മാണിക്യ മലരായ പൂവി എന്നു കേള്‍ക്കുമ്പോള്‍ പുരികക്കൊടി ഉയര്‍ത്തി താരമായ പ്രിയ വാര്യര്‍ മാത്രമേ പലരുടെയും മനസ്സില്‍ വരൂ. എന്നാല്‍, വിനീത് ശ്രീനിവാസന്‍ സ്വരം പകരുന്നതിന് മുന്‍പ് ആ പാട്ട് ജീവിച്ചത് ഒരുപാട് പേര്‍ക്ക് ആവേശമായത് മറ്റൊരു സ്വരത്തിലായിരുന്നു. എരഞ്ഞോളി മൂസയുടെ സ്വരത്തില്‍. മറ്റു പലരെയും പോലെ പുതിയ പാട്ടിന്റെ വിശേഷങ്ങള്‍ കേട്ടും കണ്ടും അന്തിച്ചിരിക്കുകയാണ് മൂസയും. ഗള്‍ഫ് രാജ്യങ്ങളിലടക്കം ആയിരത്തില്‍പരം ഗാനമേള വേദികളിലൂടെ മൂസക്ക ഈ ഗാനം ശ്രോതാക്കളുടെ ഹൃദയത്തിലെത്തിച്ചിട്ടുണ്ട്. 

ഉമര്‍ ലുലുവിന്റെ പുതിയ ചിത്രത്തിലൂടെ ഈ പാട്ട് വീണ്ടും തരംഗം സൃഷ്ടിച്ചപ്പോള്‍ പോകുന്ന വേദികളിലൊക്കെ അദ്ദേഹത്തിനിപ്പോള്‍ ഈ പാട്ട് കേള്‍പ്പിക്കേണ്ട അവസ്ഥയാണ്. താന്‍ 76 വയസിനിടക്ക് കണ്ട ഏറ്റവും സൗന്ദര്യമുള്ള പ്രണയ കാഴ്ചയാണ് ഹിറ്റായി കൊണ്ടിരിക്കുന്ന ഗാനത്തിലെ കണ്ണിറുക്കല്‍ ദൃശ്യമെന്നാണ് എരഞ്ഞാളി മൂസ പറയുന്നു. പാട്ടല്ല സെക്കന്റുകളുടെ മാത്രം ദൈര്‍ഘ്യമുള്ള ഓമനത്വമുള്ള ആ പ്രേമമാണ് ഹിറ്റായതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കെട്ടിപ്പിടിത്തമോ കെട്ടിമറയലോ ഒന്നുമില്ലാത്ത ഒരു അനശ്വര പ്രണയദൃശ്യമായിരുന്നു അത്. ഏത് പാട്ട് പാടിയിരുന്നെങ്കിലും ആ കുട്ടികളുടെ കണ്ണിറുക്കല്‍ ഹിറ്റാകുമായിരുന്നു.

ഈ രംഗത്തിന് ആ പാട്ട് തന്നെ വേണ്ടിയിരുന്നില്ല. വിവാദമുണ്ടാക്കുക എന്ന ലക്ഷ്യവും ഈ പാട്ട് ഉപയോഗിച്ചതിന് പിന്നിലുണ്ടായിരിക്കുമെന്നുമാണ് എരഞ്ഞോളി മൂസയുടെ അഭിപ്രായം. സംവിധായകനടക്കമുള്ളവരുടെ പ്രതികരണങ്ങളില്‍  ഇക്കാര്യം വ്യക്തമാകുന്നുണ്ട്. ഹിറ്റാക്കുന്നതിനും പബ്ലിസിറ്റിക്കും വേണ്ടി തങ്ങള്‍ക്ക് തല്ല് കിട്ടണമെന്ന് സംവിധായകനും സംഗീത സംവിധായകനും ആഗ്രിക്കുന്നുണ്ടാകാം. എന്നാല്‍ നാട്ടില്‍ ഇതിന്റെ പേരില്‍ അരജാകത്വം ഉണ്ടാകുന്നുണ്ട്. അതേസമയം പ്രണയത്തിന്റെ മികച്ചൊരു ചിത്രീകരണം നടത്തിയതിന് സംവിധായകനോട് സലാം പറയുന്നു.

ഈ അടുത്ത കാലത്ത് കുത്ത്‌റാത്തീബ് സ്റ്റേജില്‍ അവതരിപ്പിക്കാന്‍ നോക്കിയതിന് തനിക്ക് നേരെ വധഭീഷണി ഉണ്ടായിട്ടുണ്ട്. മാപ്പിളകലകളെ സംരക്ഷിക്കാന്‍ നോക്കിയതിനായിരുന്നു ഇത്. ചില മതപണ്ഡിതന്‍മാരും അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുണ്ട്. ഇസ്‌ലാം മതം ഉണ്ടാക്കിയത് തന്നെ അവരാണെന്ന വിധത്തിലാണ് ചിലര്‍ ചാനലുകളില്‍ കയറി സംസാരിക്കുന്നതെന്നും എരഞ്ഞോളി പറഞ്ഞു.

മാപ്പിളപ്പാട്ടുകളെ ജനകീയമാക്കുന്നതില്‍ മാപ്പിളമാരല്ലാത്തവരാണ് അധികവും കാരണക്കാരായത്. പി.ഭാസ്‌കരന്‍ മാഷും കെ.രാഘവന്‍ മാഷും ബാബുരാജുമൊക്കെ കാരണമാണ് മാപ്പിളപ്പാട്ടുകളെ ജനങ്ങള്‍ ഏറ്റെടുത്ത് പാടാന്‍ തുടങ്ങിയത്. പല മാപ്പിളപ്പാട്ടിലൂടെയും ചരിത്രങ്ങളാണ് പകര്‍ന്നു നല്‍കിയത്. ചെറുപ്പക്കാര്‍ വീണ്ടും മാപ്പിളപ്പാട്ടിനെ ഇഷ്ടപ്പെട്ടത് തുടങ്ങിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പീര്‍ മുഹമ്മദ് പാടിയ 'മുത്ത് വൈര കല്ല് വെച്ച എന്നു തുടങ്ങുന്ന പാട്ടിന്റെ ട്യൂണിലാണ് മാണിക്യ മലരായ പൂവി അന്ന് പാടിയത്. പീര്‍ മുഹമ്മദിന് ഹാര്‍മോണിയം വായിച്ചിരുന്ന മാളിയേക്കല്‍ തറവാട്ടില്‍ തന്നെയുള്ള മാളിയേക്കല്‍ ജലീല്‍ എന്ന ചെറുപ്പക്കാരനാണ് ഇത് ട്യൂണ്‍ ചെയ്തത്.

തലശ്ശേരി റഫീഖാണ് ഇത് ആദ്യം പാടിയത് എന്നു പറയുണ്ടെങ്കിലും ഗാനമേള വേദികളിലും മറ്റുമൊക്കെ അദ്ദേഹം തനിച്ച് പാടുന്നത് താനും തല്ലശ്ശേരിയിലുള്ളവരും ഇതുവരെ കണ്ടിട്ടില്ല. മറ്റുള്ളവര്‍ ചെയ്ത കാര്യങ്ങള്‍ ഞാന്‍ ചെയ്തതാണെന്ന് പറഞ്ഞ് നടക്കുന്നത് ശരിയല്ല. ഗള്‍ഫ് രാജ്യങ്ങളിലക്കം മാസത്തില്‍ 15 ദിവസമെങ്കിലും മാണിക്യ മലരായ പൂവി വിവിധ ഗാനമേള വേദികളില്‍ അന്നൊക്കെ പാടിയിരുന്നുവെന്നും എരഞ്ഞോളി മൂസ ഓര്‍ത്തെടുക്കുന്നു.

Content Highlights: Oru Adar Love Manikyamalare Poovi Wink Girl Priya Varrier Eranjoly Moosa