നാലു കൂട്ടുകാർ. അയൽക്കാർ. ഒന്നിച്ചു കളിച്ചു വളർന്നവർ. പാട്ടായിരുന്നു ഇവർക്കിടയിലെ രസതന്ത്രം. നാലു വഴിക്ക് പിരിഞ്ഞുപോയെങ്കിലും പാട്ടിന്റെ കൈപിടിച്ച് അവർ വീണ്ടും ഒത്തുകൂടി. ഒപ്പമിരുന്ന് കുറേ ഈണങ്ങളുണ്ടാക്കി.ഫോർ മ്യൂസിക്സ് എന്ന ഇവരുടെ  സൗഹൃദത്തിന്റെ കൂട്ടിൽ വിരിഞ്ഞ ഈണങ്ങൾ മലയാളം കേട്ട് നെഞ്ചേറ്റാൻ ഒരുങ്ങുകയാണ്, പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഒപ്പത്തിലൂടെ. സുഹൃത്തുക്കളായ 
ബിബി മാത്യൂസ്, ജിം ജേക്കബ്, എല്‍ദോസ് ഏലിയാസ്, ജസ്റ്റിന്‍ ജയിംസ് എന്നീ നാല് യുവാക്കളാണ് ഒപ്പത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. തീയറ്ററുകളില്‍ എത്തുന്നതിന് മുന്‍പുതന്നെ ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധനേടി കഴിഞ്ഞു.  തങ്ങളുടെ സൗഹൃദവും  സംഗീതവും ഒപ്പത്തിലെ അനുഭവങ്ങളുമെല്ലാം മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവയക്കുകയാണ് സംഗീത സംവിധായകരിലൊരാളായ ജിം ജേക്കബ് .

Oppam

സൗഹൃദം

അങ്കമാലിക്കടുത്ത് ആഴകമാണ് ഞങ്ങളുടെ സ്വദേശം. കുട്ടിക്കാലം മുതലേ അടുത്ത സുഹൃത്തുക്കളായിരുന്നു. അടുത്തടുത്ത വീടുകളിലായിരുന്നു താമസം. ഞങ്ങള്‍ നാല് പേര്‍ക്കും നാല് പേര്‍ക്കും പാട്ടിനോട് വലിയ താല്‍പര്യമായിരുന്നു. 

സംഗീത ജീവിതത്തിന്റെ തുടക്കം

പള്ളി ക്വയറില്‍ നിന്നായിരുന്നു ഞങ്ങളുടെ സംഗീത കൂട്ടായ്മയുടെ തുടക്കം. ഞങ്ങള്‍ ഗിത്താറും കീബോര്‍ഡും പരിശീലിച്ചിരുന്നു. 2003 നാലുപേരും ചേര്‍ന്ന് ഒരു മ്യൂസിക് ബാന്റെ് ആരംഭിച്ചു. 9-1-B-C എന്നായിരുന്നു ബാന്റിന്റെ പേര്. കുറച്ചുകാലം ബാന്റുമായി മുന്‍പോട്ട് പോയപ്പോഴാണ് ഒരു സ്വകാര്യ ചാനലില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. ഉന്നത പഠനത്തിനായി ഞങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ പോയപ്പോള്‍ സംഗീത പരിപാടികളില്‍ നിന്ന് ഞങ്ങള്‍ ഒരു ഇടവേളയെടുത്തു. 2007 ല്‍ മഴത്തുള്ളി എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ് ഞങ്ങള്‍ വീണ്ടും ഒരുമിക്കുന്നത്. എന്നാല്‍ ആഗോളസാമ്പത്തിക മാന്ദ്യം മൂലം നിര്‍മാതാക്കള്‍ക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായി. ആല്‍ബം റിലീസായതുമില്ല. പിന്നീട് വീണ്ടും ഒരു ഇടവേള വന്നു. ഞാന്‍ കുറച്ചുകാലം അയര്‍ലൻഡിലും ജസ്റ്റിന്‍ ന്യൂസിലൻഡിലും ആയിരുന്നു. സിബി നാട്ടില്‍ തന്നെ ഉണ്ടായിരുന്നു. എല്‍ദോസ് ബാംഗ്ലൂരും. 

വീണ്ടും സംഗീതം

സൗണ്ട് എഞ്ചിനീയറിംഗ് ആണ് ഞാന്‍ പഠിച്ചത്. ബിബി ഒരു ആര്‍ട്ടിസ്റ്റാണ്. ജസ്റ്റിനും എല്‍ദോയും എംബിഎ  ആണ് പഠിച്ചത്. വ്യത്യസ്ത സ്ഥലങ്ങളിലായിപ്പോയെങ്കിലും ഞങ്ങളുടെ ചര്‍ച്ചകളില്‍ സംഗീതം എന്നും പ്രധാനപ്പെട്ട ഒരു വിഷയമായിരുന്നു. 2012 ല്‍ ഞാന്‍ നോയിസ് ഹെഡ് ക്വാട്ടേഴ്‌സ് എന്ന പേരില്‍ ഒരു സ്റ്റുഡിയോ തുടങ്ങി. പാശ്ചാത്യ നിലവാരമുള്ള മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് സ്റ്റുഡിയോ നിര്‍മിച്ചിരിക്കുന്നത്. സ്റ്റുഡിയോയിലെ തിരക്കുകള്‍ക്കിടയില്‍ ഞങ്ങള്‍ ഒരു സ്വകാര്യ ചാനലില്‍ പരിപാടി ചെയ്യാനാണ് വീണ്ടും ഒത്തുകൂടുന്നത്.

സിനിമയിലെ തുടക്കം

ഞങ്ങളുടെ പരിപാടി ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ആ ചാനലില്‍ ജോലി ചെയ്തിരുന്ന ജിബിന്‍ സോമചന്ദ്രന്‍ വഴിയാണ് സാജന്‍ ജോണി സംവിധാനം ചെയ്ത ജസ്റ്റ് മാരീഡ് എന്ന സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുന്നത്. നാല് പാട്ടുകളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. 


വഴിത്തിരിവ്

കഴിഞ്ഞ വര്‍ഷം ഒരു പരിപാടിക്കിടെ ആന്റണി പെരുമ്പാവൂരിനെ കണ്ടതാണ് വഴിത്തിരിവാകുന്നത്. അദ്ദേഹം എന്റെ കുടുംബ സുഹൃത്താണ്. അദ്ദേഹമാണ് പ്രിയന്‍ സാറിനെ പരിചയപ്പെടുത്തിത്തരുന്നത്. ഞങ്ങള്‍ ചെയ്ത പാട്ടുകള്‍ പ്രിയന്‍ സാറിനെ കേള്‍പ്പിച്ചപ്പോള്‍ ഇഷ്ടപ്പെട്ടു. പിന്നീട് ഒപ്പത്തിലെ കുറച്ച് സ്വിറ്റ്വേഷനുകള്‍ തന്ന് ട്യൂണ്‍ ചെയ്യാന്‍ പറഞ്ഞു. ഞങ്ങള്‍ പണിതീര്‍ത്ത് പ്രിയന്‍ സാറിനെ കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന് വലിയ ഇഷ്ടമായി. മാത്രമല്ല ചില ട്യൂണുകളില്‍ അല്‍പം മാറ്റങ്ങളും നിര്‍ദ്ദേശിച്ചു. ഒരു സ്വിറ്റ്വേഷന്‍ അടിമുടി മാറ്റിയപ്പോഴാണ് മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ട് ഉണ്ടായത്.

പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍

Oppam

വളരെ മ്യൂസിക് സെന്‍സ് ഉള്ളയാളാണ് പ്രിയന്‍ സര്‍. സിനിമയിലെ പാട്ടുകള്‍ എങ്ങനെ ആയിരിക്കണമെന്ന് കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ട്. ഒപ്പത്തിലെ പാട്ടുകള്‍ ഏതൊരാള്‍ക്കും കേട്ടാല്‍ ഏറ്റുപാടാന്‍ തോന്നണമെന്ന നിബന്ധനയാണ് അദ്ദേഹം ഞങ്ങള്‍ക്ക് മുന്‍പില്‍ വച്ചത്. പാട്ടുകള്‍ ചിട്ടപ്പെടുത്തുമ്പോള്‍ ഞങ്ങളുടെ അടുത്തിരുന്ന് കേട്ട് കൃത്യമായി നിര്‍ദ്ദേശങ്ങള്‍ തരുമായിരുന്നു. ടൈറ്റില്‍ സോങ് ചിന്നമ്മയടക്കം മൂന്ന് പാട്ടുകളാണ് ചിത്രത്തിലുള്ളത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ജോഡിയുടെ ആരാധകരാണ് ഞങ്ങള്‍. അതുകൊണ്ട് അവര്‍ക്ക് വേണ്ടി ഒരു ട്രിബ്യൂട്ട് സോങ്ങും ഞങ്ങള്‍ അതിനിടയില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 

നാല് പേരും ഒരുമിച്ച് എങ്ങനെ?

പലരും ചോദിക്കാറുണ്ട് എങ്ങിനെയാണ് നാല് പേര്‍ ഒരുമിച്ചതെന്ന്. കൂട്ടിക്കാലം മുതലേ സുഹൃത്തുക്കളായതിനാല്‍ ഞങ്ങള്‍ക്കിടയില്‍ ഒരു നല്ല രസതന്ത്രമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ചര്‍ച്ചകളില്‍ ഏര്‍പ്പെടും. എന്നാല്‍ ഒരുപാട് നേരം ഒരുമിച്ച് കംപോസ് ചെയ്യുന്ന പതിവില്ല. മറ്റുപല ജോലികള്‍ക്കിടയിലാകും അല്ലെങ്കില്‍ യാത്രകള്‍ക്കിടയിലാകും ചിലപ്പോള്‍ ട്യൂണ്‍ വരിക. അപ്പോള്‍ തന്നെ അതൊന്നു മൂളി റെക്കോഡ് ചെയ്ത് പരസ്പരം ഷെയര്‍ ചെയ്യും. പരസ്പരം വിമര്‍ശിക്കും. മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കും. എന്നിട്ട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പലപ്പോഴും ഞങ്ങള്‍ ഗിത്താറും കീബോര്‍ഡും കൊണ്ടു നടക്കും.

എംജി ശ്രീകുമാറുമൊപ്പമുള്ള അനുഭവങ്ങള്‍

Oppam

ശ്രീകുമാര്‍ സാറിന്റെ പാട്ടുകളുടെ കടുത്ത ആരാധകരാണ് ഞങ്ങള്‍. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിക്കുകയെന്നത് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ടെറ്റില്‍ സോങ് അദ്ദേഹത്തിന്റെ ശബ്ദത്തിന് യോജിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ റെക്കോഡിങ്ങിന്റെ സമയത്ത് ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി അത്രക്ക് മനോഹരമായാണ് അദ്ദേഹം പാടിയത്. ശ്രീകുമാര്‍ സര്‍ ഞങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ വളരെ വലുതാണ്. 

സംഗീത പാരമ്പര്യം

ഞങ്ങള്‍ ശാസ്ത്രീയമായി പഠിച്ചിട്ടില്ല. കീബോര്‍ഡും, ഗിത്താറും അല്‍പം പഠിച്ചിട്ടുണ്ട്. എന്നാല്‍ സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ഞങ്ങള്‍ നാലുപേരും വരുന്നത്. അവരെല്ലാവരും അമച്വര്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. വീട്ടില്‍ നിന്നുതന്നെ ഒരുപാട് പാട്ടുകള്‍ കേട്ടാണ് വളര്‍ന്നതുകൊണ്ടായിരിക്കാം സംഗീതം തന്നെ ജീവിതമായി തിരഞ്ഞെടുത്തത്.

വരാനിരിക്കുന്ന മറ്റ്  പ്രോജക്ടുകൾ

സാജന്‍ ജോണി ചെയ്യുന്ന പുതിയ ചിത്രമാണ് ഞങ്ങള്‍ അടുത്തതായി ചെയ്യുന്നത്. അതില്‍ അഞ്ച് പാട്ടുകളുണ്ട്. ഒന്നു രണ്ടു പ്രൊജക്ടുകളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.