പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറിയിലെ ഗാനത്തിന് ലഭിച്ച ഡിസ്‌ലൈക്കുകളും ട്രോളുകളും ചെറുതൊന്നുമല്ല. യുട്യൂബിൽ റിലീസ് ചെയ്ത ഒരു മലയാളസിനിമാഗാനം ആദ്യമായാണ്  ഇത്തരമൊരു സംഘടിത ആക്രമണത്തിന് ഇരയാകുന്നത്. സോഷ്യൽ മീഡിയകളിലൂടെ റിലീസ് ചെയ്യുന്ന പുത്തൻപാട്ടുകളും ട്രെയ്‌ലറുകളും കണ്ടും കേട്ടും പോകുന്ന സാധാരണ ആസ്വാദകർ പലപ്പോഴും അവ ലൈക്ക് ചെയ്യാൻപോലും മറക്കുന്നതാണ് പതിവ്. എന്നാൽ മൈ സ്റ്റോറിയിൽ പൃഥ്വിരാജും-പാർവതിയും ചേർന്നഭിനയിച്ച ഗാനത്തിന് വലിയതോതിലുള്ള ഡിസ്‌ലൈക്കുകൾ ലഭിച്ചത് ബോധപൂർവം ചിലർ നടത്തിയ നീക്കംകൊണ്ടുതന്നെയാണ്. കന്നട, തെലുഗ്‌, തമിഴ് സിനിമകളിൽ പതിനഞ്ചുവർഷമായി വസ്ത്രാലങ്കാരമേഖലയിൽ പ്രവർത്തിച്ച റോഷ്ണി ദിനകർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സ്റ്റോറി. നവാഗത സംവിധായികയുടെ ആത്മവിശ്വാസം തകർക്കുന്ന നിലയിലുള്ള പ്രതികരണമാണ് ആദ്യഗാനത്തിന് ലഭിച്ചത്. എന്നാൽ ഇവയ്ക്കൊന്നും തന്റെ മുന്നോട്ടുള്ള യാത്ര തടസ്സപ്പെടുത്താൻ കഴിയില്ലെന്ന് റോഷ്ണി പറയുന്നു. മൈ സ്റ്റോറി മാർച്ചിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതിനൊപ്പം രണ്ടാമത് തുടങ്ങാനിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളും സംവിധായിക പങ്കുവെക്കുന്നു.

മൈ സ്റ്റോറിയിലെ ഗാനത്തിന് ലഭിച്ച ഡിസ്‌ലൈക്കുകളെ കുറിച്ച്?

സിനിമയുമായി സഹകരിച്ചുപ്രവർത്തിച്ച പലരിലും വിഷമമുണ്ടാക്കിയ സംഭവമാണത്. ഡിസ്‌ലൈക്കുകളെ ഉയർത്തിക്കാണിക്കാനല്ല മറിച്ച്‌ എന്റെ ആദ്യചിത്രത്തിലെ ഗാനം റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 1.6 മില്യൺ ആളുകൾ കണ്ടു എന്നുപറയാനാണ് എനിക്കിഷ്ടം. വിവാദങ്ങളിൽ ഇടം നേടേണ്ട ഒരു ഗാനമായിരുന്നില്ല അത്. മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരുന്ന ഒരു ഗാനത്തെ കൂട്ടം ചേർന്ന് ചിലർ നശിപ്പിക്കാൻ ശ്രമിച്ചതിൽ വേദനയുണ്ട്.

ചിത്രത്തിന്റെ വിശേഷങ്ങൾ? 

1995, 2017 എന്നിങ്ങനെ രണ്ട് കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കഥയാണ് മൈസ്റ്റോറി. നമ്മുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ചിലരുണ്ടാകും. ശാരീരികമായി അവർ ചിലപ്പോൾ നമുക്കൊപ്പമുണ്ടാകില്ല എന്നിരുന്നാലും ജീവിതത്തിലെ പല സാഹചര്യങ്ങളിലും അവരുടെ സാന്നിധ്യം അറിയാതെ നമ്മളിലേക്കെത്തും- അത്തരത്തിലൊരു കഥയാണ് ചിത്രം പറയുന്നത്. പോർച്ചുഗലിൽവെച്ച് പൂർണമായും ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമകൂടിയാണ് മൈ സ്റ്റോറി. ബോളിവുഡിലെ മികച്ച ടെക്നീഷ്യൻമാരാണ് ആദ്യ ചിത്രത്തിന്റെ അണിയറയിലുള്ളത്.

എന്തുകൊണ്ടാണ് ചിത്രീകരണം പോർച്ചുഗലിൽ?

കഥ ആവശ്യപ്പെടുന്ന സ്ഥലം ചിത്രീകരണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോൾ പുറത്തുവന്ന ഗാനം ചിത്രീകരിച്ചത് ഒബിദോസ്‌ എന്ന സ്ഥലത്താണ്. ചിത്രീകരണത്തിന്‌ കൂടുതലായി ഒന്നും ഒരുക്കേണ്ടിവന്നിട്ടില്ല. മനോഹരമായ സ്ഥലങ്ങൾ ഏറെയുണ്ട് അവിടെ. കാഴ്ചകൾകൊണ്ട് ചിത്രം സമ്പന്നമാകുമെന്നാണ് പ്രതീക്ഷ. പോർച്ചുഗലിലെ 13 വ്യത്യസ്ത ഇടങ്ങളിൽവെച്ചാണ് സിനിമ ചിത്രീകരിച്ചത്. അവിടത്തെ  സർക്കാറിന്റെ സഹകരണം സിനിമയ്ക്ക് കൂട്ടുണ്ടായിരുന്നു.

അന്യഭാഷാചിത്രങ്ങളിലെ കോസ്റ്റ്യൂം ഡിസൈനർ എങ്ങനെയാണ് മലയാളസിനിമയുടെ സംവിധായികയായി മാറുന്നത്?

കൂർഗിലാണ് ജനിച്ചത്. ബാംഗ്ലൂരിലും മൈസൂരിലുമായി പഠനം. അതുകഴിഞ്ഞ് കോസ്റ്റ്യൂം ഡിസൈനറായി ഒരു സ്ഥാപനത്തിൽ ജോലിചെയ്തു. അത്‌ മടുത്തപ്പോൾ രാജിവെച്ചു. ആയിടയ്ക്കാണ് വീടിനടുത്തൊരു ഹിന്ദിസിനിമയുടെ ചിത്രീകരണം നടന്നത്, വലിയ താരങ്ങളെല്ലാമുണ്ടായിരുന്നു ചിത്രത്തിൽ. വസ്ത്രാലങ്കാരത്തിൽ അവർക്കൊരു പ്രശ്നം വന്നപ്പോൾ ഞാൻ സഹായിച്ചു. അത് സിനിമയിലേക്കുള്ള വഴിതുറന്നു.  സംവിധാനത്തിലായിരുന്നില്ല സിനിമാനിർമാണത്തിലായിരുന്നു താത്‌പര്യം. സുഹൃത്തിൽനിന്ന് സിനിമയ്ക്കുള്ള ഒരു കഥകേൾക്കുകയും ഹിന്ദിയിൽ അത് നിർമിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാൽ കഥപറഞ്ഞ സുഹൃത്ത് പെട്ടെന്ന് അപകടത്തിൽ പെട്ടു മരിച്ചു.സുഹൃത്തുപറഞ്ഞ സിനിമയുടെ വൺലൈൻ വളരെക്കാലം ഒപ്പമുണ്ടായിരുന്നു. ആ കഥ പിന്നീട് പലരെക്കൊണ്ടും എഴുതിച്ചെങ്കിലും ശരിയായില്ല. ഒടുവിൽ ആ കഥയ്ക്ക്‌ സ്വന്തമായൊരു തിരക്കഥയുണ്ടാക്കിയാണ് പൃഥ്വിയെ കാണാൻ ചെല്ലുന്നത്. 

മൈസ്റ്റോറിയുടെ കഥ രൂപപ്പെടുന്നത്?

ആ സുഹൃത്ത് പറഞ്ഞ കഥ മനസ്സിലുണ്ടായിരുന്നു. മറന്നുപോകാതിരിക്കാൻ ഞാൻതന്നെ കുത്തിക്കുറിച്ചു. സീനുകളായി എഴുതിത്തുടങ്ങിയപ്പോൾ എനിക്കുതന്നെ അതെഴുതി പൂർത്തിയാക്കാമെന്നൊരു വിശ്വാസമുണ്ടായി. പൃഥ്വിയോട് ആദ്യം പറഞ്ഞ കഥയും അതുതന്നെയായിരുന്നു. എന്നാൽ അതിൽ ഒരുപാട് ഫിലോസഫിയെല്ലാം അടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ആദ്യ ചിത്രമായി അതുവേണ്ടായെന്ന് പൃഥ്വി നിർദേശിക്കുകയായിരുന്നു.ശങ്കർ രാമകൃഷ്ണന്റെതാണ് മൈസ്റ്റോറിയുടെ രചന.

ഒരു വനിതാസംവിധായികയ്ക്ക് മലയാളത്തിൽ എത്രത്തോളം ഇടമുണ്ട്?

വനിതയെന്ന വേർതിരിവുവേണ്ട. മലയാളസിനിമയിൽ എല്ലാവർക്കും ഇടമുണ്ട്. ഞാനിപ്പോൾ സിനിമയുമായി വന്നു. എന്നെയാരും തടസ്സപ്പെടുത്തിയിട്ടില്ല. ഉൾവലിയലുകൾ മാറ്റിവെച്ച്‌ മുന്നോട്ടുപോയാൽ ലക്ഷ്യത്തിൽ എത്തുകതന്നെചെയ്യും. സ്‌നേഹമുള്ളവരും പ്രോത്സാഹനം നൽകുന്നവരുമായ ഒരുപാട് പേർ നമുക്കു ചുറ്റുമുണ്ട്. അവരെ കണ്ടെത്താനുള്ള കണ്ണുകൾ ഉണ്ടാകണമെന്നു മാത്രം. ശക്തമായ പരിശ്രമങ്ങൾക്ക് ഗുണം കിട്ടുമെന്നാണ് ജീവിതം പഠിപ്പിച്ചത്.

മലയാളത്തിൽ സംവിധായികയുടെ വേഷത്തിൽ ഇനിയും കാണുമോ?

മൈ സ്റ്റോറിക്കുശേഷം സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി മലയാളത്തിൽ ഒരു ചിത്രം സംവിധാനം ചെയ്യും. തിരക്കഥ പൂർത്തിയായി കഴിഞ്ഞു. മൂന്നു സ്ത്രീകളുടെ ജീവിതമാണ് സിനിമ. ഒരേ സാഹചര്യത്തിലൂടെ മൂന്ന് വ്യത്യസ്ത സ്വഭാവമുള്ള പെണ്ണുങ്ങൾ സഞ്ചരിക്കുന്നതാണ് കഥയുടെ ഇതിവൃത്തം.

Content Highlights: Roshni dinaker, My story, Prithviraj Sukumaran, Parvathy, My story dislike campaign, my story songs malayalam