പ്രയാഗ എന്നും മലയാളിക്ക് കുടുംബത്തിലെ കുറുമ്പുകാരിയാണ്. ഓരോ വര്‍ഷവും പുത്തന്‍ നായികമാര്‍ അരങ്ങേറുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്ന കാലത്ത് നായിക റോളില്‍  നോട്ടൗട്ടാക്കാതെ തുടര്‍ചിത്രങ്ങളുമായി മുന്നേറുകയാണ് പ്രയാഗ. മലയാളം കടന്ന് തമിഴിലും കന്നടയിലുമെല്ലാം താരം സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിലൂടെ പ്രയാഗ തേടുന്നത് അഭിനയ വഴിയിലെ പുതിയ ദൂരമാണ്. ഇന്റര്‍കാസ്റ്റ് പ്രണയകഥ പറയുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പ്രയാഗ പങ്കുവെക്കുന്നു.

എന്താണ് ഭൂമിയിലെ മനോഹര സ്വകാര്യം പറയുന്നത് ?

ക്രിസ്ത്യന്‍ യുവതിയോട് മുസ്ലീം യുവാവിന് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ കഥാതന്തു. അന്ന എന്ന നായിക കഥാപാത്രമായി ഞാനെത്തുമ്പോള്‍ അഹമ്മദ് കുട്ടി എന്ന നായകകഥാപാത്രത്തെ ദീപക് പറമ്പോല്‍ അവതരിപ്പിക്കുന്നു. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. പിന്നീട് ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിടുന്നതും അത് വളരെ ആഴത്തിലേക്ക് പടരുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഷൈജു അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാടകരംഗത്ത് ഏറെക്കാലമായി ശ്രദ്ധേയ സാന്നിധ്യമായ എ ശാന്തകുമാര്‍ ആദ്യമായി തിരക്കഥയൊരുക്കുന്ന സിനിമയാണ്. സംഗീതത്തിന് ഏറെ പ്രധാന്യമുള്ള ചിത്രത്തില്‍ നാലു പാട്ടുകളുണ്ട്. സച്ചിന്‍ ബാലുവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് അന്ന സ്പെഷ്യലാകുന്നത് എന്തുകൊണ്ടാണ് ?

കരിയറില്‍ പലതരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എന്റെ കഴിവ് പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ഉതകുന്ന അല്ലെങ്കില്‍ എന്നെ വെല്ലുവിളിക്കുന്ന കഥാപാത്രം ഇതുവരെ വന്നിട്ടില്ലായിരുന്നു. അത്തരത്തിലൊന്നാണ് ഭൂമിയിലെ മനോഹര സ്വകാര്യത്തിലെ അന്ന. കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ കാത്തിരുന്ന കഥാപാത്രമാണിതെന്ന് തോന്നി. മാനസികമായി പലതലങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് അന്ന.  അതിനാല്‍ തന്നെ പരാമവധി കഥാപാത്രത്തിലേക്ക് ഇറങ്ങാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ദീപക്കേട്ടനുമായി ഒന്നിച്ചഭിനയിക്കണമെന്ന് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. സിനിമയില്‍ ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. അത് എത്രമാത്രം നന്നായി എന്ന് പറയേണ്ടത് പ്രേക്ഷകരാണ്.

സിനിമ പറയുന്നത് ഇന്റര്‍കാസ്റ്റ് പ്രണയ കഥയാണ്. ഇത്തരം വിവാഹങ്ങളോടുള്ള പ്രയാഗയുടെ നിലപാട് എന്താണ് ?

സിനിമയില്‍ ഒരു നിലപാടും ജീവിതത്തില്‍ മറ്റൊരു നിലപാടും എന്നൊന്നും ഇല്ല. ഭൂരിഭാഗവും വിശ്വസിക്കുന്നത് പോലെ പ്രണയത്തിനോ വിവാഹത്തിനോ മതം പ്രശ്നമല്ല എന്നാണ് എന്റെയും അഭിപ്രായം. പ്രണയിക്കുമ്പോള്‍ ജാതിയോ മതമോ ചോദിക്കേണ്ട ആവശ്യമില്ല. കേരളത്തിലടക്കം അടുത്തിടെ പ്രണയത്തിലെ മതവും ജാതിയും കാരണം കൊലപാതകങ്ങള്‍ നടന്നു. അത്തരമൊരു കാലത്ത് ഈ സിനിമ പറയുന്ന വിഷയത്തിന് വളരെ കാലിക പ്രസക്തി കൂടി ഉണ്ട്. വളരെ പുരോഗമനപരമായി ചിന്തിക്കുന്ന സമൂഹമാണ് നമ്മുടേത്. എന്നാല്‍ പ്രണയത്തിന്റെയും വിവാഹത്തിന്റെയും കേസ് വരുമ്പോള്‍ പല കുടുംബങ്ങളും ജാതി, മതം എന്ന് പറഞ്ഞ് തടസവാദങ്ങള്‍ ഉന്നയിക്കുന്നു. പിന്നീടത് സംഘര്‍ഷത്തിലേക്ക് വഴിമാറുന്നു.

പ്രയാഗയുടെ വിവാഹം, വീട്ടില്‍ ചര്‍ച്ചകള്‍ തുടങ്ങിയോ ?

എല്ലാ രക്ഷിതാക്കളെയും പോലെ വീട്ടിലും മാതാപിതാക്കള്‍ക്ക് എന്റെ ഇപ്പോള്‍ കെട്ടിച്ചു വിട്ടാല്‍ കൊള്ളാം എന്നൊക്കെയുണ്ട്. പക്ഷേ വിവാഹം എന്ന വിഷയം കുറച്ചുവര്‍ഷത്തേക്ക് എന്റെ മുന്നില്‍ വെക്കരുതെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. കാരണം സിനിമയില്‍ ഞാന്‍ സ്വപ്നം കാണുന്ന ഉയരമുണ്ട്. ആ ലക്ഷ്യത്തിലേക്ക് എത്താന്‍ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്.  ഏറെ പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ എന്റെ പ്രണയം സിനിമയോടാണ്.

Content Highlights: Prayaga Martin Interview, Star Chat, Bhoomiyile Manohara Swakaryam Movie