'തീയേറ്ററുകളെ ഇളക്കി മറിക്കാൻ സുരേഷ് ഗോപിയെത്തുന്നു...' ഒക്ടോബർ 25ന് തീയേറ്ററുകൾ തുറക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ സുരേഷ് ​ഗോപി നായകനായെത്തുന്ന കാവലിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത് ആരാധകർ ആഘോഷമാക്കിയത് ഈ വാക്കുകളിലൂടെയാണ്. മാസും ആക്ഷനുമായി സുരേഷ് ​ഗോപി നിറഞ്ഞാടിയ ചിത്രത്തിന്റെ ട്രെയ്ലറും  ആരാധകർ ഏറ്റെടുത്തിരുന്നു. കസബയ്ക്ക് ശേഷം നിഥിൻ രഞ്ജി പണിക്കർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 25നാണ് പ്രദർശനത്തിനെത്തുന്നത്.

ചിത്രത്തെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഒന്നുമില്ലെന്നാണ് സംവിധായകന്റെ വാക്കുകൾ. "ഒരു എന്റർടെയ്നറായിരിക്കും കാവൽ. ഒരു വലിയ വിഭാ​ഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന ഒരു ചിത്രമായിരിക്കും എന്ന് തന്നെയാണ് പ്രതീക്ഷ." നിഥിൻ പറയുന്നു..

സുരേഷ് ​ഗോപിയുടെ തമ്പാൻ

സുരേഷ് ​ഗോപി എന്ന നടന് വേണ്ടി എഴുതിയ കഥാപാത്രം തന്നെയാണ് തമ്പാൻ. രണ്ട് കാലഘട്ടത്തിലൂടെയാണ് തമ്പാൻ എന്ന കഥാപാത്രം ചിത്രത്തിൽ കടന്ന് പോവുന്നത്. തൊണ്ണൂറുകളിൽ സുരേഷ് ​ഗോപിയെ നമ്മൾ ഇഷ്ടപ്പെട്ടത് പോലെ ഇതിലെ തമ്പാനിൽ കാണാം. പിന്നെ അധികം കണ്ട് ശീലിക്കാത്ത സുരേഷ് ​ഗോപിയെയും കാണാം. മാസ് പരിവേഷം എന്നത് പ്രേക്ഷകർ കണ്ട് തീരുമാനിക്കേണ്ടതാണ്. മാസ് ആക്കാൻ പ്രത്യേകിച്ചൊന്നും നമ്മൾ ചെയ്തിട്ടില്ല. പ്രേക്ഷകരെ തൃപ്തിപ്പെടുത്താനാവും എന്ന് തന്നെയാണ് വിശ്വസിക്കുന്നതും. 

ടെയ്ൽ എൻഡിലെ രഞ്ജി പണിക്കർ എഫക്ട്

ചിത്രത്തിലെ ടെയ്ൽ എൻഡ് സിം​ഗിൾ ഷോട്ട് ആണ്. അതിൽ വോയ്സ് ഓവർ ആണ് അച്ഛൻ എഴുതിയിരിക്കുന്നത്. തീപ്പൊരി ഡയലോ​ഗുകളുടെ കളിയൊന്നും ചിത്രത്തിലില്ല. തമ്പാൻ എന്ന കഥാപാത്രത്തിന്റെ ഇനിയങ്ങോട്ടുള്ള പോക്കിനെപറ്റി പരാമർശിക്കുന്നതാണ്  ഈ ടെയ്ൽ എൻഡ്. അച്ഛന്റെ ഭാഷാ വൈഭവം ഒന്നും എനിക്കില്ലാത്തത് കൊണ്ടാണ് ആ ജോലി അച്ഛനെ ഏൽപ്പിച്ചത്. അച്ഛന്റെ എഴുത്ത് ചെറിയ രീതിയിലെങ്കിലും സിനിമയിൽ ഉണ്ടാവണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. 

ചിത്രത്തിൽ മുഴുനീള വേഷത്തിലും അച്ഛനെത്തുന്നുണ്ട്. അച്ഛനെ സംവിധാനം ചെയ്തത് വളരെ സന്തോഷം നൽകിയ അനുഭവമാണ്. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് അച്ഛന് കഥ കൃത്യമായിട്ട് അറിയാമായിരുന്നു. തിരക്കഥ പലവട്ടം വായിച്ചിരുന്നു. വേറൊരാളായിരുന്നു ആ വേഷം ചെയ്യേണ്ടിയിരുന്നത്. ഡേറ്റും മറ്റും പ്രശ്നമായി മാറിയപ്പോൾ അത് അച്ഛനിലേക്ക് എത്തിച്ചേരുകയായിരുന്നു. 

തീയേറ്ററുകൾ ഇളക്കി മറിക്കാൻ സുരേഷ് ​ഗോപി

തീയേറ്ററുകൾ ഇളകിമറിയുമോ എന്നൊന്നും പറയാനാവില്ല. ഒന്നും നമുക്ക് പ്രവചിക്കാനാവില്ല. തീയേറ്ററുകളിൽ ആളുകൾ കയറി തുടങ്ങണമെന്നും സജീവമാകണമെന്നും മാത്രമാണ് ചിന്തിക്കുന്നത്. അതിന് ഏതെങ്കിലും തരത്തിൽ കാവലിന് എന്തെങ്കിലും സംഭാവന ചെയ്യാനാവട്ടെ എന്ന് ആ​ഗ്രഹിക്കുന്നു. എന്ത് തന്നെയായാലും ചിത്രം തീയേറ്ററിൽ തന്നെയാണ് ആദ്യം പ്രദർശനത്തിനെത്തുക.

ഒക്ടോബർ 25ന് തീയേറ്ററുകൾ തുറക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. രണ്ട് വർഷത്തോളമായി ഈ ചിത്രം തുടങ്ങിയിട്ട്. പൂർത്തിയാക്കിയിട്ട് നാളു കുറേയായി. തീയേറ്ററുകൾ തുറക്കുമ്പോഴും ആശങ്കകൾ ഉണ്ട്. പ്രേക്ഷകർ കയറിയാലല്ലേ സിനിമ ഓടൂ. കഴിഞ്ഞ തവണത്തേത് പോലെയാണെങ്കിൽ വലിയ കുഴപ്പമില്ല. കുടുംബ പ്രേക്ഷകർ വരെ തീയേറ്ററുകളിൽ സജീവമായി വന്നു തുടങ്ങിയിരുന്നു. 

ലേലം 2 എന്ന്

ലേലം 2നെക്കുറിച്ചുള്ള ചർച്ചകൾ തത്കാലം നടക്കുന്നില്ല. അച്ഛൻ എഴുതേണ്ട തിരക്കഥയാണ്. അത് എഴുതി തരുന്ന ‌മുറയ്ക്കേ ചിത്രത്തെക്കുറിച്ച് എന്തെങ്കിലും പറയാനാവൂ. 

Content Highlights : Nithin Renji Panicker Interview On Kaval movie Starring Suresh Gopi Renji Panicker