ന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ നിരൂപക പ്രശംസനേടിയാണ് ഗീതുമോഹന്‍ദാസ്-നിവിന്‍പോളി ചിത്രം മൂത്തോന്‍ പ്രദര്‍ശനത്തിയത്. കാഴ്ചയിലും പെരുമാറ്റത്തിലും ഇന്നലെവരെ കണ്ട നിവിനല്ല ചിത്രത്തിലുള്ളത്. കണ്ണിലെ കുസൃതിയും ചുണ്ടിലെ കള്ളച്ചിരിയും പാടേമായ്ച്ച് പ്രണയനായകന്റെ പരിവേഷങ്ങളെല്ലാം അഴിച്ചുവെച്ച താരത്തെയാണ് മൂത്തോനില്‍ കാണുന്നത്. കുറ്റിത്തലമുടിയും മുഖത്ത് വെട്ടേറ്റപാടുമായെത്തുന്ന അക്ബര്‍ ഭായ് എന്ന കഥാപാത്രം അഭിനയയാത്രയില്‍ നിവിന് ലഭിച്ച കിടിലന്‍ മേക്കോവറാണ്. ലക്ഷദ്വീപിലും  മുബൈ കാമാത്തിപുരയിലെ തെരുവുകളിലുമാണ് മൂത്തോന്റെ വലിയൊരുഭാഗം ചിത്രീകരിച്ചത്. സിനിമയുടെ നടപ്പുരീതികളെ മാറ്റിയെഴുതിയ ചിത്രീകരണവും മുന്നൊരുക്കങ്ങളുമായിരുന്നു സിനിമയ്ക്കുവേണ്ടി നടത്തിയതെന്ന് അണിയറപ്രവര്‍ത്തകരുടെ സാക്ഷ്യം.
''സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ കഥയും കഥാപാത്രവും നിറഞ്ഞു നില്‍ക്കുന്നു എന്നത് സിനിമയുടെ വിജയമാണ്. ആഘോഷിക്കപ്പെടുന്ന സിനിമകളും അഭിമാനം നല്‍കുന്ന ചിത്രങ്ങളും  നമുക്കുവേണം, രൂപത്തിലും ഭാവത്തിലും പരുക്കനായ വേഷമാണ് മൂത്തോനില്‍. ഒരു നടന്‍ എന്നനിലയില്‍ അത്തരമൊരു വേഷം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ട്.'' നിവിന്‍ പറഞ്ഞു... മൂത്തോനിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം നേടി സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ നിറവിലാണ് നിവിൻ.

മൂത്തോന്‍ എന്ന സിനിമയിലേക്കെത്തുന്നത് എങ്ങനെയാണ്?

മൂത്തോന്റെ സംവിധായിക ഗീതു മോഹന്‍ദാസും ക്യാമറാമാന്‍ രാജീവേട്ടനും ഞാനുമെല്ലാം കൊച്ചിയില്‍ ഒരേ ഫ്ലാറ്റിലാണ് താമസിക്കുന്നത്. മൂത്തോന്റെ ഭാഗമാകുന്നതിനു മുന്‍പുതന്നെ ആ സിനിമയെകുറിച്ചുള്ള കാര്യങ്ങള്‍ അവര്‍ എന്നോടു പറഞ്ഞിരുന്നു. കഥയും തിരക്കഥയും പൂര്‍ണ്ണമായി വായിച്ചിരുന്നില്ലെങ്കിലും, സിനിമയിലെ പലവിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്തിരുന്നു. പലപ്പോഴായുള്ള സംസാരങ്ങളില്‍ ഉള്‍പ്പെട്ടതുകൊണ്ടാകണം സിനിമയുടെ വണ്‍ലൈനും കഥാപാത്രവും സ്വാധീനിച്ചിരുന്നു.
പിന്നീടൊരിക്കലവര്‍  ഫ്ലാറ്റിലേക്ക് വന്ന് പ്രോജക്റ്റ് സംസാരിക്കുകയായിരുന്നു, കഥപൂര്‍ണ്ണമായും കേട്ടുനോക്കിയിട്ട് ഇഷ്ടമായെങ്കില്‍ മുന്നോട്ടുപോകാമെന്നും കഥാപാത്രത്തിന് ഞാന്‍ കൃത്യമാകുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥിരം ചെയ്യുന്ന ഫീല്‍ ഗുഡ്, റൊമാന്‍സ് കോമഡി സിനിമകളുടെ ഗണത്തില്‍പെട്ട കഥയും കഥാപാത്രവുമായിരുന്നില്ല മൂത്തോനിലേത്. അത്തരത്തിലൊരു വേഷം അതുവരെ ആലോചിച്ചിരുന്നില്ല, അതുകൊണ്ടുതന്നെ പെട്ടെന്നൊരു ഉത്തരം പറയുക പ്രയാസമായിരുന്നു. കഥപൂര്‍ണ്ണമായി അറിഞ്ഞപ്പോള്‍ വലിയ തലത്തിലുള്ള സിനിമയാണിതെന്ന് മനസ്സിലായി. പുതുമയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുകയെന്നത് ഏതൊരു നടന്റേയും സ്വപ്‌നമാണ്, മൂത്തോനിലൂടെ അങ്ങനെയൊരു ശ്രമമാണ് നടത്തിയത്.

കാതുകുത്തി, കുറ്റിത്തലമുടിയും വെട്ടേറ്റപാടുമായ പുതിയ നിവിനെയാണ് മൂത്തോനില്‍ കാണ്ടത്, മേക്കോവര്‍ വിശേഷങ്ങള്‍

മൂത്തോനിലെ കഥാപാത്രത്തെക്കുറിച്ച് സംവിധായികയ്ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. പുതിയൊരു രൂപത്തിലേക്ക് അവരെന്നെ പറിച്ചുനട്ടു. പുതിയ ലുക്കിലുള്ള  ആദ്യപോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ മേക്കോവറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ബോളിവുഡ് മേക്കപ്പ്മാന്‍ വിക്രമാണ് കഥാപാത്രത്തിന്റെ രൂപം ചിട്ടപ്പെടുത്തിയത്. പ്രത്യേകത നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ഡിസൈനിങ്ങ് രീതി. മുന്നിലിരുത്തി ഒരുപാട് നേരം നിശബ്ദമായി നോക്കിയിരിക്കും, പിന്നീട് അവിടെ ഷേഡ് കൊടുക്കൂ, കമ്മല്‍ നല്‍കൂ,  മുടി കുറച്ചുകളയൂ...   അങ്ങനെ പലതരം കമന്റുകള്‍ വന്നുകൊണ്ടിരിക്കും. അഭിനേതാവിനെ  മുന്നിലിരുത്തിയുള്ള പരീക്ഷണമാണ്, രണ്ടരദിവസം മുന്നില്‍ ഇരുന്നുകൊടുത്തു. ഏതാണ്ടൊരു രൂപം  ഉറപ്പിച്ചുകഴിഞ്ഞശേഷം കഥാപാത്രത്തിന്റെ വേഷം നല്‍കി തെരുവിലൂടെ നടത്തിച്ചു, കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങുന്നതും ആള്‍ക്കൂട്ടവുമായി സംസാരിക്കുന്നതുമെല്ലാം ക്യാമറയില്‍ പകര്‍ത്തി. അതിനുശേഷവും സൂക്ഷ്മമായ  മാറ്റങ്ങള്‍ കൊണ്ടുവന്നു.

സിനിമക്കായി ലക്ഷദ്വീപ് ഭാഷപഠിക്കേണ്ടിവന്നോ..?കഥാപാത്രത്തിനായുള്ള മുന്നൊരുക്കങ്ങള്‍

വ്യത്യസ്തമായൊരു കഥാപാത്രം ചെയ്യാന്‍ പോകുന്നു എന്ന തീരുമാനത്തോടെതന്നെയാണ് മൂത്തോന്റെ  ഭാഗമായത്, അതുകൊണ്ടുതന്നെ അതുവരെയുള്ള രീതികളില്‍ നിന്ന് വ്യത്യസ്തവും പുതിയതുമായ എന്തെങ്കിലും ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അണിയറപ്രവര്‍ത്തകര്‍ക്കും അതേ അഭിപ്രായമായിരുന്നു. അങ്ങനെയാണ് ചിത്രീകരണത്തിന് മുന്‍പ് വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിച്ചത്.
അഭിനയത്തിനും അവതരണത്തിനുമെല്ലാം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കികൊണ്ടുളള കൂട്ടായ്മ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും കഥയിലേക്കിറങ്ങാനും വലിയ ആത്മവിശ്വാസം നല്‍കി.

സിനിമക്കായി ലക്ഷദ്വീപ് ഭാഷ പഠിക്കുകയൊന്നും ചെയ്തില്ല, ലക്ഷദ്വീപുകാര്‍ സംസാരിക്കുമ്പോള്‍ അവര്‍ മലയാളമല്ലേ പറയുന്നത് എന്നിട്ടെന്താണ്  മനസ്സിലാകാത്തത് എന്നാണ് തോന്നി, മലയാളത്തില്‍ എഴുതി സംഭാഷണങ്ങള്‍ പഠിച്ചെടുക്കുകയായിരുന്നു. സിങ്ക് സൗണ്ടാണ് സിനിമയ്ക്ക് ഉപയോഗിച്ചത് അതുകൊണ്ട് തന്നെ ശ്രദ്ധയോടെയാണ് ഡയലോഗുകള്‍ അവതരിപ്പിച്ചത്.

സിനിമാക്കാര്‍ പൊതുവെ കടന്നുചെല്ലാന്‍ മടിക്കുന്ന മുംബൈയിലെ കമാത്തിപുരയിലാണ് മൂത്തോന്റ വലിയൊരു ഭാഗം ചിത്രീകരിച്ചത്, അത്തരമൊരു തീരുമാനം വലിയ വെല്ലുവിളിയായിരുന്നില്ലേ..?

മുംബൈ കാമാത്തപുര ഭാഗങ്ങളില്‍ സിനിമ ചിത്രീകരിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്, സിനിമാജീവിതത്തിലെ വലിയ അനുഭവം തന്നെയായിരുന്നു അത്. പറഞ്ഞുകേട്ടുള്ള  ഭയംനിറഞ്ഞ കഥകളുമായാണ് അവിടേക്ക് ചെന്നത്. എന്നാല്‍  സിനിമകള്‍ ഇഷ്ടപ്പെടുന്ന ചിത്രീകരണവുമായി സഹകരിക്കാന്‍ താല്‍പ്പര്യം കാണിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളെയാണ് കണ്ടത്.ചെറിയ യൂണിറ്റുമായായിരുന്നു ഷൂട്ടിങ്ങ്, ഏതു  സെറ്റപ്പുകളിലും  മനോഹരമായ ദൃശ്യങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതില്‍  മാസ്റ്ററായിരുന്നു രാജീവേട്ടന്‍. കാമാത്തിപുരയിലെ തെരുവുകളിലും  യഥാര്‍ത്ഥ വീടുകളിലെല്ലാംവെച്ചാണ് സിനിമ ചിത്രീകരിച്ചത്.

സിങ്ക് സൗണ്ട് ആയതിനാല്‍ ആക്ഷന്‍ പറഞ്ഞാല്‍ ചുറ്റുമുള്ളവര്‍പോലും നിശബ്ദമാകേണ്ടിയുന്നു അവരതിനോടെല്ലാം സഹകരിച്ചു. ബാഗ് കമ്പനിയില്‍ വച്ച് രംഗങ്ങള്‍ ചിത്രീകരിച്ചത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്, വലിയ ഒച്ചപ്പാടുകള്‍ ഉള്ളസ്ഥലം തൊഴിലാളികളുടെ  സംസാരവും ആണിയടിക്കുന്ന ശബദവുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷം. ചിത്രീകരണത്തിനായി ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ അവരെല്ലാം ജോലി നിര്‍ത്തിവച്ച് ഞങ്ങള്‍ക്കുവേണ്ടി നിശബ്ദരായി. വീടുകളില്‍  ചിത്രീകരണം നടക്കുമ്പോള്‍ മുറിയോടു ചെര്‍ന്നുള്ള കുളിമുറിയില്‍ അരെങ്കിലും കുളിക്കാന്‍ കയറിയാല്‍ വെള്ളം വീഴുന്ന ശബ്ദം പ്രശ്‌നമാകും,അത്തരം അവസരങ്ങളില്‍  കുളികഴിയുന്നതുവരെ ചിത്രീകരണം നിര്‍ത്തിവക്കേണ്ടിവന്നിട്ടുണ്ട്.

(പുന:പ്രസിദ്ധീകരണം)

Content Highlights: Nivin Pauly Interview, Moothon Kerala State Film Awards special Jury Mention