രേ  നാട്ടുകാർ, ഒരുമിച്ചു കളിച്ചു വളർന്നവർ. സംഗീതം ജീവശ്വാസമാക്കിയവർ. സിനിമ സ്വപ്നം കണ്ടു നടന്ന അവരെ ഒരു നാൾ സിനിമ തേടിയെത്തി. സൂപ്പര്‍ ഹിറ്റായ പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിന്റെ ഒപ്പം എന്ന ചിത്രം. അതിലും ഹിറ്റായ ചിത്രത്തിലെ പാട്ടുകൾ. അതവരുടെ തലവര മാറ്റുകയായിരുന്നു. ഇപ്പോൾ മറ്റൊരു മികച്ച മെലഡി സമ്മാനിച്ചിരിക്കുകയാണ് ഈ  സംഗീത സംവിധായകർ. മോഹൻലാൽ നായകനായ വില്ലനിലെ ഗാനങ്ങൾ ഒരുക്കിയത് ഫോർ മ്യൂസിക്സിന്റെ പേരിൽ ബിബി മാത്യൂസ്, ജിം ജേക്കബ്, എല്‍ദോസ് ഏലിയാസ്, ജസ്റ്റിന്‍ ജയിംസ് എന്നിവർ ചേർന്നാണ്. 

സിനിമയിലേക്കൊരു കുറുക്കുവഴി

ഒരേ നാട്ടുകാരാണ് ഞങ്ങള്‍. ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍. ഞങ്ങള്‍ നാല് പേര്‍ക്കും ഡിഫറന്റ് ടേസ്റ്റ് ആണ് സംഗീതത്തില്‍. പക്ഷെ ഞങ്ങളുടെ ഫ്രണ്ട്ഷിപ് സ്ട്രോങ്ങ് ആണ്. ഞങ്ങള്‍ക്ക് സിനിമയിൽ വരാൻ ഗോഡ് ഫാദേഴ്‌സ് ഇല്ല. പരിചയക്കാരില്ല. അത് കൊണ്ട് തന്നെ സിനിമയിലേക്കെത്താനുള്ള നല്ലൊരു മാര്‍ഗമായി ഞങ്ങള്‍ കണ്ടത് ഒരു സ്റ്റുഡിയോ എറണാകുളത്ത് സജ്ജമാക്കുക എന്നതായിരുന്നു. അങ്ങനെയാണ് പനമ്പിള്ളി നഗറില്‍ നോയ്‌സ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് (എന്‍.എച്.ക്യൂ) എന്ന സ്റ്റുഡിയോ തുടങ്ങുന്നത്. അതിപ്പോള്‍ കേരളത്തിലെ ലീഡിങ് സ്റ്റുഡിയോ ആണ്. ഇരുന്നൂറ്റിയമ്പതില്‍പരം ചിത്രങ്ങള്‍ അവിടെ ചെയ്തിട്ടുണ്ട്. റെക്കോര്‍ഡിങ്‌സ് മാത്രമല്ല ഒരുപാടു ഹിറ്റ് പാട്ടുകളുടെ മിക്സിങ്ങും ചെയ്തിട്ടുണ്ട്. 

4musics

ഇങ്ങനെ ഒരു സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ ഇന്‍ഡസ്ട്രി ഞങ്ങളെ തേടി വന്നു. അതായിരുന്നു സിനിമയിലേക്കുള്ള ഞങ്ങളുടെ ഷോര്‍ട് കട്ട്. അങ്ങനെയാണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ ആദ്യ സിനിമയായ ജസ്റ്റ് മാരീഡ് കിട്ടുന്നത്. അതിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോറും ഞങ്ങള്‍ തന്നെയാണ് ചെയ്തത്.  അതൊരു ചെറിയ പടമായിരുന്നു. കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ നല്ലൊരു എക്സ്പീരിയന്‍സ് ആയിരുന്നു. മാത്രമല്ല നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ ഞങ്ങള്‍ക്ക് കുടുംബപരമായി അറിയാമായിരുന്നു. ഈ സിനിമ ചെയ്ത ശേഷമാണ് ഞങ്ങള്‍ ആന്റണിച്ചേട്ടനെ കാണാന്‍ പോയത്. നല്ല വര്‍ക്കുകള്‍ ഉണ്ടെങ്കില്‍ ഒന്ന് സപ്പോര്‍ട്ട് ചെയ്യണമെന്ന് അന്ന് ആന്റണി ചേട്ടനോട് പറഞ്ഞിരുന്നു. അപ്പോഴാണ് ആന്റണി ചേട്ടന്‍ ഞങ്ങളോട് പറയുന്നത് ആശിര്‍വാദ് ഒരു പടം ചെയ്യുന്നുണ്ട്. പ്രിയന്‍ സാറാണ് സംവിധായകനെന്നും. അതോടെ അത്രയും വലിയൊരു പടം നമുക്ക് കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. ആന്റണിച്ചേട്ടൻ  പറഞ്ഞ പ്രകാരം ഞങള്‍ പ്രിയന്‍ സാറിനെ കാണാന്‍ പോയി. സാര്‍ പലരുടെയും പാട്ട് കേട്ടിരുന്നു. പക്ഷെ ഒന്നും തൃപ്തി വന്നിരുന്നില്ല. ഞങ്ങളോട് പാട്ട് ചെയ്ത് വരാന്‍ പറഞ്ഞു. ഭാഗ്യം കൊണ്ട് ഞങള്‍ ചെയ്തു കൊടുത്ത രണ്ടു സിറ്റുവേഷന്‍ സോങ്ങും സാറിന് ഇഷ്ടപ്പെട്ടു. ഞങ്ങൾ പോലും വിശ്വസിച്ചില്ല. നടന്നതൊക്കെ സത്യമാണോ എന്ന് അങ്കലാപ്പായിരുന്നു. ആ പടവും പാട്ടുകളും വേറെ ലെവലായിരുന്നു. അത് ഞങ്ങളെ വളരെ സഹായിച്ചു.

ഒപ്പം ഡേയ്‌സ് 

oppam


ഒപ്പം വല്ലാത്തൊരു ഓളം ഉണ്ടാക്കിയ ചിത്രമായിരുന്നു. ഭാഗ്യം കൊണ്ട് അതിലെ ഗാനങ്ങളും. ജിമ്മിക്കി കമ്മല്‍ ഒക്കെ വരുന്നതിന് മുന്‍പ് ചിന്നമ്മയും മിനുങ്ങും മിന്നാമിനുങ്ങും ഒക്കെയായിരുന്നു ഗാനമേളകളിലെയും മറ്റു പരിപാടികളിലെയും സ്ഥിരം ഗാനങ്ങള്‍. ഇപ്പോഴും അങ്ങനെ തന്നെ. കൊച്ചു കുഞ്ഞുങ്ങള്‍ വരെ  ഈ പാട്ടുകള്‍ പാടി നടക്കുന്നത് കാണുന്നത് തന്നെ സന്തോഷമാണ്. ഒപ്പം ചെയ്തതിനു ശേഷം എവിടെ ചെന്നാലും കിട്ടുന്ന ബഹുമാനം വളരെ വലുതാണ്. കണ്ടാലും പേര് പറഞ്ഞാലും അറിയാത്തവര്‍ ഒപ്പത്തിന്റെ സംഗീത സംവിധായകരാണെന്നു പറയുമ്പോള്‍ പെട്ടെന്ന് തിരിച്ചറിയും. ആളുകളുടെ സ്‌നേഹം ഒരുപാടു കിട്ടി. അത് ഞങ്ങളുടെ കഴിവ് കൊണ്ട് മാത്രമല്ല . ലാല്‍ സാര്‍, പ്രിയന്‍ സാര്‍ എന്നിവരുടെ കൂടെയുള്ള പ്രൊജക്റ്റ്, അത് വല്ലാത്ത വിജയമാകുകയും ചെയ്തു. ഇതെല്ലം ഘടകങ്ങളാണ്. 

പാട്ടിന്റെ വഴിയിലെ ഗ്യാപ്

സത്യത്തില്‍ അങ്ങനൊരു ഗ്യാപ് ഉണ്ടായിട്ടില്ല. ഒപ്പം കഴിഞ്ഞ വഴിക്ക് ഞങ്ങൾ കമ്മിറ്റ് ചെയ്ത ചിത്രമാണ് വില്ലന്‍. കഴിഞ്ഞ സെപ്റ്റംബറില്‍ ഒപ്പം റിലീസ് ആയി. ഡിസംബറില്‍ ഞങ്ങൾ വില്ലന്റെ വര്‍ക്ക് തുടങ്ങി. അതിനിടയ്ക്ക് വേറെയും രണ്ടു മൂന്നു പടങ്ങള്‍ കമ്മിറ്റ് ചെയ്തെങ്കിലും ചിലതു നടന്നില്ല. ഒരെണ്ണത്തിനെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. അതുകൊണ്ടു തന്നെ ഒരു ഗ്യാപ് വന്നുവെന്നു ഞങ്ങള്‍ക്ക്  തോന്നിയിട്ടില്ല. പ്രേക്ഷകരുടെ ഇടയില്‍ ഒരു വര്‍ഷത്തെ ഗ്യാപ് വന്നു കാണും. പക്ഷെ അന്ന് തൊട്ട് വില്ലന്റെ പണിപ്പുരയിലായിരുന്നതിനാല്‍ അങ്ങനൊരു ഫീലിങ് ഞങ്ങള്‍ക്കില്ല.

വില്ലനിലെ ഗാനങ്ങള്‍ ഏല്‍പ്പിക്കുമ്പോള്‍

സത്യം പറഞ്ഞാല്‍ പേടിയായിരുന്നു. ഒപ്പത്തിലെ ഗാനങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത അത്ര വലുതായിരുന്നു. അത് കൊണ്ട് തന്നെ ആളുകള്‍ക്ക് ഭയങ്കര എക്‌സ്പക്‌റ്റേഷന്‍സ് ഉണ്ടായിരുന്നു. പുതിയ ചിത്രത്തിലെ ഗാനങ്ങള്‍ നന്നായി വന്നില്ലെങ്കില്‍ നമ്മളുണ്ടാക്കിയെടുത്ത പേര് നഷ്ടപ്പെടും. ആ ഭയം ഉണ്ടായിരുന്നു. മാത്രമല്ല ഒപ്പം ചെയ്തതിനു ശേഷം ലാല്‍ സാറിന്റെ ഫാന്‍സും നമ്മളുമായി വളരെ അറ്റാച്ച്ഡ്‌ ആണ് . അവരുടെയും പ്രതീക്ഷകള്‍ക്കൊത്തു വരുമോ എന്നൊരു പേടിയുണ്ടായിരുന്നു. എന്തുകൊണ്ടോ 'കണ്ടിട്ടും' എന്ന ഗാനം ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്തൊരു കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു ഇത് ഹിറ്റ് ആകുമെന്ന്. ദൈവത്തിന്റെ സഹായം കൊണ്ട് അത് അങ്ങനെ തന്നെ സംഭവിച്ചു. 

അതൊരു വല്ലാത്ത യാദൃശ്ചികതയായിരുന്നു

പ്രിയന്‍ സാറിന്റെ ഇഷ്ടരാഗമാണ് നീലാംബരി. ഒപ്പത്തിലെ 'ചിന്നമ്മ' എന്ന ഗാനം ആ രാഗത്തിന്റെ ഛായയിലാണ് ചെയ്തിരിക്കുന്നത്. ഞങ്ങളത് മന:പൂര്‍വം ചെയ്തതല്ല. അന്ന് ആ പാട്ട് കേള്‍പ്പിച്ചപ്പോള്‍ പ്രിയന്‍ സാര്‍ വളരെ സന്തോഷത്തിലായിരുന്നു. എനിക്കേറ്റവും പ്രിയപ്പെട്ട രാഗമാണിത്. ഒരുപാട് സന്തോഷമെന്ന് സാര്‍ പറഞ്ഞു. വില്ലനിലെ ഗാനം ചെയ്യാന്‍ ഏല്‍പ്പിച്ചപ്പോള്‍ ആദ്യം ചെയ്ത പാട്ടാണ് 'കണ്ടിട്ടും കണ്ടിട്ടും' എന്ന ഗാനം. അത് മോഹന രാഗത്തിലാണ് ചെയ്തത്. പാട്ട് കേള്‍പ്പിച്ചപ്പോള്‍ അത്യധികം സന്തോഷവാനായി ഉണ്ണി സര്‍ ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു നിങ്ങളെനിക്കേറ്റവും പ്രിയപ്പെട്ട രാഗത്തിലാണ് ഇത് ചെയ്തത് എനിക്ക് ഭയങ്കര സന്തോഷമായി എന്നും. സാറിന്റെ എല്ലാ ചിത്രത്തിലും മോഹനരാഗത്തില്‍ ഒരു ഗാനം ഉണ്ടാകാറുണ്ട്. ഞങ്ങളത് അറിഞ്ഞ് കൊണ്ട് ചെയ്തതല്ല. സത്യം പറഞ്ഞാല്‍ വല്ലാത്തൊരു യാദൃശ്ചികതയായി പോയി. 

ലാല്‍ സാര്‍ എന്ന ആസ്വാദകന്‍ 

villain

ലാല്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് വല്ലാത്തൊരു ഊര്‍ജമാണ്. പാട്ടുകളില്‍ അദ്ദേഹത്തിന്റെ സജഷന്‍സ് ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ നല്ലൊരു ആസ്വാദകനാണ് അദ്ദേഹം. ഒപ്പത്തിലെ ഗാനങ്ങള്‍ ലാല്‍ സാര്‍ ഒഴികെ ബാക്കിയെല്ലാവരും കേട്ടിരുന്നു. ഒരു ദിവസം ഞങ്ങൾ സെറ്റില്‍ ചെന്നപ്പോള്‍ സാര്‍ ചോദിച്ചു എല്ലാവരും നിങ്ങളുടെ പാട്ട് കേട്ടു. എന്നെ മാത്രമെന്തേ കേള്‍പ്പിച്ചില്ല. എന്നാല്‍ ഇപ്പോള്‍ തന്നെ കേള്‍പ്പിക്കാമെന്നു ഞങ്ങളും പറഞ്ഞു. അന്ന് സാറിന്റെ കാരവാനിലിരുന്നാണ് ഒപ്പത്തിലെ ഗാനങ്ങള്‍ അദ്ദേഹം കേട്ടത്. പ്രിയന്‍ സാറും എം.ജി ശ്രീകുമാർ സാറും പിന്നെ ഞങ്ങളും കൂടെ ഉണ്ടായിരുന്നു. കേട്ടിട്ട് വളരെ നന്നായെന്നും പറഞ്ഞു. അത് പോലെ വില്ലനിലെ കണ്ടിട്ടും എന്ന ഗാനം നന്നായിട്ടുണ്ടെന്നു ഉണ്ണി സാര്‍ ലാല്‍ സാറിനോട് പറഞ്ഞപ്പോള്‍ അതൊന്നു അയച്ചു തരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കേട്ട് കഴിഞ്ഞു വളരെ ഇഷ്ടമായെന്നും അറിയിച്ചു. പാട്ടു നന്നായെങ്കില്‍ നല്ല രീതിയില്‍ അദ്ദേഹം അഭിനന്ദിക്കും.

പുതിയ  പ്രോജക്ടുകൾ

അടുത്ത വർഷത്തേയ്ക്കുള്ളത് അടക്കം നിരവധി പ്രോജക്ടുകൾ ഇപ്പോള്‍ കയ്യിലുണ്ട്. എല്ലാ പടങ്ങളുടെയും വിവരങ്ങള്‍  പുറത്തു പറയാറായിട്ടില്ല. ഇപ്പോള്‍ ചെയ്തു കഴിഞ്ഞ ഒരു പടമാണ് മീസാന്‍. ജബ്ബാര്‍ ചെമ്മാട് ആണ് സംവിധായകന്‍. വേറൊരു ടൈപ്പ് മൂവി ആണ് മീസാന്‍ . മലപ്പുറം ബെയ്സ് ആയാണ് ചിത്രം വരുന്നത്. പാട്ടുകളും ഇത് വരെ ചെയ്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ഒപ്പത്തിന്റെ കന്നട മൊഴിമാറ്റ പതിപ്പും ഞങ്ങൾ തന്നെയാണ് ചെയ്തത്. അത് നവംബറിലെ ഷൂട്ട് തുടങ്ങുള്ളൂ. സദൃശ്യ വാക്യം 23:24 എന്ന ചിത്രമാണ് വേറൊന്ന്. എം പ്രശാന്ത് ആണ് സംവിധാനം. മനോജ് കെ ജയന്‍, ഷീലു എബ്രഹാം എന്നിവരാണ് പ്രധാന താരങ്ങള്‍. അഘോരി എന്നൊരു തമിഴ് ചിത്രമുണ്ട്. അതിന്റെ ഷൂട്ട് ഏകദേശം തീരാറായി. 

മഹാഭാഗ്യങ്ങള്‍ 

villain

ഞങ്ങള്‍ക്ക് വന്നു ചേര്‍ന്നതെല്ലാം മഹാഭാഗ്യങ്ങളാണ്. സീനിയറായ ഗായകരെ കൊണ്ട് പാടിക്കുക എന്നത്  തുടക്കകാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ഒപ്പത്തില്‍ എം.ജി.ശ്രീകുമാർ സാറിനെക്കൊണ്ട് ഒരു പാട്ടു പാടിക്കാന്‍ പറ്റി. വില്ലയില്‍ ദാസ് സാറിനെക്കൊണ്ടും മീസാനില്‍ ശങ്കര്‍ മഹാദേവന്‍ സാറിനെക്കൊണ്ടും ഓരോ പാട്ടു പാടിക്കാന്‍ സാധിച്ചു. അത് മഹാഭാഗ്യമല്ലേ.
വില്ലനിലെ  കണ്ടിട്ടും  കണ്ടിട്ടും എന്ന ഗാനം കമ്പോസ് ചെയ്തു കേള്‍പ്പിച്ചപ്പോള്‍ ഉണ്ണി സാര്‍ ചോദിച്ചു. ആരെകൊണ്ട് പഠിക്കാനാണ് താത്പര്യമെന്ന്. ദാസ് സാറിനെക്കൊണ്ട് പാടിച്ചാല്‍ കൊള്ളാമെന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ എടുത്ത വഴിക്ക് ഉണ്ണി സാര്‍ പറഞ്ഞു ഞാനും അത് തന്നെയാണ് വിചാരിച്ചതെന്നു. ദാസ് സാറിനെ പാട്ടു കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന് അത് ഇഷ്ടമാകുകയും പാടാമെന്നു സമ്മതിക്കുകയും ചെയ്തു. വിജയ് ചേട്ടന്റെ (വിജയ് യേശുദാസ്) സപ്പോര്‍ട്ടും എടുത്തു പറയേണ്ടതാണ്. മീസാനില്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് ശങ്കര്‍ സാര്‍ കടന്നു വന്നത്. ആരെകൊണ്ട് പഠിക്കാനാണ് താത്പര്യമെന്ന് സംവിധായകന്‍ ചോദിച്ചപ്പോള്‍ ഹരിഹരന്‍ സാറും ശങ്കര്‍ സാറുമായിരുന്നു മനസ്സില്‍. ഭാഗ്യം പോലെ ശങ്കര്‍ സാര്‍ സമ്മതിച്ചു. 

ഡ്രീം പ്രൊജക്റ്റ് 

ഡ്രീം പ്രൊജക്റ്റ് എന്ന് പറയാന്‍ ഒന്നും തന്നെയില്ല. ഇത് വരെ സംഭവിച്ചതെല്ലാം ഭാഗ്യമെന്നു വിശ്വസിക്കുന്നവരാണ് ഞങ്ങൾ. വലിയ സംവിധായകര്‍ക്കൊപ്പം, ഗായകര്‍ക്കൊപ്പം, നടന്മാര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. സ്വപ്നത്തിനും ഭാഗ്യത്തിനുമൊക്കെ മീതെയാണ് അത്. 

സങ്കടകരമായ അനുഭവങ്ങള്‍

അങ്ങനൊരു അനുഭവവും ഉണ്ടായിട്ടില്ല. ഒപ്പം ചെയ്ത സമയത്ത് ഞങ്ങള്‍ കൊടുത്ത ട്യൂണ്‍ പ്രിയന്‍ സാര്‍ റിജക്ട് ചെയ്തിരുന്നു. പക്ഷെ അത് ഒരിക്കലും ആ ട്യൂണ്‍ ഇഷ്ടപ്പെടാത്തത് കൊണ്ടായിരുന്നില്ല. ഇതിലും നന്നായി ചെയ്യാന്‍ പറ്റും എന്നൊരു വിശ്വാസം ഞങ്ങളെക്കാള്‍ സാറിന് ഉണ്ടായിരുന്നു. ഇതിനേക്കാള്‍ നല്ലത് നിങ്ങളുടെ കയ്യില്‍ നിന്നും വരാനുണ്ടെന്ന് പറഞ്ഞു. മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം ഇത്തരത്തില്‍ വന്ന ഒന്നാണ്. 

വില്ലനിലെ പാട്ട് കോപ്പി അടിയോ?
 
വില്ലനിലെ കണ്ടിട്ടും എന്ന പാട്ടു ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ക്കും ഈ കോപ്പി അടി ആരോപണം കേള്‍ക്കേണ്ടി  വന്നിട്ടുണ്ട്. ഡിസംബര്‍ എന്ന ചിത്രത്തിലെ സ്നേഹതുമ്പി ഞാനില്ലേ കൂടെ എന്ന പാട്ടിന്റെ കോപ്പിയാണെന്ന് കമന്റ് ഇട്ടവരുണ്ട്. ഇങ്ങനെ ഉള്ളവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഒന്നേയുള്ളു. രണ്ടും തമ്മില്‍ സാമ്യം തോന്നാനുള്ള കാരണം ആ പാട്ടിനകത്ത് ഉപയോഗിച്ചിരിക്കുന്ന തബലയുടെ  പാറ്റേണും റിഥത്തിന്റെ പാറ്റേണും സെയിം ആണ്. മാത്രമല്ല രണ്ടും പാടിയിരിക്കുന്നത് ദാസേട്ടനാണ്. പാട്ടിനെ കുറിച്ച് ചെറിയ ധാരണ ഉള്ളവര്‍ക്ക് നന്നായറിയാം ഇത് കോപ്പിയടി അല്ലെന്ന്. ബാക്കി ഒരു ശതമാനമാണ് മറിച്ച് ചിന്തിക്കുന്നത്. കോപ്പി ആണെന് കമന്റ് ഇട്ടവര്‍ക്ക് അങ്ങനെയല്ല ഇതാണിങ്ങനെ തോന്നാന്‍ കാരണമെന്ന് പലരും വിവരിച്ചു കൊടുത്തിട്ടുമുണ്ട്. ഒപ്പം സിനിമയിലെ ചിന്നമ്മ എന്ന പാട്ടിനും ഇങ്ങനെ ആരോപണം കേട്ടിരുന്നു. ഞങ്ങളത് മൈന്‍ഡ് ചെയ്യാതിരിക്കുകയാണ് പതിവ്. മറ്റൊരു കാരണം പറയാം പണ്ട് കാലത്ത് മീഡിയ ഇത്ര കോമണ്‍ അല്ല. ആകെ ഉള്ളത് റേഡിയോ, ദൂരദര്‍ശന്‍ എന്നിവയാണ്. ഇന്നിപ്പോള്‍ അതല്ല അവസ്ഥ. ഇത്രയധികം പാട്ടുകള്‍ വന്നു പോയ നിലയ്ക്ക് ഒരു പാട്ടുമായും സാമ്യമില്ലാത്ത തികച്ചും വ്യത്യസ്തമായ ഒന്ന് ഉണ്ടാക്കുക എന്നത് നടക്കാത്ത കാര്യമാണ്. ദിവസവും ആയിരക്കണക്കിന് പാട്ടാണ് കേട്ടു കൊണ്ടിരിക്കുന്നത്. ഇതൊന്നും മനസ്സില്‍ വരാതെ പുതിയ പാട്ടൊരുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. 

പ്രിയന്‍ സാര്‍ തന്ന ഉപദേശം

പ്രിയന്‍ സാറിന്‍േയും ഉണ്ണി സാറിന്‍േയും മ്യൂസിക് സൈഡ് സ്ട്രോങ്ങ് ആണ്. ആര്‍ക്കും എളുപ്പത്തില്‍ പാടാന്‍ സാധിക്കുന്ന പാട്ടാകണം . അങ്ങെനെയുള്ള പാട്ടുകളെ നിലനില്‍ക്കുള്ളു എന്നാണ് അവരുടെ അഭിപ്രായം. ചിന്നമ്മ, മിനുങ്ങും മിന്നാമിനുങ്ങേ, കണ്ടിട്ടും എന്നിവയെല്ലാം കുഞ്ഞു കുട്ടികള്‍ക്ക് വരെ പാടാന്‍ പറ്റുന്ന പാട്ടുകളാണ്. അത് തന്നെയാണ് അവ ഇത്ര ജനപ്രിയമായതും. ഏത് പാട്ട് കിട്ടിയാലും അത് നന്നായി ചെയ്യാനാണ് ശ്രമിക്കുന്നത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് വളരെ കുറച്ചേ ഉള്ളുവെങ്കിലും ചെയ്തതെല്ലാം വളരെ ശ്രദ്ധിക്കപ്പെട്ടു. വലിയ പടം, ചെറിയ പടം അങ്ങനെ ഒന്നുമില്ല. ഏതു പടമായാലും നന്നായി ചെയ്യുക. അത് തന്നെയാണ് പ്രിയന്‍ സാര്‍ ഞങ്ങള്‍ക്ക് തന്നിരിക്കുന്ന ഉപദേശവും. ചെറിയ പടമാണ് അത്ര സീനിയര്‍ ആര്‍ട്ടിസ്റ്റുകളല്ല എന്ന് കരുതി അവ ചെയ്യാതിരിക്കരുത്. ഏതു പടമാണ് ഹിറ്റാവുകയെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. ചെയ്യുന്ന ജോലി വൃത്തിയായി ചെയ്യുക. നല്ല പാട്ടുകള്‍ ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക. മെലഡി എന്നത് കൈവിടാതിരിക്കുക എന്നാണ് സാര്‍ പറഞ്ഞിരിക്കുന്നത്. മെലഡി തന്നെയാണ് ഞങ്ങളുടെ ബേയ്‌സും. ജോണ്‍സന്‍ മാഷ് ദേവരാജന്‍ മാഷ് എന്നിവരുടെ മെലഡികളൊക്കെ തന്നെയാണ് ഞങ്ങളും ഫോളോ ചെയ്യുന്നത്.