"മലയാളത്തിലെ  ഏറ്റവും വലിയ സിനിമയിലെ ഒരു കേന്ദ്രകഥാപാത്രം മലയാളത്തിലെ ഏറ്റവും വലിയ സംവിധായകന്‍ ഓഫര്‍ ചെയ്തിട്ട് കുതിര ഓടിക്കണമെന്ന ഒറ്റ കാരണം കൊണ്ട് ആ സിനിമ വേണ്ടെന്ന് വച്ച മഹാനാണ് ഈ ഇരിക്കുന്നത്". ബിജു മേനോനെ ചൂണ്ടിക്കാണിച്ച് പൃഥ്വിരാജിന്റെ കമന്റ്.. ക്ലബ് എഫ്.എമ്മിന്റെ സ്റ്റാര്‍ ജാം വിത് റാഫി എന്ന പരിപാടിയില്‍ കൊണ്ടും കൊടുത്തും ബിജു മേനോനും പൃഥ്വിരാജും ചിരിപ്പടക്കത്തിനാണ് തിരികൊളുത്തിയത്. ബിജു മേനോന്‍ മടിയനാണോ എന്ന ചോദ്യത്തിന് . 'ഏയ്, മടിയൊന്നും ഇല്ല' എന്നായിരുന്നു ബിജു മേനോന്റെ മറുപടി. അപ്പോള്‍ തന്നെ പൃഥ്വിയുടെ കൗണ്ടര്‍ വന്നു 'ഏയ്, ഒന്നും പറയണ്ട, മടിയന്‍ തന്നെയാണ്.' 

തിയ്യറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അയ്യപ്പനും കോശിയും എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് പ്രിയ താരങ്ങള്‍ ക്ലബ്ബ് എഫ്എമ്മിലെത്തിയത്. അയ്യപ്പനായി ബിജു മേനോനും കോശിയായി പൃഥ്വിരാജും തകര്‍ത്താടിയപ്പോള്‍ ചിത്രത്തിലെ റിയലിസ്റ്റിക് ആക്ഷന്‍ രംഗങ്ങള്‍ കയ്യടി നേടി. എന്നാല്‍, ഏറെ പണിപ്പെട്ടാണ് ഇങ്ങനെയൊരു ഫൈറ്റ് സിനിമയില്‍ കാണിക്കുന്നതെന്ന് പൃഥ്വിരാജും ബിജു മേനോനും പറയുന്നു.

'എനിക്ക് അമ്പത് വയസായി, നിവൃത്തിയില്ലാതെ സഹികെട്ട് ഇടികൊണ്ടതാണ് ഈ പടം.' ബിജു മേനോന്‍ പറയുന്നു. 

Read More : 'ഷൂട്ട് കഴിഞ്ഞ് വൈകുന്നേരം റൂമില്‍ എത്തിയാല്‍ അക്ഷരാര്‍ഥത്തില്‍ ബെഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു'

സംവിധായകന്‍ സച്ചി സിനിമയുടെ കഥയും സീനുകളും പറഞ്ഞപ്പോള്‍ തന്നെ ആക്ഷന്‍ രംഗങ്ങളുടെ കാര്യത്തില്‍ തനിക്ക് സംശയമുണ്ടായിരുന്നുവെന്നും അത് സച്ചിയോട് പങ്കുവച്ചിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. 

'വളരെ റിയലസ്റ്റിക് ആയതും ഏരെ പ്രാധാന്യമുള്ളതുമായ ഫൈറ്റ് സീനാണ് സിനിമയിലേത്.. അത് അങ്ങനെ തന്നെ വേണമെന്ന് നിര്‍ബന്ധമുള്ള ആളാണ് സച്ചി. ഫിസിക്കലി വളരെ ഡിമാന്‍ഡിങ്ങ് ആയ സീനാണ്. എനിക്ക് പോലും. ബിജു ചേട്ടനെ കൊണ്ട് എങ്ങനെ ഇതു ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ സച്ചിയോട് ചോദിച്ചു. പക്ഷേ, ബിജു ചേട്ടന്‍ ആ ഫൈറ്റ് സീനില്‍ ഞെട്ടിച്ചുകളഞ്ഞു. അതിഗംഭീരമായാണ് ബിജു ചേട്ടന്‍ അത് ചെയ്തത്. നിങ്ങള്‍ ഈ സിനിമയില്‍ കാണുന്ന ആക്ഷന്‍ രംഗങ്ങളില്‍ തെറിച്ച് വീഴുന്നതും മുതുകടിച്ച് വീഴുന്നതുമെല്ലാം ബിജു ചേട്ടന്‍ തന്നെയാണ് ചെയ്യുന്നത്. ഹാറ്റ്സ് ഓഫ് ബിജു ചേട്ടന്‍'. പൃഥ്വി പറയുന്നു.

ജീവിതത്തില്‍ തീര്‍ത്തും സംതൃപ്തനായ വ്യക്തിയാണ് ബിജു മേനോനെന്നും തനിക്കേറെ അസൂയ അക്കാര്യത്തില്‍ അദ്ദേഹത്തോട് ഉണ്ടെന്നും പൃഥ്വി പറയുന്നു.

'നമ്മുടെ ജീവിതത്തില്‍ ഉള്ള കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുക എന്നത് വളരെ വലിയ കാര്യമാണ്. ഒരു മനുഷ്യന്‍ എപ്പോഴും ആഗ്രഹിക്കുന്നതും എന്നാല്‍ ഒരിക്കലും മനുഷ്യന് പൂര്‍ണമായും കൈവരിക്കാനാവാത്ത ഒരു കാര്യമാണ് അത്. എപ്പോവും നമുക്ക് ഉള്ളതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ആഗ്രഹിച്ച് ഒരിക്കലും സംതൃപ്തി ഇല്ലാത്ത ജീവിതം ജീവിച്ചു തീര്‍ക്കുന്നവരാണ് ഭൂരിഭാഗം ആള്‍ക്കാരും.

Read More : ജീവിതത്തില്‍ കെട്ടിയ വേഷങ്ങള്‍ വച്ചുനോക്കുമ്പോള്‍ അയ്യപ്പനും കോശിയുമൊക്കെ സലീഷനെന്ത്! 

ബിജു ചേട്ടന്‍ വളരെ സംതൃപ്തനായ ആളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആത്യന്തികമായി സന്തോഷവാനായ മനുഷ്യനാണ് ബിജു ചേട്ടന്‍. ആ സന്തോഷം ബിജു ചേട്ടന്റെ നന്മയില്‍ നിന്നും വരുന്നതാണ്. ബിജു ചേട്ടന്‍ ഒരുപക്ഷേ തിരിച്ചറിയുന്നില്ലായിരിക്കാം ചുറ്റുമുള്ളവര്‍ക്ക് വല്ലാത്തൊരു പോസറ്റീവ് എനര്‍ജി അദ്ദേഹം നല്‍കുന്നുണ്ട്. ഈ മനുഷ്യന്‍ എത്ര സന്തോഷത്തോടെയാണ് ജീവിക്കുന്നത് നമുക്കെന്താ അത് പറ്റാത്തതെന്ന് നമ്മള്‍ ചിന്തിക്കും. എനിക്ക് ഏറ്റവും ഇഷ്ടമുള്ള സഹതാരങ്ങളില്‍ ഒരാള്‍ ബിജു മേനോന്‍ ആണ്.' പൃഥ്വി പറയുന്നു

എല്ലാ കാര്യങ്ങളെക്കുറിച്ചും ആഴത്തില്‍ അറിവുള്ള അറിയാന്‍ ശ്രമിക്കുന്ന ആളാണ് പൃഥ്വിയെന്നാണ് ബിജു മേനോന്റെ അഭിപ്രായം. ' രാജു ഒരുപാട് വായിക്കുന്ന ആളാണ്, ഒരുപാട് സിനിമകള്‍ കാണുന്ന ആളാണ്. സിനിമയുടെ എല്ലാവശങ്ങളെക്കുറിച്ചും അറിയുന്ന ആളാണ്. എല്ലാത്തിനെക്കുറിച്ചും വളരെ ആഴത്തില്‍ പഠിച്ച് സംസാരിക്കാന്‍ രാജുവിന് കഴിവുണ്ട്. ആ സ്വഭാവം എനിക്ക് ഭയങ്ക ഇഷ്ടമാണ്. രാജു പലതും പറയുമ്പോള്‍ ഇവനിതൊക്കെ പഠിക്കാന്‍ എവിടുന്നു സമയം കിട്ടുന്നുവെന്നാണ് ഞാന്‍ ചിന്തിക്കുന്നത്.' 

Content Highlights : Prithviraj Biju Menon Interview Ayyappanum Koshiyum Movie Directed By Sachy