parvathy
ഫോട്ടോ: എസ്.എൽ. ആനന്ദ്

11 വര്‍ഷം മുന്‍പ് പലരിലൊരാളായി സിനിമയിലേക്ക് കടന്നുവന്ന പാര്‍വതി ഇന്ന് മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്. മലയാളത്തില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് പാര്‍വതി അഭിനയിച്ചിട്ടുള്ളത്. എങ്കിലും നായികയായി അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയം. ബാംഗ്ലൂര്‍ ഡെയ്സും എന്ന് നിന്റെ മൊയ്തീനും ചാര്‍ലിയും അവസാനമിതാ ടേക്ക് ഓഫും വലിയ ഹിറ്റുകളായി. വൈവിധ്യമാര്‍ന്ന വേഷങ്ങളിലെ വിജയത്തോടെ സൂപ്പര്‍ സ്റ്റാറെന്നുവരെ വിശേഷിപ്പിക്കപ്പെടുന്ന പാര്‍വതി ടേക്ക് ഓഫിനെക്കുറിച്ച് സംസാരിക്കുന്നു:

ടേക്ക് ഓഫിന് ഇത്തരത്തിലൊരു വലിയ വിജയം പ്രതീക്ഷിച്ചിരുന്നോ?

ഞാനതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല. സാധാരണ ഒരു സിനിമ ചെയ്യുമ്പോള്‍ ഏറ്റവും മികച്ചത് നല്‍കുകയെന്ന് മാത്രമേ ചിന്തിക്കാറുള്ളൂ. ടേക്ക് ഓഫ് നല്ല സിനിമയായിരിക്കുമെന്ന് അറിയാമായിരുന്നു. സത്യസന്ധതയുള്ള സിനിമയാകുമെന്നും ഉറപ്പായിരുന്നു. ഒരു നെഗറ്റീവുപോലും ആരും പറയാതെ സിനിമ ഹിറ്റായത് തീര്‍ച്ചയായും വലിയ ഭാഗ്യം തന്നെയാണ്. 

സ്ത്രീകളുടെ, പ്രത്യേകിച്ചും നഴ്സുമാരുടെ, പ്രതികരണം എങ്ങനെയായിരുന്നു?

വലിയ പ്രതികരണമാണ് ലഭിച്ചത്. ഈ സിനിമയില്‍ സ്ത്രീകളുടെയും നഴ്സുമാരുടെയും പ്രയാസങ്ങള്‍ പറയുക മാത്രമല്ല. അവരുടെ ഒരു ദിവസത്തില്‍ എന്തൊക്കെയാണ് നടക്കുകയെന്നതിനെക്കുറിച്ച് സംവിധായകന്‍ മഹേഷ് നാരായണനടക്കമുള്ളവര്‍ നന്നായി ഗവേഷണം നടത്തി കാണിച്ചു. അതുകൊണ്ടുതന്നെ അതിലവര്‍ക്ക് യാഥാര്‍ഥ്യം തോന്നി. പലരും ഇക്കാര്യം വിളിച്ചുപറയുകയും ചെയ്തിട്ടുണ്ട്. 

നഴ്സുമാരുടെ വേഷം പലപ്പോഴും സ്റ്റീരിയോടൈപ്പാകാറുണ്ട്. വേറെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരായിട്ടോ അല്ലെങ്കില്‍ വെറുതെയൊരു പാസിങ്ങായിട്ടോ ഒക്കെയായിരിക്കും നഴ്സുമാരുണ്ടാകാറുള്ളത്. അങ്ങനെ കഴുകിക്കളയേണ്ട പല സ്റ്റീരിയോടൈപ്പുകളും മലയാളസിനിമയിലുണ്ട്. മാനസികാസ്വാസ്ഥ്യമുള്ളവരെയും വികലാംഗരെയും കോമഡിയായൊക്കെ ഉപയോഗിച്ചിട്ടുണ്ട്. അവരോട് നമ്മള്‍ ചെയ്തിട്ടുള്ള ക്രൂരതയാണത്. ഇനി വരുന്ന സിനിമകളിലെങ്കിലും അത്തരം കാര്യങ്ങള്‍ ഇല്ലാതെ നോക്കാം. 

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് ഫെയ്സ്ബുക്കിലൊക്കെയുള്ള വിശേഷണം?

താരപദവിയെന്നത് ഞാനൊരിക്കലും ഒരു ലക്ഷ്യമായി കരുതിയിട്ടില്ല. നമ്മള്‍ പറയുന്നതെല്ലാം ആളുകള്‍ കേള്‍ക്കുമെന്നത് ശരിയാണ്. എന്നാല്‍ എന്റെ പ്രാഥമികമായ കര്‍ത്തവ്യം, കിട്ടുന്ന കഥാപാത്രങ്ങള്‍ നന്നായി അവതരിപ്പിക്കുക എന്നതാണ്. അല്ലാതെ ഞാന്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കുകയോ അടിച്ചേല്പിക്കുകയോ അല്ല.
 
ഭാഗ്യത്തിന് രണ്ട് മൂന്ന് പടങ്ങള്‍ ഹിറ്റായിട്ടുണ്ട്. അടുത്ത രണ്ട് പടങ്ങള്‍ വിജയിച്ചില്ലെങ്കിലോ? അപ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ അല്ലെന്ന് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. ഞാന്‍ 11-ാമത്തെ വര്‍ഷമാണ് സിനിമയില്‍. പലരെയും അങ്ങനെയൊക്കെ വിളിക്കുന്നതും പിന്നീടത് എടുത്തുമാറ്റുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. നടിയെന്ന നിലയില്‍ നീതിപുലര്‍ത്തുന്നുണ്ടെന്ന അവാര്‍ഡ് മാത്രം മതിയെനിക്ക്. 

ഫാന്‍സ് അസോസിയേഷനുകള്‍ ആവശ്യമാണോ?

ഫാന്‍സ് അസോസിയേഷന്റെ ശക്തി ഒരിക്കലും ഞാന്‍ കുറച്ചുകാണില്ല. അവര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സമൂഹത്തില്‍ ചെയ്യുന്നുണ്ട്. ഒരു നടനോടുള്ള വലിയ ആരാധന കൊണ്ടായിരിക്കാം അവര്‍ എല്ലാം ചെയ്യുന്നത്. അവര്‍ കാരണം സിനിമയുടെ വ്യാപ്തി നന്നായി കൂടുന്നുണ്ട്. എന്നാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ പരസ്പരം അഹന്ത വളര്‍ത്താനുള്ളതാകരുത്. സ്ത്രീകള്‍ക്ക് ഫാന്‍സ് അസോസിയേഷനുകള്‍ വേണമോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളിലേക്ക് കടക്കാതിരിക്കുന്നതാണ് നല്ലത്. സാധാരണ കിട്ടേണ്ട അവകാശങ്ങള്‍ ആദ്യം കിട്ടട്ടെ, എന്നിട്ടാകാം ഫാന്‍സ് അസോസിയേഷന്‍. 

ഗര്‍ഭിണിയായും കുട്ടിയുടെ അമ്മയായുമൊക്കെ ടേക്ക് ഓഫില്‍ അഭിനയിച്ചല്ലോ. അതിനായി തയ്യാറെടുപ്പുകളുണ്ടായിരുന്നോ?

അമ്മയെന്ന രീതിയിലുള്ള കാര്യങ്ങളെന്തൊക്കെയാണെന്ന് അറിയാന്‍ ശ്രമിച്ചിരുന്നു. അമ്മയായിക്കഴിഞ്ഞാല്‍ നമ്മുടെ റഡാര്‍ വേറൊരു ആംഗിള്‍ തന്നെയെടുക്കും. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് ഒരു അമ്മ ചിന്തിക്കുന്നതും അമ്മയെ അലട്ടുന്നതും. അത് എന്തൊക്കെയായിരിക്കുമെന്ന് ശ്രദ്ധിച്ചിരുന്നു. നഴ്സെന്നരീതിയില്‍ ഓരോ ദിവസവും അവര്‍ ചെയ്യേണ്ട കാര്യങ്ങളും മനസ്സിലാക്കി.

കഥാപാത്രം തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡമെന്താണ്?

സിനിമയുടെ ഭാഗമാകണമെന്ന് ഒരു സംശയവുമില്ലാതെ ആഗ്രഹം തോന്നണം എന്നൊരു മാനദണ്ഡം മാത്രമേയുള്ളൂ. ഉള്ളില്‍ നിന്നുള്ള ആഗ്രഹം തന്നെയാണ് ആദ്യം നോക്കുക. കഥ കേട്ടുകഴിഞ്ഞ് പിറ്റേദിവസവും ആ കഥാപാത്രം എനിക്ക് ചെയ്തേ പറ്റൂ എന്നുള്ള ആഗ്രഹം വരണം. അത് ഒരു ശതമാനം മാത്രം കുറഞ്ഞിട്ടുപോലും ഞാന്‍ ആ കഥാപാത്രം ചെയ്യുന്നത് അവരോട് കാട്ടുന്ന അന്യായമായിരിക്കും.

സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണോ?

ഫെയ്സ്ബുക്കില്‍ ആക്ടീവാകണമെന്ന് തോന്നുമ്പോഴൊക്കെ ആകാറുണ്ട്. ട്വിറ്ററിനോടിതുവരെ അത്ര കമ്പമൊന്നും തോന്നിയിട്ടില്ല.

പുതിയ സിനിമകള്‍?

തമിഴടക്കമുള്ള ഭാഷകളില്‍നിന്ന് കഥ കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഒന്നും ഇതുവരെ എറ്റെടുത്തിട്ടില്ല.