രു യമണ്ടന്‍ പ്രേമകഥ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നതിന്റെ ആഹ്ളാദത്തിലാണ് ദുല്‍ഖര്‍ സല്‍മാനും നടനും രചയിതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും. പനമ്പിള്ളി നഗറിലെ ഡി.ക്യു.വിന്റെ വീട്ടിലിരുന്ന് വിശേഷങ്ങള്‍ വിവരിക്കുമ്പോള്‍ കഥ പിറന്ന വഴിയെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണനാണ് ആദ്യം പറഞ്ഞുതുടങ്ങിയത്.

''സ്ട്രീറ്റ്ലൈറ്റ് എന്ന മമ്മൂട്ടിച്ചിത്രത്തില്‍ നല്ലൊരു വേഷം കിട്ടിയതിന്റെ ആഹ്ളാദത്തില്‍ കഴിയുന്ന സമയം, ഇടിത്തീപോലെയുണ്ടായ അപകടത്തില്‍ കാലിന് പരിക്ക്. സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ലെന്നു മാത്രമല്ല അതിനുശേഷം നടക്കാനിരുന്ന വിദേശ സ്റ്റേജ്‌ഷോയും നഷ്ടപ്പെട്ടു. ആദ്യമൊന്ന് വിഷമിച്ചെങ്കിലും കാലൊടിഞ്ഞ കാലം എങ്ങനെ പോസിറ്റീവാക്കാം എന്ന ചിന്തയായി പിന്നീട് മനസ്സില്‍. അങ്ങനെയാണ് പുതിയൊരു എഴുത്തിലേക്ക് കടക്കുന്നത്. ബിബിനും ഞാനും ചേര്‍ന്ന് ചര്‍ച്ചചെയ്തുകൊണ്ടാണ് കഥയ്ക്ക് അന്തിമരൂപം നല്‍കിയത്.''-ഒരു യമണ്ടന്‍ പ്രേമകഥയുടെ ഫ്‌ളാഷ്ബാക്കിന് ദുല്‍ഖര്‍ സല്‍മാനും ചെവികൊടുത്തിരുന്നു.

ദുല്‍ഖര്‍  സല്‍മാന്‍ : തിരക്കഥയില്‍ ഇവന്‍മാര് എഴുതിവെച്ച പലകാര്യങ്ങളും എനിക്ക് ഫോളോ ചെയ്യാന്‍ പറ്റുന്നതായിരുന്നില്ല. എന്നാല്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് വിഷ്ണുവിനും ബിബിനും കൃത്യമായ ബോധ്യമുണ്ടായിരുന്നു. അവര്‍ക്ക് നേരിട്ട് പരിചയമുള്ളവരായിരുന്നു  കഥയിലുള്ളവരെല്ലാം. കഥാപാത്രങ്ങളുടെ മാനറിസങ്ങളെക്കറിച്ചും  അവരുടെ പെരുമാറ്റത്തെകുറിച്ചുമെല്ലാം കൃത്യമായി വിവരിച്ചുതന്നു. അതുതന്നെയായിരുന്നു ഈ കഥയുടെ ഭാഗമാകാനുള്ള ധൈര്യവും.

വിഷ്ണു ഉണ്ണികൃഷ്ണന്‍ : കഥ ഇഷ്ടമായിട്ടും, സിനിമയുടെ നേരെ ഒ.കെ. പറയാന്‍ ദുല്‍ഖര്‍ പിന്നെയും ഒരുപാട് സമയമെടുത്തു. ചെന്നൈയിലെ വീട്ടില്‍ പോയാണ് കഥ പറയുന്നത്. ഡി.ക്യു. വലിയ താരപുത്രനൊക്കെയല്ലേ എങ്ങനെ കഥ അവതരിപ്പിക്കുമെന്നൊരു ചങ്കിടിപ്പൊക്കെയുണ്ടായിരുന്നു. ബിബിനും ഞാനും പരസ്പരം ധൈര്യംപകര്‍ന്നുകൊണ്ടാണ് കയറിച്ചെന്നത്. 
കഥ പറയാന്‍ തുടങ്ങിയപ്പോള്‍ പറയുന്നതെല്ലാം ഇങ്ങേര്‍ക്ക് മനസ്സിലാകുന്നുണ്ടോയെന്ന സംശയമായിരുന്നു ഞങ്ങള്‍ക്ക്. 

പഴംപൊരിയെ 'രതീഷ്' എന്നെല്ലാം വിളിക്കുന്നതുകേട്ടപ്പോള്‍ ദുല്‍ഖറില്‍ യാതൊരു ഭാവവും ഉയര്‍ന്നില്ല. ഞങ്ങളെഴുതിവെച്ച കഥയും തമാശയുമെല്ലാം കട്ടലോക്കലായിരുന്നു. പഴംപൊരിയെ കുട്ടിക്കാലംമുതല്‍ 'ബനാനാ ഫ്രൈ' എന്നുവിളിച്ചുപോന്ന ദുല്‍ഖര്‍ സല്‍മാന് അത് മനസ്സിലാകാത്തതില്‍ അദ്ഭുതപ്പെടാനൊന്നുമില്ലായിരുന്നു. കഥ കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ ഡി.ക്യു. ചെറുതായെല്ലാം ചിരിക്കാന്‍ തുടങ്ങി. പിന്നെ ചിലയിടങ്ങളില്‍ പൊട്ടിച്ചിരിച്ചു. കണ്ണില്‍ വെള്ളംനിറച്ച് ചിരിക്കുന്നതുകണ്ടപ്പോള്‍ സംഗതി ഏറ്റുതുടങ്ങിയതായി മനസ്സിലായി. പിന്നെ ചറപറായെന്ന് പറഞ്ഞുതീര്‍ക്കുകയായിരുന്നു.
കഥയെല്ലാം പറഞ്ഞ്,  ഇറങ്ങാനൊരുങ്ങിയപ്പോള്‍  ആലോചിച്ചിട്ട് പറയാമെന്നായിരുന്നു മറുപടി. അത്  ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല.

ദുല്‍ഖര്‍ സല്‍മാന്‍ : എന്റെ ഒരു രീതി അങ്ങനെയാണ്, ഒരു കഥകേട്ട്  പെട്ടെന്ന് ഒ.കെ. പറയാന്‍ എനിക്കുകഴിയില്ല. അതുപോലെതന്നെ ഒരാളുടെ മുഖത്തുനോക്കി നോ പറയാനും ഭയങ്കര ബുദ്ധിമുട്ടാണ്. ആവശ്യത്തിന് സിനിമയുണ്ടാകുമ്പോള്‍ പുതിയ കഥ കേള്‍ക്കാറില്ല. കേട്ടുകഴിഞ്ഞാല്‍ ആലോചിച്ചിട്ടുപറയാം എന്ന മറുപടിയാണ് ആദ്യം നല്‍കുക. ഇവരുടെ കാര്യത്തിലും അതങ്ങനെത്തന്നെയായിരുന്നു.
വിഷ്ണുവും ബിബിനും കഥപറയുന്നത് രസകരമായാണ്, ഓരോ കഥാപാത്രങ്ങളുടെയും ശബ്ദത്തിലായിരുന്നു അവതരണം.

നമ്മുടെ മനസ്സില്‍ സീനുകളുടെ വിഷ്വല്‍സ് നല്‍കിയാണ് അവര്‍ തിരക്കഥ വിവരിച്ചത്. കഥ ഇഷ്ടപ്പെട്ടെങ്കിലും ചെറിയ ചില കറക്ഷനുകള്‍  എന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. അത് ഞാന്‍ അവരോട് പറഞ്ഞു. തിരുത്തലുകള്‍ ഉള്‍ക്കൊള്ളാന്‍ അധികമാരും തയ്യാറാവാറില്ല. എന്നാല്‍ ഞാന്‍ പറഞ്ഞകാര്യങ്ങളെല്ലാം ഗൗരവമായിത്തന്നെ എടുത്ത് പിന്നീട് അത്തരം ചില മാറ്റങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവര്‍ വീണ്ടും കഥയെക്കുറിച്ച് പറയാന്‍ എത്തുകയായിരുന്നു. സിനിമയുമായി വരുന്നവര്‍ക്ക് പലര്‍ക്കും പല ഉദ്ദേശ്യങ്ങളായിരിക്കും സാമ്പത്തികമായി ഉയരണം, ചിലര്‍ക്ക് പേരെടുക്കണം, മറ്റുചിലര്‍ക്ക് ഹിറ്റുണ്ടാക്കണം. എന്നാല്‍ ഇവന്‍മാര്‍ക്ക് ആളുകളെ രസിപ്പിക്കുന്ന, നല്ലത് പറയിക്കുന്ന ഒരു സിനിമ ചെയ്യണം എന്ന ഉദ്ദേശ്യമായിരുന്നു ഉള്ളത്.

ചിത്രീകരണവിശേഷങ്ങള്‍? 

ബിബിന്‍ ജോര്‍ജ് : യമണ്ടനില്‍ വില്ലന്‍ വേഷം ചെയ്യുന്നതിനാല്‍ നന്നായി ഭക്ഷണം കഴിച്ചു തടിവച്ചിരുന്നു. അടുത്ത സിനിമയിലേക്ക് വണ്ണം കുറക്കാന്‍ എന്തുചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ദുല്‍ഖര്‍ ചില ഫുഡ് ഐറ്റംസ് പറഞ്ഞു തന്നത്. തടികൂടാതെ നില്‍ക്കാന്‍ ദുല്‍ഖര്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തി. കുറച്ചുദിവസം ഡിക്യു അതെല്ലാം വീട്ടില്‍ നിന്ന് കൊണ്ടുവന്നു. എനിക്കുള്ള ഭക്ഷണം വരുന്നത് മമ്മൂട്ടിയുടെ വീട്ടില്‍ നിന്നാണ് പറഞ്ഞ് ഞാന്‍ കുറച്ചൊന്നുമല്ല സെററില്‍ അഹങ്കരിച്ചത്.

സിനിമയിലെ ചിരിക്ക് കൂട്ടായി ദുല്‍ഖറില്‍ നിന്ന് എന്തെങ്കിലുമൊക്കെ നമ്പറുകള്‍ കിട്ടിയിരുന്നോ?

ദുല്‍ഖര്‍ സല്‍മാന്‍ : ആദ്യാവസാനം ചിരിച്ചാസ്വദിച്ച് കാണാവുന്ന ഒരു സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. അതില്‍ വിഷ്ണുവും ബിബിനും ചേര്‍ന്നുതന്നെ ആവശ്യത്തിലധികം ചിരിരംഗങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെ മറ്റാര്‍ക്കുമൊരു ഇടമില്ല.

ബിബിന്‍ ജോര്‍ജ് : സിനിമയില്‍ കണ്ടതിനേക്കാല്‍ ചിരിനിറച്ചാണ് ചിത്രീകരണം മുന്നോട്ടുപോയത്. ദുല്‍ഖറും സൗബിനും സലിംചേട്ടനുമെല്ലാം ചേര്‍ന്ന് കമന്റുകളുടെ പൂരമായിരുന്നു സെറ്റില്‍. എഴുതിവെച്ചതിനേക്കാള്‍ വലിയ ചില നമ്പറുകള്‍ സെറ്റില്‍നിന്ന് കിട്ടിയിട്ടുണ്ട്. മഴവരുന്നതിനുമുന്‍പ് സീനുകള്‍ എടുത്തുതീര്‍ക്കാനുള്ള ഓട്ടത്തിലാകും പലപ്പോഴും ഞങ്ങള്‍. അപ്പോഴും സെറ്റിന്റെ ഒരുഭാഗത്ത് ദുല്‍ഖറും സംഘവും ചിരിച്ചുമറിയുകയാകും. സൊറ പറഞ്ഞിരിക്കാനായി മഴ വരാന്‍വേണ്ടി സലിംചേട്ടന്റെ വക പ്രാര്‍ഥനവരെയുണ്ടായിരുന്നു. 

Content Highlights : Oru Yamandan Premakadha Dulquer Salmaan Vishnu Unnikrishnan Bibin George Nikhila Vimal