ണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ 'ബുദ്ധി മെയ്ന്‍' ആയ മെല്‍വിനെ ആരും മറന്നു കാണില്ല. തണ്ണിമത്തന്‍ ജ്യൂസും പഫ്‌സും തിന്നാന്‍ കൂട്ടുകാരനെ ക്ലാസില്‍ നിന്ന് ചാടിക്കുന്ന കൗണ്ടറടിയുടെ ഉസ്താദായ മെല്‍വിനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തില്‍ ജൂനിയര്‍ ആർടിസ്റ്റായി സിനിമയിലെത്തിയ നസ്ലിൻ ​ഗഫൂർ തണ്ണീര്‍ മത്തന്‍ ദിനങ്ങളോടെ താരമായി. ചിത്രം പുറത്തിറങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഈ കൊടുങ്ങല്ലൂരുകാരന്‍.

അടുത്തടുത്ത് രണ്ട് ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത ത്രില്ലിലാണ് നസ്ലിന്‍. വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ പൃഥ്വിരാജ് ചിത്രം കുരുതിയില്‍ പരുക്കനായ കഥാപാത്രമായിരുന്നുവെങ്കില്‍, ഇപ്പോള്‍ പുറത്തിറങ്ങിയ റോജിന്‍ തോമസ് ചിത്രം #ഹോമില്‍ അല്‍പം കുരുത്തക്കേടും അതിലേറെ  കൗണ്ടറുകളും കൈവശമുള്ള കഥാപാത്രത്തെയാണ് നസ്ലിന്‍ അവതരിപ്പിക്കുന്നത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടുമ്പോള്‍ വിശേഷങ്ങളുമായി നസ്ലിന്‍ മാതൃഭൂമി ഡോട് കോമിനോട് ഒപ്പം ചേരുന്നു

#ചാള്‍സ് ഒലിവര്‍ ട്വിസ്റ്റ് 

ഒരുപാട് സന്തോഷമുണ്ട്. ഈ ഒരു ഓണം എനിക്ക് വളരെ സ്‌പെഷ്യലാണ്. അടുത്തടുത്ത് രണ്ട് നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ സാധിച്ചു. കുരുതി കഴിഞ്ഞ ആഴ്ച്ച റിലീസിനെത്തി, ഇപ്പോഴിതാ ഹോമും. വലിയ സന്തോഷത്തിലാണ്. ഹോമില്‍ അല്‍പം കൊമേഡിയനായ കഥാപാത്രമാണ്. ബിടെക് പകുതിക്ക് നിര്‍ത്തി യൂട്യൂബും വ്‌ളോഗിങ്ങുമായി നടക്കുന്ന ന്യൂജെന്‍ കഥാപാത്രം.

Read More : കണ്ണും മനസും നിറച്ച് ഒലിവർ ട്വിസ്റ്റും കുടുംബവും; ​#ഹോം റിവ്യു

ഒലിവര്‍ ട്വിസ്റ്റ് എന്ന ഇന്ദ്രന്‍സ് ചേട്ടന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ ഇളയ മകന്‍ ചാള്‍സ് ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രമായാണ് വേഷമിടുന്നത്. ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ അഡിക്റ്റാണ് ഇന്ന് നമ്മളില്‍ പലരും. അങ്ങനെയുള്ള അഡിക്ഷന്‍ കാരണം ബന്ധങ്ങളില്‍ ഉണ്ടാകുന്ന വിഷയങ്ങളെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. എല്ലാവരും കുടുംബമൊത്ത് കാണേണ്ട ചിത്രം തന്നെയാണ് ഹോം.

# കുടുംബം പോലെ സെറ്റ്

വളരെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ ഭാഗമായത്. ഒരുപാട് സീനിയര്‍ താരങ്ങളുണ്ട് ചിത്രത്തില്‍. ഇന്ദ്രന്‍സ് ചേട്ടന്റെ കൂടെ ഒരു സിനിമ ചെയ്യുന്നു എന്നത് ഏറെ ആവേശമുണര്‍ത്തിയ കാര്യമായിരുന്നു. വളരെ സിമ്പിളായ അടിപൊളി മനുഷ്യനാണ് ഇന്ദ്രന്‍സേട്ടന്‍. പടത്തിന്റെ പേര് പോലെ തന്നെ വീട്ടിലെ അന്തരീക്ഷമായിരുന്നു ഷൂട്ടിങ്ങ് സെറ്റിലും. അച്ഛന്റെ സ്ഥാനത്ത് ഇന്ദ്രന്‍സേട്ടന്‍, അമ്മയുടെ സ്ഥാനത്ത് മഞ്ജു ചേച്ചി, സഹോദരങ്ങളായി ഭാസി ചേട്ടന്‍, ദീപ അതുപോലെ തന്നെ സംവിധായകന്‍ റോജിന്‍ ചേട്ടന്‍, സംഗീത സംവിധായകന്‍ രാഹുലേട്ടന്‍, ഛായഗ്രാഹകന്‍ നീല്‍ ചേട്ടന്‍ എല്ലാവരും ചേര്‍ന്ന് അടിപൊളി അന്തരീക്ഷമായിരുന്നു. ഒട്ടും സമ്മര്‍ദമില്ലാതെയാണ് അഭിനയിച്ചത്. വളരെ വലിയ അനുഭവമായിരുന്നു. 

# സിനിമയെ പഠിക്കുന്നു

ഓരോ സിനിമയിലും എന്തെങ്കിലുമൊക്കെ പുതിയതായി പഠിക്കാന്‍ പറ്റിയിട്ടുണ്ട്. സിനിമയെ കുറച്ച് കൂടി പക്വതയോടെ സീരിയസായി നോക്കിക്കാണാന്‍ സാധിച്ചത് ഇതുപോലുള്ള സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോഴാണ്. സിനിമയോടുള്ള അവരുടെ പാഷന്‍, അതിനായി അവര്‍ മാറ്റിവയ്ക്കുന്ന പല കാര്യങ്ങളും നമ്മളെ ചിന്തിപ്പിക്കും. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ഞാനിതെല്ലാം പഠിച്ചുകൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ തന്നെ സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനായത് ഭാഗ്യമായി കാണുന്നു.   

# സിനിമയിലെ രണ്ടാം വര്‍ഷം

എനിക്ക് വ്യക്തിപരമായി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല. പക്ഷേ സിനിമയോടുള്ള കാഴ്ച്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ട്. കുറച്ച് കൂടി സീരിയസായി കണ്ട് തുടങ്ങി. സിനിമയില്‍ തന്നെ തുടരണം എന്നാണ് ആഗ്രഹവും. ഒരുപാട് പേര് ഇന്ന് നമ്മളെ ഇഷ്ടപെടുന്നു എന്ന് പറയുമ്പോള്‍ തന്നെ വലിയ സന്തോഷമാണ്. ഞാനിതൊന്നും സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ലാത്ത കാര്യങ്ങളാണ്. ഇന്ന് നമ്മളെ കാണുമ്പോള്‍ ആളുകള്‍ അടുത്തേക്ക് വരുന്നു വിശേഷങ്ങള്‍ തിരക്കുന്നു, ഫോട്ടോയെടുക്കുന്നു. ഇതെല്ലാം പലരും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ആ ഭാഗ്യം എനിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ട്. 

Content Highlights : Naslen Gafoor Interview Home Kuruthi Thanneermathan Dinangal Movie Fame Naslen