ചിരിയുടെ അകമ്പടിയോടെ മാത്രമേ മലയാളി മനസ്സിലേക്ക്  പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ കടന്നുവിരികയുള്ളൂ. സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകന്‍ ചെന്നൈയിലെ വീട്ടിരുന്നത് ഇത്തവണ സംസാരിച്ചതത്രയും മലയാളത്തില്‍ വലിയ ഹിറ്റുകള്‍ ഇല്ലാതാക്കുന്നതിന്റെ ആശങ്കകളായിരുന്നു

പ്രേക്ഷകർ മികച്ചതെന്ന് അഭിപ്രായപ്പെടുന്ന സിനിമകൾ പോലും വലിയ വിജയംനേടാതെ പോകുന്നത് എന്തുകൊണ്ടാണ്
 
 ഒരു വിഭാഗം പ്രേക്ഷകരെ മാത്രം തൃപ്തിപ്പെടുത്തുന്ന സിനിമകൾക്ക്  തിയേറ്ററിൽ ഇളക്കമുണ്ടാക്കാനാവില്ല. എല്ലാക്കാലത്തും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, ഐ.വി. ശശിയും ഹരിഹരനുമെല്ലാം സൂപ്പർഡ്യൂപ്പർഹിറ്റുകൾ ഉണ്ടാക്കിയപ്പോൾ ഭരതേട്ടനും പത്മരാജനുമെല്ലാം ഹിറ്റുകളാണ് നിർമിച്ചത്. നല്ല ചിത്രങ്ങളെന്ന് അഭിപ്രായം ഉണ്ടാക്കാൻ സാധിക്കുമെങ്കിലും സമാന്തര സിനിമകൾക്കൊന്നും ഒരു മാസ് സിനിമയ്ക്കു ലഭിക്കുന്ന തള്ളിക്കയറ്റം ലഭിക്കാറില്ല. കുറച്ചാളുകൾക്കു മാത്രം ദഹിക്കുന്ന സിനിമകൾ തിയേറ്ററിൽ നിറഞ്ഞോടാൻ പ്രയാസമാണ്. സിനിമ വലിയ വിജയമാകണമെങ്കിൽ ടിക്കറ്റെടുക്കുന്നവരെ രസിപ്പിക്കാൻ പാകത്തിലുള്ള ചേരുവകൾ അതിലുണ്ടാകണം. പൊതുസമൂഹവുമായി കണ്ണിചേർന്നുപോകാൻ കഥയ്ക്കുകഴിയണം. ‘പുലിമുരുകനും’ ‘മഹേഷിന്റെ പ്രതികാരവു’മെല്ലാം ഇത്തരത്തിൽ കാഴ്ചക്കാരുടെ ആസ്വാദനതലം തിരിച്ചറിഞ്ഞ് വലിയ വിജയംകൊയ്ത സിനിമകളാണ്.

പ്രേക്ഷകർക്ക് അടുത്തിടെയായി മലയാളസിനിമയോടൊരു അകൽച്ച ഉണ്ടായതായി തോന്നുന്നുണ്ടോ?

ഒരു ശരാശരി മലയാളിക്ക് വിനോദോപാധിയായി കുടുംബത്തോടെ പുറത്തിറങ്ങി ചുറ്റിയടിച്ചുവരാൻ രണ്ടുസ്ഥലങ്ങളേയുള്ളൂ. ബീച്ച്, തിയേറ്റർ. പ്രേക്ഷകർ വീടടച്ച് തിയേറ്ററിലേക്കിറങ്ങുമ്പോൾ മാത്രമേ സൂപ്പർ ഹിറ്റുകൾ പിറക്കുകയുള്ളൂ. ഫാൻസിന്റെ ആരവങ്ങളെല്ലാം ആദ്യ രണ്ടുനാൾകൊണ്ട് കെട്ടടങ്ങും. അതുകഴിഞ്ഞുള്ള ദിവസങ്ങളിലാണ് ചിത്രത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. ഇന്ന് പലർക്കും കുട്ടികളേയുംകൂട്ടി, കുടുംബത്തോടെ സിനിമയ്ക്കിറങ്ങാൻ പേടിയാണ്. എന്തെല്ലാമാണ് സിനിമയിൽ കാണേണ്ടിവരികയെന്ന ആശങ്കയാണ് അവരെ പിന്നോട്ടു വലിക്കുന്നത്. കുട്ടികളെ രസിപ്പിക്കുകയും മാസ് ഓഡിയൻസിനെ കൈയിലെടുക്കുകയും ചെയ്യുന്ന സിനിമകളുണ്ടായാൽ പ്രേക്ഷകർ തിയേറ്ററിലേക്ക് ഇടിച്ചുകയറുകതന്നെ ചെയ്യും. അടുത്തിടെ ഇറങ്ങിയ ജയസൂര്യച്ചിത്രം 'ആട്' നേടിയ വിജയം ഇതിനുദാഹരണമാണ്.

കോടികളുടെ നിർമാണച്ചെലവും ആദ്യദിനം സിനിമനേടുന്ന കളക്‌ഷനും ഉയർത്തിക്കാണിച്ചുള്ള പ്രചാരണം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട്.

 ‘കാലാപാനി’ എന്ന സിനിമ ചിത്രീകരിക്കുമ്പോഴാണ് ആദ്യമായി സിനിമയുടെ ബജറ്റിനെക്കുറിച്ചൊരു കണക്ക് അവതരിപ്പിക്കേണ്ടിവരുന്നത്. അതുവരെ  കഥ ഇഷ്ടമായാൽ നിർമാതാവ് ചിത്രീകരണം തുടങ്ങാൻ ആവശ്യപ്പെടുന്നതായിരുന്നു രീതി. നിർമാണച്ചെലവോ, കോടികളുടെ കളക്‌ഷൻ കണക്കോ ഒന്നും പ്രേക്ഷകരെ ബാധിക്കുന്ന കാര്യമല്ല. ഇതെല്ലാം സിനിമയ്ക്കുള്ളിലെ പിടിവലികൾക്കുവേണ്ടി പടച്ചുവിടുന്നതാണ്. കൊട്ടിഗ്ഘോഷിക്കപ്പെടുന്ന കോടികളുടെ കണക്കുകളിൽ പലതും തട്ടിപ്പാണെന്ന് സിനിമയോടടുത്തു നിൽക്കുന്നവർക്കെല്ലാം അറിയാം. സിനിമയുടെ ഇനീഷ്യൽ കളക്‌ഷനുകളാണ് സൂപ്പർസ്റ്റാറുകളെ  ഉണ്ടാക്കുന്നത്. ഒരു സിനിമയെങ്ങനെയെന്ന അഭിപ്രായം പുറത്തുവരുന്നതിനുമുൻപുതന്നെ  ഒരു നായകനോടോ നായികയോടോ ഉള്ള ഇഷ്ടം കൊണ്ട് അവരെ കാണാൻ പ്രേക്ഷകൻ ടിക്കറ്റെടുക്കുന്നെങ്കിൽ അത് താരമൂല്യത്തിന്റെ വിജയമാണ്. പുതിയകാലത്ത് സ്റ്റാർഡം ഉണ്ടാക്കിയെടുക്കുകയും അത് നിലനിർത്തുകയും പ്രയാസമുള്ളകാര്യമാണ്.
റിലീസ് കേന്ദ്രങ്ങൾ കൂടിയതാണ്  ആദ്യദിനകളക്‌ഷൻ വർധിക്കാൻ കാരണം. 366 ദിവസം ഓടിയ ‘ചിത്രം’ സിനിമ മുൻപ് 24 കേന്ദ്രങ്ങളിൽ മാത്രമാണ് പ്രദർശനത്തിനെത്തിയത്. ഇന്ന് സിനിമയിൽ ഇറക്കുന്ന പണം പെട്ടെന്നുതന്നെ തിരിച്ചുകിട്ടാനുള്ള സാഹചര്യമുണ്ട്.  നല്ല അഭിപ്രായം നേടുന്ന സിനിമകൾക്ക് മുൻപെല്ലാം പതുക്കെയാണെങ്കിലും  കയറിവരാൻ കഴിയുമായിരുന്നു. എന്നാൽ, ഇന്ന് പല സിനിമകളും മികച്ചതെന്ന് അഭിപ്രായം നേടുമ്പോഴേക്കും തിയേറ്ററിൽനിന്ന് വിട്ടുപോയിരിക്കും.

സിനിമയിലെ ഹാസ്യത്തേക്കാൾ വലിയ ചിരികൾ ഇന്ന്‌ ട്രോളുകളിലൂടെ പുറത്തുവരുന്നുണ്ട്, തമാശച്ചിത്രങ്ങളുടെ ഭാവി  പരുങ്ങലിലാണോ.

ചിരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ കാണിച്ചുകൂട്ടുന്ന തമാശകൾക്ക് ഇനിയുള്ള കാലത്ത് പ്രസക്തിയില്ല. സന്ദർഭോചിത ഹാസ്യമോ പുതിയകാലത്ത് വിലപ്പോകൂ. ആദ്യകാലങ്ങളിൽ ചെയ്തപോലെ ഒരു മുഴുനീള കോമഡിചിത്രം അണിയിച്ചൊരുക്കാൻ ഇന്ന് ഞാൻ ശ്രമിക്കാറില്ല. ഒരേതരം സിനിമകൾ ചെയ്തു മടുത്തെന്നതാണ് അതിനൊരുകാരണം. ചെയ്തതിനേക്കാൾ വലിയ തമാശകളൊന്നും ഇനി അവതരിപ്പിക്കാനില്ലെന്ന് ‘ചന്ദ്രലേഖ’ കഴിഞ്ഞപ്പോൾ സ്വയം മനസ്സിലാക്കുകയായിരുന്നു. ‘ഒപ്പ’ത്തിൽ മാമുക്കോയ അവതരിപ്പിക്കുന്നപോലുള്ള ചില സിറ്റുവേഷണൽ കോമഡികൾ കഥയിൽ ചേർക്കാനാണ് ഇന്ന് ശ്രമിക്കുന്നത്. കാലം മാറുന്നതിനുസരിച്ച് പ്രേക്ഷകന്റെ ആസ്വാദനതലത്തിൽ വ്യത്യാസം വരും മാറ്റമുൾക്കൊണ്ട് മുന്നോട്ടുപോകാൻ കഴിയുന്നവർക്ക് മാത്രമേ പിടിച്ചുനിൽക്കാനാകൂ.

prajithp@mpp.co.in

Content Highlights: Priyadarshan Mohanlal Chandralekha MalayalamCinema Movie Comedy