ലയാളത്തിലൂടെ വന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ പട്ടം നേടിയെടുത്ത നായികയാണ് നയൻതാര. ഇതേ പേരിൽ ഒരു കുട്ടിത്താരവും പിന്നാലെ മലയാളസിനിമയിൽ സാന്നിധ്യമറിയിച്ചു. ഏതാണ്ട് രണ്ടര വയസിൽ തുടങ്ങിയ അഭിനയം 14 വർഷം പിന്നിടുമ്പോൾ മുപ്പതോളം ചിത്രങ്ങളിലാണ് ബാലതാരമായി ബേബി നയൻതാര തിളങ്ങിയത്. പിന്നീട് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വാർത്തകളിലൂടെ നയൻതാര വീണ്ടും താരമായി.

പഠനത്തിനായി എടുത്ത ഇടവേളയ്ക്ക് ശേഷം നായികയായി തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് നയൻതാര ചക്രവർത്തി എന്ന പണ്ടത്തെ കുട്ടിത്താരം. പഠനവിശേഷങ്ങളും സിനിമാ വിശേഷങ്ങളുമായി നയൻതാര മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു.

പഠനത്തിൽ താരം

ഒൻപതാം ക്ലാസ് കഴിഞ്ഞപ്പോൾ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാൻ അച്ഛനെല്ലാം പറഞ്ഞതോടെ സിനിമയിൽ ഇടവേള വന്നു. കഴിഞ്ഞ മൂന്ന് നാല് വർഷമായി ഞാൻ സിനിമകൾ ചെയ്തിട്ടില്ല. ഈയടുത്താണ് ഒന്ന് രണ്ട് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത്. ഇനി അഭിനയത്തിലേക്ക് തിരിച്ച് വരണം.

സിനിമയിൽ നിന്ന് ഇടവേളയെടുത്ത സമയം പഠനത്തിനായി മാറ്റിവച്ചു. പ്ലസ് ടു വിന് നല്ല രീതിയിൽ മാർക്കുണ്ടായിരുന്നു. ഇനി അഭിനയത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അതിന്റെ കൂടെ പഠനവും മുന്നോട്ട് കൊണ്ടു പോകണം. ബി.എ മീഡിയ കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം പഠിക്കാനാണ് ആ​ഗ്രഹം. പുറത്ത് പോയി ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ കൊറോണയൊക്കെ കാരണം ആകെ പ്രശ്നമല്ലേ. മാത്രമല്ല ഷൂട്ടിങ്ങിനും മറ്റും എളുപ്പം കൊച്ചിയിൽ തന്നെ നിൽക്കുന്നതാണ്. തേവര എസ്.എച്ച് കോളേജിലാണ് ഇപ്പോൾ ബിരുദ പഠനത്തിന് ചേരാൻ ഉദ്ദേശിക്കുന്നത്.

ചെറുതായിരിക്കുമ്പോൾ ഞാൻ തുടരേ തുടരേ സിനിമകൾ ചെയ്തിരുന്നു. സ്കൂളിലൊന്നും അങ്ങനെ പോയിട്ടേ ഇല്ലായിരുന്നു. എട്ടിലൊക്കെ എത്തിയപ്പോഴാണ് അച്ഛൻ പതിയെ സിനിമകൾ കുറച്ച് കൊണ്ട് വന്നത്. എനിക്കിഷ്ടമല്ലായിരുന്നു .. സ്കൂളിൽ പോവണ്ട, ഷൂട്ടിങ്ങിന് പോയാൽ മതി എന്ന് പറഞ്ഞായിരുന്നു ബഹളം. കാത്തിരിക്കായിരുന്നു പ്ലസ് ടു ഒന്ന് കഴിഞ്ഞു കിട്ടാൻ. അഭിനയം, സിനിമ എന്നതല്ലാതെ വേറെ ചിന്തകളൊന്നും മനസ്സിൽ വന്നിട്ടില്ല . അതു തന്നെയായിരുന്നു പണ്ടേ ഇഷ്ടം.

ഇനി തിരിച്ചു വരവ് നായികയായി

ബാലതാരം എന്ന ഇമേജ് മാറിക്കിട്ടാനും കൂടിയാണ് ഈ ഇടവേളയെടുത്തതെന്നും പറയാം. ആ കുട്ടിത്തമുള്ള മുഖം ഒന്ന് മാറി വരണമല്ലോ. സിനിമയിൽ എനിക്കടുത്ത് ബന്ധമുള്ള സംവിധായകരും മറ്റും പറഞ്ഞതും ഒരു ഇടവേളയെടുക്കുന്നത് തന്നെയാണ് നായികയായുള്ള തിരിച്ച് വരവിന് നല്ലത് എന്നാണ്. ഫോട്ടോഷൂട്ടുകളും ഈയിടെയാണ് ചെയ്യാൻ തുടങ്ങിയത് അതിന്റെയും പ്രധാന കാരണം ഇത് തന്നെയാണ്. ആ ഒരു വ്യത്യാസം രണ്ടാം വരവിൽ സഹായകമാവുമെന്ന് കരുതുന്നു. ഇപ്പോൾ കേൾക്കുന്ന കഥകളും നായിക കഥാപാത്രമായുള്ളത് തന്നെയാണ്.പക്ഷേ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. എന്തായാലും രണ്ടാം വരവ് നായികയായി തന്നെയായിരിക്കും. തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം കഥകൾ കേൾക്കുന്നുണ്ട്.

എന്തിന് മറ്റുള്ളവരെ ബോധിപ്പിക്കണം

ഞാനും അച്ഛനുമമ്മയും ചേർന്നാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. പല ഫോട്ടോഷൂട്ടിന് താഴെയും നല്ലതും ചീത്തയുമായ കമന്റുകൾ വരാറുണ്ട്. അത്തരം നെ​ഗറ്റീവ് കമന്റുകളൊന്നും എന്നെ ഇതുവരെയും ബാധിച്ചിട്ടേയില്ല. നമ്മൾ എന്താണ് ചെയ്യുന്നതെന്ന് നമുക്കറിയാലോ. മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല, അതുപോലെ മറ്റുള്ളവർ എന്താണ് പറയുന്നതെന്നും നോക്കേണ്ട ആവശ്യമില്ല. അമ്മയ്ക്കൊക്കെ ചില കമന്റുകൾ കാണുമ്പോൾ സങ്കടം വരാറുണ്ട്. ചിലത് ഡിലീറ്റ് ചെയ്ത് കളയാറുമുണ്ട്. പക്ഷേ എന്നെ അതൊന്നും ബാധിക്കാറേയില്ല. ഇനി ബാധിക്കുകയും ഇല്ല. അത്തരം കമന്റുകളോട് ഞാനിന്നേവരെ പ്രതികരിച്ചിട്ടില്ല. അത്രയ്ക്കും മോശം കമന്റ് ആണെങ്കിൽ ഡിലീറ്റ് ചെയ്യുമെന്നേയുള്ളൂ. അതല്ലാതെ അവരുടെ കാഴ്ച്ചപ്പാട് മാറ്റേണ്ട കാര്യം എനിക്കില്ല. അവരെന്താണ് വിചാരിക്കുന്നതെന്ന് വച്ചാൽ അങ്ങനെ തന്നെ ആയിക്കോട്ടെ.

ലാലങ്കിളിന്റെ ടേക്ക് ആക്ടർ

കിലുക്കം കിലു കിലുക്കം ആണ് എന്റെ ആദ്യ സിനിമ. അതിൽ അഭിനയിക്കുമ്പോൾ എനിക്ക് രണ്ടര വയസാണ്. ആ സമയത്ത് ഭക്ഷണം കഴിക്കാൻ മടിയുള്ള കൂട്ടത്തിലായിരുന്നു ഞാൻ. അന്നേരം കാവ്യ ചേച്ചിയും ജയൻ ചേട്ടനുമൊക്കെയാണ് എനിക്ക് ഭക്ഷണം വാരിത്തന്നിരുന്നത്. ലാലങ്കിൾ എന്നെ 'ടേക്ക് ആർടിസ്റ്റ്' എന്നായിരുന്നു വിളിച്ചിരുന്നത്. കാരണം ഞാൻ റിഹേഴ്സലിന് നിൽക്കില്ലായിരുന്നു. ഒന്നാമത് എനിക്ക് അറിയില്ല. അതുകൊണ്ട് നേരെ ടേക്കിന് പോവാറാണ് പതിവ്. അങ്ങനെ വീണ പേരാണ് ടേക്ക് ആർടിസ്റ്റ് എന്നത്. ഇവരുമായിട്ടൊക്കെ ഇപ്പോഴും നല്ല ബന്ധമാണുള്ളത്. ഒരുപാട് സീനിയർ താരങ്ങൾക്കൊപ്പം അഭിനയിക്കാനായിട്ടുണ്ട്. അതൊരു ഭാ​ഗ്യം. ലാലങ്കിളിനൊപ്പം രണ്ട് സിനിമകളും മമ്മൂട്ടിയങ്കിളിനൊപ്പം രണ്ട് സിനിമകളും ചെയ്തിട്ടുണ്ട്. അതൊക്കെ വലിയ വലിയ അനുഭവങ്ങളായിരുന്നു. അവരോടൊപ്പം ഇനിയും അഭിനയിക്കാൻ കാത്തിരിക്കുന്നു.

ട്രിവാൻഡ്രം ലോഡ്ജ്, ലൗഡ്സ്പീക്കർ, ചെസ് എന്നീ സിനിമകൾ വച്ചാണ് കൂടുതൽ പേരും തിരിച്ചറിയപ്പെടുന്നത്. ട്രിവാൻഡ്രം ലോഡ്ജിലെ ആ പാട്ടുണ്ടല്ലോ ''കണ്ണിനുള്ളിൽ നീ കണ്മണി'' എന്ന ​ഗാനം അത് വലിയ ഹിറ്റായി മാറിയത് ഏറെ സഹായകമായിട്ടുണ്ട്. എന്റെ ആദ്യ ഡ്യുവറ്റ് സോങ്ങായിരുന്നു അത്.

നയൻതാര v/ട നയൻതാര

കുസേലനിൽ നയൻതാര ചേച്ചിക്കും രജനി സാറിനുമൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. ഭയങ്കര രസമുള്ള അനുഭവമായിരുന്നു അത്. ഭയങ്കര സ്നേഹമായിരുന്നു എന്നോട് ചേച്ചിക്ക്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലായിരുന്നു ഷൂട്ട്. മഴയൊക്കെ ഉള്ള സീനായിരുന്നു. നനഞ്ഞ് കഴിഞ്ഞാൽ എന്നെ തോർത്തി തരുന്നതൊക്കെ ചേച്ചിയായിരുന്നു. എപ്പോഴും എടുത്ത് കൊണ്ട് നടക്കുമായിരുന്നു. 'ആഹാ നീയാണല്ലേ എന്റെ പേര് മോഷ്ടിച്ചത്' എന്നായിരുന്നു ആദ്യം കണ്ടപാടെ ചേച്ചി ചോദിച്ചത്.

പേര് മാറ്റം ഇല്ലേ ഇല്ല

എന്റെ പേരിന് പിന്നിൽ അങ്ങനെ കഥകളൊന്നുമില്ല. വീട്ടുകാർ കഷ്ടപ്പെട്ട് കണ്ടു പിടിച്ച പേര് തന്നെയാണ് ഇത്. പലർക്കും സംശയമാണ് ഇതെന്റെ യഥാർഥ പേരാണോ എന്ന്. അതേ ഇതെന്റെ യഥാർഥ പേര് തന്നെയാണ്. സിനിമയ്ക്കായി പേര് മാറ്റിയിട്ടില്ല. ഇനി മാറ്റാനും പോവുന്നില്ല. നയൻതാര ചക്രവർത്തി എന്നാണ് വിക്കിപീഡിയ ആയാലും എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലായാലും നയൻതാര ചക്രവർത്തി എന്നാണ് പേര്. അതുകൊണ്ട് പ്രശ്നമില്ല.. പിന്നെ നയൻതാര ചേച്ചിയെ പോലെ വലിയൊരു അഭിനേത്രിയുടെ പേര് എനിക്കുള്ളത് ഒരു അഭിമാനമാണ്.

Content Highlights : Nayanthara Chakravarthy Interview New Movies Nayanthara Mohanlal Kilukkam Kilukilukkam