ന്റെ ജീവിതത്തിന്റെ തലവരമാറ്റിയത് മോഹന്‍ലാല്‍ ആണെന്ന് പ്രിയദര്‍ശന്‍. അറുപതാം പിറന്നാള്‍ ദിനത്തില്‍ മാതൃഭൂമി ക്ലബ്എഫ്എം ദുബായ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മലയാളികളുടെ പ്രിയ സംവിധായകന്‍ മനസ്സു തുറന്നത്. അറുപത് വയസ്സായെങ്കിലും മാനസികമായി താനിപ്പോഴും ഒരു ഇരുപത്തിനാല് വയസ്സുകാരനാണെന്ന് പ്രിയന്‍ പറയുന്നു.

60 നീണ്ട വര്‍ഷങ്ങള്‍, തിരിഞ്ഞു നോക്കുമ്പോള്‍ എന്ത് തോനുന്നു?

60 വര്‍ഷങ്ങളിലൂടെ കണ്ണോടിയ്ക്കുമ്പോള്‍ എല്ലാവരെയും പോലെ എനിക്ക് ഒരുപാട് ലാഭങ്ങളും നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത് പണത്തിന്റെ കണക്കുകളല്ല. മാനസ്സമാധാനത്തിന്റെ കണക്കുകളെക്കുറിച്ചാണ് പറയുന്നത്. 

തിരിഞ്ഞു നോക്കുമ്പോള്‍ അച്ഛന്‍ പോയി, അമ്മ പോയി, ഭാര്യയും പോയി അതൊക്ക വലിയ നഷ്ടങ്ങളാണ്. എന്നാല്‍ എന്റെ രണ്ടു മക്കളും ഇപ്പോള്‍ എനിക്കൊപ്പമുണ്ട്. അവര്‍ക്കാണ് ഞാന്‍ എന്റെ ജീവിതാനുഭവങ്ങള്‍ പകര്‍ന്നു നല്‍കേണ്ടത്. നാം പ്ലാന്‍ ചെയ്യുന്നത് പോലെ ഒന്നും നടക്കാറില്ല. 

പ്രിയദര്‍ശനാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു, താങ്കള്‍ കേട്ടിരുന്നോ?

എന്റെ ജന്‍മ നക്ഷത്ര പ്രകാരം എന്റെ പിറന്നാള്‍ ഇന്നലെയാണ്. സാമൂഹ്യമാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലുമെല്ലാം ഇന്നലെ മുതല്‍ ഞാന്‍ ഈ വാര്‍ത്ത കാണുന്നുണ്ട്. എന്റെ പിറന്നാളിന് എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനം ഈ വാക്കുകളാണ്. അക്ഷയ് പിറന്നാളാണെന്ന് അറിഞ്ഞു പറഞ്ഞതല്ല. പ്രിയദര്‍ശന്‍ എന്ന സംവിധായകനെ ഏറെ വിശ്വസിച്ച രണ്ട് നടന്‍മാരാണ് മോഹന്‍ലാലും, അക്ഷയ് കുമാറും. ഈ രണ്ട് വ്യക്തികളും സ്‌ക്രിപ്റ്റ് പോലും എന്നോട് ആവശ്യപ്പെടാറില്ല. അത്രമാത്രം എന്നെ വിശ്വസിച്ചിരുന്നു. അക്ഷയ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു 'പ്രിയദര്‍ശന് കഥ പറയാന്‍ അറിയില്ല, എടുക്കാനേ അറിയൂ' എന്ന്. ലാലും സമാനമായ അഭിപ്രായമാണ് പറയാറ്. ആ സ്‌നേഹവും വിശ്വാസവും എന്നെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തമാണ്. 

60 വര്‍ഷത്തെ സിനിമ നേട്ടങ്ങളും കോട്ടങ്ങളും

ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്. എന്റെ കരിയറിലെ രസകരമായ ഒരു കാര്യം പറയാം. പൂച്ചയ്‌ക്കൊരു മൂക്കുത്തി, ചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എന്റെ ഒരുപാട് ചിത്രങ്ങള്‍ പരാജയപ്പെട്ടു പിന്നീട് കിലുക്കത്തിലൂടെയാണ് ഞാന്‍ തിരിച്ചു വന്നത്. ഹിന്ദിയില്‍ കുറയേറെ സിനിമകള്‍ തുടക്കത്തില്‍ പരാജയപ്പെട്ടു പിന്നീട് ഹേരാ ഫേരിയാണ് നല്ലൊരു ബ്രേക്ക് തന്നത്. പിന്നീട് മലയാളത്തില്‍ എത്തിയപ്പോഴും പരാജയം അറിഞ്ഞു. ഒപ്പത്തിലൂടെയാണ് പിന്നെ തിരിച്ചു വന്നത്. നമ്മള്‍ സാഹചര്യവുമായി പോരാടണം ഇന്നലെ വരെ കൈയടിച്ച പ്രേക്ഷകര്‍ ഇന്ന് എന്തുകൊണ്ട് വിമര്‍ശിക്കുന്നുവെന്നതിന്റെ കാരണം നാം കണ്ടെത്തണം. അത് തിരുത്തണം. ഏങ്കില്‍ മാത്രമേ വിജയിക്കാനാകൂ.

പ്രിയദര്‍ശന്റെ തലവര മാറ്റിയതാര്?

അതിനൊരു ഉത്തരമേയുള്ളു മോഹന്‍ലാല്‍. പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഇല്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടന്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇല്ലെങ്കില്‍ പ്രിയന്‍ എന്ന സംവിധായന്‍ ഉണ്ടാകില്ലായിരുന്നു. കുട്ടിക്കാലം മുതലേയുള്ള ബന്ധം ആയിരിക്കാം. ഞാന്‍ എന്തു വിചാരിക്കുന്നുവോ ഏത് ലാല്‍ പെട്ടന്ന് മനസ്സാലാക്കും. ഒരു സിനിമ ചെയ്യുമ്പോള്‍ ഞാന്‍ എത്ര പ്രതീക്ഷിക്കുന്നുവോ അതിനേക്കാള്‍ ഇരട്ടി ലാല്‍ തിരിച്ചു നല്‍കും. 

സിനിമ തിയേറ്ററിലെത്തുന്നത് മുന്‍പുള്ള സമ്മര്‍ദ്ദങ്ങള്‍....

ആദ്യത്തെ 15 സിനിമകള്‍ ഇറങ്ങുന്നത് വരെ എനിക്ക് വല്ലാത്ത ടെന്‍ഷനായിരുന്നു. എന്നാല്‍ പീന്നീട് അതു കുറഞ്ഞു. ഒരു സിനിമ എടുത്തു കഴിയുമ്പോള്‍ തന്നെ എനിക്ക് ജയപരാജയത്തെപ്പറ്റി ഏകദേശ ധാരണ കിട്ടും. കൂട്ടത്തില്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ട രണ്ട് ചിത്രങ്ങളുണ്ട്. മുകുന്ദേട്ടാ സുമിത്ര വിളിയ്ക്കുന്നു, മിഥുനം എന്നീ ചിത്രങ്ങള്‍ വിജയിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ അവ പരാജയപ്പെട്ടു. പക്ഷെ ഇന്നും ഈ ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. എന്റെ കൂടെ സിനിമ എടുത്തു തുടങ്ങിയവര്‍ പലരും ഇപ്പോല്‍ സിനിമ എടുക്കുന്നില്ല.  

ഞാന്‍ ഇപ്പോഴും ഇവിടെ നില്‍ക്കുന്നത് ഈശ്വരാനുഗ്രഹം കൊണ്ടാണ്. ഇനിവരുന്ന ചിത്രങ്ങള്‍ വളരെ സൂക്ഷിച്ചേ ചെയ്യുകയുള്ളു. സച്ചിന്‍ സെഞ്ചറിയടിക്കുന്നത് കണ്ടിട്ടില്ലേ... 90 റണ്‍സ് കഴിഞ്ഞാല്‍ വളരെ സൂക്ഷിച്ചേ കളിക്കൂ. ഞാന്‍ ഇപ്പോള്‍ 91 സിനിമകള്‍ ചെയ്തു കഴിഞ്ഞു. ഇനി നോക്കീം കണ്ടും കളിക്കണം. കാലഘട്ടം മാറുന്നതിനനുസരിച്ച്‌ ഇന്നത്തെ തലമുറയുടെ ഇഷ്ടത്തിന് അനുസരിച്ചേ സിനിമകള്‍ ചെയ്യാവൂ. അറിയാത്ത കാര്യങ്ങള്‍ പുതിയ തലമുറകളോട് ചോദിച്ച് മനസ്സിലാക്കാറുണ്ട്. മക്കളോട് വരെ സംശയങ്ങള്‍ ചോദിക്കാറുണ്ട്. അങ്ങനെ ഒരു ശ്രമം നടത്തിയത് കൊണ്ടാണ് ഒപ്പം വിജയമായി തീര്‍ന്നത്.