കുട്ടിക്കളി അവസാനിപ്പിച്ച് ഞാനല്‍പ്പം സീരിയസാകുകയാണ്, രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായിട്ടാണ് ട്രാന്‍സില്‍ എത്തുന്നത്.

എസ്തര്‍ ലോപ്പസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇതുവരെ ഞാനവതരിപ്പിച്ച വേഷങ്ങളെല്ലാം എനിക്ക് പെട്ടെന്ന് അടുത്തുകൂടാന്‍ പറ്റുന്നവയായിരുന്നു. കളിചിരിയും കുസൃതിയുമെല്ലാമുള്ള കഥാപാത്രങ്ങള്‍..., ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്നവയായിരുന്നു അവയെല്ലാം.

'കൂടെ' സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ട്രാന്‍സിലെ കഥാപാത്രം അവതരിപ്പിക്കാന്‍ പറ്റുമോയെന്ന് സംവിധായകന്‍ അന്‍വര്‍ റഷീദ് ചോദിക്കുന്നത്. ട്രാന്‍സിന്റെ ചിത്രീകരണം തുടങ്ങി അപ്പോഴേക്ക് ഏതാണ്ട് ഒരുവര്‍ഷം കഴിഞ്ഞിരിക്കും.

വിവാഹശേഷം അഭിനയം നിര്‍ത്തിയോ എന്ന് പലരും ചോദിക്കാറുണ്ട്, അഭിനയം അവസാനിപ്പിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ബാക്ക് ടു ബാക്ക് സിനിമകള്‍ ചെയ്യുന്ന രീതി മുന്‍പും എനിക്കുണ്ടായിട്ടില്ല. കഥകള്‍ കേട്ട് വേഷം ഇഷ്ടമായാല്‍ മാത്രം സഹകരിക്കുന്നതാണ് പതിവ്.

ട്രാന്‍സിന്റെ സെറ്റിലേക്കിറങ്ങുമ്പോള്‍ ലൊക്കേഷനിലേക്കാണ് പോകുന്നത് എന്നൊരു തോന്നല്‍ ഉണ്ടായിട്ടില്ല. ഫഹദിനൊപ്പം വീട്ടില്‍ നിന്നിറങ്ങുന്നു. അന്‍വര്‍ റഷീദും അമല്‍ നീരദും ഉള്‍പ്പെടെയുള്ള വലിയൊരു സംഘം സുഹൃത്തുക്കള്‍ക്കിടയിലേക്ക് കയറിച്ചെല്ലുന്നു. ആഹ്‌ളാദത്തോടെ ആസ്വദിച്ചാണ് ട്രാന്‍സിന്റെ ഓരോ സീനിലും അഭിനയിച്ചത്. കൊച്ചിയിലും മുംബൈയിലും ആംസ്റ്റര്‍ഡാമിലുമെല്ലാം ചിത്രീകരണവുമായി ഒന്നിച്ച് യാത്ര ചെയ്തു.

ജീവിതത്തില്‍നിന്ന് ഏറെ അകന്നുനില്‍ക്കുന്ന കഥാപാത്രമായാണെങ്കിലും എസ്തര്‍ ലോപ്പസ്സിനായി വലിയ മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. കഥാപാത്രവുമായി ചേര്‍ന്നുപോകുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചു, കൂടുതല്‍ തയ്യാറെടുത്താല്‍ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴത് പ്രശ്‌നമാകും. ട്രാന്‍സിന്റെ ഭാഗമാകാമെന്ന് ഉറപ്പിക്കുന്നതിന് മുന്‍പുതന്നെ കഥയും കഥാപാത്രത്തെക്കുറിച്ചും കേട്ടിരുന്നു. അതുകൊണ്ട് കാര്യങ്ങള്‍ താരതമ്യേന എളുപ്പമായിരുന്നു.

ബാംഗ്ലൂര്‍ ഡേയ്സിനുശേഷം ഫഹദിനൊപ്പം അഭിനയിച്ച സിനിമ പ്രദര്‍ശനത്തിനെത്തുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന്.

എന്റെ അഭിനയത്തെക്കുറിച്ച് ഫഹദില്‍ നിന്ന് വലിയ കമന്റുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സെറ്റിലിരിക്കുമ്പോള്‍ മാത്രമാണ് ഞങ്ങളുടെ സംസാരത്തിലേക്ക് സിനിമ കയറിവരുന്നത്. വീട്ടില്‍ എത്തിയാലും ഫഹദിന്റെ തലയില്‍ കഥയും കഥാപാത്രവും ഉണ്ടാകും. എന്നാല്‍ അതൊന്നും ചര്‍ച്ചയ്‌ക്കെടുക്കാറില്ല.

ട്രാന്‍സിനെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കാറുണ്ട്. ഫഹദ് സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവല്ല, പക്ഷേ, എനിക്കവിടെ വലിയൊരു സൗഹൃദവലയമുണ്ട്. അഭിനയത്തിനൊപ്പം ഈ വര്‍ഷം സിനിമാനിര്‍മാണത്തിലും കൂടുതല്‍ സജീവമാകും, 2020 ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

Content Highlights : Nazriya Nasim Trance Movie Fahad Faasil Amal Neerad