ബാലാമണിയിൽനിന്ന് രാധാമണിയിലേക്ക് നവ്യ എത്തുമ്പോൾ അതിനിടയിൽ 18 വർഷത്തെ ദൂരമുണ്ട്. മികച്ച സിനിമകൾ, സംസ്ഥാന അവാർഡുകൾ, വിവാഹം, സിനിമയിൽനിന്ന് ഇടവേള, ഒരു മകൻ അങ്ങനെ ജീവിതം നൽകിയ ഒരുപാട് സൗഭാഗ്യങ്ങൾ. എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുമ്പോഴും നവ്യ പറയും ‘എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം’ എന്ന്. വി.കെ. പ്രകാശ് ഒരുക്കുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലെ രാധാമണി എന്ന കഥാപാത്രമായാണ് നവ്യ തിരിച്ചെത്തുന്നത്. ചിത്രീകരണത്തിന്റെ ഭാഗമായി മുംബൈയിൽനിന്നു കേരളത്തിലെത്തിയ നവ്യ ലോക്‌ഡൗൺ കാലം വീട്ടിലായതിന്റെ ആശ്വാസത്തിലാണ്. പറമ്പിലിറങ്ങി കൃഷിചെയ്തും മാങ്ങപെറുക്കിയും ഭക്ഷണമൊരുക്കിയും ലോക്‌ഡൗൺ ആസ്വദിക്കുന്നതിനിടെ നവ്യ മനസ്സുതുറക്കുന്നു.

ലോക്‌ഡൗൺ ദിനങ്ങൾ

ലോക്‌ഡൗൺ ദിനങ്ങൾ നാട്ടിലായതിന്റെ ആശ്വാസമുണ്ട്. ഷൂട്ടിങ്ങിന്റെ ഭാഗമായി കുറേനാളായി നാട്ടിലായിരുന്നു. ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ മുമ്പാണ് ഷൂട്ട് നിർത്തിയത്. അന്ന് രാത്രി വൈകിയാണ് പാക്കപ്പ് ആയത്. ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ഡബ്ബിങ്ങിനു പോയി. ചിത്രത്തിൽ രാധാമണിയുടെ മകന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് എന്റെ മകൻ സായിയാണ്. അതുകഴിഞ്ഞ് മുംബൈയ്ക്ക് തിരിച്ചുപോവാനിരുന്നതാണ്. അങ്ങനെയെങ്ങാനും പോയിരുന്നെങ്കിൽ എന്ത് അവസ്ഥയായേനേ. നമുക്ക് ഇവിടെ ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല. മുംബൈയിൽ പക്ഷേ, അങ്ങനെയല്ല. സന്തോഷേട്ടൻ അവിടെയാണ്, അതിന്റെ ടെൻഷനുണ്ട്. സാധനങ്ങൾ ഓർഡർ ചെയ്താൽ ഫ്ളാറ്റിന് പുറത്തുവെച്ചിട്ട് പോവും. അത് സാനിറ്റൈസ് ചെയ്ത് വേണം എടുക്കാൻ.

ഇവിടെ ലോക്‌ഡൗൺ ഒരു ബോറടിയുമല്ല, വർക്കൗട്ട് ചെയ്യാറുണ്ട്. രണ്ടുനേരം നടക്കും, ഏതാണ്ട് ഒരു പത്തു കിലോമീറ്റർ എങ്കിലും... എല്ലാ ദിവസവും അല്ല. അന്നത്തെ മൂഡുപോലെ. പിന്നെ പറമ്പിൽ കൃഷിചെയ്യും. ഇവിടിങ്ങനെ അടച്ചിരിക്കുന്ന അനുഭവമില്ല. പറമ്പിലേക്കിറങ്ങാം. കരിയില അടിച്ചുകൂട്ടുന്നു, കത്തിക്കുന്നു, നിറയെ മാമ്പഴം ഉണ്ട്, മാങ്ങ പെറുക്കുന്നു, അത് തരംതിരിക്കുന്നു, ചക്ക വറുക്കുന്നു, അങ്ങനെ തിരക്കുതന്നെയാണ്.

സായിയും ഇത് ആസ്വദിക്കുകയാണ്. ഇനി നാലിലേക്കാണ് പുള്ളി. സെപ്റ്റംബർവരെ സ്കൂളിൽ പോകില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കാരണം അവനോട് സന്തോഷേട്ടൻ വീഡിയോ കോൾ ചെയ്തപ്പോൾ അറിയാതെ പറഞ്ഞിരുന്നു സെപ്റ്റംബർവരെ സ്കൂൾ തുറക്കാൻ സാധ്യതയില്ലെന്ന്. അതുവരെ എന്തു പറഞ്ഞാലും അനുസരിക്കാത്തവൻ അച്ഛൻ പറഞ്ഞ ഇക്കാര്യം മാത്രം അനുസരിക്കുമെന്ന പ്രതിജ്ഞയിലാണ്. ഈ ലോക്‌ഡൗൺ എല്ലാവർക്കും സ്വയം ശുദ്ധീകരിക്കുന്നതിനുംകൂടിയുള്ള അവസരമാണ്. നിർത്താതെ ഓടിക്കൊണ്ടിരുന്ന ആൾക്കാരാണ് നമ്മൾ. കുറച്ചുനാൾ വെറുതേയിരുന്നാൽ ഒന്നും സംഭവിക്കില്ലെന്നും ഇത്രയും ഓടേണ്ട ആവശ്യമില്ലെന്നും പ്രകൃതി നമ്മോട് പറഞ്ഞുതരികയാണ്. ആർഭാടങ്ങളില്ലാതെ ജീവിക്കാൻ സാധ്യമാണെന്നുകൂടി ഈ ലോക്‌ഡൗൺ പഠിപ്പിച്ചു. പ്രകൃതിയിലേക്ക് തന്നെ തിരിച്ചു ചെന്നിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ട്. ഈ ലോക്ക്ഡൗൺ കഴിയുന്നതോടെ  ആ ചിന്തയും മങ്ങരുതെന്നാണ് പ്രാർഥന. ആ തിരിച്ചറിവ് എന്നമുണ്ടാവണമെന്നും.


തിരിച്ചുവരവിലെ ‘ഒരുത്തീ’

ഒരു വലിയ ഇടവേളയ്ക്കുശേഷം ഞാനഭിനയിക്കുന്ന ചിത്രമാണ് ഒരുത്തീ. തിരിച്ചുവരാൻ പാകത്തിനുള്ള നല്ല കഥയ്ക്കാണ് കാത്തിരുന്നത്. അത്തരത്തിൽ നല്ലൊരു കഥാപാത്രമാണ് ചിത്രത്തിലെ രാധാമണി. മണി എന്ന് എല്ലാവരും വിളിക്കും. ഭർത്താവും രണ്ടു മക്കളുമുള്ള, ബോട്ടിലെ കണ്ടക്ടറായ സാധാരണ സ്ത്രീയാണ്. അവരുടെ ജീവിതത്തിലെ മൂന്നുദിവസത്തെ കഥയാണ് ഒരുത്തീ. അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ പ്രശ്നങ്ങളും അതിനെ അവരെങ്ങനെ നേരിടുന്നു എന്നുള്ളതും ഒരു ശരാശരി സ്ത്രീയിൽനിന്നും അവരെങ്ങനെ മികച്ച സ്ത്രീയായിമാറുന്നു എന്നുമാണ് ചിത്രം പറയുന്നത്. എല്ലാ സ്ത്രീകളും കരുത്തരാണ്. പക്ഷേ, സാഹചര്യങ്ങളെ നേരിടേണ്ടിവരുമ്പോഴാണ് പലരും അത് തിരിച്ചറിയുന്നത്. എല്ലാ സ്ത്രീകളും കരുത്തരാണ്. പക്ഷേ സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോഴാണ് പലരും അത് തിരിച്ചറിയുന്നത്.കുറേ ഓട്ടവും ചാട്ടവും ഒക്കെയുണ്ട് ചിത്രത്തിൽ.  എന്റെ കരിയറിൽ ഞാൻ ചെയ്ത അഡ്വഞ്ചറസ് ആയ ചിത്രം കൂടിയാണ് ഒരുത്തീ.

വി.കെ.പി. മാജിക്

വി.കെ.പി. സാറിന്റെ ‘പുനരധിവാസം’, ‘ബ്യൂട്ടിഫുൾ’ പോലുള്ള ചിത്രങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട വ്യക്തിയാണ് ഞാനും. കാലത്തിനുമുന്നേ സഞ്ചരിക്കുന്ന സംവിധായകനാണ്. മലയാള സിനിമയിലേക്ക് ഡിജിറ്റൽപോലുള്ള കാര്യങ്ങൾ ആദ്യമായി കൊണ്ടുവന്നത് അദ്ദേഹമാണ്. വളരെ ടെൻഷനുണ്ടായിരുന്നു ആദ്യമൊക്കെ. സംസാരിച്ചു കഴിഞ്ഞപ്പോൾപോലും എങ്ങനെ സിങ്ക് ആകും എന്ന തോന്നലുണ്ടായിരുന്നു. അല്പംപോലും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷേ, ആദ്യത്തെ ദിവസത്തെ ചിത്രീകരണം കഴിഞ്ഞപ്പോൾ ഭയങ്കര ആത്മവിശ്വാസമായി. വി.കെ.പി. ഓകെ പറഞ്ഞാലേ ആ സീൻ എനിക്ക് ഓകെ ആവൂ. ഞാനിപ്പോഴും സംവിധായകന്റെ അഭിനേത്രിയാണ്. അവർക്ക് ബോധ്യമായാലേ എനിക്കും അത് ബോധ്യപ്പെടുകയുള്ളൂ. നമ്മൾ നന്നായി ചെയ്താൽ പ്രശംസിക്കാൻ ഒരു നിമിഷം പോലും ചിന്തിക്കാത്ത സംവിധായകനാണ് വികെപി. അത്തരം പ്രശംസ ഒരു കലാകാരന് നൽകുന്ന പ്രചോദനം വളരെ വലുതാണ്. ഞാൻ ജോലി ചെയ്തിട്ടുള്ളതിൽ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് അദ്ദേഹം.


അവതാരകയല്ല അഭിനേത്രിയാണ്

മലയാളത്തിൽ എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു സിനിമ ചെയ്യുന്നത്. അതിനിടയ്ക്ക് കന്നഡത്തിൽ ദൃശ്യത്തിന്റെ റീമെയ്ക്ക് ദൃശ്യയിൽ അഭിനയിച്ചിരുന്നു. വീണ്ടും ക്യാമറയെ അഭിമുഖീകരിച്ചപ്പോൾ! ടെൻഷനായിരുന്നു. ഞാൻ അഭിനയം മറന്നോ എന്നുപോലും ചിന്തിച്ചു. ഇടയ്ക്ക് അവതാരകയുടെ റോളിൽ എത്തിയിരുന്നു. പക്ഷേ, സത്യം പറയാമല്ലോ ഞാനുമായി ഒരു ബന്ധവുമില്ലാത്ത മേഖലയാണത്. അതിനെയും അഭിനയത്തെയും താരതമ്യംചെയ്യാനേ പറ്റില്ല. അവതാരകയുടെ റോൾ ഞാനെങ്ങനെയൊക്കെയോ ചെയ്തെന്നേയുള്ളൂ. പലരും അത് നന്നായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിലും എനിക്ക് ഒരു ആത്മവിശ്വാസും താത്പര്യവുമില്ലാത്ത പരിപാടിയാണത്. പക്ഷേ, സിനിമയുടെ കാര്യം അങ്ങനെയല്ല. എന്റെ മുഴുവനും ഞാൻ സിനിമയ്ക്കായി നൽകുന്നുണ്ട്. അതെനിക്കുതരുന്ന സന്തോഷം വലുതാണ്.

യൂട്യൂബ് വീഡിയോയ്ക്ക് കമന്റ് ചെയ്യാമെന്ന് അറിഞ്ഞത് വരെ ഈയടുത്ത്

ഒരു ഡാൻസ് വീഡിയോ ചെയ്തിരുന്നു. ഞാൻ അത് അപ്‌ലോഡ് ചെയ്യാൻവേണ്ടിമാത്രം തുടങ്ങിയതാണ് എന്റെ യൂട്യൂബ് ചാനൽ. ചിന്നഞ്ചിരുകിളിയെ എന്ന നൃത്താവിഷ്‌കാരമാണ് ആദ്യം ചെയ്തത്. അത് തീർത്തും ശാസ്ത്രീയമായ നൃത്താവിഷ്‌കാരമായിരുന്നു. യൂട്യൂബ്, ടിക് ടോക് തുടങ്ങിയ മാധ്യമങ്ങളിലൊക്കെ ചെറിയ ഫോർമാറ്റിലുള്ള, കുറച്ചുമാത്രം ദൈർഘ്യമുള്ള കണ്ടന്റുകളാണല്ലോ സ്വീകരിക്കുക. ഒരു സെലിബ്രിറ്റി എന്നതുണ്ടെങ്കിലും ചെയ്യുന്ന വീഡിയോയ്ക്ക് കാഴ്ചക്കാരെ കിട്ടുന്നത് വളരെ വെല്ലുവിളിനിറഞ്ഞ കാര്യമാണെന്ന് പലരും പറഞ്ഞു. പക്ഷേ, അതിനു ലഭിച്ച പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. ഞങ്ങൾക്ക് ഉറങ്ങാൻ സാധിച്ചില്ലെന്ന് പലരും നേരിട്ട് കണ്ടപ്പോൾ പറഞ്ഞു. അവരും സ്വന്തം കുഞ്ഞിനെ എന്നന്നേക്കുമായി നഷ്ടപ്പെട്ടവരായിരുന്നു. 

പിന്നെ രസകരമായകാര്യം എന്തെന്നാൽ, യൂട്യൂബ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യാനുള്ള ഓപ്ഷനുണ്ടെന്നുതന്നെ ഞാനറിയുന്നത് ആ വീഡിയോ റിലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞാണ്. ഇൻസ്റ്റഗ്രാമിൽ പലരും കമന്റ് നോക്കൂ നവ്യ എന്നൊക്കെ എഴുതുമായിരുന്നു. ഈ കമന്റ് എവിടെയാണ് എന്നതായിരുന്നു എന്റെ ചിന്ത. വളരെ വൈകിയാണ് ഞാനത് കണ്ടെത്തിയത്. അതേവരെ എന്റെ ജീവിതത്തിൽ യൂട്യൂബ് വീഡിയോയ്ക്കും കമന്റ് എന്നൊരു ഏർപ്പാട് ഞാൻ കണ്ടിരുന്നില്ല. പിന്നീട് ഒരു ഓണം വീഡിയോ ചെയ്തു, ഇപ്പോഴിതാ രണ്ട് ലോക്‌ഡൗൺ വീഡിയോകളും.

എന്റെ നായകന്മാർ

ദിലീപ്- വളരെ നല്ല മനുഷ്യനാണ്. ആദ്യത്തെ സിനിമയാണ്, പത്താം ക്ലാസ് കഴിഞ്ഞതേയുള്ളൂ. വളരെയധികം പേടിയോടെയാണ് അന്ന് ചെന്നത്. പക്ഷേ വലിയ പിന്തുണയാണ് ദിലീപേട്ടൻ തന്നത്.. പേടിക്കേണ്ടെന്ന് പറ‍ഞ്ഞ് കൂളാക്കി. ഏറ്റവുമധികം പുതുമുഖ നായികമാരോടൊപ്പം അഭിയിച്ച ആളാണ് ദിലീപേട്ടൻ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ വന്നയാളാണ്. അതുകൊണ്ട് തന്നെ എങ്ങനെ നമ്മളെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായറിയാം.

പൃഥ്വിരാജ് - എന്റെ മൂന്നാമത്തെ ചിത്രവും രാജു ചേട്ടന്റെ ആദ്യത്തെ സിനിമയുമായിരുന്നു നന്ദനം. സത്യത്തിൽ രണ്ട് പേരും തുടക്കക്കാർ തന്നെയാണ്. എങ്കിലും മൂന്ന് ചിത്രം ചെയ്ത സീനിയോരിറ്റി വച്ച്  ഞാൻ പല മണ്ടത്തരങ്ങളും പറഞ്ഞു കൊടുത്തിട്ടുണ്ട്.ഞങ്ങൾക്ക് രണ്ട് പേർക്കുമാണ് ആ ലൊക്കേഷനിൽ അങ്ങേട്ടും ഇങ്ങോട്ടും എന്തെങ്കിലും സംസാരിക്കാനുണ്ടായിരുന്നത്, ബാക്കി എല്ലാവരും സീനിയേഴ്സ് ആണ്. രഞ്ജിയേട്ടൻ വഴക്ക് പറയുമ്പോൾ ഉരല് ചെന്ന് മദ്ദളത്തോട് പറയുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും പരിഭവം പറയും.

ചാക്കോച്ചൻ  - സ്കൂളിൽ പഠിക്കുമ്പോൾ പറയുമ്പോൾ ചാക്കോച്ചേട്ടന്റെ കടുത്ത ആരാധികയായിരുന്നു ഞാൻ. പടം ഓടിയാലും ഇല്ലെങ്കിലും പുള്ളിയുടെ പടം ഞാൻ കാണും. ചാക്കോച്ചേട്ടനോട് ഇക്കാര്യം പറഞ്ഞപ്പോൾ പുള്ളി ഭയങ്കര ചിരിയായിരുന്നു.

ജയസൂര്യ - പുള്ളി അന്നും ഭയങ്കര ഡെഡിക്കേഷനുള്ള, കഠിനാധ്വാനിയായ നടനാണ്. എന്തെങ്കിലും ആകണമെന്ന് അത്രയധികം ആഗ്രഹിച്ചിരുന്ന ആളാണ്. ആ കഷ്ടപ്പാടാണ് ഇപ്പോൾ കാണുന്നത്. ഞാൻ കൂടി ജൂറിയിൽ ഉണ്ടായിരുന്ന സമയത്താണ് ജയേട്ടന് ആ വർഷത്തെ സംസ്ഥാന അവാർഡ് ലഭിക്കുന്നത്. അത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്

ലാലേട്ടൻ, മമ്മൂക്ക- അത്ഭുതത്തോടെ സ്ക്രീനിൽ കണ്ടിരുന്ന ആൾക്കാരാണ് ലാലേട്ടനും മമ്മൂക്കയും. അവരോടൊപ്പം അഭിനയിക്കാനായി. പക്ഷേ അത്ര പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നില്ല അത്. അഭിനയിച്ചു എന്ന് പറയണമെങ്കിൽ അത് തേന്മാവിൽ കൊമ്പത്തിൽ ശോഭന ചേച്ചി ചെയ്ത പോലെത്തെ കഥാപാത്രങ്ങളാകണം. ആ സിനിമകൾ ചെയ്തത് ഒന്ന് അമ്മാവൻ കെ.മധു ഒരുക്കിയ ചിത്രമായിരുന്നു. അങ്ങനെ പല കാരണങ്ങൾ കൊണ്ടാണ്

അഭിനയം @ 20

സിനിമയെ അദ്‌ഭുതത്തോടെ നോക്കിക്കാണുന്ന പ്രേക്ഷകയാണ് ഇന്നും ഞാൻ. തിയേറ്ററിൽ പോയി സിനിമ കാണാനാണ് ഏറെയിഷ്ടം. എന്റെ സിനിമകളിലാണ് എനിക്ക് ആസ്വാദനം നഷ്ടപ്പെടാറുള്ളത്, അത് ഒരുതവണ കാണാനുള്ള മനക്കരുത്തേയുള്ളൂ. ഭയങ്കര ചമ്മലാണ്. ഇരുപത് വർഷമെന്നല്ല ഇനി എത്ര വർഷം കഴിഞ്ഞാലും കുഞ്ഞുനാളിൽക്കണ്ട അതേ കൗതുകത്തോടെയേ സിനിമ കാണാനാവൂ. നന്ദനം തന്നെയാണ് 20 വർഷത്തിനിടയിൽ കിട്ടിയ വലിയ സമ്മാനം. നന്ദനം ഇറങ്ങിയ സമയത്തല്ല, ഇന്നാണ് അതിത്ര ചർച്ചയാവുന്നതെന്നുതോന്നുന്നു. സിനിമ ഹിറ്റാവും എന്നതിനപ്പുറം പ്രേക്ഷകരുമായി അടുത്തിടപഴകാൻ അന്ന് അവസരം ലഭിച്ചിരുന്നില്ല. അന്നൊക്കെ പുറത്തെവിടെ ഇറങ്ങിയാലും ആളുകൾ വന്ന് ബാലാമണിയേ എന്ന് വിളിച്ച് സംസാരിക്കും. സോഷ്യൽ മീഡിയയിൽ ഇന്നും നന്ദനം എന്ന സിനിമ സംബന്ധിച്ചുള്ള ചർച്ചകളും പോസ്റ്റുകളും കാണുമ്പോൾ സന്തോഷം തോന്നും. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം.

Content Highlights : Navya Nair Interview, Oruthee Movie, Youtube channel, Lockdown days, Navya About Family