന്ന വഴികൾ,
അണിയറവിശേഷങ്ങൾ, ക്യാമറയ്ക്കുമുന്നിൽ പിറന്നുവീണ ഹിറ്റ് ഡയലോഗുകൾ, കളിപറച്ചിലുകൾ കളിയാക്കലുകൾ... ജഗതിയെ അടിച്ചിരുത്തി ശങ്കരാടിൽ കൈയിൽ നിന്നെടുത്തുവീശിയ തിരക്കഥയിലില്ലാത്ത ആ ഡയലോഗ്, ഹോങ്കോങ്ങിൽ നിന്ന് എഡിറ്റുചെയ്ത് കൊണ്ടുവന്ന കാലാപാനിയിലെ വിലകൂടിയ സീൻ, സ്റ്റുഡിയോയി ഡയലോഗ് പറയാനാകാതെ വിയർത്തിരുന്ന പപ്പുവിനെ ലാൽ സഹായിച്ച കഥ, എഴുതി പൂർത്തിയാക്കിയ തിരക്കഥയുമായി പ്രിയദർശൻ സംവിധാനംചെയ്ത ആദ്യ ലാൽ ചിത്രത്തിന്റെ ഓർമ, പ്രിയദർശൻ സ്വന്തം പോക്കറ്റടിക്കുന്ന സംവിധായകനാണെന്ന ലാലിന്റെ നിരീക്ഷണം, അടിച്ചുപിരിയാതെ നാലുപതിറ്റാണ്ട് മുന്നോട്ടുപോയ സൗഹൃദത്തിനുപിന്നിലെ രഹസ്യം... സന്ധ്യ കനക്കുവോളം നീണ്ട സംസാരത്തിൽ ഒരിടത്തും വിഷയദാരിദ്ര്യം വില്ലനായില്ല..

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പൂർത്തിയായ 'കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം'- എന്ന സിനിമയുടെ വിശേഷങ്ങൾ വന്നുകൊണ്ടിരിക്കുമ്പോഴാണ് ലോക്ഡൗൺ സംഭവിക്കുന്നത്. ചിത്രത്തിന്റെ അണിയറയിലെ വിശേഷങ്ങൾ ഇനിയുമേറെ പറയാനുണ്ടല്ലോ...

മോഹൻലാൽ :വലിയ കാൻവാസിൽ അവതരിപ്പിക്കേണ്ട കഥയാണ് കുഞ്ഞാലിമരക്കാർ. മുൻകൂട്ടിയൊരു ബജറ്റ് നിശ്ചയിച്ച് ചിത്രീകരണം ആരംഭിക്കാൻ കഴിയില്ലെന്ന് ചർച്ചകളുടെ തുടക്കത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു.
വിശ്വാസ്യയോഗ്യമായി പറഞ്ഞുഫലിപ്പിക്കാനാവശ്യമായ ഘടകങ്ങളെല്ലാം ഒത്തുവന്നാൽ മാത്രം, ചിത്രീകരണം തുടങ്ങിയാൽ മതിയെന്ന് തീരുമാനിച്ചിരുന്നു.

'കാലാപാനി' കഴിഞ്ഞ സമയത്താണ് കുഞ്ഞാലിമരക്കാരുടെ ചിന്ത വരുന്നത്. സിനിമയ്ക്കുപുറകിലെ ടെക്നിക്കൽ വിഭാഗം ഇന്നത്തേതുപോലെ വികസിച്ച കാലമായിരുന്നില്ല അത്. കഥയ്ക്ക് കൂട്ടായി ടെക്നിക്കൽ പെർഫക്ഷൻ ആവശ്യമുള്ള ഒരുപാട് രംഗങ്ങളുണ്ട്. ആഗ്രഹിച്ച തലത്തിൽ കടലും കപ്പൽ യുദ്ധങ്ങളുമെല്ലാം അവതരിപ്പിക്കാൻ അനുകൂല സാഹചര്യങ്ങൾ ഒത്തുവരുന്നതുവരെ കാത്തിരുന്നു.

പ്രിയദർശൻ: സ്ക്രീനിൽ അവതരിപ്പിച്ച് ഫലിപ്പിക്കാൻ ഏറ്റവും പ്രയാസമുള്ള രണ്ട് കാര്യങ്ങൾ വാട്ടർ ആൻഡ് ഫയർ ആണ്. ഇവ രണ്ടും ഗ്രാഫിക്സിൽ ചെയ്തെടുക്കുകപോലും പ്രയാസമാണ്. അമേരിക്കയിലെ സിനിമക്കാർവരെ ഓസ്ട്രിയ, ഹങ്കറി എന്നിവിടങ്ങളിൽ നിന്നെല്ലാമാണ് ആവശ്യമായ സോഫ്റ്റ്വേറുകൾ വാങ്ങുന്നത്. വളരെ കുറച്ചാളുകളേ ഈ മേഖലയിൽ പ്രൊഫഷണലായുള്ളൂ. നമ്മളും അവിടെനിന്നാണ് സോഫ്റ്റ്വേറുകൾ വാങ്ങിയത്. കുഞ്ഞാലിമരക്കാരിൽ വെള്ളവും തീയും നിറഞ്ഞ രംഗങ്ങൾ ഒരുപാടുണ്ട്. പ്രയാസപ്പെട്ടാണെങ്കിലും കൃത്യതയോടെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് വിഷ്വലുകളാണ്.

മോഹൻലാൽ : കുഞ്ഞാലിമരക്കാർ കടലിൽ പടനയിച്ച് യുദ്ധംചെയ്ത ആളാണ്. അത്തരം രംഗങ്ങൾ ഒഴിവാക്കി ആ കഥ പറയാൻ കഴിയില്ല. അതുകൊണ്ട് സന്ദർഭങ്ങളുടെയും കഥാപാത്രങ്ങളുടെയും പൂർണത പ്രദർശിപ്പിക്കാനാവശ്യമായ സാധ്യതകളെല്ലാം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
മുൻസിനിമകളെല്ലാം ഒരുക്കിയപോലെ വളരെ റിലാക്സ്ഡായാണ് ഞങ്ങൾ കുഞ്ഞാലിമരക്കാരിലേക്കും ഇറങ്ങിയത്. എന്നാൽ, ചിത്രീകരണം തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമാകില്ലെന്ന് മനസ്സിലായത്. നിരവധി പ്രതിസന്ധികളെ വകഞ്ഞുമാറ്റിയാണ് ചിത്രം പൂർത്തിയാക്കിയത്.
ഒരുപാടുപേരുടെ ഒരുപാട് ദിവസത്തെ പ്രയത്നം ഈ സിനിമയ്ക്ക് പുറകിലുണ്ട്.
അതുകൊണ്ടുതന്നെ ചിത്രം കൃത്യമായി പ്രേക്ഷകരിൽ എത്തിക്കേണ്ടതുണ്ട്. റിലീസിങ് മുടങ്ങിയതിനെക്കുറിച്ചോ ചിത്രത്തിന്റെ ഭാവി ഓർത്തോ ആശങ്കകളില്ല. എത്രയും പെട്ടെന്ന് ലോകം കൊറോണഭീതിയിൽ നിന്ന് പുറത്തുവരട്ടെ എന്നതാണ് പ്രാർഥന.

പ്രിയദർശൻ: കാലാപാനി എഴുപത്തിരണ്ട് ദിവസംകൊണ്ടാണ് ചിത്രീകരിച്ചതെങ്കിൽ കുഞ്ഞാലിമരക്കാർ 102 ദിവസമാണ് ഷൂട്ട് ചെയ്തത്. ചിത്രീകരണത്തിനുശേഷം ഒരുവർഷത്തിലധികമെടുത്താണ് മറ്റ് ജോലികൾ പൂർത്തിയാക്കിയത്. ഇന്നെനിക്ക് അഭിമാനത്തോടെ പറയാനാകും ലോകസിനിമയ്ക്കുമുന്നിൽ മലയാളത്തിന് തലയുയർത്തിനിൽക്കാൻ വകനൽകുന്ന സിനിമയാകും കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം.

കുഞ്ഞാലിമരക്കാരെ വിമർശിച്ചുകൊണ്ടുവന്ന ചില കമന്റുകൾ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ..., മരക്കാരുടെ തലപ്പാവിൽ ഗണപതി എന്നതായിരുന്നു അതി പ്രധാനം.

മോഹൻലാൽ : കുഞ്ഞാലിമരക്കാരെക്കുറിച്ചുമാത്രമല്ല, മുൻപ് പ്രിയൻ സംവിധാനം ചെയ്ത 'ഒപ്പം' സിനിമയുടെ പോസ്റ്റർ പുറത്തുവന്നപ്പോഴും സമാനമായി ചില കമന്റുകൾ വന്നിരുന്നു. കണ്ണുകാണാത്തവന്റെ കൈയിലെന്തിനാണ് വാച്ച് എന്നാണ് അന്ന് ചിലർ ചോദിച്ചത്. പടം ഇറങ്ങുന്നതോടെ അതെല്ലാം അപ്രസക്തമായി.
അന്വേഷണങ്ങളിലൂടെയും പഠനത്തിലൂടെയും കണ്ടെത്തിയ വസ്തുതകൾ മുൻനിർത്തിയും ചില യുക്തികളും അതിലേറെ ഭാവനയും ചേർത്തുവെച്ചാണ് തിരക്കഥ പൂർത്തിയാക്കിയിരിക്കുന്നത്.

പ്രിയദർശൻ:തലപ്പാവിൽ കാണുന്ന ചിഹ്നം ഗണപതിയുടെതല്ല, ആനയാണത്. സാബുസിറിലിന്റെ ചിന്തയിലാണ് അത്തരത്തിലൊരു രൂപം പിറന്നത്. സാമൂതിരിയുടെ കൊടിയടയാളം എന്താണെന്ന് ആർക്കും അറിയില്ല. ഒരുപാട് അന്വേഷിച്ചെങ്കിലും എവിടെനിന്നും യഥാർഥ വിവരം ലഭിച്ചില്ല. രാജാവിന് ഒരു കൊടിയടയാളം ഉണ്ടാകുമല്ലോ..., അതെന്താണെന്ന ചിന്തയുമായി മുന്നോട്ടുപോയപ്പോഴാണ് ആനയും ശംഖും ചേർന്ന കേരളസർക്കാർ മുദ്ര ശ്രദ്ധയിൽപ്പെട്ടത്.

അത്തരമൊരു അടയാളം എങ്ങനെ വന്നിരിക്കുമെന്ന ആലോചനയിൽ, ആന വടക്കുഭാഗത്തെയും ശംഖ് തെക്കുഭാഗത്തെയും പ്രതിനിധീകരിച്ചെത്തിയതായേക്കാമെന്ന ധാരണ ശക്തമായി.
സാമൂതിരിയുടെ കൊട്ടാരങ്ങളിലെല്ലാം നിറയെ കാണുന്ന ആനതന്നെയാകാം അദ്ദേഹത്തിന്റെ രാജചിഹ്നമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചു. പടത്തലവൻ കുഞ്ഞാലിമരക്കാർക്ക് സാമൂതിരി സമ്മാനിച്ച രാജമുദ്ര ആനയുടെതാകാം എന്ന തീരുമാനത്തിലെത്തി. ലാൽ സൂചിപ്പിച്ചപോലെ ചില യുക്തികളും അതിലേറെ ഭാവനയുമെല്ലാം ചേർന്ന് പറയുന്ന കഥയാണിത്.

കഥാപാത്രമാകാൻ മുന്നൊരുക്കങ്ങളൊന്നും നടത്താറില്ലെന്ന് മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എങ്കിലും, കുഞ്ഞാലിമരക്കാരുടെ കാര്യത്തിൽ വ്യത്യസ്തമായെന്തെങ്കിലും നടന്നിരുന്നോ...?

മോഹൻലാൽ : ഇല്ല, കഥാപാത്രങ്ങൾക്കായി അങ്ങനെ മുന്നൊരുക്കങ്ങളൊന്നും നടത്താറില്ല എന്നത് സത്യമാണ്. കുഞ്ഞാലിമരക്കാരെ അവതരിപ്പിക്കാൻ, അദ്ദേഹത്തെക്കുറിച്ച് പഠിക്കാൻ ആരെയാണ് മാതൃകയാക്കേണ്ടത്. എല്ലാ സിനിമകളിലേയുംപോലെ അഭിനയിക്കേണ്ട ഭാഗം കഴിയാവുന്നത്ര ഭംഗിയായി അവതരിപ്പിക്കാൻ ശ്രമിച്ചുവെന്നുമാത്രം.

പ്രിയദർശൻ എന്ന സംവിധായകനെ വിശ്വസിച്ചാണ് കുഞ്ഞാലിമരക്കാർ സിനിമയിലേക്കിറങ്ങുന്നത്. മലയാളത്തിനകത്തും പുറത്തും എത്രയോ സിനിമകൾ ചെയ്ത പ്രിയന് എടുക്കാൻപോകുന്ന സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.

അണിയറപ്രവർത്തനങ്ങളിലൊന്നും യാതൊരു സംശയത്തിനും വകനൽകാതെയാണ് അദ്ദേഹമത് ചിത്രീകരിച്ചത്. പ്രിയനെ വിശ്വസിച്ചാണ് ഞാനും ആന്റണിയുമെല്ലാം കുഞ്ഞാലിമരക്കാരുടെ ഭാഗമായത്.

lal

പ്രിയദർശൻ: മോഹൻലാലിനെപ്പോലൊരു നടൻ നമ്മളെ വിശ്വസിച്ച് നൂറിലധികം ദിവസം നൽകാൻ തയ്യാറായി വരുമ്പോൾ എന്റെ ഉത്തരവാദിത്വം കൂടൂം, അതുകൊണ്ടുതന്നെ ചിട്ടയോടെ കാര്യങ്ങൾ ഒരുക്കാൻ നിർബന്ധിതനായി.

സ്കൂൾപഠനകാലത്താണ് കുഞ്ഞാലിമരക്കാരുടെ കഥ മനസ്സിലേക്കെത്തുന്നത്. വൈദേശികരോട് യുദ്ധംചെയ്യുന്ന, കടലിൽ ജാലവിദ്യ കാണിക്കുന്ന വീരയോദ്ധാവിന്റെ ചിത്രം കുട്ടിക്കാലം മുതൽക്കുതന്നെ മനസ്സിലുണ്ടായിരുന്നു. പക്ഷേ, പൂർണമായൊരു കഥ എവിടെയും കണ്ടില്ല. പഴയകാലം പുനഃസൃഷ്ടിച്ച് സിനിമ ഒരുക്കുമ്പോൾ ഒരുപാടുകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വേഷവിധാനവും ഭാഷയുമെല്ലാം ഏറെ ചർച്ചചെയ്ത് തീരുമാനിച്ചതാണ്. കേരളത്തിലങ്ങളോളമിങ്ങോളമുള്ള മലയാളികൾക്ക് മനസ്സിലാകുന്ന ഭാഷയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മരക്കാരുടെ വേഷത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ അക്കാലത്തെ മലബാറിലെ പുരുഷൻമാരുടെ പൊതുവേഷം കൈലിമുണ്ടാണെന്ന് മനസ്സിലായി. എന്നാൽ കൈലി ഉടുത്ത് യുദ്ധംചെയ്യാൻ പ്രയാസമാണ്. കൈയും കാലും അനായാസം ചലിപ്പിക്കാൻ പാകത്തിലുള്ള വസ്ത്രധാരണമാണ് യുദ്ധമുഖത്ത് വേണ്ടതെന്ന് തീരുമാനിച്ചു.

രക്ഷാകവചത്തെക്കുറിച്ചാലോചിച്ചപ്പോൾ യുദ്ധത്തിൽ പുറകിൽ നിന്നും വശങ്ങളിൽ നിന്നുമെല്ലാം ആക്രമണം ഉണ്ടാകാം. അതിനനുസരിച്ചുള്ള പടച്ചട്ടകൾ അണിയുമെന്നുറപ്പാണ്. അത്തരം യുക്തികളെ മുൻനിർത്തിയാണ് വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയത്.

griha
​ഗൃഹലക്ഷ്മി വാങ്ങാം

മോഹൻലാൽ : സാമൂതിരിയും കുഞ്ഞാലിമരക്കാരും തമ്മിൽ തെറ്റുന്നത് ആനയുടെ വാലുവെട്ടിയതിന്റെ പേരിലാണെന്ന് കേൾക്കുന്നുണ്ട്. എന്തിനാണ് വാലുവെട്ടിയത്, എവിടെവെച്ച്, എന്ത് സംഭവവുമായി ബന്ധപ്പെട്ടാണിത്, മരക്കാർ നേരിട്ട് വെട്ടുകയായിരുന്നോ ഇതൊന്നും നമുക്കറിയില്ല. പ്രിയദർശന്റെ ഭാവനയാണ് പല സംഭവങ്ങളേയും പൂരിപ്പിച്ചത്.

പ്രിയദർശൻ: ചില സിനിമകൾ ചെയ്യുമ്പോൾ ആദ്യം നമുക്ക് സംശയങ്ങളുണ്ടാകും, എന്നാൽ യുക്തിപരമായ വിശകലനങ്ങളാകും പലപ്പോഴും തീരുമാനങ്ങളിലേക്കെത്തിക്കുന്നത്.

'ഒപ്പ'ത്തിന്റെ ചിത്രീകരണം തുടങ്ങിയ ആദ്യദിവസം കാഴ്ചയില്ലാത്തവന്റെ ജീവിതം ഇങ്ങനെയാണോ പകർത്തേണ്ടത് എന്ന സംശയം ശക്തമായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ മനസ്സിലായി ശരിയായ രീതിയിലാണ് പോകുന്നതെന്ന്. കണ്ണുകാണാതെ അവിടിവിടങ്ങളിൽ തപ്പിനടക്കുന്ന നായകനായിരുന്നെങ്കിൽ , ആ കഥാപാത്രം വിജയിക്കാതെ പോയേനെ. ക്ലൈമാക്സിലെ സംഘട്ടനം വിശ്വാസ്യയോഗ്യമാക്കാൻ തുടക്കം മുതൽ പല രംഗങ്ങളും കഥയിലേക്ക് കൊണ്ടുവന്നിരുന്നു. നായകന്റെ കുട്ടിക്കാലത്തെ കളരിപരിശീലനവും മീൻപിടുത്തവുമെല്ലാം ബോധപൂർവം ഉൾപ്പെടുത്തിയതാണ്.

മോഹൻലാൽ : ഒപ്പംപോലുള്ള സിനിമകൾ ഒരുക്കുമ്പോൾ അഭിനേതാക്കളേക്കാൾ വെല്ലുവിളി സംവിധായകർക്കായിരിക്കും. കാഴ്ചശക്തിയില്ലാത്ത ഒരാളുടെ ഇടപെടലുകൾ വിശ്വസനീയമായ രീതിയി ഷൂട്ട് ചെയ്യുക എന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. കണ്ണുകാണാത്ത നായകനേയും അയാളുടെ മാനറിസങ്ങളും ക്യാമറയിലേക്ക് പറിച്ചുനടുക എളുപ്പമല്ല. കാഴ്ചശക്തിയില്ലാത്ത ആളുടെ ലുക്ക്പോയന്റ് സാധാരണ ഗ്രാമറിൽ ചിത്രീകരിക്കാൻ കഴിയില്ല.

lal

ലാൽ പ്രിയൻ കൂട്ടുകെട്ടിൽ പിറന്ന മിക്ക സിനിമകളും പ്രേക്ഷകർ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. എന്തുകൊണ്ട് അത്തരം ചിത്രങ്ങൾ ഇന്ന് ഉണ്ടാകുന്നില്ല എന്ന ചോദ്യം നേരിടേണ്ടിവന്നിട്ടില്ലേ...

മോഹൻലാൽ : പഴയസിനിമകളിലെ തമാശകളെക്കുറിച്ച് ഒരുപാടുപേർ ഇന്നും പറയാറുണ്ട്, അന്നത്തെ കഥാപാത്രങ്ങളെക്കുറിച്ച് ചിലരെല്ലാം ഇപ്പോഴും ദീർഘമായി സംസാരിക്കാറുമുണ്ട്.
എന്നാൽ കാലവും പ്രായവും നമ്മളിൽ ചില മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നു എന്നത് അംഗീകരിച്ചേ മതിയാകൂ. 'താളവട്ടം'പോലൊരു സിനിമചെയ്യാൻ പറഞ്ഞാൽ ഇന്നെനിക്ക് പറ്റില്ല, ആ പ്രായത്തിൽ ചെയ്യാൻ പറ്റുന്ന വേഷമായിരുന്നു അത്.

കോളേജ് വിദ്യാർഥിയായുള്ള വേഷങ്ങളെല്ലാം പണ്ട് ഉത്സാഹത്തോടെ ആസ്വദിച്ച് ചെയ്തിട്ടുണ്ട്, ഇന്ന് നമ്മളെ ഇഷ്ടപ്പെടുന്നവർപോലും അത്തരം വേഷങ്ങളിൽ കാണാൻ ആഗ്രഹിക്കുകയില്ല. പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള വേഷങ്ങളും സിനിമകളും തിരഞ്ഞെടുക്കേണ്ടതുണ്ട്.

പ്രിയദർശൻ: പഴയകാലത്തിറങ്ങിയ ലാൽ പ്രിയൻ ചിത്രങ്ങൾ ഇപ്പോൾ ഉണ്ടാകാത്തതെന്താണെന്ന ചോദ്യം ഒരുപാടുതവണ നേരിട്ടിട്ടുണ്ട്. സിനിമയിൽ ശക്തമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കഥയിലും കഥപറച്ചിലിലുമെല്ലാം പുത്തൻരീതികൾ കടന്നുവന്നുകഴിഞ്ഞു. സിറ്റുവേഷൻ കോമഡികൾ, വിഷ്വൽ കോമഡികൾ എന്നിവയ്ക്കെല്ലാം പ്രസക്തിയേറുന്നു. അവതരിപ്പിച്ചതിനേക്കാൾ വലിയ തമശകളൊന്നും ഇനി ചിത്രീകരിക്കാനില്ല എന്ന ബോധ്യം 'ചന്ദ്രലേഖ' കഴിഞ്ഞപ്പോൾ തോന്നിത്തുടങ്ങിയിരുന്നു. പഴയ സിനിമകളെപ്പോലുള്ളവ എന്തിനാണ് വീണ്ടും വീണ്ടും ചെയ്യുന്നത്, അതിഷ്ടപ്പെടുന്നവർക്ക് അതുതന്നെ കണ്ടാൽ പോരേ...

മോഹൻലാൽ : ഞങ്ങളുടെ കൂട്ടുകെട്ടിലെ മികച്ച സിനിമ ഈ കണ്ടതൊന്നുമല്ല, ആ ചിത്രം വരാനിരിക്കുന്നേയുള്ളൂ... (തലമുറകളെ കീഴടക്കിയ ആ കള്ളച്ചിരി)

അഭിമുഖത്തിന്റെ പൂർണരൂപം ​ഗൃഹലക്ഷ്മിയിൽ വായിക്കാം

Content Highlights :priyadarshan mohanlal super hits interview weekend marakkar arabikkadalinte simham movie