പ്രിയദര്‍ശന് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട് ഇപ്പോള്‍. തിയ്യറ്ററില്‍ തകര്‍ത്തോടുന്ന ഒപ്പത്തെക്കുറിച്ച്. മോഹന്‍ലാലുമായി ജീവിതത്തിലും സിനിമയിലും തുടരുന്ന ഇഴപരിയാത്ത കൂട്ടിനെക്കുറിച്ച്. ലിസിയുമായുള്ള വേര്‍പിരിയലിനെക്കുറിച്ച്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനോട് മനസ്സ് തുറക്കുകയാണ് പ്രിയന്‍.

 

മോഹന്‍ലാലിനെ നായകനാക്കി നാല്പതിലധികം സിനിമകള്‍ ചെയ്തു. ലാലുമായി ചെറുപ്പത്തിലേ ഉള്ള ഹൃദയബന്ധമാണോ അതിനു കാരണം? 

മോഹന്‍ലാല്‍ വില്ലനായാണ് സിനിമയില്‍ തുടങ്ങിയത്. പക്ഷേ, എനിക്ക് അന്നേ അറിയാം മോഹന്‍ലാല്‍ നല്ല തമാശകള്‍ ആസ്വദിക്കുന്ന, എപ്പോഴും ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഈയൊരു ക്യാരക്ടര്‍ സിനിമയില്‍ നന്നായി ഉപയോഗിക്കാമെന്ന് എനിക്ക് തോന്നിയിരുന്നു. 'എങ്ങനെ നീ മറക്കും' എന്ന സിനിമയ്ക്ക് ഞാന്‍ എഴുതിയ തിരക്കഥയിലാണ് ലാലിന്റെ ഇത്തരത്തിലുള്ള ഒരു മുഖം സിനിമയില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. അങ്ങനെ പോസിറ്റീവ് ക്യാരക്റ്ററായി, ഹീറോ ആയി. അതിനു മുമ്പുള്ള സിനിമകളില്‍ എല്ലാം വില്ലനായിരുന്നു. ലാലിനെ അടുത്തറിയാവുന്നതുകൊണ്ടാണ് ഞാനങ്ങനത്തെ സിനിമകള്‍ എഴുതാനും സംവിധാനം ചെയ്യാനും തുടങ്ങിയത്. പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടനുണ്ടാവും. പക്ഷേ, മോഹന്‍ലാല്‍ എന്ന നടനില്ലായിരുന്നെങ്കില്‍ പ്രിയദര്‍ശനെന്ന സംവിധായകന്‍ ഉണ്ടാവില്ലായിരുന്നു. 

വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് എങ്ങും. അത് വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടോ?

വളരെ മാന്യമായാണ് ലിസിയും ഞാനും പിരിഞ്ഞതെന്നാണ് എന്റെ വിശ്വാസം. തെറ്റുകള്‍ മനുഷ്യര്‍ക്ക് പറ്റാം. അത് മനസ്സിലാക്കി സഹകരിക്കാന്‍ കഴിയുന്ന കാലത്തോളം മുന്നോട്ടുപോവാം. അതിനു കഴിയാതെ വന്നാല്‍ പിന്നെ പറ്റില്ല. ഞാനിപ്പോഴും വളരെ പോസിറ്റീവായാണ് ഞങ്ങളുടെ ബന്ധത്തെ കാണുന്നത്. ലിസിയുമായി സംസാരിക്കുന്നതിനോ സഹകരിക്കുന്നതിനോ ഒരു മടിയും ഇപ്പോഴുമില്ല. കുട്ടികള്‍ക്ക് സന്തോഷം നല്‍കുന്ന രീതിയില്‍ മുന്നോട്ടുപോവണം എന്നാണ് എന്റെ വലിയ ആഗ്രഹം. ജീവിതത്തിലായാലും സിനിമയിലായാലും തെറ്റുകള്‍ മനസ്സിലാക്കി തിരുത്താനാണ് ഞാന്‍ ശ്രമിച്ചത്. അത് ചെയ്യാനേ എനിക്കു പറ്റുള്ളൂ. 

priyadarshan
ഫോട്ടോ: എന്‍.എം. പ്രദീപ്‌

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറോളം സിനിമകള്‍ പ്രിയന്‍ സംവിധാനം ചെയ്തു. വ്യത്യസ്ത സ്വഭാവവും ശൈലികളുമുള്ള സിനിമകള്‍. ചിലപ്പോള്‍ ഒരു സംവിധായകന്റെ സൃഷ്ടികളല്ലെന്ന് തോന്നിപ്പോവുന്നു. ദീര്‍ഘമായ ഈ സിനിമായാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്തു തോന്നുന്നു?

ഒരു കുഞ്ഞ് നിലത്ത് കിടന്നുകൊണ്ട് ലോകത്തെ കാണുന്നു. പിന്നെ പതുക്കെ എഴുന്നേറ്റ് നടക്കുന്നു. വീഴാന്‍ പോവുമ്പോള്‍ എവിടെയെങ്കിലും പിടിക്കുന്നു. അതുപോലെയാണ് ഞാന്‍ സിനിമയിലും. സിനിമയെ നോക്കിക്കണ്ട് വീഴുമ്പോള്‍ ചിലയിടത്തൊക്കെ പിടിച്ച് മുന്നോട്ടുപോവുന്നു. ഒരുപാട് നല്ല സിനിമകള്‍ ഞാന്‍ കണ്ടു. അതില്‍ നിന്നെല്ലാം പഠിച്ചെടുത്താണ് ഞാന്‍ സംവിധായകനായത്. ഞാന്‍ കണ്ട സിനിമകളുടെ സ്വാധീനം എനിക്കുണ്ടായിരുന്നു. ആദ്യകാലത്തെ എന്റെ സിനിമകള്‍ പലതും ഇങ്ങനെയുള്ള സ്വാധീനത്തില്‍ നിന്നുണ്ടായവയാണ്. പിന്നെ ചില സിനിമകളുടെ മൗലികമായ പുനഃസൃഷ്ടി നടത്തി. ടി. ദാമോദരന്‍ മാഷുടെ നാടകത്തിന്റെ പുനഃസൃഷ്ടിയായാണ് ആര്യന്‍ വന്നത്. അതിനുശേഷം നമ്മുടെ അനുഭവങ്ങളില്‍ നിന്നുള്ള കഥകളും സിനിമകളും വന്നു. പിന്നെ ചരിത്രത്തില്‍നിന്നുള്ള സംഭവങ്ങള്‍ എടുത്ത് കാലാപാനിപോലുള്ള സിനിമകള്‍ ചെയ്തു. ഭരതന്‍, ഭാരതിരാജ തുടങ്ങിയവരെല്ലാം എന്റെ ഗുരുക്കന്‍മാരാണ്. അവരുടെ സിനിമകള്‍ കണ്ടപ്പോള്‍ എന്റെ സിനിമയെന്താ ഇങ്ങനെയാവാത്തത് എന്ന് ഞാന്‍ സ്വയം ചോദിച്ചു. അവരില്‍ നിന്ന് ചില കാര്യങ്ങള്‍ പഠിച്ചു. കാഞ്ചീവരം പോലുള്ള സിനിമകള്‍ എടുക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. പിന്നെ എല്ലാതരം സിനിമകളും എടുക്കാന്‍ കഴിഞ്ഞത് എന്തുകൊണ്ട് എന്നു ചോദിച്ചാല്‍ അതിനുള്ള മറുപടി എനിക്ക് എല്ലാതരം സിനിമകളും ഇഷ്ടമാകുന്നതുകൊണ്ട് എന്നാണ്. 

ഒപ്പത്തിന് മുമ്പ് ഞാന്‍ തമിഴില്‍ ചെയ്ത സിനിമ 'സില നേരങ്കളില്‍' ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. അന്തര്‍ദേശീയതലത്തില്‍ തന്നെ വലിയ അംഗീകാരമായാണ് ഞാനതിനെ കാണുന്നത്. പ്രകാശ്രാജ് അഭിനയിച്ച ഈ സിനിമ എനിക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. 

പ്രിയദര്‍ശന്‍ സിനിമ ചെയ്യാന്‍ തുടങ്ങിയ കാലത്തു നിന്ന് ഇന്നത്തേക്കെത്തുമ്പോഴേക്കും മനുഷ്യജീവിതത്തില്‍ വന്ന മാറ്റം സിനിമയെയും മാറ്റിക്കാണുമല്ലോ?

തീര്‍ച്ചയായും. സാങ്കേതികവിദ്യയില്‍ വന്ന മാറ്റം. നമ്മുടെ സമീപനത്തിലും മാറ്റം ആവശ്യപ്പെടുന്നു. മനുഷ്യന്റെ വികാരങ്ങളോ പ്രകടനങ്ങളോ അല്ല മാറിയത്. മൊബൈല്‍ വന്നതോടെ അന്നത്തെ പല സിനിമകളുടെയും ഇതിവൃത്തം തന്നെ അപ്രസക്തമായി. സോഷ്യല്‍ മീഡിയ ഉണ്ടാക്കിയ മാറ്റം. ഗുണങ്ങള്‍ക്കൊപ്പം ദോഷവും സോഷ്യല്‍ മീഡിയ ഉണ്ടാക്കി. സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റുകള്‍ കാരണം മനുഷ്യന്‍ ആത്മഹത്യ ചെയ്യേണ്ടി വരിക. ഇതൊന്നും പണ്ടില്ലാത്തതല്ലേ? 

ഏതെങ്കിലും ഒരു സിനിമ മാറ്റി ഒരിക്കല്‍കൂടി ചെയ്യണമെന്ന് തോന്നിയിരുന്നോ?

തീര്‍ച്ചയായും. വന്ദനം. ആ സിനിമയുടെ ക്ലൈമാക്സ് പ്രേക്ഷകര്‍ക്ക് വലിയ വേദനയാണ് ഉണ്ടാക്കിയത്. അത് ഒന്ന് മാറ്റിച്ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ട്.

തേന്‍മാവിന്‍കൊമ്പത്ത് പോലെ യഥാര്‍ഥമല്ലാത്ത ഒരു ലോകത്തെ, ഇടത്തെ സൃഷ്ടിച്ച് അല്പം കാല്പനികമായി അവതരിപ്പിക്കുന്ന സിനിമകള്‍ക്ക് ഇനി മലയാളത്തില്‍ സാധ്യതയുണ്ടോ?

തേന്‍മാവിന്‍കൊമ്പത്ത് കണ്ട് ഇപ്പോഴും ആളുകള്‍ വിളിക്കാറുണ്ട്. സിനിമകളെല്ലാം യഥാര്‍ഥത്തില്‍ സംഭവിച്ച കാര്യങ്ങളല്ലല്ലോ. ഒപ്പം തന്നെയെടുക്കുക. അത് ഒരു കള്ളമാണ്. ഇങ്ങനെയൊരു കള്ളം എത്ര ഫലപ്രദമായി, യുക്തിസഹമായി പറഞ്ഞ് അവതരിപ്പിക്കുന്നുവോ, അവിടെയാണ് സിനിമയുടെ വിജയം. ഹാരി പോട്ടര്‍ പോലുള്ള കഥകളൊക്കെ പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നരീതിയില്‍ അവതരിപ്പിക്കുന്നത് കണ്ടില്ലേ. നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയിട്ടാണ് അത് സാധിക്കുന്നത്. എല്ലാ കലാകാരന്‍മാരും ചെയ്യുന്നത് അതു തന്നെയാണ്. ഫാന്റസിയായാലും റിയല്‍ ആയാലും പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കുക എന്നതും പ്രധാനമാണ്. എങ്കില്‍ മാത്രമേ കണ്ടുകൊണ്ടിരിക്കാനുള്ള താത്പര്യം അവര്‍ക്കുണ്ടാവൂ. 

സച്ചിന്‍ തെണ്ടുല്‍ക്കര്‍ നൂറാമത്തെ ടെസ്റ്റ് കളിക്കാന്‍ പോവുന്ന സമയത്ത് പറഞ്ഞിരുന്നത്. ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങുന്ന ഉത്സാഹമാണ് തനിക്കിപ്പോഴും ഉള്ളതെന്നാണ്. സിനിമയിലും അത് സത്യമല്ലേ, നൂറാമത്തെ സിനിമയോടടുക്കുമ്പോഴും ഈയൊരു മാധ്യമത്തോടുള്ള അഭിനിവേശം പ്രിയനുണ്ടോ?

ആദ്യ സിനിമ ചെയ്യാന്‍ പോവുമ്പോള്‍ വല്ലാത്തൊരു ആവേശവും വലിയ സ്വപ്‌നങ്ങളുമൊക്കെ ഉണ്ടാവും. നമ്മള്‍ ചെയ്ത രണ്ടോ മൂന്നോ സിനിമകള്‍ ഹിറ്റാവുമ്പോള്‍ നമ്മളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളുണ്ടാവും. അത് നമ്മളില്‍ ഭയം ജനിപ്പിക്കും. അടുത്ത സിനിമ നന്നായില്ലെങ്കിലോ പ്രേക്ഷകര്‍ സ്വീകരിച്ചില്ലെങ്കിലോ എന്ന ഭയം. സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തണം എന്നൊക്കെ ആളുകള്‍ പറയാറില്ലേ. ഞാനതിന് ഏകദേശം തീരുമാനിച്ചതാണ് (ചിരിക്കുന്നു). അപ്പോഴാണ് ഒപ്പം പോലെ ഒരു സൂപ്പര്‍ ഹിറ്റ് സിനിമ ചെയ്യാന്‍ കഴിഞ്ഞത്. ഈ വിജയം തീര്‍ച്ചയായും ആവേശം നല്‍കുന്നു. മുന്നോട്ട് കൊണ്ടുപോവുന്നു.