ശങ്കകളുടെ കാര്‍മേഘങ്ങളൊഴിഞ്ഞു, പ്രതീക്ഷയുടെ തെളിഞ്ഞ ആകാശത്തേക്ക് പൃഥ്വിരാജ്ചിത്രം 'വിമാനം' പറന്നുയരുകയാണ്. മാധ്യമപ്രവര്‍ത്തകനായ നവാഗതസംവിധായകന്‍ പ്രദീപ് എം. നായര്‍ ഒരുക്കുന്ന സിനിമ ഡിസംബര്‍ 22-ന് തിയേറ്ററുകളിലെത്തും. ശാരീരികവെല്ലുവിളികളോട്  സമരസപ്പെടാതെ സ്വന്തം സ്വപ്നം സാക്ഷാത്കരിച്ച യുവാവിന്റെ ജീവിതമാണ്  ചിത്രം പറയുന്നത്. സമാനപ്രമേയവുമായി 2017-ല്‍തന്നെ പുറത്തിറങ്ങിയ മറ്റൊരു ചിത്രമാണ് വിമാനത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ തുടക്കത്തില്‍  ആശങ്കപടര്‍ത്തിയത്.

''വിമാനം പൊങ്ങുന്നതിന്റെ അടിസ്ഥാന ശാസ്ത്രങ്ങളിലൊന്ന് അത് കാറ്റിനെതിരേ കുതിച്ചുയരുന്നുവെന്നാണ്, തടസ്സങ്ങള്‍ വലുതാകുമ്പോള്‍ കുതിപ്പിന് ആക്കംകൂടും. ഒരുഘട്ടത്തില്‍ ഈ സിനിമ നടക്കുമോ എന്നുപോലും സംശയിച്ചവരുണ്ട്: എന്നാല്‍, മനസ്സിലെ ആഗ്രഹം ശക്തമാണെങ്കില്‍ നമ്മള്‍ ലക്ഷ്യത്തില്‍ എത്തിച്ചേരുകതന്നെചെയ്യുമെന്നതാണ് ഈ സിനിമ മുന്നോട്ടുവക്കുന്ന സന്ദേശം.  'വിമാനം' സിനിമ സാധ്യമായതിനുപിന്നിലും അത്തരമൊരു തീവ്രമായ ആഗ്രഹംതന്നെയാണ്.''-ക്രിസ്മസ്ചിത്രം വിമാനത്തിന്റെ വിശേഷങ്ങളും പുതുവര്‍ഷപ്രതീക്ഷകളും പൃഥ്വിരാജ് പങ്കുവയ്ക്കുന്നു.

ആദം ജോണ്‍, വിമാനം, മൈ സ്റ്റോറി, രണം പുത്തന്‍ചിത്രങ്ങളെല്ലാം പുതുമുഖ സംവിധായകരുടെതാകുന്നു, യാദൃച്ഛികമാണോ ഇത്.?

ഓരാള്‍ വന്ന് കഥപറയുമ്പോള്‍ അയാള്‍ നവാഗതനാണോ അല്ലയോ എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. കയ്യിലുള്ള കഥ എത്രത്തോളം ഭംഗിയായി അയാള്‍ക്ക്  അവതരിപ്പിക്കാനാകുന്നു എന്നുമാത്രമാണ് ശ്രദ്ധിക്കാറ്്. ക്യാമറയുടെയും ലെന്‍സിന്റെയുമെല്ലാം കാര്യങ്ങള്‍ പറയാനും നോക്കാനുമെല്ലാം സിനിമയ്ക്കുള്ളില്‍ ടെക്‌നീഷ്യന്‍മാരുള്‍പ്പെടെയുള്ള വലിയൊരു സംഘമുണ്ട്. സംവിധായകനെ സംബന്ധിച്ചിടത്തോളം അവതരിപ്പിക്കാന്‍പോകുന്ന കാര്യത്തെക്കുറിച്ച് ആദ്യാവസാനം കൃത്യമായ ബോധ്യം വേണം. അത്തരം ആളുകളുമായി സഹകരിക്കാന്‍ സന്തോഷമേയുള്ളൂ.

തലപ്പാവ്, സെല്ലുലോയ്ഡ്, എന്ന് നിന്റെ മൊയ്തീന്‍, വിമാനം - യഥാര്‍ഥ ജീവിതങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതില്‍ ഒരു പ്രത്യേക ആഹ്ലാദമുണ്ടോ.?

യഥാര്‍ഥ ജീവിതങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കുമ്പോള്‍ കൂടുതല്‍  ശ്രദ്ധിക്കേണ്ടതുണ്ട്. മലയാളസിനിമയുടെ പിതാവാണ് ജെ.സി. ഡാനിയല്‍ എന്ന് കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കിലും, എന്തായിരുന്നു ആ ജീവിതമെന്ന് അധികമാര്‍ക്കും അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ അത് പുതിയ തലമുറയ്ക്ക് വലിയൊരു അറിവുകൂടിയാണ് നല്‍കുന്നത്. മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥ കാണുന്ന പ്രേക്ഷകന്‍ ഇങ്ങനെയും ചിലരിവിടെ പ്രണയിച്ചിരുന്നുവെന്ന് മനസ്സിലാക്കുന്നു. ഇത്തരം സിനിമകളുടെ അന്തിമവിജയം അവാര്‍ഡുകള്‍ നേടിയെന്നതല്ല, നഷ്ടപ്പെടുന്ന ചില ഓര്‍മകള്‍ പുതിയ തലമുറയിലേക്ക് എത്തിക്കാനായി എന്നതാണ്. അത്തരം ചിത്രങ്ങളുടെ ഭാഗമാകുന്നതില്‍ ആഹ്ലാദമുണ്ട്.

വിമാനമെന്ന ചിത്രത്തെയും വെങ്കിയെന്ന നായകനെയും കുറിച്ച്?

വിമാനം സജിതോമസിന്റെ ജീവിതമാണെന്ന് വ്യാപകമായൊരു ധാരണയുണ്ട്. അത് ശരിയല്ല. സജിതോമസിന്റെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിമാനം സിനിമ ഉണ്ടാകുന്നത്. വെങ്കിയെന്ന യുവാവിന്റെ ജീവിതമാണ് വിമാനം. ശാരീരികവെല്ലുവിളികളുമായി സ്‌കൂള്‍ജീവിതം പാതിയില്‍ അവസാനിപ്പിക്കേണ്ടിവന്ന വെങ്കി സ്വന്തം പ്രയത്‌നംകൊണ്ട് ജീവിതാഭിലാഷം നേടുന്ന കഥ.
വൈകാരികമായി എനിക്കേറെ അടുത്തുനില്‍ക്കുന്ന ചിത്രമാണിത്, തിരക്കഥയില്‍ സൂചിപ്പിക്കുന്ന ഭൂമിക യഥാര്‍ഥത്തില്‍ കണ്ടെത്തുക പ്രയാസമായിരുന്നു. അതുകൊണ്ടുതന്നെ ആറോളം വ്യത്യസ്ത ലൊക്കേഷനുകളില്‍വെച്ചാണ് സിനിമ ചിത്രീകരിച്ചത്. വി.എഫ്.എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രംകൂടിയാണിത്. വെങ്കിയുടെ ജീവിതത്തിലെ രണ്ട് കാലഘട്ടമാണ് അവതരിപ്പിക്കുന്നത്. ഒന്ന് എന്നെക്കാള്‍ പ്രായം കൂടിയതും മറ്റൊന്ന് കുറഞ്ഞതും. കഥാപാത്രത്തിനുവേണ്ടി ശാരീരികമായി വലിയ മാറ്റംതന്നെ നടത്തേണ്ടിവന്നിട്ടുണ്ട്.

വിമാനത്തിന്റെ സംവിധായകനൊപ്പം വീണ്ടുമൊരു ചിത്രം പ്രഖ്യാപിച്ചതായി കേള്‍ക്കുന്നു?

1904 കൊല്ലം ചെങ്കോട്ട മീറ്റര്‍ ഗേജ് റെയില്‍വേ ലൈന്‍ സ്ഥാപിക്കുന്നതിനുപിന്നിലെ പ്രയത്‌നവും കഥയുമാണ് പുതിയ ചിത്രം. മീറ്റര്‍ ഗേജിനായി പ്രവര്‍ത്തിച്ച മലയാളി ചീഫ് എന്‍ജിനീയറുടെ ജീവിതവും ചരിത്രവും ചേര്‍ത്തുവെച്ചാണ് 'മീറ്റര്‍ ഗേജ്' എന്ന സിനിമ മുന്നോട്ടുപോകുന്നത്. വലിയ ഹോംവര്‍ക്കുകളും ടെക്‌നിക്കലായി ഒരുപാട് സാധ്യതകളും ഒന്നിപ്പിക്കേണ്ട ചിത്രമാണ്. എങ്കിലും ചിത്രം നടക്കുകതന്നെ ചെയ്യും.

സിനിമയുടെ നിര്‍മാണച്ചെലവും ആദ്യദിന കളക്ഷന്‍നേട്ടവുമെല്ലാം ഉയര്‍ത്തിയുള്ള പ്രചാരണമാണ് മലയാളത്തിലിന്ന് വ്യാപകമായി കാണുന്നത്. പുതിയ പ്രവണതകളെക്കുറിച്ച്.?

നിര്‍മാണച്ചെലവിന്റെയും ആദ്യദിന കളക്ഷന്‍നേട്ടത്തിന്റെയും പേരിലല്ല സിനിമ അറിയപ്പെടേണ്ടത്, അങ്ങനെയുള്ള പ്രവണത തീര്‍ത്തും അനാരോഗ്യകരമാണ്. നിര്‍ഭാഗ്യവശാല്‍ എന്റെ സിനിമകളും ആ കുരുക്കില്‍ പെട്ടുപോകുന്നുണ്ട്. മലയാളസിനിമയുടെ കാന്‍വാസ് വലുതാകുന്നതിലും തിയേറ്റര്‍കളക്ഷന്‍ കൂടുന്നതിലും സന്തോഷമുണ്ട്, എന്നാല്‍ സിനിമ മാര്‍ക്കറ്റ്‌ചെയ്യുന്നത് അതിന്റെയൊന്നും പേരിലാകരുത്. ബജറ്റ് കൂടുമ്പോള്‍ ചിത്രം നന്നാകുന്നു എന്നത് ശരിയല്ല. എന്റെ സിനിമകളെക്കുറിച്ചുള്ള കോടികളുടെ കണക്കുകളെല്ലാം ഞാനും കേള്‍ക്കാറുണ്ട്. അവയില്‍ പലതും ശരിയല്ല, എന്റെ സിനിമകള്‍ക്ക് പുറത്തുപറയുന്ന ബജറ്റ് കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

പുതുവര്‍ഷപ്രതീക്ഷകള്‍?

പുതിയ വര്‍ഷത്തിലും പ്രതീക്ഷയുള്ള ഒരുപാട് ചിത്രങ്ങള്‍ തിയേറ്ററിലേക്കെത്തുന്നുണ്ട്, അഞ്ജലി മേനോന്റെ സിനിമയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മൈ സ്റ്റോറി യാണ് അടുത്തതായി തിയേറ്ററിലെത്തുന്നത്. ആടുജീവിതമാണ് മുന്നിലുള്ള വലിയൊരു സിനിമ, ഞാനാദ്യമായി സംവിധാനംചെയ്യുന്ന മോഹന്‍ലാല്‍ചിത്രം ലൂസിഫര്‍ 2018-ല്‍ തുടങ്ങും. ചിത്രത്തിന്റെ തിരക്കഥാരചന പുരോഗമിക്കുകയാണ്. ഡിസംബര്‍ അവസാനം എല്ലാവര്‍ഷവും ഒരു വിദേശയാത്ര പതിവുള്ളതാണ്, ഇത്തവണയും അതില്‍ മാറ്റമില്ല.     

Content Highlights: Prithviraj on new projects, prithviraj vimanam movie, Prithviraj on Box office collection, Prithviraj Interview