കുഞ്ഞനന്തന്റെ കട, പുണ്യാളന് അഗര്‍ബത്തീസ്, ഫയര്മാന്, ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രീ.. ഒരുപിടി മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളുമായി മലയാള സിനിമയില്‍ തന്റേതായ ഇടമുണ്ടാക്കിയ നടിയാണ് നൈല ഉഷ. ഒരിടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസില്‍ ടൈറ്റില്‍ കഥാപാത്രമായെത്തുകയാണ് നൈല. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ചട്ടയും മുണ്ടുമിട്ട, താന്പോരിമക്കാരിയായ ആലപ്പാട്ട് മറിയയെന്ന തൃശൂര്ക്കാരിയെയാണ് നൈല അവതരിപ്പിക്കുന്നത്. എന്നാല്‍, ഈ കഥാപാത്രത്തിനായി ജോഷി സാര്‍ തന്നെ തിരഞ്ഞെടുത്തതില്‍ ഇപ്പോഴും അത്ഭുതമാണെന്ന് താരം പറയുന്നു.
''ജോജുവാണ് ഈ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്യുന്നത്. ഒരു സിനിമയിലേക്ക് വിളി വരാന്‍ സാധ്യതയുണ്ടെന്നൊക്കെ ജോജു നേരത്തേ പറഞ്ഞിരുന്നു. പിന്നീട്, തിരക്കഥാകൃത്ത് അഭിലാഷ് വിളിച്ച് ജോഷി സാറിന്റെ ഫിലിമാണെന്ന് പറഞ്ഞ് കഥയൊക്കെ പറഞ്ഞതോടെ ഞാനാകെ എക്സൈറ്റഡായി. പക്ഷേ, ജോഷിസാറിന്റെ ചിത്രത്തില്‍ ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള കോണ്‍ഫിഡന്‍സ് തന്നെ എനിക്കുണ്ടായിരുന്നില്ല. മാത്രമല്ല, ജോഷി സാര്‍ സെറ്റിലൊക്കെ ഭയങ്കര ചൂടനാണെന്നാണ് കേട്ടിട്ടുള്ളത്. അതുകൊണ്ടൊക്കെ എനിക്കൊരു പേടിയും കണ്ഫ്യൂഷനുമൊക്കെയായിരുന്നു.''
''പക്ഷേ, ഇത്തരമൊരു കഥാപാത്രം അടുത്തെങ്ങും കിട്ടുമോ എന്നോ ജോഷി സാറിനെ പോലൊരു ഡയറക്ടറുടെ ചിത്രത്തിലേക്ക് ഇത്തരമൊരു അവസരം ഇനി ലഭിക്കുമോ എന്നോ ഒന്നും ഉറപ്പില്ല,'' നൈല തുടരുന്നു. ''പേടി കാരണമോ കണ്ഫ്യൂഷന് കാരണമോ അത് ഒഴിവക്കേണ്ട, പോയി ചെയ്യാമെന്ന് വിചാരിച്ചു. പക്ഷേ, ജോഷി സാര്‍ ഈ കഥാപാത്രത്തിനായി എന്നെ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്ന് ഇപ്പോഴുമറിയില്ല. പ്രത്യേകിച്ചും ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലുമൊക്കെ അംഗീകാരം ലഭിച്ച ജോജുവിനും ചെമ്പനുമൊപ്പം! ഒരുപക്ഷേ എന്റെ ഭാഗ്യംകൊണ്ടായിരിക്കാം ഫോട്ടോസ് അയച്ചുകൊടുക്കുകയും ജോഷി സാര്‍ എന്നെ സെലക്ട് ചെയ്യുകയുമൊക്കെ ചെയ്തത്. ചിലപ്പോള്‍ അധികം സിനിമയിലൊന്നും അഭിനയിക്കാത്ത ഒരാളാകട്ടെ ആലപ്പാട്ട് മറിയമെന്ന് എന്നദ്ദേഹത്തിന് തോന്നിയിരിക്കാം.''
''യഥാര്‍ഥത്തില്‍ ജീവിച്ചിരുന്ന ഒരാളാണ് ആലപ്പാട്ട് മറിയം.'' കഥാപാത്രത്തെ കുറിച്ചും അവര്‍ വാചാലയായി. ''ചട്ടയും മുണ്ടുമൊക്കെ ഉടുത്ത് മുറുക്കാനൊക്കെ ചവച്ച് മാര്‍ക്കറ്റില്‍ പലിശപ്പിരിവിനെത്തുന്ന ഒരു സ്ത്രീ. പക്ഷേ, ബാഹ്യമായ സാമ്യങ്ങള്‍ ഉണ്ടെന്നല്ലാതെ അവരും സിനിമയിലെ കഥാപാത്രത്തിന്റെ ജീവിതവുമായി ബന്ധമൊന്നുമില്ല. സ്വന്തമായി ജീവിക്കുന്ന വലിയൊരു തറവാട്ടു സ്ത്രീയാണ് സിനിമയിലെ മറിയ. തന്റേടത്തോടെ പലിശപ്പിരിവിനൊക്കെ പോയി മാര്‍ക്കറ്റ് അടക്കിവാഴുന്ന ആള്. അതേസമയം, തന്നെ അവര്‍ ചട്ടയും മുണ്ടുമൊക്കെ ധരിക്കുന്നതിന് അവരുടേതായ കാരണങ്ങളുണ്ട്. അവര്‍ പുറംലോകത്തോട് വെളിപ്പെടുത്താത്ത പല വികാരങ്ങളുമുണ്ട്. വളരെയധികം വിഷമങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും കടന്നുപോകുന്നൊരാള്‍. അത്തരത്തില്‍, വളരെ ഭംഗിയായി സ്ക്രിപ്റ്റ് ചെയ്തിട്ടുള്ള ക്യാരക്ടറാണ് മറിയ.''
പേടിയോടെയാണ് സെറ്റില്‍ എത്തിയതെങ്കിലും അതൊക്കെ അധികം വൈകാതെ മാറിയെന്നും നൈല കൂട്ടിച്ചേര്‍ക്കുന്നു. ''ജോഷി സാര്‍ നമ്മള് വിചാരിക്കുന്നതുപോലെ ഭയങ്കര ചൂടനൊന്നുമല്ല. ക്രാഫ്റ്റിനോട് അദ്ദേഹം നൂറു ശതമാനവും ഡെഡിക്കേറ്റഡാണ്. അതിനാല്‍ അദ്ദേഹം വിചാരിക്കുന്നതുപോലെ സെറ്റില്‍ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ 'ഇതൊന്താ ഇങ്ങനെ' എന്നൊക്കെ കര്‍ശനമായി ചോദിക്കും. അല്ലാതെ ആര്‍ട്ടിസ്റ്റിനെ അണ്കംഫര്ട്ടബിളാക്കുന്ന രീതിയില്‍ അദ്ദേഹം ഒന്നും പറയില്ല. എന്നെത്തന്നെ അഭിനന്ദിക്കേണ്ട ആവശ്യമൊന്നുമില്ലാത്ത സീനുകളില്‍ പോലും അദ്ദേഹം വന്ന് 'ബ്യൂട്ടിഫുളായിട്ട് ചെയ്തു' എന്നൊക്കെ പറഞ്ഞിട്ടുണ്ട്. സെറ്റില്‍ തമാശകളൊക്കെ പറഞ്ഞ്, അദ്ദേഹം ചെയ്തിട്ടുള്ള സിനിമകള്‍ക്ക് പിന്നിലെ കഥകളൊക്കെ പറയുന്ന ആളാണ് ജോഷി സാര്‍. ഞാന്‍ വിചാരിച്ചപോലൊന്നുമായിരുന്നില്ല അദ്ദേഹം. ഇമോഷണല്‍ സീനുകളില്‍ നമ്മള് ഗ്ലിസറിനൊക്കെ ഉപയോഗിച്ച് കരയുമ്പോള്‍ ഇതൊന്നുമില്ലാതെ അതുകണ്ട് സാര്‍ അവിടിരുന്ന് കരയും. അങ്ങനെയുള്ളൊരു കലര്‍പ്പില്ലാത്ത മനുഷ്യനാണ് അദ്ദേഹം.''
അഭിനയത്തിന്റെ കാര്യത്തില്‍ താനിപ്പോഴും സംശയാലുവാണെന്നും എന്നാല്‍, ചെയ്ത ശേഷം തനിയ്ക്ക് ഏറ്റവും തൃപ്തി തോന്നിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസെന്നും നൈല പറഞ്ഞു. ''അഭിനയിച്ചു തുടങ്ങിയപ്പോഴാണ് ആക്ടേഴ്സിനോടുള്ള ബഹുമാനമൊക്കെ കൂടിയത്. സിനിമയൊക്കെ കാണുമ്പോള്‍ 'ഇത് സിംപിളല്ലേ, ജീവിതത്തില്‍ ചെയ്യുന്നത് ചെയ്താപോരേ' എന്നാണ് തോന്നിയിരുന്നത്. എന്നാല്‍, റിയല്‍ ലൈഫില്‍ ചെയ്യുന്ന കാര്യങ്ങള്‍ അതേപടി റീക്രിയേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഒരാളുടെ മനസ്സിലുള്ള കഥാപാത്രം മറ്റൊരാള്‍ ഡയറക്ട് ചെയ്ത് അഭിനയിച്ച് ഫലിപ്പിക്കുക; ഒരുപാട് ആളുകളുടെയും ലൈറ്റിന്റെയും മുന്നില്‍ ഒരു പ്രത്യേക സ്പേസില്‍ നിന്ന് സ്വാഭാവികമായി പെരുമാറുക വളരെ ബുദ്ധിമുട്ടാണ്. അത് ചെയ്തു തുടങ്ങിയപ്പോഴാണ് അതെത്രത്തോളം ബുദ്ധിമുട്ടാണെന്ന് ഞാന്‍ മനസ്സിലാക്കിയത്. ഒരു ആക്ടറെന്ന നിലയില്‍ എങ്ങനെയൊക്കെയോ തട്ടീം മുട്ടീം ആ ക്യാരക്ടറൊക്കെ ചെയ്തെന്നേയുള്ളൂ.''
''ഒരു സിനിമ ചെയ്താല്‍ അഞ്ചോ ആറോ മാസം കഴിഞ്ഞോ ചിലപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞോ ആവും ഞാനൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്,'' നൈല പറയുന്നു. ''അപ്പോള്‍ സെറ്റില്‍ പോയി കംഫര്‍ട്ടബിളാകാന്‍ കുറേ സമയമെടുക്കും. സംവിധായകരും സഹതാരങ്ങളുമൊക്കെയായിട്ടുള്ള കെമിസ്ട്രിയാണ് നമ്മളെയതിന് സഹായിക്കുക. ഈ സിനിമയില്‍ അത് വേഗത്തില്‍ സംഭവിച്ചു. അങ്ങനെയാവാത്ത സിനിമകളുമുണ്ട്. വളരെ ബുദ്ധിമുട്ടി, കാണുമ്പോള്‍ 'അയ്യോ ഞാനെന്താണീ അഭിനയിച്ചിരിക്കുന്നത്' എന്ന് തോന്നുന്ന സിനിമകളാണ് കൂടുതലും. ഞാനൊരു മികച്ച നടിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതുവരെ ചെയ്തതില്‍ എന്റെ പ്രകടനത്തില്‍ 70 ശതമാനമെങ്കിലും സന്തോഷം തോന്നിയിട്ടുള്ളത് ഈ സിനിമയിലാണ്.''
''അതേസമയം, റേഡിയോ എന്റെ സ്വന്തം മേഖലയാണ്. ഞാന്‍ സൃഷ്ടിച്ച എന്റെയൊരു ലോകമാണത്. അതുതന്നെയാണ് എന്റെ പ്രയോറിറ്റിയും. ലീവൊക്കെ കിട്ടുന്ന ഇടവേളകളിലാണ് സിനിമ ചെയ്യുന്നത്.'' 15 വര്‍ഷമായി ദുബായില്‍ ആര്‍ജെ ആയ താരം വ്യക്തമാക്കുന്നു. ''പക്ഷേ, സിനിമ കുറേക്കൂടി വിപുലമായ മേഖലയാണ്. ഒരുപാടു പേര് കാണും. ഇഷ്ടപ്പെടും. മറ്റു ജോലികള്‍ ചെയ്യുമ്പോഴും, നമ്മളൊരു ആക്ടറാണെങ്കില്‍ ഒരുപാട് റെസ്പെക്ടും പ്രിവിലേജുമൊക്കെ കിട്ടും. കൂടാതെ വേറൊരു കഥാപാത്രമായി മാറുന്നതും അതിലെ ചലഞ്ചുമൊക്കെ എനിക്കിഷ്ടമാണ്. പക്ഷേ, ഒരു ആക്ടറെന്ന നിലയില്‍ എത്രത്തോളമുണ്ടെന്ന കാര്യത്തില്‍ ഞാന്‍ വളരെ സംശയാലുവാണ്.''
Content Highlights : Nyla Usha Interview on Porinju Mariam Jose Directed by Joshiy starring Joju Chemban Vinod