ണ്ടു പതിറ്റാണ്ടുകളായി വിസ്മയിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി പ്രസന്ന മാസ്റ്റർ എന്നറിയപ്പെടുന്ന പ്രസന്ന സുജിത്ത് മലയാള സിനിമയിലുണ്ട്. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തോടെ സിനിമയിൽ ഹാട്രിക് നേട്ടത്തിന് ഉടമയായിരിക്കുകയാണ് പ്രസന്ന മാസ്റ്റർ. മികച്ച കൊറിയോ​ഗ്രഫർക്കുള്ള പുരസ്കാരം ബ്രിന്ദ മാസ്റ്റർക്കൊപ്പമാണ് പ്രസന്ന ഇത്തവണ പങ്കിട്ടത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലെ നൃത്തത്തിനാണ് പുരസ്കാരം.

റിയാലിറ്റി ഷോകളിലൂടെ മിനിസ്ക്രീനിലും സജീവമായതിനാൽ കൊറിയോഗ്രാഫർ എന്ന നിലയിൽ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖവും ഇദ്ദേഹത്തിന്റേതായിരിക്കും. പ്രശ്സത നൃത്തസംവിധായകരായ രഘു മാസ്റ്റർ, കലാ മാസ്റ്റർ, ബൃന്ദ മാസ്റ്റർ എന്നിവരുടെ കുടുംബത്തിൽ നിന്നു വരുന്ന പ്രസന്ന ഈ രം​ഗത്തേക്ക് കടന്നുവന്നതും തികച്ചും സ്വാഭാവികമായിരുന്നു. കുട്ടിക്കാലം മുതൽ റിഹേഴ്സൽ ക്യാമ്പുകൾ കണ്ടാണ് വളർന്നത്. ചെറിയ പ്രായത്തിലൊന്നും നൃത്തത്തോട് വലിയ അഭിനിവേശം തോന്നിയില്ല. പക്ഷേ വിധി എന്നെ ഇവിടെ തന്നെ കൊണ്ടെത്തിച്ചു- മാതൃഭൂമി ഡോട്ട്കോമിനോട് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പ്രസന്ന സുജിത്ത്. 

ഇത്തവണയും പുരസ്കാരം തേടിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

ഇല്ല, സത്യം പറഞ്ഞാൽ പുരസ്കാരത്തെക്കുറിച്ചോർക്കാറില്ല. മരയ്ക്കാരിലെ പാട്ട് നന്നായി വന്നുവെന്ന് എനിക്കുറപ്പുണ്ടായിരുന്നു. മൂന്ന് വർഷം തുടർച്ചയായി മലയാള സിനിമയുടെ അംഗീകാരം തേടിയെത്തിയത് ഭാഗ്യമായി കരുതുന്നു. വളരെയേറെ സന്തോഷം തോന്നുന്നുണ്ട്. കഴിഞ്ഞ വർഷം കമൽ സാറിനെ (സംവിധായകൻ കമൽ) കണ്ടിരുന്നു. അന്ന് അദ്ദേഹം എന്നോട് പറഞ്ഞു, നീ രണ്ടാമതും സ്റ്റേറ്റ് അവാർഡ് വാങ്ങിയല്ലോ. അടുത്ത തവണകൂടി ലഭിച്ചാൽ അത് ഹാട്രിക് ആണ്. ഇതുവരെ ആർക്കും അങ്ങനെ കിട്ടിയിട്ടില്ല. അപ്പോൾ ഞാൻ പറഞ്ഞു, നോക്കാം സാർ, ഇതൊന്നും നമ്മുടെ കെെയ്യിൽ അല്ലല്ലോ, എല്ലാം ദെെവ നിശ്ചയം അല്ലേ എന്ന്.

എന്റെ കരിയർ തുടങ്ങിയകാലം മുതൽ എനിക്കൊപ്പമുള്ളവരാണ് പ്രിയൻ സാർ (പ്രിയദർശൻ), ലാൽ ജോസ് സാർ (സംവിധായകൻ ലാൽ ജോസ്), ജോഷിയേട്ടൻ (സംവിധായകൻ ജോഷി), ദിലീപേട്ടൻ (ദിലീപ്), ലാലേട്ടൻ (മോഹൻലാൽ) ഇവരെല്ലാം എന്റെ കരിയറിന്റെ നെടുംതൂണുകളാണ്. അവരുടെ സിനിമകളിലെല്ലാം എന്നെ വിളിക്കുന്നത് എന്നിൽ വിശ്വാസം പുലർത്തുന്നതു കൊണ്ടാണ്. ആ വിശ്വാസം എന്നും കാത്ത് സൂക്ഷിക്കണം. ഒരോ സിനിമ ചെയ്തു കഴിയുമ്പോഴും അംഗീകാരങ്ങൾ കിട്ടുമ്പോഴും ഞാൻ ഒന്നു മാത്രമേ മനസ്സിൽ ചിന്തിക്കാറുള്ളൂ. ഇതുവരെ ചെയ്തപോലെയല്ല, അടുത്ത തവണ കുറച്ചു കൂടി നന്നായി ചെയ്യണം. ഞാൻ എല്ലായ്പ്പോഴും എന്നോട് തന്നെയാണ് എപ്പോഴും മത്സരിക്കാറുള്ളത്. ഇത്രയും വർഷത്തെ പരിചയമുണ്ടെങ്കിലും ആദ്യമായി കൊറിയോഗ്രഫി ചെയ്യുന്ന അതേ മനസ്സുമായാണ് ഞാൻ ഒരോ സിനിമയും ചെയ്യാറുള്ളത്.

പ്രശസ്ത നൃത്ത കുടുംബത്തിലാണ് താങ്കളുടെ ജനനം. അതുകൊണ്ടു തന്നെ ഒരിക്കൽ സിനിമയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

ഇല്ല, കുട്ടിക്കാല മുതൽ ഞാൻ നൃത്തം പരിശീലിച്ചിട്ടില്ല. എന്റെ വീട്ടിൽ എല്ലായ്പ്പോഴും റിഹേഴ്സൽ നടക്കുമായിരുന്നു. രഘു മാസ്റ്ററും കല മാസ്റ്ററും ബ്രിന്ദ മാസ്റ്ററും നൃത്തരംഗത്ത് സജീവമാണ്. അന്നൊന്നും ഞാൻ ഡാൻസ് കളിച്ചു നോക്കിയിട്ടില്ല. അവർ ചെയ്യുന്നത് കാണും അത്രമാത്രം.വളരെ അവിചാരിതമായാണ് എനിക്ക് നൃത്തം ചെയ്യാൻ സാധിക്കുമെന്ന് മനസ്സിലായത്. ഞാൻ സ്കൂളിൽ പഠിക്കുമ്പോഴുണ്ടായ സംഭവമാണത്. ഒരു മത്സരത്തിൽ നൃത്തം ചെയ്യാൻ ഏറ്റിരുന്ന കുട്ടി പനി പിടിച്ച് പരിപാടിയുടെ തലേദിവസം ആശുപത്രിയിലായി.  പരിപാടി പ്രതിസന്ധിയിലായപ്പോൾ കവിത എന്നൊരു ചേച്ചി എന്റെ പേര് നൽകി. എന്റെ ഫ്ലാറ്റിലാണ് കവിതച്ചേച്ചി താമസിച്ചിരുന്നത്, മാത്രവുമല്ല സ്കൂൾ സെക്രട്ടറി കൂടിയായിരുന്നു. നർത്തകരുടെ  കുടുംബത്തിൽ നിന്നായത് കൊണ്ട് കുട്ടിക്കാലം മുതൽ ഞാൻ നൃത്തം പഠിക്കുകയാണ് എന്ന ധാരണയായിരുന്നു പലർക്കും. അങ്ങിനെ ഒരു സ്റ്റെപ്പ് പോലും അറിയാതെ നൃത്തം പഠിച്ചിട്ടില്ലാത്ത ഞാൻ സ്റ്റേജിൽ കയറി. എന്റെ ഭാഗ്യത്തിന് ഒന്നാംസ്ഥാനം കിട്ടി. അന്നാണ് നമുക്ക് കൂടി ഡാൻസുണ്ടല്ലോ എന്ന് മനസ്സിലാകുന്നത്.

രഘു മാസ്റ്റർക്കൊപ്പവും കലാ മാസ്റ്റർക്കൊപ്പവുമായിരുന്നു തുടക്കം. പതിനെട്ട് വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി സിനിമയിൽ പ്രവർത്തിക്കുന്നത്. ആദ്യം രജനികാന്ത് ചിത്രത്തിൽ. പിന്നീട് കമൽ ഹാസന്റെ ചിത്രത്തിലും. ഒരു ദിവസം രഘു മാസ്റ്ററോടൊപ്പമാണെങ്കിൽ പിറ്റേ ദിവസം കലാ മാസറ്റർക്കൊപ്പമായിരിക്കും. എന്നിരുന്നാലും കൂടുതൽ സമയവും കലാ മാസ്റ്റർക്കൊപ്പമായിരുന്നു. അതിന് ശേഷം ബ്രിന്ദ മാസ്റ്റർക്കൊപ്പം കൂടി. ബ്രിന്ദ മാസ്റ്റർ സ്വതന്ത്ര കൊറിയോഗ്രാഫറായ കാലംമുതൽ ഞാൻ അവർക്കൊപ്പമുണ്ടായിരുന്നു. സത്യത്തിൽ അവിചാരിതമായി കൊറിയോഗ്രാഫറായ ഒരാളായിരുന്നു ഞാൻ. ഞാൻ നൃത്ത മേഖലയിലേക്ക് വരുമെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷേ ഇത്രയും ചെറിയ പ്രായത്തിൽ തന്നെ കൊറിയോഗ്രാഫറാകുമെന്ന് കരുതിയില്ല. കലാ മാസ്റ്ററുടെ അസിസ്റ്റന്റ് ആയിരിക്കുമ്പോൾ തന്നെ ഞാൻ പ്രിയൻസാറിന്റെയും ലാൽജോസ് സാറിന്റെയും ജോഷിയേട്ടന്റെയും റഡാറിലുണ്ടായിരുന്നു. ഞാൻ എന്നെങ്കിലും സ്വതന്ത്ര കൊറിയോഗ്രാഫർ ആകുമ്പോൾ അവസരം തരാൻ തയ്യാറായി ഇരിക്കുകയായിരുന്നു ഇവരെല്ലാം. സുന്ദർ സി സാറിന്റെ (സംവിധായകൻ) ഒരു സിനിമയിൽ ബ്രിന്ദ മാസ്റ്റർക്ക് പോകാൻ കഴിയാതെ വന്നപ്പോൾ പകരം എന്നെ അയക്കാൻ പറഞ്ഞു. ഞാൻ ആണെങ്കിൽ ഒരു പരിപാടി കഴിഞ്ഞ് മലേഷ്യയിൽ നിന്നെത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഉടനെ തന്നെ സുന്ദർ സിയുടെ ലൊക്ഷേഷനിലേക്ക് എന്നോട് പോകാൻ ബ്രിന്ദ മാസ്റ്റർ പറഞ്ഞു. ഓസ്ട്രേലിയയിലായിരുന്നു ലൊക്കേഷൻ. പെട്ടന്ന് തന്നെ യാത്ര തിരിച്ചു. അങ്ങനെ ഞാൻ പോലും അറിയാതെ ഞാനൊരു പ്രൊഫഷണൽ കൊറിയോഗ്രാഫറാവുകയായിരുന്നു.  

കൊറിയോ​ഗ്രാഫർമാർക്ക് വേണ്ടത്ര അം​ഗീകാരം ലഭിക്കുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ? ഒരു പാട്ട് ഹിറ്റാകുമ്പോൾ  കൊറിയോ​ഗ്രാഫറിന്റെ പേര് അന്വേഷിക്കുന്നവർ വിരളമല്ലേ?

കല മാസ്റ്ററോടൊപ്പം ചെയ്ത സമ്മർ ഇൻ ബെത്​ലഹേമിലെ പാട്ടുകൾ ഒരു കാലത്ത് ട്രെൻഡ് സെറ്ററായിരുന്നു. അതുപോലെ തന്നെയായിരുന്നു കാക്കകുയിലിലെയും മീശമാധവനിലെയും പാട്ടുകൾ. 2005 വരെ കൊറിയോഗ്രാഫർമാർക്ക് ചലച്ചിത്ര പുരസ്കാരമൊന്നും ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയതും അംഗീകാരങ്ങളൊക്കെ ലഭിക്കുന്നതും. കഴിഞ്ഞ ഒരു രണ്ട് മൂന്ന് വർഷങ്ങളിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ പ്രേക്ഷകർ കൊറിയോഗ്രഫിയെക്കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്. ഒരു പാട്ട് നല്ലതാണെന്ന് തോന്നിയിൽ ആരാണ് കൊറിയോഗ്രാഫർ എന്നൊക്കെ അവർ അന്വേഷിക്കാൻ തുടങ്ങി. അതൊരു നല്ല മാറ്റമായി തോന്നുന്നു.

സിനിമ വളരെ പെട്ടന്ന് മാറിക്കൊണ്ടിരിക്കുകയാണ്. രണ്ടു പതിറ്റാണ്ടുകളായി താങ്കൾ സിനിമയിൽ.. എന്തൊക്കെ മാറ്റങ്ങളാണ് താങ്കളുടെ കാഴ്ചപ്പാടിൽ വന്നത്?

സിനിമയിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ സ്വാഭാവികമായും കൊറിയോഗ്രാഫി മേഖലയിലും പ്രകടമാണ്. പ്രത്യേകിച്ച് 2010 ന് ശേഷം ഒരുപാട്ട് പോലും ഇല്ലാത്ത സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്. തട്ടുപൊളിപ്പൻ ഗാനങ്ങളും ഐറ്റം സോങുകളുമെല്ലാം  കുറഞ്ഞിട്ടുണ്ട്. ഒരു കൊറിയോഗ്രാഫറുടെ ജോലി എന്നാൽ നൃത്തച്ചുവടുകൾ ഒരുക്കുക എന്നത് മാത്രമല്ല. സിനിമയിലെ സ്ലാപ്പ്സ്റ്റിക് കോമഡി രംഗങ്ങൾ മൊണ്ടാഷ്, കോമഡി ബേസ്ഡ് സോങ്സ് ഇതെല്ലാം ചിട്ടപ്പെടുത്തേണ്ട ചുമതലകൂടി ഒരു കൊറിയോഗ്രാഫറുടേതാണ്. അതിൽ ചിലപ്പോൾ ആക്ഷൻ കൊറിയോഗ്രഫിയും ഉൾപ്പെട്ടേക്കാം. സി.ഐ.ഡി മൂസയിലെ ദിലീപേട്ടന്റെ ഇൻട്രോ സീനെല്ലാം ഫെെറ്റ് മാസ്റ്ററും ഡാൻസ് മാസ്റ്ററും ചേർന്ന് എടുത്തതാണ്. അതുപോലെ പൊറിഞ്ചു മറിയം ജോസിലെ ഒട്ടുമിക്ക സീക്വൻസിലും ഫെെറ്റ് മാസ്റ്ററും ഡാൻസ് മാസ്റ്ററും ഉണ്ടായിരുന്നു.

മികച്ച നർത്തകി അല്ലെങ്കിൽ നർത്തകനെന്ന് താങ്കൾക്ക് തോന്നിയ അഭിനേതാക്കൾ ആരാണ്? അല്ലെങ്കിൽ താങ്കളുടെ പ്രിയ വിദ്യാർഥിയാരാണ്?

ഒരിക്കലും ഉത്തരമില്ലാത്ത ചോദ്യമാണ്. ഒരാേരുത്തരും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണ്. അവരുടെ ഗുണങ്ങളെ പരസ്പരം താരതമ്യം ചെയ്യുന്നത് ബാലിശമാണ്. ഞാൻ ഒരു അധ്യാപകനാണെങ്കിൽ എനിക്ക് എന്റെ എല്ലാ കുട്ടികളും ഒരു പോലെയായിരിക്കും. ഒരു കാര്യം ഞാൻ പറയും ഇന്നത്തെ കാലത്തെ അഭിനതാക്കളിൽ ഡാൻസ് അറിയാത്തവർ വിരളമാണ്.

ഗരം മസാല, ബില്ലു ബാർബർ തുടങ്ങി ഒട്ടനവധി ബോളിവുഡ് സിനിമകളിലും ജോലി ചെയ്തു. അവിടുത്തെ അനുഭവം പങ്കുവയ്ക്കാമോ?

പ്രിയദർശൻ സാറിന്റെ സിനിമകളിലൂടെയാണ് ഞാൻ ബോളിവുഡിൽ എത്തുന്നത്. ഞാൻ വർക്ക് ചെയ്ത ഒട്ടുമിക്ക ബോളിവുഡ് ചിത്രങ്ങളും അദ്ദേഹത്തതിന്റേത് തന്നെ. ഗോവിന്ദയെ നായകനാക്കി രാജ്കുമാർ സംവിധാനം ചെയ്ത ചിത്രം എനിക്ക് മറക്കാനാകില്ല. കുട്ടിക്കാലം മുതൽ എനിക്ക് ഗോവിന്ദയെ വലിയ ആരാധനയാണ്. ഞാൻ കൊറിയോഗ്രഫി ചെയ്യുന്നതിനും തൊട്ടുമുൻപ് ഗോവിന്ദയോട് പറഞ്ഞു. സാർ, ഞാൻ താങ്കളുടെ ആരാധകനാണ്. എനിക്ക് താങ്കളുടെ ശരീരഭീഷ എങ്ങനെയാണെന്ന് അറിയാം. പക്ഷേ ഞാൻ ഒരിക്കലും താങ്കളുടെ വഴിയിൽ കൊറിയോഗ്രഫി ചെയ്യില്ല. താങ്കളുടെ സെറ്റിലിൽ നിന്നുകൊണ്ടു തന്നെ എന്റെ വഴിയിലേക്ക് ‍താങ്കളെ കൊണ്ടുവരും. അതിനെന്താ മോനേ, നിന്റെയിഷ്ടം എന്ന് പറഞ്ഞ് ഗോവിന്ദ സമ്മതിച്ചു. അത് നന്നായി വരികയും ചെയ്തു.

പ്രിയദർശൻ സാറിന്റെ ഗരം മാസാല എന്ന സിനിമയിലെ അനുഭവം പറയാം. ചിത്രത്തിൽ അക്ഷയ് കുമാറും ജോൺ എബ്രഹാമുമാണ് പ്രധാനതാരങ്ങൾ. അക്ഷയ് കുമാറിനൊപ്പം ഞാൻ നേരത്തേയും ജോലി ചെയ്തിട്ടുള്ളതിനാൽ അദ്ദേഹത്തിന്റെ സ്റ്റെെൽ എനിക്കറിയാം. എന്നാൽ ജോൺ എബ്രഹാമിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ല. ഞാൻ പ്ലാൻ ചെയ്ത് വച്ചതിൽ ഒറ്റ സ്റ്റെപ്പ് പോലും പുള്ളിക്ക് വരുന്നില്ല. എനിക്കാകെ ആശങ്കയായി. പ്രിയൻ സാർ എന്നോട് പറഞ്ഞു നീ എന്തിനാണ് ഇത്രയും ടെൻഷൻ അടിക്കുന്നതെന്ന്. ജോണിന്റേത് ശരിയാകുന്നില്ലെന്നും കരുതി വച്ച സ്റ്റെപ്പ് എ, സ്റ്റെപ്പ് ബി, സ്റ്റെപ്പ് സി എല്ലാം പൊളിഞ്ഞുവെന്നും അദ്ദേഹത്തോട് പറഞ്ഞു. നീ വിഷമിക്കേണ്ട, ഇന്ന് വേഗം ഷൂട്ടിങ് തീർക്കാം, എന്ന് പറഞ്ഞ് പ്രിയൻ സാർ ആശ്വസിപ്പിച്ചു.  അന്ന് ഷൂട്ടിങ് തീർത്ത് രാത്രി മുറിയിലെത്തിയപ്പോഴും എന‍്‍റെ മനസ്സിൽ ജോണിന് വേണ്ടി എന്ത് സ്റ്റെപ്പ് ഇടുമെന്ന ചിന്തയായിരുന്നു. ഉറക്കം പോലും കളഞ്ഞ ആലോചനയിൽ ഒരു കാര്യം പെട്ടന്ന് വന്നു രാത്രി കുറേ സമയം കഴിഞ്ഞപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്, ജോൺ മോഡലാണ്, ബോഡി ബിൽഡറാണ്. അദ്ദേഹം ഒരു ഡാൻസറുമല്ല. അത് മനസ്സിൽ വച്ച് ചില സ്റ്റെപ്പുകൾ ചെയ്ത് കാണിച്ചു കൊടുത്തതോടെ ജോൺ നന്നായി ചെയ്യാൻ തുടങ്ങി. ജോണിന് ഡാൻസ് കളിക്കാൻ അറിയില്ലെന്ന് പറഞ്ഞവരെ അദ്ദേഹം ഞെട്ടിച്ചു. അതുപോലെ ബില്ലു ബാർബർ സിനിമയിൽ വർക്ക് ചെയ്യുമ്പോഴുണ്ടായ ഒരു അനുഭവം പറയാം.

ഷാരൂഖ് ഖാൻ സെറ്റിലെത്തുന്നതിന് മുൻപ് തന്നെ പ്രിയൻ സാർ പറഞ്ഞു, 'ഐ വാണ്ട് എ സിഗ്നേച്ചർ സ്റ്റെപ്പ് ടു ബി ഷോട്ട്' എന്ന്.  ഷാരൂഖാന്റെ ഒരു ബോഡി ലാഗ്വേജ് മനസ്സിലായിട്ടു സ്റ്റെപ്പ് ഇട്ടാൽ പോരേ എന്നും ഞാനും. നീ നിന്റെ സ്റ്റെപ്പിൽ കോൺഫിഡന്റ് ആണോ അല്ലയോ എന്ന് പ്രിയൻ സാർ തിരിച്ചടിച്ചു. ആണെന്ന് ഞാനും പറഞ്ഞു. ആദ്യം എന്റെ അസിസ്റ്റന്റ്നെയാണ് ഞാൻ ഷാരൂഖിന് അടുത്തേക്ക് വിട്ടത്. അപ്പോൾ പ്രിയൻ സാർ പറഞ്ഞു, പോരാ നീ പോയി തന്നെ ചെയ്യണമെന്ന്. എല്ലാ ദെെവങ്ങളെയും മനസ്സിൽ വിളിച്ച്, കണ്ണടച്ചാണ് അന്ന് ഞാൻ നൃത്തം ചെയ്തത്. തീർന്നപ്പോൾ എല്ലാവരും ഹാപ്പി.

കുഞ്ഞാലി മരയ്ക്കാരിലെ ​നൃത്തരംഗത്തിനാണല്ലോ പുരസ്കാരം. എന്തെല്ലാം അത്ഭുതങ്ങളാണ് ബ്രിന്ദ മാസ്റ്റർക്കൊപ്പം താങ്കൾ പ്രേക്ഷകർക്കായി ഒരുക്കിയത്?

കുഞ്ഞാലി മരയ്ക്കാർ റിലീസ് ചെയ്യാത്തത് കൊണ്ട് സിനിമയെക്കുറിച്ചോ പാട്ടിനെക്കുറിച്ചോ എനിക്കധികം വെളിപ്പെടുത്താനാകില്ല. എന്നിരുന്നാലും വളരെ കളർഫുള്ളായ ഒരു പാട്ടാണ്. ദിവസങ്ങളോളം എടുത്താണ് ഷൂട്ട് ചെയ്തത്. വലിയ താരങ്ങളെല്ലാം ആ പാട്ടിൽ പ്രത്യക്ഷപ്പെടുന്നു. കീർത്തി സുരേഷ്, ലാൽ സാർ (മോഹൻലാൽ), പ്രഭു സാർ, മഞ്ജു വാര്യർ, സിദ്ദിഖ് സാർ (സിദ്ദീഖ്), അർജുൻ സാർ (അർജുൻ സർജ) ഇവരെല്ലാവരും ആ പാട്ടിലുണ്ട്. എടുത്തു പറയേണ്ടത് പ്രഭു സാറിന്റെ സാന്നിധ്യമാണ്.  ഞാൻ അസിസ്റ്റന്റ് ആയിരിക്കുന്ന കാലത്ത് പ്രഭുസാറിനൊപ്പം ഒരുപാട് പാട്ടുകളിൽ സഹകരിച്ചിട്ടുണ്ട്. എന്നാൽ മാസ്റ്ററായതിന് ശേഷം ഇതാദ്യമാണ്. അതിൽ അതിയായ സന്തോഷമുണ്ട്. കുഞ്ഞാലി മരയ്ക്കാറിലെ സോങ് പ്രേക്ഷകർക്ക് ഒരു വിരുന്നായിരിക്കും.

Content Highlights: Prasanna Sujit Interview talks about career life winning Kerala State Film Awards, Marakkar: Arabikadalinte Simham