ഈറനണിഞ്ഞ കണ്ണുകളുമായാണ് 'എന്ന് നിന്റെ മൊയ്തീ'ന്റെ പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങുന്നത്. അത് സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും  കണ്ണീരാണ്.  ഒരു നല്ല സിനിമ കണ്ടിറങ്ങിയതിന്റെ സംതൃപ്തിയില്‍ നിന്നുണ്ടാകുന്ന സന്തോഷത്തിനൊപ്പം  പരസ്പരം ഒന്നിക്കാന്‍ കഴിയാതെ പോയ കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിതവും ആരെയും സ്പര്‍ശിക്കും, കണ്ണുകളെ  ഈറനണിയിക്കും.


സമീപകാലത്ത് പുതുതലമുറ ഒരു പിരീഡ് സിനിമയെ ഇത്രയേറെ സ്വീകരിച്ചത് ആദ്യമാകും. പ്രേമത്തെ ആഘോഷമാക്കിയ യുവത കാഞ്ചനമാലയേയും മൊയ്തീനേയും അത്രമേല്‍ സ്‌നേഹിക്കുകയാണ്. മൊയ്തീന് ജീവന്‍ പകര്‍ന്ന പൃഥ്വിരാജ് മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'പാവാട' യുടെ ലൊക്കേഷനിലാണ് ഇപ്പോള്‍.  എന്ന് നിന്റെ മൊയ്തീനെക്കുറിച്ച് ചോദിച്ചപ്പോള്‍ പൃഥ്വി  സ്‌ന്തോഷം മറച്ചു വെക്കാതെ സംസാരിച്ചു തുടങ്ങി .


''എന്ന് നിന്റെ മൊയ്തീന്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഒരു നല്ല സിനിമയാകുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. തുറന്നു പറയുകയാണെങ്കില്‍, ഇത്രത്തോളം ആവേശം ചിത്രത്തിനുണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ല.് എവിടെ നിന്നും നല്ല വാക്കുകളാണ് കേള്‍ക്കുന്നത്. ഒരു പാട് പേരുടെ പ്രയത്‌നം ചിത്രത്തിനു പിന്നിലുണ്ട്. ഒരു പാട് പ്രതിസന്ധികള്‍ ചിത്രീകരണത്തിനിടെ നേരിടേണ്ടിവന്നിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് ആ വേദനകളെല്ലാം പോയി.  ഇപ്പോള്‍ വിജയത്തിന്റെ മധുരം അനുഭവിക്കുകയാണ്. ''   


യാഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിലേക്ക് ആകര്‍ഷിച്ച ഘടകം?
അപൂര്‍വമായ അനശ്വര പ്രണയകഥയാണ് മൊയ്തീന്റേയും കാഞ്ചനമാലയുടേയും. അത് ലോകം അറിയേണ്ടതാണെന്ന് തോന്നിയതു കൊണ്ടാണ് ആ സിനിമയുടെ ഭാഗമായത്.  ഒരു കാലഘട്ടം പുനരാവിഷ്‌കരിക്കുന്നതിനൊപ്പം  സത്യസന്ധമായ പ്രണയം എന്താണെന്ന് ബോധ്യപ്പെടുത്തുന്ന,
നല്ല ഉദ്ദേശ്യത്തോടുകൂടിയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെത്തിയത്. അതാണ് എന്നെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്.


എന്ന് നിന്റെ മൊയ്തീനില്‍ പൃഥിരാജിനേയും പാര്‍വതിയേയും കണ്ടില്ല. മൊയ്തീനേയും കാഞ്ചനമാലയേയുമാണ് കണ്ടതെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു.
മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തിലെ സത്യസന്ധത ഏതു കാലത്തും പ്രസക്തമാണ്. ഞാനും പാര്‍വതിയുംമൊയ്തീനേയും കാഞ്ചനമാലയേയും  നന്നായി മനസ്സിലാക്കിയിരുന്നു. അതു കൊണ്ടായിരിക്കാം മൊയ്തീനും കാഞ്ചനമാലയുമായി ഞങ്ങള്‍ക്ക് താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞത്. സംവിധായകന്‍ വിമല്‍  അത്രയേറെ മൊയ്തീനേയും കാഞ്ചനമാലയേയും ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു.


പാര്‍വതിയുമായി അഭിനയിച്ചപ്പോള്‍?
പാര്‍വതി എക്‌സ്ട്രാ ടാലന്റുള്ള കലാകാരിയാണ്. പാര്‍വതിയുടെ പെര്‍ഫോമന്‍സ് മികച്ചതായതു കൊണ്ടാണ് മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം ഹൃദ്യമായി സ്‌ക്രീനില്‍ എത്തിക്കാന്‍  കഴിഞ്ഞത്. പാര്‍വതി കാഞ്ചനമാല എന്ന കഥാപാത്രത്തെ നന്നായി ഉള്‍ക്കൊണ്ടു.  എന്ന് നിന്റെ മൊയ്തീനിലെ  എല്ലാ അഭിനേതാക്കളും അവരവരുടെ റോളുകള്‍ ഭംഗിയായി ചെയ്തതിന്റെ ഗുണം ചിത്രത്തിനുണ്ട്.


വിമല്‍ പുതുമുഖസംവിധായകനാ ണല്ലോ?
ഞാന്‍ കുറേ പുതുമുഖസംവിധായകന്‍മാരുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഒരു സിനിമയ്ക്കുവേണ്ടി എട്ടൊമ്പതു  വര്‍ഷം ചെലവഴിച്ച നവാഗതസംവിധായകന്‍ വിമല്‍ മാത്രമായിരിക്കും. എന്നെ വിമല്‍ കാണാന്‍ വരുന്നത് 'ജലം കൊണ്ട് മുറിവേറ്റവള്‍ ' എന്ന ഡോക്യുമെന്ററിയുമായിട്ടാണ്. അതിലൂടെ കാഞ്ചന മാലയുടെയും മൊയ്തീന്റെയും പ്രണയത്തിന്റെ തീവ്രത  എനിക്ക് വ്യക്തമായിരുന്നു. പിന്നെ അത് ഒരു തിരക്കഥാരൂപത്തിലേക്ക് മാറ്റി മാറ്റിയെഴുതിയാണ് എന്ന് നിന്റെ മൊയ്തീനിന്റെ ചലച്ചിത്രാവിഷ്‌കാരം നടന്നത്.

പിരീയഡ് ഫിലിമായതോടൊപ്പം ദൃശ്യങ്ങള്‍ക്കു ഒരു പാട് പ്രാധാന്യമുണ്ട്. അപ്പോള്‍ തന്നെ ക്യാമറാമാന്‍ ജോമോന്‍.ടി.ജോണിനെ ചിത്രത്തിന്റെ ഛായാഗ്രാഹകനാക്കാമെന്ന് വിചാരിച്ചിരുന്നു. ജോമോന്‍ ഒരുക്കിയ മനോഹരമായവിഷ്വലുകള്‍ ചിത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഇന്ന് വളരെ തിരക്കുള്ള ഛായാഗ്രാഹകനാണ് ജോമോന്‍. എന്നിട്ടും  എന്ന് നിന്റെ മൊയ്തീന്റെ എല്ലാ ഷെഡ്യൂകളിലും സഹകരിച്ച് ചിത്രത്തിനൊപ്പം നില്ക്കാന്‍ ജോമോനുണ്ടായിരുന്നു.


സംഗീതവും ചിത്രത്തിന്റെ അവിഭാജ്യഘടകമാണല്ലോ?
എം.ജയചന്ദ്രന്‍, രമേഷ് നാരായണന്‍, ഗോപിസുന്ദര്‍ എന്നീ മൂന്നു സംഗീതജ്ഞരുടെ സംഗീതം ചിത്രത്തിന് പുതിയൊരു തലം നല്കുകയായിരുന്നു. ഈ സിനിമയിലേക്ക് ഞാന്‍ എത്താന്‍ കാരണം രമേഷ്ജി(രമേഷ് നാരായണന്‍ )ആണ്. പൃഥ്വിരാജ് , ആര്‍.എസ്. വിമല്‍ എന്ന ചെറുപ്പക്കാരന് കുറച്ചു സമയം കൊടുക്കൂയെന്ന് പറയുന്നത് അദ്ദേഹമാണ്. അങ്ങനെയാണ് വിമല്‍ എന്നെ  ജലം കൊണ്ട മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററി കാണിക്കുന്നതും അത് സിനിമയാക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതും.  സിനിമയ്‌ക്കൊപ്പം ഇഴ ചേര്‍ന്നു നില്ക്കുന്ന സംഗീതമാണ് മൂന്ന് സംവിധായകരും ഒരുക്കിയിരിക്കുന്നത്.


ബി. ഉണ്ണികൃഷ്ണനെ പോലുള്ള സംവിധായകര്‍ ഫേസ്ബുക്കില്‍ ചിത്രത്തിന് വിലയേറിയ അഭിപ്രായങ്ങളാണ് കുറിച്ചത്.
ഉണ്ണിയേട്ടന്റെ പോസ്റ്റിന് മറുപടി
യായി നന്ദി അറിയിച്ചു  കൊണ്ട് ഞാനും പോസ്റ്റ് ചെയ്തിരുന്നു. ഉണ്ണിയേട്ടനും കൂടി ഭാഗമായ വിസ്മയാമാക്‌സ് സ്റ്റുഡിയോയ്ക്കും എന്ന് നിന്റെ മൊയ്തീന്റെ പൂര്‍ണതയ്ക്ക് പങ്കുണ്ട്. അവിടെ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടത്തിയിട്ടുണ്ട്.


എന്ന് നിന്റെ മൊയ്തീനിലെ പ്രണയം ഈ കാലഘട്ടവും സ്വീകരിച്ചപ്പോള്‍?
എങ്ങനെയാണ് പ്രണയിക്കുന്നതെന്ന് പറയുകയല്ല. മൊയ്തീനും കാഞ്ചനമാലയും കണ്ടു  മുട്ടിയ നിമിഷങ്ങള്‍ വളരെ കുറവാണ്. ആയുസ്സു മുഴുവന്‍ മനസ്സിലെ പ്രണയം കെടാതെ സൂക്ഷിച്ച രണ്ടു പേരുടെ കഥയാണ്. ആരുടെ മനസ്സിലും ഒരു വിങ്ങല്‍ അവരുടെ കഥ കേള്‍ക്കുമ്പോള്‍ ഉണ്ടാകും. ഇങ്ങനെയൊരു ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകരോട് എന്റെ നന്ദി അറിയിക്കുന്നു.


പൃഥ്വി നിര്‍മാതാവു കൂടിയായ ഡബിള്‍ ബാരലിന് സമ്മിശ്ര പ്രതികരണമായിരുന്നു. ആ പരീക്ഷണ ചിത്രത്തെ വേണ്ട രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിക്കാത്തതില്‍ വിഷമമുണ്ടോ?
ഡബിള്‍ബാരല്‍ പരീക്ഷണ ചിത്രമാണ് .അത് പ്രേക്ഷകര്‍ സ്വീകരിക്കാനും തിരസ്‌കരിക്കാനും സാധ്യതയുണ്ട്. എന്നൊക്കെ അറിഞ്ഞു കൊണ്ട് തന്നെയാണ് ആ പ്രോജക്ട് ചെയ്തത്. അത്തരം പരീക്ഷണ ചിത്രങ്ങള്‍ക്കൊപ്പം ഇനിയും  നില്ക്കും. ഡബിള്‍ബാരല്‍  ഒരു പക്ഷേ, വരും കാലങ്ങളിലായിരിക്കും കൂടുതല്‍ പരാമര്‍ശിക്കുക.


അടുത്തിടെ പൃഥ്വിരാജ് ചിത്രങ്ങളിലെല്ലാം വ്യത്യസ്ത കഥാപാത്രങ്ങളായിരുന്നു. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ ബോധപൂര്‍വമായ സമീപനങ്ങളുണ്ടോ?
എന്നെത്തേടി സിനിമ വരുമ്പോള്‍  എന്റെ കഥാപാത്രം ഏതാണെന്ന് അന്വേഷിക്കുന്നതിനേക്കാള്‍ സിനിമയുടെ ടോട്ടാലിറ്റി എങ്ങനെയായിരിക്കും എന്നാണ് നോക്കുന്നത്. എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന കഥയും കഥാപാത്രങ്ങളും വരുമ്പോഴാണ് ഞാന്‍ ആ ചിത്രത്തിന്റെ ഭാഗമാകുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണിയാണ് ഇനി പുറത്തിറങ്ങുന്ന ഞാന്‍ അഭിനയിച്ച ചിത്രം. അനാര്‍ക്കലി, പാവാട എന്നിവയായിരിക്കും തുടര്‍ന്നെത്തുന്ന ചിത്രങ്ങള്‍. ഈ ചിത്രങ്ങളിലെല്ലാം പുതുമകള്‍ പ്രതീക്ഷിക്കാം.  

........................................................................................................................................

maoideenമലയാളിയുടെ കേട്ടറിവിന്റെ ബോധ്യങ്ങളിലെ ഏറ്റവും തീവ്രമായ പ്രണയാനുഭവമാണ് കോഴിക്കോട്ടെ മുക്കത്ത് ജീവിച്ചിരുന്ന ബി.പി മൊയ്തീന്റെയും കാഞ്ചന മാലയുടെയും പ്രണയം. 

പുസ്തകം വാങ്ങാം