ഫാസിലിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് നമ്പര്‍ 1 സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്. മമ്മൂട്ടി, പ്രിയരാമന്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട് അമ്മാവനെ സ്വന്തം അച്ഛനായി കരുതി ജീവിക്കുന്ന സുധി, അനു എന്നീ കുട്ടികളുടെ കഥകൂടി അവതരിപ്പിക്കുന്നു. സിനിമയുടെ പ്രധാനആകര്‍ഷണങ്ങളിലൊന്ന് സുധിയെയും അനുവിനെയും അവതരിപ്പിച്ച ബാലതാരങ്ങളുടെ പ്രകടനമാണ്. ശരത് പ്രകാശ്, ലക്ഷ്മി മരയ്ക്കാര്‍ എന്നിവരാണ് ചിത്രത്തില്‍ സുധിയെയും അനുവിനെയും അവതരിപ്പിച്ചത്.

സിനിമ പുറത്തിറങ്ങി കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ സുധിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ശരത് പ്രകാശ് പ്രേക്ഷകരുമായി തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഇന്ന് പരസ്യരംഗത്ത് സജീവമാണ് ശരത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് നമ്പര്‍ 1 സ്‌നേഹതീരത്തില്‍ അഭിനയിക്കാന്‍ ശരതിന് അവസരം ലഭിക്കുന്നത്. ഇനി വിശേഷങ്ങള്‍ ശരത് പറയട്ടെ...

പത്രപ്പരസ്യം കണ്ട് സിനിമയിലേക്ക്

ഫാസിലിന്റെ തിരക്കഥയില്‍ സത്യന്‍  അന്തിക്കാട് സംവിധാനം  ചെയ്ത പുതിയ ചിത്രത്തിലേക്ക് ബാലതാരത്തെ ആവശ്യമുണ്ടെന്ന പത്രപ്പരസ്യം വന്നിരുന്നു. അതുകണ്ട അച്ഛന്‍ എന്റെ ഫോട്ടോയും വിവരങ്ങളും അയച്ചു നല്‍കി. അങ്ങനെയാണ് എന്നെ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. 
ഞാന്‍ ആദ്യമായാണ് അന്ന് അഭിനയിക്കുന്നത്. രണ്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു അപ്പോള്‍. എനിക്കൊപ്പം അഭിനയിച്ച ലക്ഷ്മി മരയ്ക്കാര്‍ അന്ന് യു.കെ.ജിയിലേ ഒന്നാം ക്ലാസിലോ ആയിരുന്നു. എനിക്കൊന്നും യാതൊരു തരത്തിലുമുള്ള ടെന്‍ഷനും ഉണ്ടായിരുന്നില്ല. ഒരു വെക്കേഷന്‍ ആഘോഷിക്കുന്ന ലാഘവത്തോടെയാണ് ഞാന്‍ അഭിയനിക്കാന്‍ ചെന്നത്. സെറ്റിലാണെങ്കില്‍ എപ്പോഴും തമാശയും കളിയും ചിരിയുമായിരുന്നു. സത്യന്‍ അന്തിക്കാട് സാറും ഫാസില്‍ സാറും ഞങ്ങള്‍ ഓടിനടക്കുമ്പോള്‍ ഇടയ്ക്ക് പിടിച്ചു വയ്ക്കുമായിരുന്നു. 

അഭിനയിക്കുന്ന സമയത്ത് ചിരിക്കാനും കരയാനുമൊക്കെ കൃത്യമായി നിര്‍ദ്ദേശം നല്‍കുമായിരുന്നു. യാതൊരു തരത്തിമുള്ള സമ്മര്‍ദ്ദവും ഉണ്ടായിരുന്നില്ല്. 

മമ്മൂക്ക് പറഞ്ഞു; ഇനി മുടി വെട്ടുമ്പോള്‍ മഷ്‌റൂം കട്ട് ചെയ്യണം

number one snehatheeram bangalore north movie child artist Sarath Prakash Interview Mammootty

മമ്മൂക്കയെ ആദ്യമായി കണ്ടപ്പോള്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. കാരണം വലിയനടനാണ്, ഒരുപാട് സിനിമകളില്‍ നേരത്തേ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ആദ്യമൊക്കെ അങ്ങോട്ടുപോയി മിണ്ടാന്‍ എന്തോ ഒരു പേടിയായിരുന്നു. സിനിമയില്‍ കോഴിക്കോടുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചുള്ള ഒരു സ്ീക്വന്‍സുണ്ട്. ഷൂട്ടിങ് ഇടവേളയില്‍ അവിടെ അദ്ദേഹം ഒരു മൂലയില്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. ഞാനും എന്റെ അമ്മയും അച്ഛനും സഹോദരനും ഒരുമിച്ച് നില്‍ക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ അടുത്തേക്ക് വിളിച്ചു, വിളിച്ച് മടിയിലിരുത്തി, 'ഇനി മുടി വെട്ടുമ്പോള്‍ മഷ്‌റൂം കട്ട് ചെയ്യണം, അതാണ് ഇപ്പോഴത്തെ ഫാഷന്‍' എന്ന് പറഞ്ഞു. ഞാന്‍ ആദ്യമായാണ് അന്ന് മഷ്‌റും കട്ട് എന്ന് കേള്‍ക്കുന്നത്.

number one snehatheeram bangalore north movie child artist Sarath Prakash Interview Mammootty

മേലേ മേലേ മാനം എന്ന പാട്ട് ചിത്രീകരിക്കുമ്പോള്‍ മറക്കാനാകാത്ത അനുഭവമുണ്ടായി. ഞാന്‍ മമ്മൂക്കയ്‌ക്കൊപ്പം കിടന്നുറങ്ങുന്ന ഷോട്ട് എടുക്കുമ്പോള്‍ മമ്മൂക്ക ചോദിച്ചു, മോന്‍ എങ്ങനെയാണ് അച്ഛനൊപ്പം കിടന്നുറങ്ങാറുള്ളതെന്ന്. ഞാന്‍ പറഞ്ഞു, അച്ഛനൊപ്പം കിടക്കുമ്പോള്‍ കാല് അച്ഛന്റെ മേലേയ്ക്ക് കയറ്റിവയ്ക്കുമെന്ന്. അപ്പോള്‍ മമ്മൂക്ക പറഞ്ഞു, 'നീ കാലെടുത്ത് വച്ചോളൂ, എന്തായാലും എന്റെ മക്കള്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടാകാറില്ല'. മമ്മൂക്ക എല്ലായ്‌പ്പോഴും ഷൂട്ടിങ് തിരക്കില്‍ അല്ലെ. അതുകൊണ്ട് കുടുംബത്തോടൊപ്പം എപ്പോഴും സമയം ചെലവഴിക്കാന്‍ കഴിയുന്നുണ്ടാകില്ല. അതുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ വലുതായതിന് ശേഷവും മമ്മൂക്കയെ നേരിട്ട് കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം എന്നെ തിരിച്ചറിയുകയും അടുത്ത് വിളിച്ച് സംസാരിക്കുകയും വീട്ടിലെ കാര്യങ്ങളൊക്കെ ചോദിക്കുകയും ചെയ്യുമായിരുന്നു.

പ്രിന്‍സും അടിവാരവും

നമ്പര്‍ വണ്‍ സ്‌നേഹതീരത്തിന് ശേഷം ഞാന്‍ ലാലേട്ടന്റെ (മോഹന്‍ലാല്‍) പ്രിന്‍സിലാണ് അഭിനയിച്ചത്. ലാലേട്ടന്റെ കഥാപാത്രത്തിന്റെ സഹോദരന്റെ മകന്റെ വേഷത്തിലാണ് അഭിനയിച്ചത്. ക്ലൈമാക്‌സിലെ ഒരു പ്രധാന രംഗത്തില്‍ ഞാന്‍ വരുന്നുണ്ട്. പിന്നീട് അടിവാരം എന്ന സിനിമയില്‍ വിജയരാഘവന്റെ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചത് ഞാനായിരുന്നു. ശാന്തികൃഷ്ണയും കുമരകം രഘുനാഥും പ്രധാനകഥാപാത്രങ്ങളായെത്തിയ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന സീമന്തം എന്ന സീരിയലിലും അഭിനയിച്ചു. പിന്നീട് അഭിനയത്തിന് കാര്യമായി ശ്രദ്ധ നല്‍കിയില്ല. കാരണം മറ്റൊന്നുമല്ല, അഭിനയിക്കാന്‍ മാറി നില്‍ക്കുമ്പോള്‍ സ്‌കൂളില്‍ നിന്ന് മാസങ്ങളോളം മാറി നില്‍ക്കേണ്ടി വരും. പിന്നീട് തിരിച്ചെത്തുമ്പോള്‍ ഒന്നും അറിയാത്ത അവസ്ഥ വരും. അങ്ങനെയാണ് അഭിനയം വിട്ട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

കോളേജില്‍ നിന്ന് പരസ്യരംഗത്തേക്ക്

number one snehatheeram bangalore north movie child artist Sarath Prakash Interview Mammootty

സ്‌കൂള്‍ പഠനത്തിന് ശേഷം മുംബൈയില്‍ നിന്ന് ബിരുദം നേടി. മാര്‍ക്കറ്റ് റിസര്‍ച്ച് രംഗത്ത് രണ്ടു വര്‍ഷം ജോലി ചെയ്തു. ആ സമയത്താണ് ഞാന്‍ ഒരുപാട് സിനിമകള്‍ കാണുന്നത്. അതോടെ സിനിമയോട് അതിയായ താല്‍പര്യം തോന്നി. പിന്നീട് കുറച്ച് കാലം മോഡലിങില്‍ ഭാഗ്യം പരീക്ഷിച്ചും. ഇന്ത്യഗേറ്റ് ബസുമതി റൈസിന്റേതടക്കം ഏതാനും പരസ്യങ്ങള്‍ അഭിനയിച്ചു. ബനോഫീ പൈ എന്ന ഒരു ഹ്രസ്വചിത്രത്തിന് തിരക്കഥ ഒരുക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്തു. ആ ചിത്രം മുപ്പതോളം ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടുകയും നിരവധി അംഗീകാരങ്ങള്‍ നേടുകയും ചെയ്തു. പരസ്യമേഖലയിലാണ് ഇപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്നത്. ഫ്രീലാന്‍സായും പരസ്യത്തിന് സ്‌ക്രിപ്റ്റ് ചെയ്യുന്നുണ്ട്. നീരജ് മാധവ്, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ അഭിനയിച്ച പരസ്യങ്ങള്‍ക്ക് സക്രിപ്റ്റ് ചെയ്തിരുന്നു.

number one snehatheeram bangalore north movie child artist Sarath Prakash Interview Mammootty
ശരത് പ്രകാശ്‌

കുടുംബം

number one snehatheeram bangalore north movie child artist Sarath Prakash Interview Mammootty
ശരത് ഭാര്യ വൈഷ്ണവിയ്ക്കും മകനുമൊപ്പം

എന്റെ സ്വദേശം തിരുവനന്തപുരമാണ്. പഠിച്ചത് കൊച്ചിയിലാണ്. അച്ഛന്‍ പ്രകാശിന് സ്വന്തമായി ഒരു പരസ്യ ഏജന്‍സിയുണ്ട്. അമ്മ മിനി പ്രകാശ് വീട്ടമ്മയാണ്. അമ്മ അത്യാവശ്യം നന്നായി ചിത്രം വരയ്ക്കും. ഇടയ്ക്ക് ചിത്ര പ്രദര്‍ശനമൊക്കെ അമ്മ സംഘടിപ്പിക്കാറുണ്ട്. സഹോദരന്‍ ഹേമന്ദ് പ്രകാശും പരസ്യരംഗത്താണ്. ഞാന്‍ വിവാഹിതനാണ്. ഭാര്യ വൈഷ്ണവി ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്നു. ഒരു വയസ്സുള്ള മകനുണ്ട്. സത്യ എന്നാണ് പേര്.

Content Highlights: Number one snehatheeram bangalore north movie child actor Sarath Prakash Interview, Mammootty, priyaraman, Sathyan Anthikkad, Fazil, Lekshmi Marakkar, yesteryear actors