അംഗീകാരങ്ങൾ കൊയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ കണ്ടെടുത്ത കഴിവുറ്റ നായികാതാരമാണ് നിമിഷ സജയൻ. ഈട, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങൾ പിന്നിട്ട് കുഞ്ചാക്കോ ബോബന്റെ പേരിടാത്ത ചിത്രത്തിൽ നിമിഷ നായികയാകുന്നു. സിനിമയുടെ വർണപ്പൊലിമയിൽ മുങ്ങി എല്ലാം വാരിപ്പിടിക്കാതെ പുതുമയാർന്ന കഥാപാത്രങ്ങളിലൂടെയാണ്  ഈ കലാകാരിയുടെ യാത്ര.

‘‘എന്റെ ആദ്യചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ശ്രദ്ധേയമായതോടെ നിരവധി അവസരങ്ങൾ എന്നെത്തേടിയെത്തിയിരുന്നു. പക്ഷേ, ആ മോഹവലയത്തിലൊന്നും ഞാൻ വീണുപോയില്ല. ആ തീരുമാനം ശരിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

ഒരു കഥ കേട്ടുകഴിഞ്ഞാൽ ആ കഥയോ കഥാപാത്രമോ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടെങ്കിൽ മാത്രമേ ഞാൻ അതിനുപിറകെ പോകാറുള്ളൂ. കേട്ട കഥകളിൽ എന്നെ സ്വാധീനിച്ചവയാണ് പിന്നീട് ‘ഈട’യായും ‘കുപ്രസിദ്ധ പയ്യനാ’യും വന്നത്. പാട്ടും ഡാൻസും വേണമെന്നില്ല, ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കണമെന്നില്ല. നല്ല സിനിമയുടെ ഭാഗമാകണമെന്നേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ...’’

മധുപാലിന്റെ കുപ്രസിദ്ധ പയ്യനാണ് നിമിഷയുടെ പുതിയ ചിത്രം. ആ ചിത്രം സമ്മാനിക്കുന്ന പ്രതീക്ഷയെന്താണ്?

തൊണ്ടിമുതൽ തിയേറ്ററിലെത്തിയ ഉടൻതന്നെ എന്നെ തേടിവന്ന അവസരമായിരുന്നു അത്. മറ്റ് തിരക്കുകൾകാരണം അന്നത് നടക്കാതെ പോയി. എന്നും പുതുമകൾക്കൊപ്പം സഞ്ചരിച്ച സംവിധായകനാണ് മധുപാൽ സാർ. ആ സംവിധായകനിൽ എനിക്കുള്ള വിശ്വാസവും വലുതാണ്.

തൊണ്ടിമുതലിലെ ശ്രീജയെക്കാളും ഈടയിലെ ഐശ്വര്യയെക്കാളും ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് കുപ്രസിദ്ധ പയ്യനിലെ അന്ന എലിസബത്ത്. കഴിഞ്ഞ രണ്ടുചിത്രങ്ങളിലും നാടൻ കഥാപാത്രങ്ങളാണെങ്കിൽ ഇതല്പം മോഡേണാണ്. പുരുഷകേന്ദ്രിതമായ  സമൂഹത്തിൽ അതിജീവനത്തിനായി പോരാടുന്ന പെൺകുട്ടിയാണ് അന്ന. പെൺകരുത്തിന്റെ കഥപറഞ്ഞ ചിത്രത്തിൽ ഏറെ ചലഞ്ചിങ്ങായ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും സംതൃപ്തിയും വലുതാണ്.

nimisha sajayan
ഫോട്ടോ: ബി.മുരളീകൃഷ്ണൻ


അഭിനയിച്ച കഥാപാത്രങ്ങളേറെയും സമൂഹത്തിലെ കരുത്തുറ്റ പെൺകുട്ടികളുടെ പ്രതിനിധികളാണ്. നിമിഷ അത്രയും ബോൾഡാണോ?

അതാണ് എന്റെ അഭിനയം. ഞാനൊരു പക്വതയില്ലാത്ത പെൺകുട്ടിയാണെന്നാണ് കൂട്ടുകാരുടെ പരിഭവം. യഥാർഥ സ്വഭാവത്തിന് വിപരീതമായ കഥാപാത്രമായി എന്നെ സിനിമയിൽ കാണുമ്പോൾ, നന്നായി അഭിനയിക്കാനറിയാം എന്നാണവരുടെ ഇപ്പോഴുള്ള കമന്റ്.  പ്രതികൂലമായ ജീവിതസമ്മർദങ്ങളാണ് എല്ലാ പെൺകുട്ടികളെയും ബോൾഡാക്കി മാറ്റുന്നത്. അത്രയും പ്രശ്നങ്ങളൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
 
ആദ്യചിത്രമായ തൊണ്ടിമുതൽ നിരവധി അംഗീകാരങ്ങൾ നേടി ജൈത്രയാത്രയിലാണ്. ആ ചിത്രത്തിന്റെ വിജയം പഠിപ്പിച്ചതെന്താണ്?

 ആ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതുതന്നെ എന്നെസംബന്ധിച്ചെടുത്തോളം ആദ്യത്തെ അംഗീകാരമാണ്. താരങ്ങളും ടെക്‌നീഷ്യന്മാരുമടങ്ങുന്ന വലിയ ടീമിന്റെ കഠിനപ്രയത്നത്തിന്റെ വിജയമാണ് നമ്മൾ കണ്ടത്. ആത്മാർഥമായി പണിയെടുത്താൽ വിജയം ഉറപ്പാണെന്ന് ആ സിനിമ പഠിപ്പിച്ചു. അവാർഡുകൾ വലിയ പ്രോത്സാഹനമാണ്. പക്ഷേ, അവാർഡിനായി ഞാൻ ഒന്നും ചെയ്യാറില്ല. എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന നല്ല സിനിമകൾ ചെയ്യാനാണ് മോഹം. പുറത്തിറങ്ങുമ്പോൾ എന്റെ സിനിമകണ്ട അമ്മാരും ചേച്ചിമാരും ഓടിവന്ന് കൈ പിടിച്ച് മുത്തംതരും. അതിനേക്കാൾ സന്തോഷം തരുന്ന ഒരവാർഡില്ല.

മലയാളത്തിലെ എല്ലാ തലമുറയിലെയും  നടന്മാർക്കൊപ്പവും ഇതിനകം അഭിനയിക്കാൻ കഴിഞ്ഞില്ലേ?

ഒരു നടിയെന്നനിലയിലെ എന്റെ വളർച്ചയിലെ പാഠങ്ങളാണത്. ശരീരചലനങ്ങൾക്കപ്പുറം കണ്ണുകൊണ്ട് അഭിനയിക്കുന്ന നടനെയാണ് തൊണ്ടിമുതലിലെ ഫഹദിലൂടെ കണ്ടത്. കളിചിരി തമാശകൾക്കിടയിൽ ക്യാമറയ്ക്കുമുന്നിൽ പെട്ടെന്ന് കഥാപാത്രമാകുന്ന നടന്റെ സിദ്ധി സുരാജ് വെഞ്ഞാറമൂട് കാണിച്ചുതന്നു. ഷൂട്ടിങ് സെറ്റിൽ ഫുൾടൈം കഥാപാത്രമായി നിൽക്കുന്ന നടനാണ് ഷെയ്ൻ നിഗം.

ടേക്കിൽ രസകരമായ സൂക്ഷ്മഭാവങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന നടനാണ് ടൊവിനോ തോമസ്. കഥാപാത്രത്തിന്റെ മാനസികവ്യാപാരമറിഞ്ഞ് കഥാപാത്രങ്ങളെ എങ്ങനെ സമീപിക്കണമെന്ന് നെടുമുടി വേണുച്ചേട്ടനും സിദ്ദിക്ക് ഇക്കയും പഠിപ്പിച്ചുതന്നിരുന്നു. അങ്ങനെ ഓരോ കൂട്ടായ്മയിൽനിന്ന്‌ പലതും പഠിക്കാൻ കഴിഞ്ഞു.

byjuz@gmail.com

Content Highlights: Nimisha Sajayan MalayalamActress Thondimuthalum Drishsakshiyum Eeda