ബെന്നി പറഞ്ഞു, ചേച്ചീ... ഇത് നമ്മ്ടെ സാധനാണ്... വച്ചലക്കിക്കോന്ന്. ഞാൻ പിന്നൊന്നും നോക്കീല, ഡയലോഗും വിളിച്ചുപറഞ്ഞ് ഒറ്റക്കരച്ചിലാര്ന്ന്. അണ്ണൻ തമ്പിയിലെ ആ ‘മരണ’മാസ് തമാശ ഓർമയില്ലേ? സിനിമയിലേക്കുള്ള എൻട്രിയെക്കുറിച്ചാണ് പൗളിച്ചേച്ചി പറയുന്നത്. ഏതാണ്ട് പത്തുവർഷത്തിനിപ്പുറം ഈ.മ.യൗ. എന്ന ചിത്രത്തിന്റെ ട്രെയിലറിലും മരിച്ചുകിടക്കുന്ന ഭർത്താവിന് സ്വൈര്യം കൊടുക്കാതെ കരയുന്ന ഒരു കഥാപാത്രത്തെ കണ്ടു. അതും മറ്റാരും ആയിരുന്നില്ല. എന്നാൽ കണ്ടതൊന്നുമല്ല, പൗളിച്ചേച്ചിയുടെ പെർഫോമൻസ് കമ്പനി കാണാൻ പോകുന്നതേയുള്ളൂവെന്നാണ് പൗളി വത്സനെ തേടിയെത്തിയ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്കാരം ഓർമിപ്പിക്കുന്നത്.
വാചകം അടിക്കുന്ന, തന്റേടിയായ, ഉള്ളിൽ എവിടെയോ നന്മകൾ സൂക്ഷിക്കുന്ന കുറച്ച് കഥാപാത്രങ്ങൾ. ഒരുകാലത്ത് ഫിലോമിനയും സുകുമാരിയും കൈകാര്യം ചെയ്തിരുന്ന വേഷങ്ങൾക്ക് പുതുതായി കിട്ടിയ മുഖം. നാടകാഭിനയത്തിൽ മുപ്പത്തഞ്ചുവർഷത്തെ അനുഭവവുമായാണ് പൗളി വത്സൻ ക്യാമറയ്ക്കുമുന്നിലേക്കെത്തിയത്. തട്ടിൽ അഭിനയിച്ച് തകർക്കുമ്പോഴാണ് ബെന്നി പി. നായരമ്പലം വഴി അ ണ്ണൻതമ്പിയിലേക്ക് വിളിവരുന്നത്. തിരക്കഥാകൃത്തുമായുള്ള ബന്ധവും നാടകം വഴിതന്നെ. സിനിമ പൗളി വത്സന് പുതിയ ജാതകമെഴുതി. കരഞ്ഞുകരഞ്ഞ് ചിരിപ്പിക്കുന്ന പൗളിച്ചേച്ചിയുടെ വർത്തമാനങ്ങളിലേക്ക്...
‘‘അണ്ണൻ തമ്പിയിലേതുപോലെതന്നെ ഒരു കഥാപാത്രമാണ് ഈ.മ.യൗ.വിലേത്. പക്ഷേ, തുടക്കത്തിൽ കുറച്ച് ചിരിപ്പിക്കുമെങ്കിലും അവ സാനം സങ്കടം വരും. അതുപോലെയാണ് തിരക്കഥാകൃത്ത് പി.എഫ്. മാത്യൂസ് ആ കഥാപാത്രം എഴുതിവെച്ചത്. എന്റെ നാടൊക്കെയാണ് പശ്ചാത്തലം. സംവിധായകൻ ലിജോ പൂർണ സ്വാതന്ത്ര്യം തന്നു. ചെയ്ത് കഴിഞ്ഞപ്പൊ എല്ലാവരും നന്നായെന്ന് പറഞ്ഞു. അവാർഡിനെക്കുറിച്ചൊന്നും അന്ന് ഓർത്തില്ലെങ്കിലും ഇനി കൂടുതൽ നല്ല കഥാപാത്രങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിച്ചു.’’
അഭിനയത്തിലേക്ക്...
സ്കൂളിൽ പഠിക്കുന്നകാലത്ത് കലോത്സവങ്ങളിലൊക്കെ നാടകം കളിക്കും. അത് കാണാനെത്തുന്നവർ വഴി പ്രൊഫഷണൽ ട്രൂപ്പുകളിലേക്ക് വിളി വന്നു. ഞങ്ങൾ ഏഴ് മക്കളാണ്. ഞാനാണ് മൂത്തത്. അപ്പച്ചൻ മത്സ്യത്തൊഴിലാളിയായിരുന്നു. അപ്പച്ചന് ഒരു സഹായമാകുമെന്ന് കരുതി നാടകത്തിലേക്കിറങ്ങി. ഏതായാലും ഞാൻ അഭിനയിച്ചുതുടങ്ങിയതിൽ പിന്നെ കുടുംബത്ത് ദാരിദ്ര്യം ഉണ്ടായിട്ടില്ല. അപ്പച്ചന്, അദ്ദേഹം മരിക്കുന്നതുവരെ ഒരു കൈയായി നിൽക്കാൻ പറ്റി. എളേതുങ്ങളേം ഒരു കരക്കെത്തിച്ചു.
സുവർണ നാടകകാലം
പി.ജെ. ആന്റണി, തിലകൻ, രാജൻ പി. ദേവ് തുടങ്ങിയ പ്രഗല്ഭരുടെയൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. പണ്ട് സബർമതി എന്നൊരു നാടകത്തിൽ മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചു. അന്ന് പക്ഷേ, മമ്മൂക്ക ആരാണെന്നൊന്നും അറിയില്ല. ഞാൻ ചെറുതായിരുന്നു. അദ്ദേഹം ലോ കോളേജിൽ പഠിക്കുന്ന കാലം. വൈപ്പിനിൽ നാടകപ്രവർത്തകരായ ഒരുപാട് സുഹൃത്തുക്കളുണ്ട് മമ്മൂക്കയ്ക്ക്. പെട്ടെന്നായിരുന്നല്ലോ മമ്മൂക്കയുടെ വളർച്ച. വർഷങ്ങൾക്കുശേഷം അണ്ണൻ തമ്പിയുടെ സെറ്റിൽവെച്ച് ഞാൻ പറയാതെതന്നെ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. നാടകത്തിൽ ആളുകളുടെ സ്നേഹം നേരിട്ടറിയാൻ പറ്റും. സ്റ്റേജിൽ കേറുമ്പോൾ നമ്മുടെ പേരൊക്കെ ഉറക്കെ വിളിച്ചുപറഞ്ഞ് അവർ കൈയടിക്കും.
അണ്ണൻ തമ്പിക്ക് മുൻപ്
പത്താം ക്ലാസിൽ പഠിക്കുന്ന സമയം. ഉത്സവം എന്നൊരു സിനിമയിലേക്കും പിന്നെ കമലഹാസന്റെ രാസലീല എന്ന പടത്തിലേക്കും പാട്ടുസീനിൽ ജൂനിയർ ആർട്ടിസ്റ്റായി വിളിച്ചിട്ടുണ്ട്. വിളിക്കാൻ വന്നവരോട് പറഞ്ഞു വെറുതെ നോക്കിനിക്കണ സീനിലൊന്നും അഭിനയിക്കാൻ ഞാനില്ലെന്ന്. ഷൂട്ടിങ് നടക്കുന്നിടത്തേക്ക് ഒപ്പം വരാനൊന്നും ആളില്ല.
അടുത്ത ഫിലോമിനച്ചേച്ചി
‘‘പോളിച്ചേച്ചീ.... നിങ്ങളടുത്ത ഫിലോമിനച്ചേച്ചിയാട്ടോ’’ - പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നും. എന്നെ ആളുകൾ അറിഞ്ഞുവരുന്നതല്ലേ ഉള്ളൂ. എനിക്കിനിയും ഒരുപാട് ചെയ്യാൻ പറ്റുമെന്നുതന്നെയാണ് വിശ്വാസം.
വൈപ്പിൻകരയെക്കുറിച്ച്
ആദ്യമായിട്ടാണ് ഒരു പെണ്ണ് വൈപ്പിനിലേക്ക് ഇങ്ങനെയൊരു അവാർഡ് കൊണ്ടുവരുന്നത്. ഒരുപാടെന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നാട്ടുകാരാണ്. അവർക്കുമുന്നിൽ ഒരു കലാകാരിയായി നിൽക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യമായി കരുതുന്നു.
സിനിമകൾ
അഞ്ജലി മേനോന്റെ പുതിയ സിനിമയിൽ നല്ലൊരു വേഷം ചെയ്തു. പൃഥ്വിരാജാണ് നായകൻ. നന്നായി അഭിനയിച്ചെന്ന് പൃഥ്വിരാജും പറഞ്ഞു. ആളുകളിൽനിന്ന് നല്ലത് കേൾക്കുന്നത് അവാർഡിനെക്കാൾ സന്തോഷം തരുന്ന കാര്യമാണ്.
നാടകവും സിനിമയും...
രണ്ടും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ അല്പം ബുദ്ധിമുട്ടുണ്ട്. എനിക്ക് കുറച്ച് കാര്യങ്ങളൊക്കെ ചെയ്തുതീർക്കാനുണ്ട്. സാമ്പത്തിക ആവശ്യങ്ങളുണ്ട്. സിനിമയിൽ നിന്ന് അത് സാധിക്കും. പക്ഷേ, നാടകം വിട്ടിട്ടില്ല. അത്യാവശ്യമാണെന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ പോയി അഭിനയിക്കും.
കുടുംബം
ഭർത്താവ് വത്സൻ. ഞങ്ങൾക്ക് രണ്ട് മക്കളാണ്. യേശുദാസും ആദർശും. യേശുദാസിന്റെ കല്യാണം കഴിഞ്ഞു. ദിനിയെന്നാണ് മോളുടെ പേര്. പേരക്കുഞ്ഞ് അന്റോണിയോ ജോൺസാരിസിന്റെ ഒന്നാം പിറന്നാളിന് തലേദിവസമാണ് എനിക്ക് അവാർഡ് കിട്ടിയത്. അതുകൊണ്ട് ബർത്ത്ഡേ ഞങ്ങൾ കൂടുതൽ അടിച്ചുപൊളിച്ചു.
Content Highlights: pauly valsan Kerala state award winner interview for best supporting actress