ക്തിഗാനങ്ങളുടെ വഴിയില്‍നിന്ന് സിനിമാസംഗീതത്തിലേക്കുള്ള ഒ.കെ. രവിശങ്കറിന്റെ ചുവടുമാറ്റം അപ്രതീക്ഷിതമായിരുന്നു. അതുവരെയും ഭക്തിഗാനങ്ങളാണ് തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള സംഗീതജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. സിനിമയില്‍ പാട്ട് ചെയ്യാനോ അതിനുവേണ്ടി കാത്തിരിക്കാനോ ശ്രമിച്ചില്ല. തനിക്ക് ചെയ്യാന്‍ കഴിയുന്നത് തന്നെത്തേടി വരുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. സംഗീതത്തില്‍ മാത്രം വിശ്വാസമര്‍പ്പിച്ചു. ഇപ്പോഴിതാ സിനിമാസംഗീതം അദ്ദേഹത്തെ അന്വേഷിച്ചെത്തിയിരിക്കുന്നു. 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിനുവേണ്ടി രവിശങ്കര്‍ രണ്ട് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു. ചിത്രത്തിലെ 'ആന പോലൊരു വണ്ടി...' എന്നുതുടങ്ങുന്ന ഗാനം പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. പാട്ട് പിറന്നതിന്റെ രസകരമായ അനുഭവവും ഒപ്പം ചില സംഗീതവിശേഷങ്ങളും പങ്കുവെക്കുകയാണ് അദ്ദേഹം...

യാത്രയ്ക്കിടയില്‍ പിറന്ന പാട്ട്

ആല്‍ബങ്ങളും ടൈറ്റില്‍ സോങുകളുമൊക്കെ ചെയ്ത് മുന്നോട്ടുപോകുന്ന സമയത്താണ് എം.ജി.എം. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ഒരു സ്‌കൂളിലെ ആര്‍ട്ട് ഫെസ്റ്റിവലിന് ചീഫ് ഗസ്റ്റായി ഞാന്‍ ചെല്ലുന്നത്.  സ്ഥാപനത്തിന്റെ ചെയര്‍മാനായ ഗീവര്‍ഗീസ് യോഹന്നാനുമായി ഞാന്‍ പരിചയത്തിലായി. തുടര്‍ന്ന് ഗീവര്‍ഗീസ് സര്‍ ഒരു സിനിമ നിര്‍മിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞു. അദ്ദേഹം മുമ്പ് ഒരു സിനിമ നിര്‍മിച്ചിരുന്നു. ഒരുദിവസം മാനേജര്‍ എന്നെ വിളിച്ച് 'നിങ്ങള്‍ക്കൊരു സിനിമ വരുന്നുണ്ടെ'ന്ന് പറഞ്ഞു. ഇതുവരെയും സിനിമയുടെ പിന്നാലെ പോകാത്ത ഒരാളാണ് ഞാന്‍. ഭക്തിഗാന ആല്‍ബങ്ങളും തീം സോങുകളും ചെയ്യുന്നതിലായിരുന്നു എപ്പോഴും എന്റെ ശ്രദ്ധ. എങ്കില്‍പോലും ഒരു സംഗീത സംവിധായകനെ സംബന്ധിച്ചിടത്തോളം സിനിമയില്‍ അവസരം ലഭിക്കുക ഏറെ സന്തോഷം നല്‍കുന്നതുതന്നെയാണ്. ഗീവര്‍ഗീസ് സര്‍ എന്നെ വിളിച്ചു. കൊട്ടാരക്കരയിലേക്കൊന്ന് ചെല്ലണമെന്ന് എന്നോട് പറഞ്ഞു. അഖില്‍ മാരാര്‍ എന്നൊരു സംവിധായകന്‍ അവിടെയുണ്ട്. പുതുമുഖമാണ്. കഥ എനിക്ക് ഇഷ്ടമായെന്നും സിനിമ ചെയ്യാന്‍ തീരുമാനിച്ചെന്നും സര്‍ പറഞ്ഞു. 

അങ്ങനെ കൊട്ടാരക്കരയിലെത്തി. അഖില്‍ എന്നോട് കഥ പറഞ്ഞു. മുരുകന്‍ കാട്ടാക്കട വരികള്‍ എഴുതിയിട്ടുണ്ടായിരുന്നു. ആദ്യം എനിക്ക് ആശയക്കുഴപ്പമുണ്ടായി. ഈ വരികളെ എങ്ങനെ ഞാന്‍ പാട്ടാക്കും ? അപ്പോള്‍ അഖില്‍ പറഞ്ഞു, ഇതൊരു സിറ്റ്വേഷന്‍ സോങ് ആണ്. ഈ പാട്ടിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. ഞാന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. യാത്രയ്ക്കിടയില്‍ എന്റെ മനസ് മുഴുവന്‍ പാട്ടിന്റെ വരികളായിരുന്നു. മുന്നിലെ റോഡ് ആണെങ്കില്‍ ആകെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതും. ഒരു കെഎസ്ആര്‍ടിസി ബസ് ആ റോഡിലൂടെ ആടിയുലഞ്ഞ് പോകുന്നു. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ഗീവര്‍ഗീസ് സര്‍ വിളിച്ചു. അദ്ദേഹം ചില കാര്യങ്ങള്‍ക്കൂടി വിശദീകരിച്ച് തന്നു. മുന്നിലെ റോഡിലൂടെ എന്റേതടക്കമുള്ള വാഹനങ്ങള്‍ ഒരു ലെവലുമില്ലാതെ പോകുന്നു. എനിക്ക് ട്യൂണ്‍ ലഭിച്ചു. കൊട്ടാരക്കരയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലാണ് 'ആന പോലൊരു വണ്ടി, ആരുണ്ടൊരു ഗ്യാരന്റി' എന്ന പാട്ട് സംഭവിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍നിന്ന് പാട്ടിന് ലഭിച്ച സ്വീകാര്യത ഏറെ സന്തോഷം നല്‍കി. 

ok ravisankar

പാട്ട് റെഡി; പക്ഷേ ഒരു ഡിമാന്റ് ഉണ്ട്

പാട്ട് ഏതാണ്ട് റെഡിയായപ്പോള്‍ ഞാന്‍ ഗീവര്‍ഗീസ് സാറിന് മുന്നിലൊരു ഡിമാന്റ് വെച്ചു. ഈ പാട്ട് ശങ്കര്‍ മഹാദേവനെക്കൊണ്ട് പാടിക്കണം. അപ്പോള്‍ സാര്‍ പറഞ്ഞത് അത് പിന്നീട് ആലോചിക്കാമെന്നാണ്. എന്റെ മനസില്‍ ശങ്കര്‍ മഹാദേവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വ്യത്യസ്തമായ സംഗതികള്‍ ചേര്‍ന്ന ശൈലിയിലുള്ള  പാട്ടായിരുന്നു അത്. അദ്ദേഹം പാടിയാലേ ശരിയാകൂ എന്ന ചിന്തയായിരുന്നു എനിക്ക്. ഞാന്‍ മാനേജര്‍ സുനിലേട്ടനെ വിളിച്ചു. അദ്ദേഹത്തിനും പാട്ട് ഇഷ്ടമായി. എന്റെ ഡിമാന്റ് അദ്ദേഹത്തോടും പറഞ്ഞു. സുനിലേട്ടന്‍ സമ്മതിച്ചു. സംവിധായകനും ട്യൂണ്‍ ഇഷ്ടമായി. ഈ ട്യൂണ്‍ തന്നെ മതിയെന്ന് പറഞ്ഞു. എനിക്ക് പകുതി സന്തോഷമായി. ശങ്കര്‍ മഹാദേവനെക്കൊണ്ട് പാടിക്കുക അപ്പോഴും ഒരു വെല്ലുവിളിയായി നിന്നു. കൊവിഡും ബഡ്ജറ്റ് പ്രശ്‌നങ്ങളുമൊക്കെ വന്നു. 

ഗായകനെ പാടാനായി സമീപിച്ചു. എല്ലാ വഴികളും അടഞ്ഞുനില്‍ക്കുന്ന സമയത്ത് ഞാന്‍ ശങ്കര്‍ മഹാദേവന്‍സാറിന് ഒരു വോയ്‌സ് മെസേജ് അയച്ചു. പാട്ട് കേള്‍ക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥകളെല്ലാം അദ്ദേഹത്തോട് പറഞ്ഞു. കുറച്ചുകഴിഞ്ഞ് അദ്ദേഹത്തിന്റെ ഫോണ്‍കോള്‍ വന്നു. മികച്ച പാട്ടാണെന്നും  ഈ പാട്ട് താന്‍ എന്തായാലും പാടാമെന്നും മറ്റൊന്നും ഓര്‍ത്ത് ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഈ പാട്ട് സൂപ്പര്‍ഹിറ്റ് ആകുമെന്ന് അദ്ദേഹം അന്ന് പറഞ്ഞു. അതുപോലെ തന്നെ സംഭവിച്ചു. നവമാധ്യമങ്ങളിലെല്ലാം പാട്ട് ഹിറ്റായി. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇതൊന്നും. പാട്ട് പാടാന്‍ ശങ്കര്‍ മഹാദേവന്‍ സര്‍ എടുത്ത എഫര്‍ട്ട് വളരെ വലുതായിരുന്നു. കൂടെ നിന്ന് അദ്ദേഹം പല സഹായങ്ങളും ചെയ്തുതന്നു. പാടുന്ന ഓരോ ഘട്ടത്തിലും പാടുന്നത് കൃത്യമല്ലേയെന്നും വാക്കുകളുടെ ഉച്ചാരണം ശരിയല്ലേയെന്നും അദ്ദേഹം ചോദിക്കുമായിരുന്നു. ഒരു നവാഗത സംഗീതസംവിധായകനോട് അത്തരത്തിലുള്ള സമീപനം വളരെ അപൂര്‍വമാണ്.

സംഗീതത്തിന്റെ കൈതപ്രംവഴി

കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയിലൂടെയാണ് എന്റെ സംഗീതജീവതത്തിന് തുടക്കമാകുന്നത്. എന്റെ ചേച്ചിയെ വിവാഹം കഴിക്കുന്നത് കൈതപ്രത്തിന്റെ അനുജന്‍ വാസുദേവന്‍ നമ്പൂതിരി ആണ്. അങ്ങനെ കൈതപ്രം കുടുംബവുമായി വലിയ അടുപ്പം തുടങ്ങി. വളരെ ചെറുപ്പത്തിലാണ് അത്. വിശ്വേട്ടനുമായി അന്നുമുതലേ നല്ല ബന്ധമായിരുന്നു. അദ്ദേഹമാണ് സംഗീതം പഠിക്കാന്‍ നിര്‍ബന്ധിക്കുന്നത്. ഡിഗ്രി പഠനത്തിനുശേഷമാണ് സംഗീതത്തോട് കൂടുതല്‍ താല്പര്യം ജനിക്കുന്നത്. വിശ്വേട്ടനോട് സംസാരിക്കുകയും അദ്ദേഹം തിരുവനന്തപുരം സംഗീത കോളേജിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അങ്ങനെ സംഗീതപഠനവുമായി തിരുവനന്തപുരത്ത് കൂടി. 

പിന്നീട് ആകാശവാണിയില്‍ ജോലി കിട്ടി. അവിടെനിന്ന് ഭക്തിഗാന ആല്‍ബങ്ങളിലേക്കും സീരിയലുകളിലേക്കും എത്തി. അതിനിടയില്‍ ത്യാഗരാജസ്വാമികള്‍ ആയി അഭിനയിച്ചുകൊണ്ട് സീരിയല്‍ രംഗത്തേക്ക്. സംഗീതത്തോടൊപ്പം സീരിയലുകളില്‍  പല പല നായകവേഷങ്ങള്‍.. അതിന്നും തുടരുന്നു.. കൂടുതല്‍ ശ്രദ്ധ സംഗീതത്തില്‍ തന്നെയായിരുന്നു.  സംഗീതത്തില്‍ ഗൗരവമായി തുടരാന്‍ പിന്നീട്  തീരുമാനിച്ചു. എഴുപതോളം ആല്‍ബങ്ങളിലായി എണ്ണൂറോളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. ആറ്റുകാല്‍ അമ്മയുടെ ആല്‍ബഗാനത്തിന് സംഗീതം ചെയ്തുകൊണ്ടാണ് സംവിധാനരംഗത്തേക്കെത്തുന്നത്. കൈതപ്രം ദാമോദരന്‍ ചേട്ടനായിരുന്നു പാട്ടിന് വരികളെഴുതിയത്. എന്റെ ഭൂരിഭാഗം പാട്ടുകള്‍ക്കും വരികളെഴുതിയത് അദ്ദേഹമായിരുന്നു. മലയാളത്തിലെ മുന്‍നിര ഗായകരെക്കൊണ്ടെല്ലാം പാടിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ചിത്ര, എം.ജി. ശ്രീകുമാര്‍, സുജാത, വൈക്കം വിജയലക്ഷ്മി നടന്മാരായ മനോജ് കെ. ജയന്‍, അശോകന്‍, സംഗീതസംവിധായകന്‍ ശരത് എന്നിങ്ങനെ ഒട്ടേറെ ഗായകര്‍ എന്റെ ഗാനങ്ങള്‍ ആലപിച്ചു. അതെല്ലാം വലിയ ഭാഗ്യമായി കരുതുന്നു. സിനിമയിലേക്കെത്താനോ, അവസരങ്ങള്‍ നേടിയെടുക്കാനോ ഞാന്‍ ആഗ്രഹിച്ചിട്ടില്ല.  

ഭക്തിഗാനവും അടിച്ചുപൊളിയായി

സംഗീത സംവിധായകനാണെന്ന് പറഞ്ഞാല്‍ എല്ലാവരും ആദ്യം ചോദിക്കുക ഏത് സിനിമയാണ് ചെയ്തതെന്നാണ്. ഭക്തിഗാനങ്ങള്‍ക്കൊന്നും വലിയ രീതിയിലുള്ള പരിഗണന ആളുകള്‍ നല്‍കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്.  എനിക്ക് രണ്ട് രീതിയിലുള്ള പാട്ടുകള്‍ ചെയ്യാനാണ് ആഗ്രഹം. മെലഡിയും താരാട്ടും. സംഗീതലോകത്തും ആസ്വാദനരീതിയിലുമെല്ലാം വലിയ മാറ്റങ്ങള്‍ ഇക്കാലത്ത് സംഭവിച്ചിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍പോലും മെലഡിഗാനങ്ങള്‍ക്ക് എന്നും ആസ്വാദകരുണ്ടാകും. അടിച്ചുപൊളിയായിട്ടുള്ള ഗാനങ്ങളാണ് ഇന്ന് കൂടുതലും ഇറങ്ങുന്നത്. ഭക്തിഗാനങ്ങള്‍പോലും ആ രീതിയിലേക്ക് മാറിയിരിക്കുന്നു. അടിപൊളി ശൈലിയില്‍ ഭക്തിഗാനം ചെയ്യാന്‍ നിര്‍ബന്ധിതമാകുകയാണ്.  ചടുലമായ ഒരു ശൈലി പിന്തുടരുന്നതില്‍ തെറ്റില്ല. പക്ഷേ അതില്‍ മെലഡിയുടെ സ്പര്‍ശം കൂടി കൊണ്ടുവരാന്‍ സാധിച്ചാല്‍ പാട്ട് കൂടുതല്‍ ഭംഗിയുള്ളതാകും എന്നാണ് എന്റെ അഭിപ്രായം. തുടര്‍ന്നും സിനിമയില്‍ പാട്ടുകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അഭിനേത്രിയും നര്‍ത്തകിയും ക്രൈസ്റ്റ് നഗര്‍ കോളേജ് അസി.പ്രൊഫസറുമായ താരയാണ് ഭാര്യ. സംഗീതരംഗത്ത് തുടരാന്‍ കുടുംബം നല്‍കുന്ന പിന്തുണയും വലുതാണ്. 

Content highlights : malayalam young music director o.k. ravisankar interview for the movie oru thathwika avalokanam