തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നിമിഷ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത് ഏറെ പെട്ടെന്നാണ്. വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളവരുടെ പ്രണയവും പ്രതിസന്ധികളും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണിന്ന്. മാതൃഭൂമി കപ്പ ടിവിയുടെ ഹാപ്പിനെസ് പ്രൊജക്ട് എന്ന പരിപാടിയില്‍ സംസാരിക്കാനെത്തിയ നിമിഷ പറയാതെ പറയുന്നു ഞാന്‍ പോസിറ്റീവാണ്. 

കുറച്ച് കൂടി ക്രിയേറ്റീവ് ആയ ഒരു ജോലി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം അത് തന്നെയാണ് സിനിമയിലേക്ക് വരാനും കാരണം- നിമിഷ പറഞ്ഞു

സെലിബ്രിറ്റി എന്ന നിലയില്‍ ഇന്നത്തെ ജീവിതം 

എന്റെ ജീവിതത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്റെ പപ്പ എന്നോടൊരു കാര്യം പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ എത്ര വളര്‍ന്നാലും നീ ഞങ്ങളുടെ മകളാണ്. വിനയത്തോടെ പെരുമാറണം. എനിക്കൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഇന്നും ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഓട്ടോയില്‍ പോകുന്നു. പക്ഷേ ആളുകള്‍ എന്നെ അതിശയത്തോടെയാണ് നോക്കുന്നത്. എന്താ ഇങ്ങനെ എന്ന രീതിയില്‍. കുട്ടികളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ വീടിനടുത്ത് ചെറിയ കുട്ടികളുണ്ട്. ഇപ്പോഴും ഞാന്‍ അവരോടൊപ്പം കളിക്കാറുണ്ട്.

ഈ മ്യൂല്യങ്ങള്‍ നിമിഷയ്ക്ക് ആര് പകര്‍ന്ന് തന്നു?

പപ്പയാണ് കാരണം. പിന്നെ എന്റെ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഫിലോ. എനിക്ക് സിനിമയില്‍ ചാന്‍സ് കിട്ടിയപ്പോള്‍ സിസ്റ്ററിനെ ഞാന്‍ വിളിച്ചിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ സിസ്റ്ററോട് സംസാരിക്കുന്നത്. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് സ്‌കൂളില്‍ പഠിക്കുമ്പോഴത്തെ ഓരോ കാര്യങ്ങളും സിസ്റ്റര്‍ പറഞ്ഞത്. എത്ര ഉയരത്തിലെത്തിയാലും ഒരു വ്യക്തി എന്ന നിലയില്‍ എന്നും നന്മയുള്ളവളായിരിക്കണമെന്ന് സിസ്റ്റര്‍ അന്ന് പറഞ്ഞു തന്നു.

ഹൃദയത്തില്‍ തട്ടിയ ആ നിമിഷം?

തൊണ്ടിമുതലിന്റെ തുടക്കത്തില്‍ നിമിഷ സജയന്‍ എന്ന് എന്റെ പേര് എഴുതി കാണിച്ചപ്പോള്‍. എനിക്ക് തോന്നുന്നു എന്നേക്കാള്‍ സന്തോഷിച്ചത് എന്റെ മമ്മി, പപ്പ, ചേച്ചി ഇവരായിരുന്നു. അവരുടെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ (ഗദ്ഗദത്തോടെ നിമിഷ പറയുന്നു) എനിക്ക് ഇതിലും വലിയ സന്തോഷം ഇനി ഉണ്ടാകാനില്ല. അതൊരു പ്രൗഡ് മൊമന്റ് ആയിരുന്നു. കുഞ്ഞുനാള്‍ മുതല്‍ എന്റെ ഒരാഗ്രഹത്തിനും അവര്‍ തടസ്സം നിന്നിട്ടില്ല. 
 
എന്റെ ഏട്ടന്മാര്‍

ദിലീഷേട്ടന്‍ രാജീവേട്ടന്‍ ഇവരുമായി ഞാന്‍ വളരെ ക്ലോസാണ്. എനിക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും എനിക്കറിയാം ഇവരെന്നോടൊപ്പം ഉണ്ടാകുമെന്ന്. എന്റെ ആദ്യത്തെ ഇന്റര്‍വ്യൂവിന്റെ സമയത്ത് ഞാന്‍ ഭയങ്കര ഇമോഷണലായിരുന്നു. അപ്പോള്‍ ഞാന്‍ ഈടയുടെ സെറ്റിലായിരുന്നു. ഞാന്‍ ദിലീഷേട്ടനെ വിളിച്ച് കരയാന്‍ തുടങ്ങി. കുറച്ച് നേരത്തേക്ക് ദിലീഷേട്ടന്‍ എന്നോടൊന്നും മിണ്ടിയില്ല. ഞാനും അതെ. കുറച്ച് നേരത്തേക്ക് വെറും സൈലന്‍സ് മാത്രമായിരുന്നു. അന്ന് ദിലീഷേട്ടന്‍ എന്നോട് പറഞ്ഞു മോളെ ഇത് ഇന്‍ഡസ്ട്രി ആണ്. ഇവിടെ ചില ചിത്രങ്ങള്‍ ഹിറ്റാകും ചിലത് പരാജയപ്പെടും. ഒന്നും നമുക്ക് പറയാന്‍ സാധിക്കില്ല. പക്ഷെ ഒരു കാര്യം എപ്പോഴും ഓര്‍മിക്കുക. എപ്പോഴും ധൈര്യത്തോടെ ഇരിക്കുക. എല്ലാത്തിനെയും ധൈര്യത്തോടെ നേരിടുക. എന്ത് പ്രശ്‌നമുണ്ടെങ്കിലും നിനക്കെന്നെ വിളിക്കാം ഞാന്‍ എന്തിനും നിന്റെ കൂടെ ഉണ്ടാകും. 

അതുപോലെ തന്നെയാണ് എനിക്ക് രാജീവേട്ടനും. എന്ത് പ്രശ്‌നമുണ്ടെങ്കിലും എന്റെ മനസ്സില്‍ ആദ്യം വരിക ഇവര്‍ രണ്ടു പേരുമായിരിക്കും. അച്ഛനും അമ്മയും ഉണ്ടാകും തീര്‍ച്ചയായും അതോടൊപ്പം ഇവരും ഉണ്ട്. അമ്മ ഈ ലോകത്തേക്ക് നമ്മളെ പരിചയപ്പെടുത്തി തന്നു. അച്ഛന്‍ എപ്പോഴും കൈപിടിച്ച് കൂടെ ഉണ്ടാകും. അത്‌പോലെത്തന്നെ ദിലീഷേട്ടന്‍ എന്നെ ഈ സിനിമാലോകത്തേക്ക് പരിചയപ്പെടുത്തിത്തന്നു. രാജീവേട്ടന്‍ എന്റെ കൈപിടിച്ച് കൊണ്ട് പോകുന്നു. ആ ഒരു ഫീലിങ്ങാണ് എനിക്ക്. അവര്‍ എനിക്കെന്റെ കുടുംബം പോലെ ആണ്.

നിമിഷയുമായുള്ള അഭിമുഖം കാണാം 

Content Highlights : Nimisha Sajayan Interview, Thondimuthalum driksakshiyum eeda, dileesh pothan, rajeev ravi