കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍  ചര്‍ച്ചകളിലും ട്രോളുകളിലും നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് ഓര്‍ക്കിഡ് പൂക്കള്‍ പറഞ്ഞ കഥകള്‍. ബിനോയ് ജോണ്‍ സംവിധാനം ചെയ്ത് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തതോടെയാണ് ലോക്ഡൗണ്‍ കാലത്ത് ഹിറ്റായി മാറിയത്. വിമര്‍ശനങ്ങളേക്കാറെ അഭിനന്ദനങ്ങളാണ് തന്നെ തേടിയെത്തുന്നതെന്ന് സംവിധായകന്‍ ബിനോയ് ജോണ്‍ പറയുന്നു. കാടിന്റെ മക്കളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരേയുള്ള പോരാട്ടമാണ് ഈ ചിത്രമെന്നും ഇത്തരം ശക്തമായ വിഷയങ്ങള്‍ ഇനിയും  ചര്‍ച്ച ചെയ്യപ്പെടണമെന്നും ബിനോയ് ജോണ്‍ മാതൃഭൂമി ഡോട്ട്‌മോകിനോട് പറയുന്നു. 

ആദ്യമേ പറയട്ടെ, കേവലം ഒരു കച്ചവടസിനിമയല്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചിത്രമാണിത്. കാടിന്റെ മക്കളുടെ ശബ്ദമാണ്. ഭരണകൂടവും ഉദ്യോഗസ്ഥരും വിവിധ മാഫിയകളും ചേര്‍ന്ന് കാടിന്റെ മക്കളെ ചൂഷണം ചെയ്യുകയാണ്. ആദിവാസികളുടെ കഷ്ടപ്പാട് പറഞ്ഞ് രാഷ്ട്രീയ കക്ഷികള്‍ വോട്ട് നേടുന്നു. അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു. ഒടുവില്‍ അവരെ കറിവേപ്പില പോലെ പുറത്ത് കളയുന്നു. ആദിവാസി യുവാക്കളെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കാന്‍ ശ്രമിക്കുന്നു പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു. ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്കും അനീതിക്കും എതിരേയുള്ള പോരാട്ടമാണ് ഈ ചിത്രം. ആദിവാസി ഊരുകളില്‍ പോയവര്‍ക്ക് അറിയാം അവരുടെ കഷ്ടപ്പാട്. ഞാന്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളാണ് ഈ സിനിമയ്ക്ക് പ്രചോദനമായത്. വളരെയധികം ജനശ്രദ്ധ വേണ്ട ഒരു വിഷയമാണിത്. ഇന്ന് എന്റെ സിനിമയിലൂടെ ജനങ്ങള്‍ അത് ചര്‍ച്ച ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. 

വിമര്‍ശനങ്ങള്‍ ആകാം, പക്ഷേ ഇത്കൂടി അറിയണം

വിമര്‍ശനങ്ങളും ട്രോളുകളും എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എനിക്കതില്‍ പരിഭവമോ പരാതിയോ ഇല്ല. ക്രിയാത്മകമായ വിമര്‍ശനങ്ങളെ ഞാന്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. അല്ലാത്തവയെ കാര്യമാക്കുന്നില്ല. അഭിനയിക്കാന്‍ അറിയില്ല, ഓവര്‍ ആക്ടിങ് എന്നൊക്കെ പറയുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. പരിമിതമായ സാഹചര്യത്തില്‍ വളരെ കുറഞ്ഞ ചെലവില്‍ ഒരുക്കിയ ചിത്രമാണിത്. ഞാന്‍ തന്നെയാണ് സംവിധാനം ചെയ്യുന്നതും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചതും. ഡബിള്‍ റോളാണ് എന്റേത്. മറ്റുള്ളവര്‍ക്ക് അഭിനയം പറഞ്ഞ് കൊടുക്കുകയും അതോടൊപ്പം ഞാന്‍ കോസ്റ്റിയൂമിട്ട് അഭിനയിക്കുകയും വേണം. ചില സമയങ്ങളില്‍ നിയന്ത്രണം വിട്ടു പോകും. ലോഹിതദാസ് സാറിന്റെ ചക്രം എന്ന സിനിമയില്‍ പ്രധാനവില്ലന്‍ വേഷത്തിലെത്തിയാണ് ഞാന്‍ സിനിമയില്‍ ശ്രദ്ധനേടിയത്. 25 വര്‍ഷമായി ഞാന്‍ ഇന്‍ഡസ്ട്രിയില്‍  എത്തിയിട്ട്. ഈ സിനിമയില്‍ ഒട്ടുമിക്ക ആളുകളും ആദ്യമായി അഭിനയിക്കുന്നവരായിരുന്നു. ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് ഒരുപാട് ക്ഷമ ആവശ്യമായിരുന്നു. ചിലപ്പോഴൊക്കെ അത് വിട്ടുപോയെന്നിരിക്കാം.

കാട്ടില്‍ ചിത്രീകരിക്കുമ്പോള്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുവാദം വേണം. ആന, തേരട്ട മുതലായവയുടെ ശല്യവുമുണ്ട്. ഉള്‍ക്കാട്ടില്‍ എത്തണമെങ്കില്‍ മണിക്കൂറുകളോളം നടക്കണം. അങ്ങനെ ഒരുപാട് കടമ്പകള്‍ കടന്നാണ് സിനിമ ചിത്രീകരിച്ചത്. എന്റെ നാലഞ്ചു വര്‍ഷത്തെ അധ്വാനമാണ്. ചിത്രത്തിന്റെ സൗണ്ടും മ്യൂസികുമെല്ലാം ചെയ്തതും ഞാന്‍ തന്നെയാണ്. പ്രശസ്തരെ ഉപയോഗിക്കാന്‍ അറിയാത്തതുകൊണ്ടല്ല, ഇത് വളരെ കുറഞ്ഞ മുടക്ക് മുതലിലാണ് ഒരുക്കിയിരിക്കുന്നത്. അതിന്റെ പരിമിതികള്‍ എന്താണെന്ന് മനസ്സിലാക്കണം. 

വിമര്‍ശനത്തേക്കാളാറെ അഭിനന്ദനങ്ങളാണ് എന്നെ തേടിയെത്തിയത്. സിനിമ തീയേറ്ററില്‍ റീ റിലീസ് ചെയ്യാമോ എന്ന് പലരും എന്നോട് ചോദിച്ചു. രണ്ട് വര്‍ഷത്തോളം ഇരുന്നാണ് ഞാനതിന്റെ സൗണ്ട് ചെയ്തത്. അത് പൂര്‍ണമായും അതേ ഇഫക്ടോടെ മനസ്സിലാക്കണമെങ്കില്‍ തിയേറ്ററില്‍ ഇരുന്നുകൊണ്ടു തന്നെ കാണണം. ഒരുപാടാളുകള്‍ അത് ചൂണ്ടിക്കാണിക്കുകയും ചെയ്തു. അതുപോലെ സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ എന്റെ വിഷ്ണു എന്ന കഥാപാത്രം വളരെ വിപ്ലവകരമായിരുന്നുവെന്ന് ചില പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. അയാള്‍ വിദ്യാസമ്പന്നനാണ്, ധൈര്യശാലിയാണ്, സര്‍വ്വോപരി കാടിന്റെ പുതിയ കാലത്തിന്റെ പ്രതിനിധിയാണ്. വൈകിയാണെങ്കിലും ജനങ്ങള്‍ എന്റെ സിനിമയെ തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ ഈ ചിത്രം പരാജയമല്ല. എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ഇത് സാമ്പത്തിക ലാഭത്തിന് വേണ്ടി ഉണ്ടാക്കിയ സിനിമയല്ല ് ഓര്‍ക്കിഡ് പൂക്കള്‍ പറഞ്ഞ കഥകള്‍. ജനങ്ങള്‍ക്ക് വേണ്ടിയാണ്, കാടിന്റെ മക്കള്‍ക്ക് വേണ്ടിയാണ്. 

Content Highlights: orchid pookal paranja kadha Malayalam Movie, Director, actor, Binoy John Interview about troll criticism