nimisha sajayan
ഫോട്ടോ: ബി മുരളീകൃഷ്ണന്‍

നി നാടന്‍ മലയാളിപ്പെണ്ണ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ നായികയായെത്തിയ മുംബൈമലയാളി നിമിഷാ സജയനെ പ്രേക്ഷകര്‍ അങ്ങനെയാണ് വിലയിരുത്തുന്നത്. സിനിമാമോഹം തലയില്‍ കയറിയപ്പോള്‍ മുംബൈയില്‍നിന്ന് കൊച്ചിയിലെത്തിയ നിമിഷ അഭിനയപഠനത്തിനുശേഷമാണ് സിനിമയില്‍ തുടക്കമിട്ടത്. ആദ്യചിത്രം പ്രേക്ഷകര്‍ കൈയടിയോടെ വരവേറ്റതിന്റെ സന്തോഷത്തിലാണ് താരം. ''തൊണ്ടിമുതലിലെ, ശ്രീജ എന്ന കഥാപാത്രത്തെ എനിക്കറിയില്ല. ഞാന്‍ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. ഞാന്‍ കണ്ടതും പരിചയിച്ചതും ഫാഷന്‍ഭ്രമമുള്ള പെണ്‍കുട്ടികളെയായിരുന്നു. കുട്ടിക്കാലംമുതല്‍ എനിക്കൊരു ടോം ബോയ് ലുക്കായിരുന്നു. ആ എന്നെയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍ ശ്രീജ എന്ന നാടന്‍പെണ്‍കുട്ടിയാക്കി മാറ്റിയത്. കേരളത്തിലെത്തി മുടി അല്പം നീട്ടിയപ്പോള്‍ എനിക്ക് നല്ലൊരു മലയാളിപ്പെണ്ണിന്റെ ചന്തം വന്നു. അതാണെന്നെ ഈ ചിത്രത്തിലേക്ക് നയിച്ചത്. എന്നെ ശ്രീജയായി ബിഗ്സ്‌ക്രീനില്‍ കണ്ടപ്പോള്‍ എനിക്കുതന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അത്രയും മാറിപ്പോയിരുന്നു.''

കഥാപാത്രമായി മാറാന്‍ എളുപ്പമായിരുന്നോ?

എനിക്ക് ഈ കഥാപാത്രത്തെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും ശ്രീജയുടെ സൂക്ഷ്മചലനങ്ങളെക്കുറിച്ച് ദിലീഷേട്ടന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിലേക്ക് ഞാന്‍ ഇറങ്ങിവരുന്നത് അദ്ദേഹം ക്ഷമയോടെ കാത്തിരുന്നു. ഒരു വാക്ക് കൊണ്ടുപോലും നോവിക്കാതെ വളരെ പോസിറ്റീവായാണ് അദ്ദേഹം എന്നെ കഥാപാത്രമാക്കി മാറ്റിയത്. വളരെ ലൂസായി വസ്ത്രം ധരിക്കാറുളള പെണ്‍കുട്ടിയായിരുന്നു ശ്രീജ. സിനിമയുടെ ചിത്രീകരണത്തിന് ഒരുമാസം മുന്‍പേ ഞാന്‍ അത്തരം വേഷം ധരിച്ച് റിഹേഴ്‌സല്‍ തുടങ്ങി. നല്ല നിരീക്ഷണം നടത്തിയാണ് ഞാന്‍ ആ കഥാപാത്രം ചെയ്തത്. സിനിമ റിലീസായപ്പോള്‍ എന്റെ രൂപമാറ്റം കണ്ട് കൂട്ടുകാര്‍പോലും ഞെട്ടി. ഈ കഥാപാത്രം മികവുറ്റതാക്കാന്‍ കഴിഞ്ഞതിന്റെ ക്രെഡിറ്റ് സംവിധായകന് അവകാശപ്പെട്ടതാണ്.

ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ക്കൊപ്പമുള്ള അഭിനയാനുഭവങ്ങള്‍?

സത്യത്തില്‍ സിനിമാതാരങ്ങളെ ഞാന്‍ നേരിട്ടുകാണുന്നത് ഈ സിനിമാസെറ്റിലാണ്. ഫഹദ് ഫാസിലിന്റെ കടുത്ത ആരാധികയായിരുന്നു ഞാന്‍. ആദ്യ ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. എല്ലാം ഒരു സ്വപ്നംപോലെ തോന്നുന്നു. ഓരോ സീനും പൊലിപ്പിക്കാന്‍ ഒരുപാട് ടിപ്‌സുകള്‍ അദ്ദേഹം തന്നിരുന്നു. സുരാജ് ചേട്ടന്റെ തമാശകളായിരുന്നു സെറ്റിലെ പ്രധാന രസം. അതോര്‍ത്ത് സീനില്‍പോലും ഞാന്‍ ചിരിച്ചുപോയിട്ടുണ്ട്. അലന്‍സിയര്‍ ചേട്ടനായിരുന്നു ലൊക്കേഷനിലെ എന്റെ അടുത്ത ചങ്ങാതി.

star and style

ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ ലഭിച്ച പ്രതികരണങ്ങള്‍?

എല്ലാവരും നല്ല അഭിപ്രായം പറയുമ്പോള്‍ ആത്മവിശ്വാസം കൂടുന്നു. ഇനിയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ഊര്‍ജമാണത്. എഡിറ്റര്‍ അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതുപോലെ അതും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകണമേ എന്നതാണ് എന്റെ പ്രാര്‍ഥന.

നിമിഷയുടെ അഭിമുഖം വായിക്കാം