റ്റ കണ്ണിറുക്കലിലൂടെ പ്രശസ്തയായ പെൺകുട്ടി. കൂടുതൽ ആമുഖമൊന്നും വേണ്ട പ്രിയ പ്രകാശ് വാര്യർ എന്ന മലയാളി പെൺകുട്ടിയെ തിരിച്ചറിയാൻ. ഒരു അഡാർ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ ഒറ്റ ​ഗാനരം​ഗത്തിലൂടെ, ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് ലോകം മുഴുവൻ വൈറലായി മാറി പ്രിയ. ചെറിയ പ്രായത്തിൽ അപ്രതീക്ഷിമായി കൈവന്ന പ്രശസ്തിക്കും അവസരങ്ങൾക്കുമൊപ്പം വിവാദങ്ങളും വിമർശനങ്ങളും പ്രിയയെ തേടി വന്നു. ട്രോളന്മാർ വിടാതെ ഇരയാക്കി. ഏതൊരു കൗമാരക്കാരിയും മാനസികമായി തകർന്നുപോകാവുന്ന സമയം. 

എന്നാൽ അതിനെയെല്ലാം അതിജീവിച്ച് കൈ നിറയെ ചിത്രങ്ങളുമായി സിനിമായാത്ര തുടങ്ങുകയാണ് പ്രിയ. കഴിഞ്ഞ രണ്ട് വർഷത്തെ അനുഭവങ്ങളിലൂടെയുള്ള യാത്ര പ്രിയയെ ഏറെ മാറ്റിയിട്ടുണ്ട്. ആദ്യമായി അഭിമുഖം തന്ന പതിനെട്ടുകാരിയുടെ പകപ്പ് ഇന്ന് പ്രിയയുടെ വാക്കുകളിൽ ഇല്ല. പകരം തെളിഞ്ഞുനിൽക്കുന്നത് പക്വതയും ആത്മവിശ്വാസവും. സിനിമാ വിശേഷങ്ങളും നിലപാടുകളും വ്യക്തമാക്കി പ്രിയ മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു 

പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശ്രീദേവി ബം​ഗ്ലാവ്

ഹിന്ദിയിലെ എന്റെ അരങ്ങേറ്റ ചിത്രമാണ് ശ്രീദേവി ബം​ഗ്ലാവ്. ഒരു ക്രൈം ത്രില്ലറാണ്. സ്ത്രീകേന്ദ്രീകൃതമായ സിനിമയാണ്. ടൈറ്റിൽ കഥാപാത്രമായ ശ്രീദേവി എന്ന നടിയായാണ് ഞാൻ വേഷമിടുന്നത്.

ക്രൂവിൽ കൂടുതലും മലയാളികൾ തന്നെയായിരുന്നു. സംവിധായകൻ പ്രശാന്ത് മാമ്പുള്ളി, ഛായാ​ഗ്രാഹകൻ സിനു സിദ്ധാർഥ് എന്നിവരടക്കം. എന്റെ ആദ്യ ചിത്രത്തിന്റെ ഛായാ​ഗ്രാഹകനും സിനു ചേട്ടൻ ആയിരുന്നു. അതുകൊണ്ട് തന്നെ പറയത്തക്ക ബുദ്ധിമുട്ടോ സമ്മർദ്ദമോ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ഹിന്ദി ഭാഷയും അത്യാവശ്യം പരിചിതമായിരുന്നത് കൊണ്ട് അങ്ങനത്തെ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല.ഡബ്ബിങ്ങ് പക്ഷേ ഞാനല്ല ചെയ്തത്. കാരണം അത്യാവശ്യം പക്വതയുള്ള കഥാപാത്രമായിരുന്നു എന്റേത്. പക്ഷേ എന്റെ ശബ്ദം ഭയങ്കര ചെറുപ്പമായത് കൊണ്ട് കഥാപാത്രത്തിന് ചേരില്ല.

പിന്നെ അർബാസ് ഖാൻ എന്ന ഘടകമാണ് ഈ സിനിമയിൽ എല്ലാവരെയും എക്സൈറ്റ് ചെയ്യിച്ച സം​ഗതികളിലൊന്ന്. ഒരുപാട് എക്സ്പീരിയൻസ്ഡായ വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അർബാസ് ഖാനൊപ്പമുള്ള അഭിനയം ചെറിയ ടെൻഷനുണ്ടാക്കിയിരുന്നു. പക്ഷേ പുള്ളി ഒരുപാട് സഹായിച്ചു. വേണ്ട കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. ഭയങ്കര സഹകരണമായിരുന്നു. 

 ശ്രീദേവി ബം​ഗ്ലാവിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ

വ്യക്തിപരമായി പറഞ്ഞാൽ എന്റെ സിനിമകളെ ചുറ്റിപ്പറ്റി വിവാ​ദങ്ങളും മറ്റും ഉണ്ടാവണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നില്ല. പക്ഷേ ഒരു തരത്തിൽ പറഞ്ഞാൽ അത്തരത്തിലുള്ള വിവാദങ്ങൾ  സിനിമയ്ക്ക് പരസ്യമായി എന്ന് പറയുമ്പോൾ വളരെ നല്ല കാര്യമായി തന്നെയാണ് തോന്നുന്നത്.

priya

'ശ്രീദേവി'യോട് നീതി പുലർത്തിയോ എന്നറിയില്ല

ഇപ്പോഴും എനിക്കറിയില്ല ശ്രീദേവി എന്ന എന്റെ കഥാപാത്രത്തോട് ഞാൻ എത്രത്തോളം നീതി പുലർത്തിയെന്ന്. എന്നേക്കാൾ പത്ത് പതിനഞ്ച് വയസ് വ്യത്യാസമുള്ള കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചിട്ടുള്ളത്. സംവിധായകനും നിർമാതാവും ഓരോ ദിവസവും നൽകുന്ന ഉറപ്പിലാണ് ഞാൻ എന്റെ പരമാവധി ചെയ്തിട്ടുണ്ട് എന്ന് എനിക്ക് തോന്നാറുള്ളത്.. 

പക്ഷേ ഭയങ്കര വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നെ സംബന്ധിച്ച് ശ്രീദേവി എന്ന കഥാപാത്രം. കാരണം എന്റെ രണ്ടാമത്തെ ചിത്രമാണിത്.  അഡാറ്‌ ലവ്വിൽ ഞാൻ ഏതാണ്ട് എന്റെ പ്രായത്തിലുള്ള ഒരു സ്കൂൾ കാലഘട്ടത്തിലുള്ള വിദ്യാർഥിയെയാണ് അവതരിപ്പിച്ചത്. അതിൽ നിന്നും പെട്ടെന്ന് ഇത്രയും പക്വതയുള്ള കഥാപാത്രം ചെയ്യുന്നത് ഭയങ്കര വെല്ലുവിളി തന്നെയായിരുന്നു.

ട്രെയ്ലറിലെ മോഡേൺ വേഷം

എനിക്ക് എത്രത്തോളം കംഫർട്ടബിളായി അവതരിപ്പിക്കാൻ പറ്റുമോ ആ ലെവലിൽ മാത്രം ചെയ്യുന്ന ആളാണ് ഞാൻ. ബോളിവുഡ് സിനിമകളുടെ കാര്യം നമുക്കറിയാം. അവിടെ അവർ വയ്ക്കുന്ന മാനദണ്ഡങ്ങൾ അറിയാം. എത്രത്തോളം മസാല വേണം എന്നൊക്കെ അറിയാം. പക്ഷേ എന്റെ കംഫർ‌ട്ടബിൾ ലെവൽ വിട്ടിട്ട് ഞാനൊന്നും ചെയ്യില്ലെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. ട്രെയിലറിലും മറ്റും കണ്ട വേഷങ്ങളിൽ ഞാൻ കംഫർട്ടബിളായിരുന്നു. അതുകൊണ്ട് തന്നെ അതിനെ ലക്ഷ്യം വച്ചുള്ള വിവാദങ്ങളിൽ കഴമ്പില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പല്ലേ. 

വി.കെ.പി സാർ എന്ന മാർ​ഗദർശി

എന്റെ മറ്റൊരു അരങ്ങേറ്റ ചിത്രമാണ് വിഷ്ണുപ്രിയ. കന്നഡത്തിൽ. തൊണ്ണൂറുകളിൽ സെറ്റ് ചെയ്ത പിരിയഡ് സിനിമയാണ്, ഒരു പക്കാ പ്രണയകഥയാണ് വിഷ്ണുപ്രിയ. 

ഞാനേറ്റവും കൂടുതൽ ആസ്വദിച്ച ഒന്നായിരുന്നു വിഷ്ണുപ്രിയയുടെ ചിത്രീകരണം. വി.കെ.പി സാറിനെ പോലൊരു മെന്ററിനെ എനിക്ക് കിട്ടിയത് എന്റെ ഭാ​ഗ്യമാണെന്ന് ഞാൻ തീർച്ചയായും പറയും. നീയൊരു പെർഫോമറാണ് എന്ന് സാർ പറുന്നത് എന്നെ സംബന്ധിച്ച് ഒരു ഉത്തേജനമാണ്.  ഓരോ സീൻ കഴിയുമ്പോഴും ഞാൻ ശരിക്കും ആശയക്കുഴപ്പത്തിലായിരിക്കും ഇത് ന്നനായോ ഇനിയും നന്നാക്കാനുണ്ടോ എന്ന ചിന്തയിലായിരിക്കും. എന്നാൽ നീ നന്നായിട്ടുണ്ടെന്ന് സാർ പറഞ്ഞാൽ എനിക്കറുറപ്പാണ് ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന്. അതെന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. സാറിനെപോലൊരു മെന്ററിനെ കിട്ടി, എന്നിലെ കലാകാരിയെ കൂടുതൽ നന്നാക്കാനുള്ള അവസരവും ലഭിച്ചതുകൊണ്ട് വിഷ്ണുപ്രിയ എന്റെ കരിയറിലെ വലിയ ഒരു അനുഭവം തന്നെ ആണ്. 

priya

കഠിനാധ്വാനം ചെയ്യാൻ ഉറപ്പുണ്ടെങ്കിൽ മാത്രം ഓ.കെ പറയാം

നായികയ്ക്കും നായകനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിതെന്ന് ആദ്യമേ പറഞ്ഞു തന്നിരുന്നു. സിനിമയിലുടനീളം ഇവർ രണ്ടുപേരും മാത്രമേ ഉള്ളൂവെന്നും നായകന് എത്ര സംഭാഷണമുണ്ടോ അത്ര തന്നെ നായികയ്ക്കും ഉണ്ടെന്നും പറ‍ഞ്ഞിരുന്നു. വികാരങ്ങളുടെ റോളർകോസ്റ്റർ റൈഡ് ആണ് സത്യത്തിൽ ചിത്രം. അതിനാൽ തന്നെ എളുപ്പത്തിൽ ചെയ്തുതീർത്തിട്ട് പോകാമെന്ന് വിചാരിക്കണ്ട. ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടി വരും അതിന് ഒരുക്കമാണെങ്കിൽ മാത്രം ഓ.കെ പറഞ്ഞാൽ മതി എന്ന് വികെപി സാർ ആദ്യമേ പറഞ്ഞിരുന്നു. 

സാറിന്റെ നിർദ്ദേശങ്ങൾ വാണിം​ഗ് പോലെയാണ്. പലപ്പോഴും വിളിച്ച് ഭീഷണി പോലെയാണ് നിർദ്ദേശങ്ങൾ പറഞ്ഞു തരിക. പിന്നെ ഭാഷ അറിയാത്തതായിരുന്നു. പത്ത്മുപ്പത് ദിവസത്തെ ഷൂട്ടിന് നിത്യവും എനിക്ക് നാലഞ്ച് പേജ് സംഭാഷണം കിട്ടുമായിരുന്നു പഠിക്കാൻ. എന്നും ഷൂട്ട് കഴിഞ്ഞ് പോകുമ്പോൾ പിറ്റേ ദിവസത്തേക്കുള്ള സംഭാഷണം പഠിക്കാൻ കിട്ടും. കാണാപാഠം പഠിക്കാനല്ല, വാക്കുകൾ മനസിലാക്കി പഠിക്കാനാണ് ഞാൻ ശ്രമിച്ചത്. 

വരാനിരിക്കുന്ന സിനിമകൾ

ചെയ്ത സിനിമകളിലെല്ലാം പ്രണയം ഒരു ഘടകമായിരുന്നുവെങ്കിലും അതിന്റെ തോത് വ്യത്യസ്തമായിരുന്നു. അഡാറിൽ ഒരു സ്കൂൾ പ്രണയമായിരുന്നു. അതിൽ നിന്നും തീർത്തും വ്യത്യസ്തമായി പക്വതയുള്ള പ്രണയമാണ് ശ്രീദേവി ബം​ഗ്ലാവിലേത്. എന്നാൽ ഭയങ്കര ആഴത്തിലുള്ള പ്രണയകഥയാണ് വിഷ്ണുപ്രിയ പറയുന്നത്. 

ഇത് രണ്ടിനും പുറമേ തെലുങ്കിലും ഒരു സിനിമ ചെയ്യുന്നുണ്ട്. അതിന്റെ ഒരു ഷെഡ്യൂൾ ചെയ്തു . നിതിൻ ആണ് നായകൻ. അവിടുത്തെ പ്രശസ്തനായ സംവിധായകൻ ചന്ദ്രശേഖർ യേലാറ്റിയാണ് സംവിധായകൻ. സിനിമയ്ക്ക് പേര് ഇട്ടിട്ടില്ല. ഹിന്ദിയിൽ മറ്റൊരു സിനിമ ചെയ്ത് കഴിഞ്ഞു.

ട്രോളുന്നവർ ഒരുനാൾ മാറ്റി പറയും

തുടക്കത്തിൽ സത്യമായും നല്ല വിഷമം ഉണ്ടാവാറുണ്ടായിരുന്നു. ഇത്തരം ട്രോളുകളും മറ്റും എന്നെ മാനസികമായി തളർത്തിയിട്ടുണ്ട്. ഞാനെന്ത് ചെയ്തിട്ടാണ് എന്നെ ലക്ഷ്യം വയ്ക്കുന്നത് എന്ന് അറിയാത്തതിന്റെ ഒരു പകപ്പായിരുന്നു.

പക്ഷേ പിന്നീട് ഇതെല്ലാം ഈ മേഖലയുടെ ഭാ​ഗമാണെന്ന് എനിക്ക് മനസിലായി. എല്ലാം താത്കാലികമാണ്. ഇപ്പോൾ ഈ പറയുന്നവർ തന്നെ നാളെ എന്റെ നല്ലൊരു സിനിമ വന്നാൽ മാറ്റിപ്പറയും. അതുകൊണ്ട് തന്നെ ഈ നെ​ഗറ്റീവുകൾ മാറ്റിനിർത്തി ഇതിന്റെ പോസിറ്റീവ് മാത്രമാണ് ഞാൻ കാണാൻ ശ്രമിക്കുന്നത്. എന്റെ നല്ലൊരു സിനിമ ഇറങ്ങുമ്പോൾ അവർ ഇത് മാറ്റിപ്പറയും എന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് ഞാൻ.

എല്ലാവരും നമ്മളെ ഇഷ്ടപ്പെട്ടാൽ പിന്നെ അതിലൊരു രസവും ഇല്ലല്ലോ. ചില കമന്റുകളെല്ലാം ഞാൻ ചിരിച്ച് തള്ളും ചിലത് ഞാനെന്റെ സുഹൃത്തുക്കളുമായി പങ്കുവച്ച് അതും പറഞ്ഞ് ചിരിക്കും.. തിരിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ. രണ്ട് കയ്യും കൂട്ടിയിടിച്ചാലല്ലേ ശബ്ദം ഉണ്ടാവൂ. ഞാൻ അത്തരം കമന്റുകളോട് പ്രതികരിക്കാൻ പോവാറില്ല. 

പിന്നെ വീട്ടുകാരുടെ പിന്തുണയും എടുത്ത് പറയേണ്ടതാണ്. ഞാനെപ്പോൾ തളർന്ന് പോയാലും അവരെനിക്ക് കരുത്ത് പകർന്ന് കൂടെ നിന്നിട്ടേയുള്ളൂ. നിനക്ക് സ്വയം തെളിയിക്കാൻ ഇനിയും സമയമുണ്ട്. ആ  അവസരം പരമാവധി  ഉപയോ​ഗിച്ച് തിരിച്ച് മറുപടി പ്രവൃത്തിയിലൂടെ കാണിച്ച്  കൊടുക്കൂ എന്നായിരുന്നു അവർ പറഞ്ഞു തന്നത്. അതുകൊണ്ട് തന്നെ കൂടുതൽ കഠിനാധ്വാനം ചെയ്ത് എന്റെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാൻ ശ്രമിക്കുകയാണ് ഞാൻ. 

സുഹൃത്തുക്കൾക്കാണ് കൂടെ വരാൻ മടി

സിനിമാ താരമായതോടെ സൗഹൃദങ്ങളുടെ കാര്യത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. മുൻപ് എങ്ങനെ ആയിരുന്നുവോ അത് പോലെ തന്നെയാണ് ഇന്നും. അവർ എനിക്ക് വലിയ പിന്തുണയാണ് നൽകുന്നത്. പക്ഷേ പ്രൈവസി നഷ്ടമായി എന്ന സങ്കടമുണ്ട്. കാരണം എപ്പോൾ ഫ്രീ ടൈെം കിട്ടിയാലും സുഹൃത്തുക്കളുടെ കൂടെ സിനിമയ്ക്കും മറ്റും പോവാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. പക്ഷേ അതിനിപ്പോൾ അവസരം ലഭിക്കുന്നില്ല.

എന്റെ കൂടെ വരാൻ സുഹൃത്തുക്കൾക്കാണ് സത്യത്തിൽ ബുദ്ധിമുട്ട്. ആളുകൾ കൂടുന്നതും സെൽഫിയും മറ്റും എടുക്കുന്നതും എല്ലാം പലപ്പോഴും അവരെ അലോസരപ്പെടുത്താറുണ്ട്. ഞാനിപ്പോൾ ബി.കോം കഴിഞ്ഞു. ലാസ്റ്റ് സെമസ്റ്ററിൽ കഴിവതും കോളേജിൽ പാേകാൻ ശ്രമിച്ചിട്ടുണ്ട്.. അത് വരെ പക്കാ മാവേലിയായിരുന്നു. അവിടെയും വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ജൂനിയേഴ്സ് വന്ന സമയത്ത് അവർക്ക് ഭയങ്കര കൗതുകമായിരുന്നു വന്നു കാണാനും പരിചയപ്പെടാനുമെല്ലാം. 

റോഷൻ- അഡാർ ലവ് തന്ന സൗഹൃദം 

എനിക്ക് എന്റെ ആദ്യ സിനിമയിൽ നിന്ന് ലഭിച്ച ഏറ്റവും നല്ല കാര്യം റോഷൻ തന്നെയാണ്. അതിൽ ഒരു സംശയവുമില്ല. എന്ത് സാഹചര്യമാണെങ്കിലും മാറ്റമില്ലാതെ എന്റെ കൂടെ തന്നെ നിന്ന ആളാണ്,ഈ സൗഹൃദം ഉള്ളത് കൊണ്ട് തന്നെ ഞങ്ങൾ ഒന്നിച്ച് ഓൺസ്ക്രീൻ വരുമ്പോൾ അത് മികച്ചതാകും എന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. അത്രയ്ക്കും സ്ട്രോങ്ങ് ആണ് ഞങ്ങളുടെ ബോണ്ട്. 

priya

ഫോളോവേഴ്സിന്റെ എണ്ണം എന്നെ ബാധിക്കാൻ അനുവദിച്ചിട്ടില്ല

സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെ എണ്ണം എന്നെ ബാധിക്കാൻ ഞാനിത് വരെ അനുവദിച്ചിട്ടില്ല. എന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് മുൻപ് എന്റെ വ്യക്തിപരമായ ഒരിടമായിരുന്നു. ഇപ്പോൾ അതിൽ എൻ​ഗേജ്മെന്റ്സ് കൂടിയിട്ടുണ്ട് എന്നല്ലാതെ കൂടുതൽ ശ്രദ്ധ അതിലേക്ക് കൊടുക്കാൻ ഞാൻ തയ്യാറായിട്ടില്ല. ഈ ഫോളോവേഴ്സെന്ന് പറയുന്നത് താത്കാലികമാണ്. ആ എണ്ണത്തിൽ മാറ്റങ്ങൾ സംഭവിക്കാം. അതുകൊണ്ട് തന്നെയാണ് അത് എന്നെ ബാധിക്കാൻ ഞാൻ അനുവദിക്കാത്തത്.

എന്റെ കാര്യത്തിൽ എനിക്ക് നാട്ടിൽ കിട്ടുന്നതിനേക്കാൾ സ്നേഹവും പിന്തുണയും ലഭിക്കുന്ന് പുറത്ത് നിന്നാണ്. ബോംബെ, ചെന്നെ ബാം​ഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ പോകുമ്പോൾ അവിടെയുള്ളവർ കാണിക്കുന്ന സ്നേഹം, സ്വീകാര്യത, അത് സ്പെഷ്യലാണ്. ഒരു തരത്തിൽ ആലോചിക്കുമ്പോൾ വിഷമമുള്ള കാര്യമാണ്. പക്ഷേ അത് മാറും എന്ന് തന്നെയാണ് പ്രതീക്ഷ.

സ്വന്തമായി ഫോണില്ലാത്ത സിനിമാതാരം

അഡാർ ലവ് ചിത്രീകരണ സമയത്താണ് ഒരു അഭിമുഖത്തിൽ എനിക്ക് സ്വന്തമായി ഫോണില്ല എന്ന കാര്യം ഞാൻ പറഞ്ഞത്. അത് സത്യവുമായിരുന്നു. കോളേജ് സെക്കൻഡ് ഇയറായപ്പോഴാണ് ഞാൻ ഒരു ഫോൺ സ്വന്തമായി ഉപയോ​ഗിക്കുന്നത്. അത് ലോഞ്ച് ചെയ്തത് ഞാൻ ആയിരുന്നു. അതുവരെ എനിക്ക് സ്വന്തമായി ഫോൺ ഉണ്ടായിരുന്നില്ല. ഇപ്പോൾ കഷ്ടിച്ച് ഒരു വർഷമേ ആയിട്ടുള്ളൂ ഞാൻ ഒരു സിം എടുത്തിട്ട്. 

അര്‍ഹിക്കാത്ത അംഗീകാരങ്ങള്‍ തേടിയെത്തിയപ്പോള്‍ പ്രിയയുടെ സ്വഭാവം മാറിയെന്ന ഒമറിന്റെ ആരോപണം 

എന്ത് ആരോപണങ്ങൾ ആയാലും തിരിച്ച് പ്രതികരിച്ചിട്ട് കാര്യമില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. എന്തൊക്കെ പറഞ്ഞാലും നമ്മുടെ പ്രവൃത്തികളാണ് ആരോപണങ്ങൾ ശരിയോ തെറ്റോ എന്ന് തെളിയിക്കുന്നത്. പിന്നെ കുറേയൊക്കെ മൗത്ത് പബ്ലിസിറ്റി ഉണ്ട്. 

പക്ഷേ ഞാനിപ്പോൾ നാല് ചിത്രങ്ങൾ ചെയ്തു. അവിടെയുള്ളവരുമായെല്ലാം വളരെ ആരോ​ഗ്യരപരമായ ബന്ധമാണ് ഞാൻ കാത്തുസൂക്ഷിക്കാൻ  ശ്രമിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഇത്തരം ആരോപണങ്ങളോടൊന്നും പ്രതികരിക്കേണ്ട ആവശ്യമില്ല. ഞാൻ മൗനം പാലിച്ചപ്പോൾ അതിനുള്ള പോസിറ്റീവ് ആയുള്ള പ്രതികരണങ്ങൾ എനിക്ക് വന്നുതുടങ്ങി. അതാണ് നല്ല കാര്യം 

പ്രിയ ഒരു അഹങ്കാരിയാണ് ?

എനിക്ക് ഭയങ്കര ജാഡയാണെന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതിന്റെ ആദ്യത്തെ കാരണം ഞാൻ ഇം​ഗ്ലീഷ് സംസാരിക്കുന്നു എന്നതാണ്. മറ്റ് ഭാഷകളിൽ ഞാൻ അഭിമുഖം കൊടുക്കുമ്പോൾ അത് തെലുങ്കാവട്ടേ കന്നഡയാവട്ടേ എനിക്ക് ഇം​ഗ്ലീഷിലേ പറയാൻ പറ്റൂ. അതുപോലെ എന്റെ പേജിലൂടെ എന്തങ്കിലും അറിയിക്കണമെങ്കിലും എനിക്ക് ഇം​ഗ്ലീഷിലേ പറ്റൂ. കാരണം എന്റെ ഫോളോവേഴ്സിൽ അധികവും പുറത്തു നിന്നുള്ളവരാണ്. പലപ്പോഴും എനിക്ക് ജാഡയാണെെന്ന് കേൾക്കേണ്ടി വന്നിട്ടുള്ളത് എനിക്ക് ഇം​ഗ്ലീഷ് പറയേണ്ടി വരുന്നത് കൊണ്ടാണ്.

കുറേ പേരുടെ വിചാരം എനിക്ക് മലയാളം അറിയില്ല എന്നാണ്. അവരാരും തന്നെ എന്റെ പക്കാ മലയാളത്തിലുള്ള അഭിമുഖം കണ്ടിട്ടില്ല. അഹങ്കാരിയാണ്, ജാഡക്കാരിയാണ് എന്നുള്ളതെല്ലാം ഞാൻ പണ്ട് മുതലേ കേൾക്കുന്നതാണ്. എന്നെ ഒറ്റ നോട്ടത്തിൽ കാണുന്ന പലരും അത് പറഞ്ഞിട്ടുണ്ട്.  ആ പറഞ്ഞവർ തന്നെ പിന്നീട് അത് മാറ്റി പറഞ്ഞിട്ടുമുണ്ട് അവർ എന്റെ നല്ല സുഹൃത്തുക്കളുമായിട്ടുണ്ട്.  സത്യത്തിൽ എന്നെ വ്യക്തിപരമായി അറിയുന്ന ഒരാളും പറയില്ല ഞാൻ അഹങ്കാരിയാണെന്ന് . എന്നോട് അടുത്ത് കഴിഞ്ഞാൽ മനസിലാകും ഞാനൊരു സാധാരണ മലയാളി പെൺകുട്ടിയാണ്.

കുറേ ആരാധകരെ കിട്ടിയപ്പോൾ ആളാകെ മാറി?

ആറ്റിറ്റ്യൂഡിന്റെ കാര്യത്തിലാണ് ഈ ആരോപണം എങ്കിൽ ഞാനിപ്പോൾ എന്റെ മികച്ച പതിപ്പായി മാറി എന്ന് തന്നെയാണ് എന്റെ വിശ്വാസം. ക്ഷമയും പക്വതയും ഇത് രണ്ടും എനിക്ക് കൈവന്നു . നല്ല രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പഠിച്ചു. പിന്നെ ലുക്കിന്റെ കാര്യത്തിലാണെങ്കിൽ ഇത് ഞാൻ വളരുന്ന പ്രായമല്ലേ, എനിക്ക് മാറ്റങ്ങൾ സ്വാഭാവികമായും വരില്ലേ. പിന്നെ വസ്ത്രധാരണത്തിന്റെ കാര്യത്തിലാണെങ്കിൽ അവസരങ്ങൾക്ക്  അനുസരിച്ച് വസ്ത്രം ധരിക്കുന്ന ആളാണ് ഞാൻ. നാടനായും മോഡേണായുമുള്ള വസ്ത്രങ്ങൾ ഉപയോ​ഗിക്കാറുണ്ട്. സിനിമയിൽ വരുന്നതിന്അ മുമ്പും അങ്ങനെ തന്നെ. പിന്നെ പുറം നാടുകളിൽ പോകുമ്പോൾ അതിനനുസരിച്ചുള്ള വസ്ത്രമല്ലേ ധരിക്കേണ്ടത്, അതൊക്കെ എങ്ങനെയാണ് ഒരു പ്രശ്നമായി മാറുന്നത്.?

ഇതെല്ലാം ഒറ്റ സിനിമയോടെ തീർന്നോളും ?

എന്റെ നല്ലൊരു ചിത്രം ഇറങ്ങുമ്പോൾ ഈ ഒരു കമന്റ് തന്നെ ഇല്ലാതായിക്കൊള്ളും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഞാൻ ഇപ്പോൾ ഒരു നാല് സിനിമ ചെയ്തു അത് ഇറങ്ങി എനിക്ക് ഒരു ബ്രേക്ക് കിട്ടേണ്ട താമസമേയുള്ളൂ. അത് വരെ കാത്തിരിക്കൂ. എന്നേ എനിക്ക് പറയാനുള്ളൂ

യാത്ര തുടങ്ങിയിട്ടേയുള്ളൂ

എന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ. ‌എല്ലാവർക്കും ഒരു തുടക്കം കിട്ടാനായിരിക്കും പ്രയാസം. പക്ഷേ എന്റെ കാര്യത്തിൽ അത് വളരെ പെട്ടെന്ന് സംഭവിച്ചു. വളരെ യാദൃശ്ചികവുമായിരുന്നു. നല്ലൊരു തുടക്കം കിട്ടാനുള്ള ബുദ്ധിമുട്ട് എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ തുടക്കം ലഭിച്ചെന്നോയുള്ളൂ, അത് കാത്തു സൂക്ഷിക്കാനും മികച്ചതാക്കാനുമാണ് ഇക്കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ശ്രമിക്കുന്നത്. 

ഒരുപാട് നല്ല മാറ്റങ്ങൾ ഞാനെന്ന വ്യക്തിക്ക് ഈ യാത്രയിൽ സംഭവിച്ചിട്ടുണ്ട്. ഒരുപാട് ക്ഷമ പഠിച്ചു, പക്വത കൈവന്നു. സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പഠിച്ചു, ഭയങ്കര ഷോർട് ടെംമ്പേർഡ് ആയിരുന്നു. എന്നാൽ ആ സ്വഭാവമൊക്കെ ഇപ്പോൾ കുറേ മാറി. ഞാൻ എന്റെ തന്നെ മികച്ച വേർഷനായി മാറി എന്നതാണ് ഏറ്റവും വലിയ കാര്യം. 

Content Highlights : Priya Varrier Interview Oru adaar Love Sridevi Bangalow Vishnupriya Priya Varrier Movies